Monday, July 15, 2013

തിരക്കേറിയിട്ടും പ്രത്യേക വിമാന സര്‍വീസില്ല; പ്രവാസികള്‍ ദുരിതത്തില്‍

തിരക്കേറിയ സീസണിലും പ്രത്യേക വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്താത്തതിനാല്‍ ഗള്‍ഫ് നാടുകളില്‍നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്ര പ്രവാസികള്‍ക്ക് ദുരിതമാകുന്നു. ഗള്‍ഫില്‍ ഇപ്പോള്‍ വിദ്യാലയങ്ങള്‍ക്ക് അവധിയാണ്. കേരളത്തില്‍ പെരുന്നാള്‍ ആഘോഷിക്കുന്നതിന് പ്രവാസികള്‍ കുടുംബത്തോടെ നാട്ടിലേക്ക് തിരിക്കുന്ന സമയമാണിത്. തിരക്ക് മുതലെടുത്ത് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതും പ്രവാസികള്‍ക്ക് തിരിച്ചടിയായി. രണ്ടുമാസത്തിനിടെ മൂന്നാമത്തെ വര്‍ധനയാണിത്. സൗദി, യുഎഇ, മസ്കത്ത്, ബഹറൈന്‍, കുവൈത്ത് എന്നിവിടങ്ങളില്‍നിന്നെല്ലാം ഒന്നും രണ്ടും സര്‍വീസുകള്‍ മാത്രമാണ് കേരളത്തിലെ മൂന്ന് വിമാനത്താവളത്തിലേക്കുമുള്ളത്. സീസണില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികള്‍ പ്രത്യേക സര്‍വീസ് നടത്താന്‍ തയ്യാറാകുന്നുമില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും വിഷയത്തില്‍ ഇടപെടുന്നില്ല.

സൗദി എയര്‍ലൈന്‍സും എയര്‍ ഇന്ത്യയുമാണ് സൗദിയില്‍നിന്ന് കേരളത്തിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നത്. പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയാണ് തിരക്കേറിയ സീസണില്‍ പ്രത്യേക സര്‍വീസ് നടത്തേണ്ടത്. മറ്റുരാജ്യങ്ങളിലെ വിമാനക്കമ്പനികളെല്ലാം തിരക്കേറിയ സീസണില്‍ പ്രത്യേക സര്‍വീസുകള്‍ നടത്താറുണ്ട്. എന്നാല്‍ എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് യാത്രക്കാരെ പിഴിയുകയാണ്. ഗള്‍ഫ് നാടുകളില്‍നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് നിരക്കില്‍ ഭീമമായ വര്‍ധനയാണ് വരുത്തിയത്. സ്വദേശിവല്‍ക്കരണം കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ഗള്‍ഫ് നാടുകളില്‍നിന്ന് തിരിച്ചുവരുന്നവരുടെ തിരക്ക് മുതലെടുത്ത് കഴിഞ്ഞ ഏപ്രിലില്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ മൂന്നിരട്ടി വര്‍ധന വരുത്തിയിരുന്നു.ശനിയാഴ്ച മുതല്‍ നിരക്ക് വീണ്ടും കൂട്ടി. കഴിഞ്ഞ ഏപ്രില്‍, മെയ് മാസങ്ങളില്‍ സൗദിയില്‍നിന്ന് കേരളത്തിലേക്കുള്ള വിമാന നിരക്ക് 28,000-30,000 രൂപയായിരുന്നു. ഇപ്പോഴിത് 29,000-33,000 ആയി. സാധാരണ സമയങ്ങളില്‍ 13,000-15,000 രൂപയാണ് വരിക. നിരക്ക് വര്‍ധനയും ടിക്കറ്റ് ക്ഷാമവുംമൂലം ഭൂരിപക്ഷം പ്രവാസികള്‍ക്കും ഇത്തവണ പെരുന്നാള്‍ ആഘോഷത്തിന് നാട്ടിലെത്താന്‍ കഴിയില്ല. ഡല്‍ഹി, മുംബൈ, ഹൈദരാബാദ് തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് ടിക്കറ്റെടുത്ത് നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളുമുണ്ട്.
(ബഷീര്‍ അമ്പാട്ട്)

deshabhimani

No comments:

Post a Comment