Sunday, July 14, 2013

പട്ടികയ്ക്കുപിന്നിലെ പ്രതി

ജന്മദിവസം നോക്കി സ്വഭാവം നിര്‍ണയിക്കാന്‍പോയാല്‍ പെട്ടുപോകും. രണ്ടാം ലോകയുദ്ധത്തിന്റെ ബോംബുസ്ഫോടനങ്ങളും വെടിയൊച്ചകളും ഒടുങ്ങി രാജ്യം ശാന്തമാകുന്ന വേളയിലാണ് 1946ന്റെ വിഷുപ്പുലരിയില്‍ വടകര ചോമ്പാലില്‍ രാമചന്ദ്രതാരകം ഉദിച്ചുയര്‍ന്നത്. വിഷുപ്പടക്കത്തിന്റെയും വിഷുക്കണിയുടെയും സമ്മോഹന മുഹൂര്‍ത്തത്തില്‍ പിറന്ന കുഞ്ഞിനെ തീയില്‍ കുരുത്തവന്‍ എന്നാണ് വിളിക്കേണ്ടത്. പക്ഷേ, മുല്ലപ്പള്ളി ഗോപാലന്റെയും പാറുഅമ്മയുടെയും സീമന്തപുത്രനായി ജനിച്ച രാമചന്ദ്രന്‍ തീ കണ്ടാല്‍ ഓടുന്നവനായാണ് വളര്‍ന്നത്. ജന്മസിദ്ധമായി കിട്ടിയ ഒരേയൊരു വാസന, കമ്യൂണിസ്റ്റ് വിരോധമാണ്. അതിന്റെ ചെറുപയര്‍ പുഴുക്കായിരുന്നു കുട്ടിക്കാലത്തെ ഇഷ്ടഭോജ്യം. ആരെക്കണ്ടാലും ചിരിക്കും; കുശലമന്വേഷിക്കും; നന്മ നേരും-തിരിഞ്ഞുനിന്ന് പുച്ഛിക്കുകയുംചെയ്യും. കമ്യൂണിസ്റ്റുകാരെയാണ് കാണുന്നതെങ്കില്‍ ചിരിക്കുപിന്നാലെ പകയാണ് പുറത്തുവരിക. പറ്റുമെങ്കില്‍ പൊലീസിനെക്കൊണ്ട് പിടിപ്പിക്കും. അക്കാലത്ത് ഒളിക്കാനുള്ള കേന്ദ്രം വീടിന്റെ മച്ചാണ്. വടകരക്കാര്‍ മച്ചിനെ "അട്ടം" എന്ന് വിളിക്കും. പകര്‍ന്നുകിട്ടിയ കുലത്തൊഴില്‍ "അട്ടം തപ്പല്‍"(പരതല്‍) ആയത് അങ്ങനെയാണ്.

കെഎസ്യുവിലാണ് തുടക്കം. ചുവപ്പിനോട് കലി. ആദര്‍ശം പ്രസംഗിക്കും; ആരെയും കുമ്പിടും. അടിയന്തരാവസ്ഥയില്‍ പ്രദേശത്തെ പ്രധാന ദിവ്യന്‍. പൊലീസുകാര്‍ സല്യൂട്ടടിക്കും. അന്ന് ആന്റണി പത്ര സെന്‍സര്‍ഷിപ്പിന്റെ തലവനാണ്. മുല്ലപ്പള്ളി അസിസ്റ്റന്റ്. അടിയന്തരാവസ്ഥയെ ഒട്ടുമിക്ക ഖാദിക്കുപ്പായക്കാരും തള്ളിപ്പറഞ്ഞപ്പോള്‍ ഉറച്ചുനിന്ന് പിന്തുണച്ചതിന്റെ ഗുണഫലം രാമചന്ദ്രന്‍ ഇന്നും ഭുജിക്കുന്നു.

ഐഎഎസ് ആയിരുന്നു മോഹം. കരകയറിയില്ല. എങ്കിലെന്ത് ഐഎഎസ് ഏമാന്മാരെ നിലയ്ക്കുനിര്‍ത്തുന്ന പണി ഇന്ദിരാജിയും രാജീവ്ജിയും കനിഞ്ഞു നല്‍കി. എക്കാലത്തെയും ശത്രു ലീഡറായിരുന്നു. പില്‍ക്കാലത്ത് ഉമ്മന്‍ചാണ്ടി ലീഡറെ കുത്താന്‍ ഉപയോഗിച്ച ആയുധങ്ങളെല്ലാം അന്ന് മുല്ലപ്പള്ളിയുടെ കൈയില്‍. ലീഡര്‍ക്ക് ശത്രുവിനെയും മിത്രത്തെയും തിരിച്ചറിയാനുള്ള കണ്ണുണ്ടായിരുന്നു. ഒരുവേള ലക്ഷദ്വീപിലേക്ക് പോകുംവഴി ഇന്ദിരാജി കൊച്ചിയിലെത്തി. അന്ന് ലീഡര്‍ സര്‍വപ്രതാപി. ഇന്ദിരാജിയെ മുഖം കാണിക്കാന്‍ ഖദര്‍ധാരികള്‍ നിരന്നുനിന്നു. സര്‍വരെയും ലീഡര്‍ പരിചയപ്പെടുത്തി. ഒരാളെമാത്രം വിട്ടു- ഗോപാലന്‍ മകന്‍ രാമചന്ദ്രനെ. കണ്ണില്‍നിന്ന് കുടുകുടെ വെള്ളം ചാടി. ഇന്ദിരാജി അതുകണ്ട് തിരിച്ചുവന്ന് കണ്ണീരൊപ്പി ""കരയല്ലേ മോനേ, ഞാനില്ലേ ഇവിടെ"" എന്ന് ആശ്വസിപ്പിച്ചത് എഴുതപ്പെട്ട ചരിത്രം. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ചോമ്പാല്‍ കടപ്പുറത്ത് ഇന്ദിരാജി അനുഗ്രഹം ചൊരിയാനെത്തി. തിക്കിലും തിരക്കിലും പാദുകങ്ങള്‍ നഷ്ടമായി. കോമളപാദങ്ങള്‍ ചുട്ടുപൊള്ളുന്ന മണലില്‍ പതിച്ചപ്പോള്‍ വെന്തുനീറി. രാമചന്ദ്രന്‍ രക്ഷകനായി. ഇന്ദിരാജിയെ പൊക്കിയെടുത്ത് വണ്ടിയിലെത്തിച്ചു. അതാണ് മൂലധനം. അതിന്റെ ബലത്തില്‍ എംപിയായി, കേന്ദ്രമന്ത്രിയുമായി. ആദര്‍ശത്തിന്റെ കഞ്ഞിമുക്കിയ കുപ്പായമാണ് എന്നും ധരിച്ചത്. ആദര്‍ശം കുപ്പായത്തില്‍മാത്രം. ഉള്ളില്‍ എല്ലാം തികഞ്ഞ കോണ്‍ഗ്രസാണ്. ആരെയും ചിരിച്ചു മയക്കും. കണ്ണൂരുകാര്‍ ചിരിയില്‍ മയങ്ങിപ്പോയി. രണ്ടുമൂന്നുവട്ടം ലോക്സഭയിലേക്ക് വിട്ടു. തനിനിറം തെളിഞ്ഞപ്പോള്‍ ദയനീയമായി തോല്‍പ്പിക്കുകയുംചെയ്തു. പിന്നെ വനവാസമായിരുന്നു. കോണ്‍ഗ്രസുകാരായി ജനിച്ച ആര്‍ക്കും വേണ്ടാതിരുന്ന വടകര സീറ്റ് ഓര്‍ക്കാപ്പുറത്താണ് തരപ്പെട്ടത്. ചില കൊടുക്കല്‍ വാങ്ങലുകളുടെയും കുലദ്രോഹത്തിന്റെയും ചെലവില്‍ ജയം തരപ്പെട്ടു. പഴയ ചുമട്ടുകൂലിയായി മന്ത്രിസ്ഥാനവും വന്നു. അതു നിലനിര്‍ത്താന്‍ അഭ്യാസം വേറെ വേണം. അങ്ങനെയാണ് ചന്ദ്രശേഖരന്‍ വധക്കേസിന്റെ മുതുകില്‍ ട്രപ്പീസ് കളിച്ചത്.

പരലിനെ പിടിച്ചു, സ്രാവുകള്‍ പുറത്താണ്. എന്ന് ആദ്യത്തെ പരിദേവനം. പൊലീസ് താന്‍ വരച്ച വരയില്‍ പോകണമെന്ന് ആജ്ഞ. ഇഷ്ടമില്ലാത്തവരുടെ പേരുകള്‍ പട്ടികയിലാക്കിക്കൊടുത്തു. കേസ് തീരുമ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ടിയും അവസാനിക്കണമെന്ന വന്യസ്വപ്നം. കടത്തനാടന്‍ മുറകള്‍ ആവോളം പയറ്റി. ലോകനാര്‍കാവിലമ്മയ്ക്ക് നേര്‍ച്ചകള്‍ നേര്‍ന്നു. പയറ്റിലൊന്നും പക്ഷേ വിജയം കണ്ടില്ല. മാര്‍ക്സിസ്റ്റ് പാര്‍ടി അതുപോലെ നില്‍ക്കുന്നു. കണ്ണീരൊപ്പാന്‍ ഇനിയാരും വരുന്ന ലക്ഷണവുമില്ല. അട്ടം പരതിയിട്ടും കോലിട്ടിളക്കിയിട്ടും ശത്രുസംഹാരം നടക്കുന്നില്ല. കഷ്ടതരമാണ് അവസ്ഥ. കൂട്ടിനുപോരുമെന്ന് കരുതിയ ആര്‍എംപി ക്ഷയിച്ചുപോയി. വടകര മണ്ഡലം അര്‍ഹതയുള്ളവര്‍ കൊണ്ടുപോകുമെന്നും വന്നു. ദുഃഖഭാരം പേറി തളര്‍ന്നു നിരങ്ങിയ ആ ഘട്ടത്തിലാണ് ചന്ദ്രശേഖരന്‍ കേസില്‍ പെടുത്തേണ്ടവരുടെ ലിസ്റ്റ് കൊടുത്തുവെന്ന് സഹപ്രവര്‍ത്തകന്‍ വെളിപ്പെടുത്തുന്നത്. തിരുവഞ്ചൂരും മുല്ലപ്പള്ളിയും മന്ത്രിമാരുമാണ്, ആന്റണിഭക്തരുമാണ്. ആന്റണിദൈവത്തോട് അതിനേക്കാള്‍ ഭക്തി ഒരേ ഒരാള്‍ക്കേ ഉള്ളൂ ആന്റണിക്കുതന്നെ. എ ഗ്രൂപ്പ് ആന്റണി ഭക്തി ഇവ വാളും പരിചയുമാക്കി യുദ്ധത്തിനിറങ്ങിയ മുല്ലപ്പള്ളി ആരും വീഴാത്ത കുഴിയിലാണ് വീണത്. ആന്റണിയും തള്ളി, തിരുവഞ്ചൂരും തള്ളി. ജനങ്ങള്‍ പണ്ടേ തള്ളി. ഹൈക്കമാന്‍ഡ് അയച്ച ഫണ്ടില്‍ പാതി കളഞ്ഞുകുളിച്ച കഴിവുകേടിന് ഇന്നുവരെ മാപ്പു കിട്ടിയിട്ടില്ല. അതിജീവനം ഇന്ന് നാവിന്റെ ചെലവില്‍മാത്രം. കോണ്‍ഗ്രസുകാര്‍ക്കും പുച്ഛം.

പണ്ട് കോളേജ് കാന്റീന്‍ അടിച്ചുതകര്‍ത്ത കെഎസ്യുക്കാരന്റെ നിലവാരം ഒട്ടും ചോര്‍ച്ചയില്ലാതെ ഇന്നും സൂക്ഷിക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായപ്പോള്‍ വൈസ് പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി ഇന്നും നിവര്‍ന്നു നില്‍ക്കണമെങ്കില്‍ ഒരു ചാരു വേണം. വാര്‍ത്തയില്‍ വരണമെങ്കില്‍ സിപിഐ എമ്മിനെ തെറി വിളിക്കണം. കള്ളനാണയമാണോ നല്ല നാണയമാണോ എന്ന ചോദ്യത്തില്‍ കാര്യമില്ല. കുറെ കള്ളനാണയങ്ങള്‍ക്കിടെ കടുപ്പം കൂടിയ ഒരു കള്ളനാണയം. വാര്‍ത്തയില്‍ കയറിക്കൂടാന്‍ ഏതുവേഷവും കെട്ടും.

സൂക്ഷ്മൻ deshabhimani varathaapathipp

No comments:

Post a Comment