Thursday, July 18, 2013

സര്‍ക്കാരുമായി സിബിഐ വിവരം പങ്കിടരുത്: സുപ്രീംകോടതി

കല്‍ക്കരിപ്പാടം വിതരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരുമായി ഒരു വിവരവും പങ്കുവയ്ക്കരുതെന്ന് സിബിഐക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങളില്‍ അന്വേഷണത്തിനും പ്രതികളെ ചോദ്യംചെയ്യാനും കേന്ദ്രസര്‍ക്കാരിന്റെ അനുമതി എന്തിനാണെന്ന് കോടതി ആരാഞ്ഞു. കല്‍ക്കരി കേസില്‍ കേസിന്റെ വിവരങ്ങള്‍ സര്‍ക്കാരുമായി പങ്കുവയ്ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ പരഗണിക്കവെയാണ് കോടതി കടുത്ത ഭാഷയില്‍ പ്രതികരിച്ചത്. കോടതിയുടെ പരിഗണനയിലുള്ള കേസില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചോദ്യംചെയ്യാന്‍ സിബിഐ എന്തിനാണ് സര്‍ക്കാരിന്റെ അനുവാദം തേടുന്നതെന്ന് കോടതി ചോദിച്ചു. സര്‍ക്കാരുമായി വിവരങ്ങള്‍ പങ്കുവയ്ക്കാനുള്ള സിബിഐയുടെ അപേക്ഷ ഒരു കൈകൊണ്ട് കൊടുത്ത് മറ്റേ കൈകൊണ്ട് തിരിച്ചെടുക്കുന്നതിനു തുല്യമാണ്. അന്വേഷണത്തില്‍ എന്തെങ്കിലും തടസ്സമോ വിഷമങ്ങളോ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് കോടതിയെ സമീപിക്കാം. സത്യം പുറത്തുവരുന്നതില്‍ ഇത്തരം കാര്യങ്ങളൊന്നും തടസ്സമാകരുതെന്നു പറഞ്ഞ കോടതി സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ക്ക് വഴങ്ങരുതെന്നും നിങ്ങളുടെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്ന സ്ഥിതിയാണെന്നും സിബിഐയെ ഓര്‍മപ്പെടുത്തി.

അതേസമയം അന്വേഷണം പ്രഖ്യാപിക്കാനും ചോദ്യംചെയ്യാനുമുള്ള അധികാരം ഇല്ലാതായാല്‍ അത് ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ വാദിച്ചു. കോടതിയുടെ അഭിപ്രായം നിലവില്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന മറ്റ് കേസുകള്‍ക്കും ബാധകമാകുമെന്നാണ് തങ്ങള്‍ അനുമാനിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്നും എജി വാദിച്ചു. നിയവിരുദ്ധമായി കല്‍ക്കരിപ്പാടം അനുവദിച്ച കേസില്‍ കഴിഞ്ഞയാഴ്ചയാണ് കേസിന്റെ വിവരങ്ങള്‍ സര്‍ക്കാരുമായി പങ്കുവയ്ക്കാന്‍ അനുമതി ചോദിച്ച് സിബിഐ അപേക്ഷ നല്‍കിയത്. കേസിന്റെ വിവരങ്ങള്‍ നിയമ മന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ഓഫീസുമായി പങ്കുവച്ചത് വലിയ വിവാദത്തിന് വഴിവയ്ക്കുകയും നിയമമന്ത്രി അശ്വിനികുമാറിന്റെ രാജിയിലേക്ക് നയിക്കുകയും ചെയ്തിരുന്നു. സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

deshabhimani

No comments:

Post a Comment