Wednesday, May 7, 2014

വിദ്യാഭ്യാസ അവകാശനിയമം: ന്യൂനപക്ഷ സ്ഥാപനങ്ങളെ ഒഴിവാക്കി

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസ അവകാശനിയമപ്രകാരമുള്ള ചട്ടങ്ങള്‍ ബാധകമല്ലെന്ന് സുപ്രീംകോടതി. 30(1) വകുപ്പുപ്രകാരം ഈ സ്ഥാപനങ്ങള്‍ക്കുള്ള പ്രത്യേകാവകാശങ്ങള്‍ പരിഗണിച്ചാണ് ഉത്തരവ്. സ്വകാര്യ- അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസ അവകാശനിയമപ്രകാരമുള്ള ചട്ടങ്ങള്‍ ബാധകമായിരിക്കും. ഇതോടെ, പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 25 ശതമാനം സംവരണം നല്‍കണമെന്ന വ്യവസ്ഥ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലാതാകും. ന്യൂനപക്ഷ പദവിയുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള കേരളത്തെയാകും ഈ വിധി ഏറെ ദോഷകരമായി ബാധിക്കുക.

അതേസമയം, സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്ന വിദ്യാഭ്യാസ അവകാശനിയമത്തിന്റെ ഭരണഘടനാ സാധുത ചീഫ്ജസ്റ്റിസ് ആര്‍ എം ലോധ, ജസ്റ്റിസുമാരായ എ കെ പട്നായിക്, ദീപക്മിശ്ര, എസ് ജെ മുഖോപാധ്യായ, ഇബ്രാഹിം ഖലീഫുള്ള എന്നിവരുള്‍പ്പെട്ട ബെഞ്ച് ശരിവച്ചു. 21 എ വകുപ്പ് അനുസരിച്ച് പാര്‍ലമെന്റ് പാസാക്കിയ വിദ്യാഭ്യാസ അവകാശനിയമത്തിലെ 12(1) സി വകുപ്പുപ്രകാരം സ്വകാര്യ അണ്‍എയ്ഡഡ് സ്കൂളുകളില്‍ ഉള്‍പ്പെടെ 25 ശതമാനം സീറ്റില്‍ എസ്സി-എസ്ടി വിഭാഗക്കാര്‍ക്കും സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കും പ്രവേശനം നല്‍കണം. ഈ വ്യവസ്ഥയ്ക്കെതിരെ ചില സ്വകാര്യ മാനേജ്മെന്റുകളാണ് സുപ്രീംകോടതിയെ സമീപിച്ചത്. 2010 സെപ്തംബറില്‍ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് വിഷയം ഭരണഘടനാ ബെഞ്ചിന്് വിടുകയായിരുന്നു.

93-ാം ഭരണഘടനാ ഭേദഗതിയിലൂടെയും 86-ാമത് ഭരണഘടനാ ഭേദഗതിയിലൂടെയും കൊണ്ടുവന്ന രണ്ടു വ്യവസ്ഥയും ഭരണഘടനാ വിരുദ്ധമാണോയെന്നാണ് കോടതി പരിശോധിച്ചത്. വിദ്യാഭ്യാസ അവകാശനിയമത്തില്‍നിന്നും ഭരണഘടനയുടെ 15(5) വകുപ്പില്‍നിന്നും ന്യൂനപക്ഷസ്ഥാപനങ്ങളെ ഒഴിവാക്കിയതില്‍ പിഴവില്ലെന്ന് ജസ്റ്റിസ് എ കെ പട്നായിക് വിധിന്യായത്തില്‍ നിരീക്ഷിച്ചു. ഭരണഘടനയുടെ 30(1) വകുപ്പുപ്രകാരം ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്നതിന് അവകാശമുണ്ട്. മറ്റു വിഭാഗങ്ങളിലെ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുക വഴി സ്ഥാപനത്തിന്റെ ന്യൂനപക്ഷ സ്വഭാവം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകരുതെന്ന് ടി എം എ പൈ കേസിലടക്കം സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിച്ചിട്ടുള്ളതാണ്.

ഭരണഘടനയുടെ 30(1) വകുപ്പ് ന്യൂനപക്ഷസ്ഥാപനങ്ങളെ പ്രത്യേക വിഭാഗമായാണ് കാണുന്നത്. വിദ്യാഭ്യാസ അവകാശനിയമം അവര്‍ക്ക് ബാധകമാക്കാതിരിക്കുന്നത് ഭരണഘടനയുടെ 14-ാം വകുപ്പിന്റെ ലംഘനമായി കാണാനാകില്ല. പിന്നോക്കവിഭാഗങ്ങള്‍ക്ക് സൗജന്യവും സ്വതന്ത്രവുമായ വിദ്യാഭ്യാസം നല്‍കുന്നതിന് ന്യൂനപക്ഷ സ്ഥാപനങ്ങളെ നിര്‍ബന്ധിക്കാനാകില്ല. സ്വകാര്യ അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് ഇത് നിര്‍ബന്ധമാക്കുന്നത് ഭരണഘടനാലംഘനമല്ല. 25 ശതമാനം സൗജന്യ സീറ്റില്‍ പ്രവേശനത്തിന് ആനുപാതികമായി സര്‍ക്കാര്‍ സഹായം അനുവദിക്കുമെന്ന് നിയമം പറയുന്നുണ്ട്. പിന്നോക്കവിഭാഗങ്ങളുടെ ഉന്നമനമെന്ന ലക്ഷ്യത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് പിന്നോക്കവിഭാഗങ്ങളുടെ പ്രവേശനത്തിനായി സര്‍ക്കാരിന് ഇടപെടാമെന്ന ഭരണഘടനയുടെ 15(5) വകുപ്പ്. അതിനാല്‍ ഈ വകുപ്പിന്റെ അടിസ്ഥാനത്തിലുള്ള സര്‍ക്കാര്‍ ഇടപെടല്‍ ഒരിക്കലും സ്വകാര്യ അണ്‍എയ്ഡഡ് സ്കൂളുകളുടെ അവകാശങ്ങളെ ഹനിക്കുന്നതല്ല- കോടതി നിരീക്ഷിച്ചു.

എം പ്രശാന്ത്

പഠനം മാതൃഭാഷയില്‍ നിര്‍ബന്ധമല്ല

പ്രൈമറിതലത്തില്‍ മാതൃഭാഷയിലുള്ള അധ്യയനം നിര്‍ബന്ധമാക്കുന്ന കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ മാതൃഭാഷ അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് എ കെ പട്നായിക്കിന്റേതാണ് ഉത്തരവ്. 1994-95 അധ്യയനവര്‍ഷംമുതല്‍ കര്‍ണാടകത്തില്‍ ഒന്നുമുതല്‍ നാലുവരെ ക്ലാസില്‍ കന്നട അധ്യയന മാധ്യമമാക്കിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് നേരത്തെ ഹൈക്കോടതി അസാധുവാക്കിയിരുന്നു. ഇത് ചോദ്യംചെയ്യുന്ന ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ച് തള്ളിയത്.

സാമൂഹ്യനീതി നിഷേധിക്കും: എസ്എഫ്ഐ

വിദ്യാഭ്യാസ അവകാശനിയമം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്ന സുപ്രീം കോടതിവിധി സാമൂഹികനീതി നിഷേധത്തിന് വഴിവയ്ക്കുമെന്ന് എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ഡോ. വി ശിവദാസന്‍ പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളെ വിധി ദോഷകരമായി ബാധിക്കും. വിധി സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രം നിയമനിര്‍മാണം നടത്തണം. രാജ്യത്തെ മൊത്തത്തില്‍ ബാധിക്കുന്ന കാര്യമാണിത്്. പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസം നേടാനുള്ള അവസരം ഇല്ലാതാക്കുന്ന കോടതിവിധി ദൗര്‍ഭാഗ്യകരമാണെന്ന് ശിവദാസന്‍ പ്രസ്താവനയില്‍ പറഞ്ഞു.

അടിയന്തര കൂടിയാലോചന വേണം: എം എ ബേബി

വിദ്യാഭ്യാസ അവകാശ നിയമം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്ന സുപ്രീംകോടതി വിധിയില്‍ സര്‍ക്കാര്‍ അടിയന്തര കൂടിയാലോചന നടത്തണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ വിദ്യാഭ്യാസമന്ത്രിയുമായ എം എ ബേബി ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ അവകാശ നിയമം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടപ്പാക്കുന്നതിന് തടസ്സമുണ്ടാക്കുന്നതാണ് വിധി. ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കംനില്‍ക്കുന്ന കുട്ടികള്‍ക്ക് അവരവരുടെ നാട്ടില്‍ത്തന്നെ പഠിക്കാന്‍ വിധി തടസ്സമായിക്കൂടാ. പിന്നോക്കവിഭാഗങ്ങള്‍ക്ക് നിയമം വ്യവസ്ഥചെയ്യുന്ന 25 ശതമാനം സംവരണം ന്യൂനപക്ഷപദവിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്ന വിധി കേരളത്തിലെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ പ്രയാസമുണ്ടാക്കും. വിദ്യാഭ്യാസ അവകാശ നിയമം കേരളത്തില്‍ സര്‍ക്കാര്‍സ്കൂളുകളില്‍ മാത്രമായി പരിമിതപ്പെടുന്ന അവസ്ഥയാണ്.

ഇതിന് പരിഹാരം കാണാനായി എയ്ഡഡ്, സ്വാശ്രയ വ്യത്യാസമില്ലാതെ മുഴുവന്‍ ന്യൂനപക്ഷ മാനേജ്മെന്റുകളുമായും അടിയന്തര കൂടിയാലോചനയ്ക്ക് സര്‍ക്കാര്‍ മുന്നിട്ടിറങ്ങണം. കോടതിവിധി സാങ്കേതികവും നിയമപരവുമായി നടപ്പാക്കുന്നതിനേക്കാള്‍ കേരളത്തിന്റെ സാഹചര്യത്തില്‍ പ്രയോഗികമായി നടപ്പാക്കാനാണ് ശ്രമിക്കേണ്ടത്. അടുത്ത അധ്യയനവര്‍ഷത്തില്‍ത്തന്നെ അത് സാധ്യമാകണമെങ്കില്‍ വേഗത്തിലുള്ള കൂടിയാലോചന അത്യാവശ്യമാണ്- ബേബി പറഞ്ഞു.

DESHABHIMANI

No comments:

Post a Comment