Monday, May 5, 2014

പൊതുമേഖലാ ഇന്‍ഷുറന്‍സില്‍നിന്ന് സര്‍ക്കാരിന് ലാഭവിഹിതം 1000 കോടി കവിയും

കൊച്ചി: രണ്ടുപതിറ്റാണ്ട് പിന്നിട്ട ഉദാരവല്‍ക്കരണ നയങ്ങള്‍ പൊതുമേഖലയെ ദുര്‍ബലപ്പെടുത്തിയിട്ടും ഇന്ത്യയുടെ സാമ്പത്തിക അടിത്തറയുടെ മുഖ്യ ശ്രോതസ്സായി വര്‍ത്തിക്കുന്നത് അവയാണെന്നും പൊതുമേഖലാ ധനകാര്യസ്ഥാപനങ്ങളാണെന്നും ഓള്‍ ഇന്ത്യ ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി സെക്രട്ടറി കെ വി വി എസ് എന്‍ രാജു പറഞ്ഞു. കേരള സ്റ്റേറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് എംപ്ലോയീസ് യൂണിയന്‍ 39-ാമത് സംസ്ഥാന സമ്മേളനം എറണാകുളം വിമന്‍സ് അസോസിയേഷന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്‍ഷുറന്‍സ് വ്യവസായം സ്വകാര്യമൂലധനത്തിനു തുറന്നുകൊടുത്തിട്ട് വ്യാഴവട്ടം പിന്നിട്ടിട്ടും, സ്വകാര്യ കമ്പനികളോടു മത്സരിച്ച് 2013-14 സാമ്പത്തികവര്‍ഷത്തിലും നാലു പൊതുമേഖലാ കമ്പനികളും ചേര്‍ന്ന് 55 ശതമാനം വിപണിവിഹിതം നിലനിര്‍ത്തി. മുന്‍വര്‍ഷത്തെക്കാള്‍ 11 ശതമാനം വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തുകയും ചെയ്തു. യുണൈറ്റഡ് ഇന്ത്യ, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി എന്നിവ ചേര്‍ന്ന് കേന്ദ്രസര്‍ക്കാരിലേക്ക് 715 കോടി രൂപ ലാഭവിഹിതമായി മാത്രം നല്‍കി. നാഷണല്‍, ഓറിയന്റല്‍ എന്നീ കമ്പനികളുടെ കണക്കെടുപ്പുകൂടി പൂര്‍ത്തിയാകുന്നതോടെ ഇത് 1000 കോടി കവിയും. എല്‍ഐസി 85 ശതമാനം വിപണിവിഹിതവുമായി സമാനതകളില്ലാത്ത വിജയം നിലനിര്‍ത്തുന്നതായി അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ അജയന്‍ പതാക ഉയര്‍ത്തി. കെ ജി പ്രഭാകരന്‍ (സെക്രട്ടറി എഐപിഎ, കേരള), ജി കണ്ണന്‍ (ജോയിന്റ് സെക്രട്ടറി ജിഐഇഎഎസ്ഇസഡ്) എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സി ബി വേണുഗോപാല്‍ റിപ്പോര്‍ട്ടും ട്രഷറര്‍ ടി കെ സദാശിവന്‍ കണക്കും അവതരിപ്പിച്ചു. കെ അജയന്‍ അധ്യക്ഷനായി. ഞായറാഴ്ച രാവിലെ 10ന് ചേരുന്ന പൊതുസമ്മേളനം പി രാജീവ് എംപി ഉദ്ഘാടനം ചെയ്യും.

deshabhimani

No comments:

Post a Comment