Sunday, July 14, 2013

കൂടംകുളം: സര്‍ക്കാര്‍ പിന്മാറണം- വി എസ്

മതിയായ സുരക്ഷ ഉറപ്പുവരുത്തുകപോലും ചെയ്യാതെ കൂടംകുളം ആണവനിലയം പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ആണവോര്‍ജ കോര്‍പറേഷന്‍ നടത്തിയ പരീക്ഷണങ്ങളില്‍ ആണവോര്‍ജ റഗുലേറ്ററി ബോര്‍ഡിന് തൃപ്തിയുണ്ടെന്നും അതിനാല്‍ കൂടംകുളം നിലയം പ്രവര്‍ത്തനക്ഷമമാണെന്നുമുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാട് നിരുത്തരവാദപരമാണ്. കൂടംകുളത്ത് ഉപയോഗിക്കുന്ന കേബിളുകള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ നിലവാരം കുറഞ്ഞതാണെന്ന പരാതി നിലനില്‍ക്കുന്നു. കോണ്‍ക്രീറ്റ് കണ്ടെയ്നറിന്റെ മുകള്‍ഭാഗം തകര്‍ന്നതും റിയാക്ടറിലെ വെല്‍ഡിങ്ങുമെല്ലാം ആശങ്കയുയര്‍ത്തുന്നു. സിയോ പൊഡോസ്കില്‍നിന്ന് ഇറക്കുമതിചെയ്ത റിയാക്ടര്‍ ഭാഗങ്ങള്‍ സുരക്ഷിതമല്ലെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഗുണനിലവാരം കുറഞ്ഞ അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ച് റിയാക്ടര്‍ ഘടകങ്ങള്‍ നിര്‍മിച്ചതിനാല്‍ റഷ്യന്‍ ഫെഡറല്‍ ഏജന്‍സി കേസെടുത്തിട്ടുണ്ട്. തകരാറുള്ള ഈ യന്ത്രഭാഗങ്ങള്‍ നിര്‍മിച്ച സിയോ പൊഡോസ്ക് എന്ന കമ്പനിയുടെ പ്രൊക്യുര്‍മെന്റ് മാനേജരെ 2012 ഫെബ്രുവരിയില്‍ റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് അറസ്റ്റ്ചെയ്യുകയുണ്ടായി. ജനങ്ങളുടെ ജീവനും സ്വത്തിനും വില കല്‍പ്പിച്ചുകൊണ്ട് ഈ നിലയം പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് വി എസ് പ്രസ്താവനയില്‍ പറഞ്ഞു.

കൂടംകുളം ആണവനിലയം പ്രവര്‍ത്തനം തുടങ്ങി

തിരുനെല്‍വേലി: കൂടംകുളം ആണവനിലയം പ്രവര്‍ത്തിച്ചു തുടങ്ങി. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് നിലയത്തിന്റെ ആദ്യയൂണിറ്റില്‍നിന്നുള്ള ആദ്യഘട്ട വൈദ്യുതി ഉല്‍പ്പാദനത്തിന് തുടക്കമിട്ടത്. നിലയത്തിന്റെ മുഴുവന്‍ സുരക്ഷയും ഉറപ്പാക്കിയ ശേഷമാണ് പ്രവര്‍ത്തനം തുടങ്ങിയതെന്ന് ആണവോര്‍ജ്ജ കമീഷന്‍ ചെയര്‍മാന്‍ എസ് കെ സിന്‍ഹ പറഞ്ഞു. വൈദ്യുതി ഉല്‍പ്പാദനത്തിന്റെ വിവിധ ഘട്ടങ്ങള്‍ വളരെ സുരക്ഷിതവും ശാസ്ത്രീയവുമായി പൂര്‍ത്തിയാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

ശനിയാഴ്ച ഉച്ചയ്ക്ക് അണുവിഘടനത്തിന് തുടക്കംകുറിച്ചു. ക്രമേണ താപനില ഉയരുന്നതോടെ ടര്‍ബൈനുകള്‍ ചലിച്ച് വൈദ്യുതി ഉല്‍പ്പാദനം ആരംഭിക്കും. വിതരണത്തിനാവശ്യമായ വൈദ്യുതി 40 ദിവസത്തിനകം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. ആദ്യഘട്ടത്തില്‍ നിലയത്തിന്റെ ആകെ ശേഷിയുടെ 50 ശതമാനവും രണ്ടാം ഘട്ടത്തില്‍ 70 ശതമാനവും മൂന്നാം ഘട്ടത്തില്‍ 90 ശതമാനവും വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കുക.

കൂടംകുളം നിലയത്തിന്റെ നിര്‍മാണം മുതല്‍ കമീഷന്‍ ചെയ്യുന്നതുവരെയുള്ള ഓരോ ഘട്ടവും അങ്ങേയറ്റം സൂക്ഷ്മവും കൃത്യവുമായ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടന്നതെന്ന് ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ കെ സി പുരോഹിത് പറഞ്ഞു. നാഷണല്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, റഷ്യന്‍ കുര്‍സതോവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആറ്റമിക് എനര്‍ജി, എഇആര്‍ബി എന്നിവയില്‍നിന്നുള്ള വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് നിലയത്തിന്റെ പ്രവര്‍ത്തനം പുരോഗമിക്കുന്നത്.

deshabhimani

No comments:

Post a Comment