Wednesday, May 7, 2014

മുല്ലപ്പെരിയാര്‍: നിയമസഭ ഉടനെ ചേരണം: വി എസ്

തിരു: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി വിധി സംസ്ഥാനത്തിന് എതിരായ സാഹചര്യത്തില്‍ ഈ വിഷയം ചര്‍ച്ചചെയ്യാന്‍ നിയമസഭ ഉടനെ വിളിച്ചുകൂട്ടണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് താഴ്ത്തുന്നതിനായി നിയമസഭ എകകണ്ഠമായി പാസാക്കിയ ഡാം സുരക്ഷ നിയമം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് സുപ്രീംകോടതി റദ്ദാക്കിയിരിക്കുകയാണ്. കേരളത്തിലെ 35 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവന്റെ വിഷയമാണിത്. ഡാം തകര്‍ന്നാല്‍ കേരളത്തിന്റെ വൈദ്യുതമേഖലയാകെ തകര്‍ന്ന് അന്ധകാരത്തിലുമാകും. ഈ പ്രശ്നങ്ങള്‍ സുപ്രീംകോടതിയേയും കേന്ദ്ര സര്‍ക്കാരിനേയും ബോധ്യപ്പെടുത്താന്‍ കേരള സര്‍ക്കാരിനായില്ലെന്നും വി എസ് പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. നിയമ സഭ ഉടനെ വിളിക്കണം. മുഖ്യമന്ത്രി ഇടപ്പെട്ട് സര്‍വകക്ഷി യോഗം വിളിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കേരളത്തിന്റെ ആശങ്ക കണക്കിലെടുത്തില്ല: ഉമ്മന്‍ചാണ്ടി

തിരു: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക സുപ്രീംകോടതി കണക്കിലെടുത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തമിഴ്നാടിന് വെള്ളം എന്നതുപോലെ തന്നെ പ്രധാനമാണ് കേരളത്തിലെ ജീവന്റെ പ്രശ്നവും. 117 കൊല്ലം പഴക്കമുള്ള ഡാം ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി സുപ്രീംകോടതി കണക്കിലെടുത്തില്ല. വിധി പഠിച്ചശേഷം മറ്റ് നടപടികള്‍ ആലോചിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനങ്ങളുടെ ആശങ്ക കോടതി പരിഗണിക്കാതിരുന്നത് ദുഖ:കരമാണെന്ന് ജലവകുപ്പ് മന്ത്രി പി ജെ ജോസഫ് പറഞ്ഞു. വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാന്‍ സാധിക്കുമോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

സര്‍വകക്ഷിയോഗം വിളിക്കണം: കോടിയേരി

തിരു: സുപ്രീംകോടതി വിധിയെ തുടര്‍ന്നുണ്ടായ ആശങ്കകള്‍ ചര്‍ച്ചചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. പ്രത്യേക നിയമസഭാസമ്മേളനവും വിളിച്ചുചേര്‍ക്കണം. ജനങ്ങളുടെ ആശങ്ക ദൂരീകരിക്കുന്നതല്ല സുപ്രീംകോടതി വിധി. ഇത് റദ്ദാക്കാനുള്ള ഇടപെടല്‍ ഉണ്ടാകണം- കോടിയേരി പറഞ്ഞു.

ജനങ്ങളുടെ ആശങ്ക പരിഗണിക്കാതെയുള്ള വിധി: പന്ന്യന്‍

തിരു: മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി കേരളത്തിലെ ജനങ്ങളുടെ ആശങ്കകള്‍ പരിഗണിക്കാതെയുള്ളതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. വിധി പുനരവലോകനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങള്‍ ഉയര്‍ത്തിയ ആശങ്ക ന്യായമാണ്. തമിഴ്നാടിന് വെള്ളം കൊടുക്കുന്നതില്‍ ആരും എതിരല്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന നിയമസഭ ഡാം സുരക്ഷാ അതോറിറ്റിക്ക് രൂപം നല്‍കുന്ന നിയമം പാസാക്കിയത്. അതും കോടതി റദ്ദാക്കി. കേസിന്റെ വിചാരണയുടെ ആദ്യഘട്ടത്തില്‍ ജാഗ്രത കാട്ടിയ സര്‍ക്കാര്‍ സംവിധാനം പിന്നീട് അലംഭാവം കാട്ടിയോ എന്ന് സംശയമുണ്ട്. എല്ലാവരുമായും കൂടിയാലോചിച്ച് തുടര്‍നടപടിയിലേക്ക് പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. ഇതിനായി സര്‍വകക്ഷിയോഗം വിളിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന് മുഖ്യമന്ത്രി

തിരു: സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തുടര്‍നടപടികള്‍ക്കായി സര്‍വകക്ഷി യോഗം വിളിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭാ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവുമായി സംസാരിച്ച് സൗകര്യപ്രദമായ തീയതി തീരുമാനിക്കും. കേരളത്തിന്റെ ആശങ്കയ്ക്ക് സുപ്രീംകോടതിയില്‍നിന്ന് വേണ്ടത്ര പരിഗണന കിട്ടിയില്ല. തമിഴ്നാടിന് അനുകൂലമായി അഡ്വക്കറ്റ് ജനറല്‍ ഒരു റിപ്പോര്‍ട്ടും കൊടുത്തിട്ടില്ലെന്നും കേസ് നടത്തുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

deshabhimani

No comments:

Post a Comment