Thursday, July 18, 2013

ആശ്രയ ട്രസ്റ്റിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഉമ്മന്‍ചാണ്ടിയെ "നീക്കി"

ആശ്രയ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കോടികളുടെ സാമ്പത്തിക ഇടപാടുകള്‍ വിവാദമായപ്പോള്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും രഹസ്യമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മാറ്റി. മുഖ്യമന്ത്രി ചെയര്‍മാനായും കോണ്‍ഗ്രസ് ഐ മുന്‍ പുതുപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് എന്‍ എ പങ്കജാക്ഷന്‍നായര്‍ സെക്രട്ടറിയുമായാണ് 2007ല്‍ പുതുപ്പള്ളി സബ്രജിസ്ട്രാര്‍ ഓഫീസില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തത്. സോളാര്‍ കേസിലെ പ്രതികളില്‍നിന്നും അഞ്ചുലക്ഷം രൂപ ട്രസ്റ്റിന് ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് ബുധനാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ചെയര്‍മാനായി എന്‍ എ പങ്കജാഷന്‍നായരുടെ പേരാണ് കൊടുത്തത്. ട്രസ്റ്റിന്റെ മരുന്നുവിതരണത്തിന് നല്‍കുന്ന കത്തില്‍ സെക്രട്ടറി എന്ന പേരില്‍ പങ്കജാക്ഷന്‍നായരാണ് ഒപ്പിട്ടിരുന്നത്.

സരിത എസ് നായര്‍ അഞ്ചുലക്ഷം രൂപ ആശ്രയ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന് നല്‍കിയതായി കഴിഞ്ഞദിവസം പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും മാറിയതായി രേഖയുണ്ടാക്കുകയാണ് ചെയ്തത്. പബ്ലിക് ട്രസ്റ്റ് ആയതിനാല്‍ ഇതിന് ഭരണസമിതി അംഗങ്ങള്‍ മാത്രം തീരുമാനിച്ചാല്‍ മതിയാകും. മുഖ്യമന്ത്രിയായി സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് 2011 ഏപ്രിലില്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ സ്ഥാനം ഉമ്മന്‍ചാണ്ടി ഒഴിഞ്ഞെന്ന രേഖയാണ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്. പണം ഇടപാട് സംബന്ധിച്ച എല്ലാ തീരുമാനങ്ങളും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തരായ ഭരണസമിതി അംഗങ്ങള്‍ മാത്രം അറിഞ്ഞാല്‍ മതി. ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടില്‍ ഉമ്മന്‍ചാണ്ടി പ്രതിക്കൂട്ടില്‍ ആകുമെന്ന് കണ്ടപ്പോഴാണ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും നീക്കിയത്. ജിക്കുമോന്‍ ജേക്കബ്, പിഎ ആയ എ ആര്‍ സുരേന്ദ്രന്‍, എം വി ഉതുപ്പ്, സിജി ജോര്‍ജ്, നൈനാന്‍ കുര്യന്‍ എന്നിവരാണ് ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തപ്പോഴുള്ള മറ്റ് അംഗങ്ങള്‍. സ്വകാര്യ ട്രസ്റ്റ് ആയതിനാല്‍ വര്‍ഷംതോറും രജിസ്ട്രേഷന്‍ പുതുക്കാന്‍ ഓഡിറ്റു ചെയ്ത വരവുചെലവ് കണക്കുകള്‍ ഹാജരാക്കേണ്ടതില്ലെന്ന് പുതുപ്പള്ളി സബ് രജിസ്ട്രാര്‍ വിമലകുമാരി പറഞ്ഞു.

deshabhimani

No comments:

Post a Comment