യു ഡി എഫ് ഘടകകക്ഷികള്‍ മുന്നണി വിടുമെന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിലംപൊത്തുമെന്നുമുള്ള കടുത്ത പരിഭ്രാന്തിയില്‍ ഘടകകക്ഷികളെ സംസ്ഥാന പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണവലയത്തിലാക്കി. ചില കോണ്‍ഗ്രസ് എം എല്‍ എമാര്‍ പോലും നിരീക്ഷണത്തിലാണെന്ന് പൊലീസ് ആസ്ഥാനത്തെ വിശ്വസനീയ കേന്ദ്രങ്ങളുടെ വെളിപ്പെടുത്തല്‍.
സംസ്ഥാന ഭരണചരിത്രത്തില്‍ ഇത്തരമൊരവസ്ഥ ഇതാദ്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ചാഞ്ചാടിനില്‍ക്കുന്ന കേരളാ കോണ്‍ഗ്രസി (എം)ന്റെയും കേരളാ കോണ്‍ഗ്രസ് (ജെ)യുടെയും മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കുമാണ് ഏറ്റവുമധികം നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേരിട്ടുള്ള നിര്‍ദേശമനുസരിച്ചാണ് ഡി ജി പി കെ എസ് ബാലസുബ്രഹ്മണ്യവും ഇന്റലിജന്‍സ് എ ഡി ജി പി ടി പി സെന്‍കുമാറും തമ്മില്‍ നാലുദിവസം മുമ്പ് നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഘടകകക്ഷികളെ നിരീക്ഷണവലയത്തിലാക്കാന് നടപടികളാരംഭിച്ചത്. ഇടതുപക്ഷ നേതാക്കളുടെ സഞ്ചാരനീക്കങ്ങള്‍, അവര്‍ നടത്തുന്ന കൂടിക്കാഴ്ച എന്നിവയും നിരീക്ഷണവിധേയമാക്കാന്‍ നിര്‍ദേശമുണ്ടെന്ന ഞെട്ടിപ്പിക്കുന്ന സൂചനകളും പുറത്തുവന്നു.
ഘടകകക്ഷി നേതാക്കളുടെയും ചില ഐ ഗ്രൂപ്പ് കോണ്‍ഗ്രസ് നേതാക്കളുടെയും നീക്കങ്ങള്‍, അവര്‍ നടത്തുന്ന രഹസ്യചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍, ഘടകകക്ഷി നേതാക്കളായ മന്ത്രിമാര്‍ , എം എല്‍ എമാര്‍ എന്നിവര്‍ പ്രതിപക്ഷത്ത് ആരെങ്കിലുമായി ബന്ധം പുലര്‍ത്തുന്നുവോ തുടങ്ങിയ കാര്യങ്ങളില്‍ പ്രതിദിന റിപ്പോര്‍ട്ട് നല്‍കണമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് നല്കിയ നിര്‍ദേശമെന്നും സൂചനയുണ്ട്.
ഘടകകക്ഷി നേതാക്കളുമായി അടുത്തിടപഴകി അവരുടെ ഓരോ ചലനങ്ങളും അറിയാന്‍ സംസ്ഥാനത്തൊട്ടാകെയുള്ള വിശ്വസ്തരായ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരേയും ദൗത്യം ഏല്‍പ്പിക്കണം.
ഈ നിരീക്ഷണ സംവിധാനത്തിനു പുറമേ ബ്ലാക്ക്മെയിലിംഗ് തന്ത്രമെന്ന മറുവശവും പയറ്റും. സംശയത്തിന്റെ നിഴലില്‍ നില്ക്കുന്ന ഘടകകക്ഷി എം എല്‍ എമാരെയും മന്ത്രിമാരെയും കുടുക്കാന്‍ പാകത്തില്‍ വേണ്ടിവന്നാല്‍ അവര്‍ക്കെതിരെ വിജിലന്‍സ് കേസുകളെടുക്കാനുള്ള വിവരങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശേഖരിക്കാന്‍ ഒരു എസ് പിയുടെ നേതൃത്വത്തില്‍ ഒരു ദൗത്യസേനയേയും നിയോഗിച്ചിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്കുന്ന വിവരം.
ഘടകകക്ഷി മന്ത്രിമാരുടെയും എം എല്‍ എമാരുടെയും നേതാക്കളുടെയും വീടുകളും ഓഫീസുകളും പാര്‍ട്ടി ഓഫീസുകളും പൊലീസ് നിരീക്ഷണ വിധേയമാക്കുന്ന അത്യന്തം അസ്വസ്ഥജനകവും ആശങ്കാജനകവുമായ ഒരു സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് സംബന്ധിച്ച് ചില ഘടകക്ഷി നേതാക്കള്‍ക്ക് ഏകദേശ സൂചന ലഭിച്ചിട്ടുണ്ട്. വരുംനാളുകളില്‍ ഇത് വലിയൊരു പൊട്ടിത്തെറിക്ക് വഴിമരുന്നിട്ടുകൂടെന്നില്ല.
രാഷ്ട്രീയ-സാമുദായിക സംഘടനാ നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തുന്നുവെന്ന ഗുരുതരമായ ആരോപണത്തിന്റെ അലകള്‍ കെട്ടടങ്ങുന്നതിന് മുമ്പാണ് വിശ്വാസരാഹിത്യത്തിന്റെ ഒരന്തരീക്ഷം സൃഷ്ടിച്ച് ഘടകകക്ഷികള്‍ക്കുമേല്‍ ഒരു നിരീക്ഷണ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്.
ഒരു പ്രതിപക്ഷ എം എല്‍ എയ്ക്കോ ഇടതുമുന്നണിയിലെ നേതാവിനോ ഒരു മന്ത്രിയെക്കൊണ്ട് നിവേദനം നല്‍കാന്‍പോലും ആവാത്ത അവസ്ഥ. രഹസ്യപൊലീസിന്റെ ചാരക്കണ്ണുകള്‍ പതിയുന്ന ആ കൂടിക്കാഴ്ചയെ മന്ത്രിസഭയെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയായി ചിത്രീകരിക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങുന്ന വിചിത്രവും ആപല്‍ക്കരവുമായ അവസ്ഥ ഇതാദ്യമാണെന്നും നിരീക്ഷകര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.
കെ രംഗനാഥ് janayugom
No comments:
Post a Comment