Wednesday, May 7, 2014

കേരളത്തിന് തിരിച്ചടി; മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണം

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന് സുപ്രീംകോടതി. ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തി നിയമസഭ പാസാക്കിയ ഡാം സുരക്ഷാ അതോറിറ്റി നിയമം ഭരണഘടനാവിരുദ്ധമാണെന്നും സുപ്രീംകോടതി വിധിച്ചു.

ജലനിരപ്പ് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് കേരളവും തമി ഴ് നാടും തമ്മിലുള്ള കേസിലാണ് സുപ്രീംകോടതിയില്‍ നിന്ന് ബുധനാഴ്ച ഈ വിധി. കഴിഞ്ഞ ആഗസ്തില്‍ വാദം പൂര്‍ത്തിയാക്കിയ കേസില്‍ ചീഫ് ജസ്റ്റിസ് ആര്‍എം ലോധ അധ്യക്ഷനായുള്ള ഭരണഘടനാ ബെഞ്ചാണ് രാവിലെ വിധി പറഞ്ഞത്.

ജലനിരപ്പ് ഉയര്‍ത്തുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിക്കും. കേന്ദ്ര ജലക്കമ്മീഷന്‍ ചെയര്‍മാന്റെ നേതൃത്വത്തിലായിരിക്കും സമിതി. കേരളത്തിനും തമിഴ്നാടിനും ഓരോ പ്രതിനിധികള്‍ സമിതിയിലുണ്ടാകും. അണക്കെട്ടിന് അറ്റകുറ്റപ്പണി നടത്താനുള്ള അവകാശം തമിഴ്നാടിനായിരിക്കുമെന്നും കോടതി വ്യക്തമാക്കി. പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യവും കോടതി തള്ളി.

ജലനിരപ്പ് 136 അടിയില്‍നിന്ന് 142 ആയി ഉയര്‍ത്താന്‍ 2006 ല്‍ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് വിധിച്ചിരുന്നു. കേസ് നടത്തിപ്പില്‍ യുഡിഎഫ് സര്‍ക്കാരിന്റെ പിടിപ്പുകേടാണ് തമിഴ്നാടിന് അനുകൂലമായ ഉത്തരവിന് വഴിയൊരുക്കിയത്. മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ് കേരളത്തിന് തീര്‍ത്തും പ്രതികൂലമായതോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഡാം സുരക്ഷാ അതോറിറ്റി നിയമം കൊണ്ടുവരികയും ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തുകയുമായിരുന്നു.

ഇത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. ജലനിരപ്പിനെ ചൊല്ലിയുള്ള തര്‍ക്കം, അണക്കെട്ടിന്റെ ഉടമസ്ഥത, നടത്തിപ്പ് അവകാശം തുടങ്ങി ഒട്ടനവധി നിയമപ്രശ്നങ്ങളിലേക്ക് കടന്നതോടെയാണ് വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടത്. ജസ്റ്റിസ് ആര്‍ എം ലോധ ഉള്‍പ്പെട്ട ബെഞ്ച് അണക്കെട്ടിന്റെ ഉറപ്പും സുരക്ഷയും അടക്കമുള്ള വിഷയങ്ങള്‍ പഠിക്കുന്നതിന് ജസ്റ്റിസ് എ എസ് ആനന്ദ് തലവനായി സമിതിയെ നിയോഗിച്ചു. അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് ഉയര്‍ത്താമെന്നും നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട് സമിതി കഴിഞ്ഞ ഏപ്രിലില്‍ സുപ്രീംകോടതിക്ക് സമര്‍പ്പിച്ചു. വാദ പ്രതിവാദത്തില്‍ കേരളം സമിതി റിപ്പോര്‍ട്ട് നിരാകരിച്ചു.

പുതിയ അണക്കെട്ട് ഉള്‍പ്പെടെയുള്ള സാധ്യതകള്‍ കേരളം ആരാഞ്ഞു. എന്നാല്‍, തമിഴ്നാട് പുതിയ അണക്കെട്ടിനോട് വിയോജിക്കുകയും ജലനിരപ്പ് ഉയര്‍ത്തണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയുംചെയ്തു. അണക്കെട്ട് സുരക്ഷിതമല്ലെന്ന് സ്ഥാപിക്കുന്നതിന് ഒട്ടനവധി പഠനറിപ്പോര്‍ട്ടുകള്‍ കേരളം സമര്‍പ്പിച്ചു. എല്‍ഡിഎഫ് സര്‍ക്കാരാണ് ഐഐടി വിദഗ്ധരെയും മറ്റും കൊണ്ടുവന്ന് പഠനം നടത്തിയത്. എന്നാല്‍ ഉന്നതാധികാരസമിതിയെ കാര്യങ്ങള്‍ വേണ്ടവിധം ബോധ്യപ്പെടുത്താന്‍ ഉമ്മന്‍ ചാണ്ടിസര്‍ക്കാരിന് കഴിഞ്ഞില്ല. തമിഴ്നാടിന്റെ നിലപാട് സമിതി ഏറെക്കുറെ പൂര്‍ണമായി അംഗീകരിക്കുകയായിരുന്നു.

deshabhimani

No comments:

Post a Comment