Sunday, May 18, 2014

കുതിച്ച് എല്‍ഡിഎഫ്

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ജില്ലയില്‍ എല്‍ഡിഎഫിന്റെ കരുത്ത് ഒരിക്കല്‍ക്കൂടി തെളിയിച്ചു. തൃശൂര്‍, ആലത്തൂര്‍,ചാലക്കുടി ലോക്സഭാ മണ്ഡലങ്ങളിലായി കിടക്കുന്ന ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളില്‍ 11 എണ്ണത്തിലും എല്‍ഡിഎഫ് വന്‍വിജയം നേടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ജില്ലയില്‍ എല്‍ഡിഎഫിനുണ്ടായ വളര്‍ച്ചയാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. എല്‍ഡിഎഫിന് ലഭിച്ച വോട്ടുകളുടെ എണ്ണത്തിലും വലിയ വര്‍ധനയാണ് ഉണ്ടായത്. 2009þലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആറ് നിയമസഭാ മണ്ഡലങ്ങളിലാണ് എല്‍ഡിഎഫിന് ഭൂരിപക്ഷമുണ്ടായിരുന്നത്. എന്നാല്‍ 2011þലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചേലക്കര, കുന്നംകുളം, ഗുരുവായൂര്‍, പുതുക്കാട്, നാട്ടിക, കയ്പമംഗലം, ചാലക്കുടി നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വിജയിച്ചു. ഇതില്‍ ചാലക്കുടി ഒഴികെയുള്ള ആറ് മണ്ഡലങ്ങള്‍ക്ക് പുറമെ വടക്കാഞ്ചേരി, മണലൂര്‍, ഒല്ലൂര്‍, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങളിലും ഇത്തവണ എല്‍ഡിഎഫ് വന്‍ വിജയം നേടി. ആകെയുള്ള 13 മണ്ഡലങ്ങളില്‍ 11 എണ്ണത്തിലും വിജയം നേടാനായത് ജില്ലയിലെ സിപിഐ എമ്മിന്റെയും ഇടതുപക്ഷപ്രസ്ഥാനങ്ങളുടെയും കരുത്ത് വര്‍ധിച്ചതിന്റെ തെളിവാണ്.

വോട്ടുകളുടെ എണ്ണത്തിന്റെ കാര്യത്തിലും എല്‍ഡിഎഫിന് ഗണ്യമായ വര്‍ധനയാണുണ്ടായത്. 2009þലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എല്‍ഡിഎഫിന് 6,68,997 വോട്ടുകളും യുഡിഎഫിന് 6,99,225 വോട്ടുകളും ബിജെപിക്ക് 1,03,362 വോട്ടുകളുമാണ് ലഭിച്ചത്. എന്നാല്‍ 2011ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും എല്‍ഡിഎഫിന് ലഭിച്ച വോട്ടുകളുടെ എണ്ണം 7,91,498 ആയി ഉയര്‍ന്നു. യുഡിഎഫിന് 7,49,136 വോട്ടും ബിജെപിക്ക് 1,15,204 വോട്ടും ലഭിച്ചു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 7,24,749 വോട്ടും യുഡിഎഫിന് 6,59,478 വോട്ടും ബിജെപിക്ക് 1,86,575 വോട്ടും ലഭിച്ചു.

തൃശൂര്‍ ജയിച്ച് "ജയദേവ"നായി

തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍ഡിഎഫിന് മിന്നും ജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയുടെ സി എന്‍ ജയദേവന്‍ 38,227 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ കെ പി ധനപാലനെ തോല്‍പ്പിച്ചത്. ആകെയുള്ള 12,75,288 വോട്ടില്‍ പോള്‍ചെയ്തത് 9,19,184. സി എന്‍ ജയദേവന് 3,89,209 വോട്ടും കെ പി ധനപാലന് 3,50,982 വോട്ടും ലഭിച്ചു. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് അസംബ്ലി നിയോജകമണ്ഡലത്തില്‍ ആറിലും ഭൂരിപക്ഷം നേടിയാണ് എല്‍ഡിഎഫ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം തിരിച്ചുപിടിച്ചത്്. ജയദേവന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നല്‍കിയത് നാട്ടിക മണ്ഡലമാണ്þ 13,965. തൊട്ടു പിന്നില്‍ പുതുക്കാട് 13,947 വോട്ടിന്റെ ഭൂരിപക്ഷം നല്‍കി. മണലൂര്‍ 6928 വോട്ടും ഇരിങ്ങാലക്കുട 5001 വോട്ടും ഗുരുവായൂര്‍ 3851 വോട്ടും ഒല്ലൂര്‍ 1342 വോട്ടും ഭൂരിപക്ഷം കൊടുത്ത് ജയദേവ വിജയം അനായാസമാക്കി. തൃശൂര്‍ അസംബ്ലി മണ്ഡലത്തില്‍ മാത്രമാണ് യുഡിഎഫിന് ലീഡ് ചെയ്യാനായത്. അത് 6853 വോട്ടായി കുറയ്ക്കാനും എല്‍ഡിഎഫിനു കഴിഞ്ഞു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തൃശൂര്‍ അസംബ്ലിമണ്ഡലത്തില്‍ യുഡിഎഫ് 14,816 വോട്ടിന്റെ മേല്‍ക്കൈ നേടിയിരുന്നു. പോസ്റ്റല്‍വോട്ടിലും 46 വോട്ടിന് എല്‍ഡിഎഫ് മുന്നിലായിരുന്നു. ആകെ 1110 പോസ്റ്റല്‍ വോട്ടില്‍ 162 വോട്ട് സാങ്കേതിക കാരണത്താല്‍ തിരസ്കരിക്കപ്പെട്ടു. 435 വോട്ട് ജയദേവനും 389 വോട്ട് ധനപാലനും നേടി. ബിജെപി സ്ഥാനാര്‍ഥി കെ പി ശ്രീശന് 56 വോട്ടും ആംആദ്മിയുടെ സാറാ ജോസഫിന് 55 പോസ്റ്റല്‍വോട്ടുമാണ് കിട്ടിയത്.

തൃശൂര്‍ ഗവ. എന്‍ജിനിയറിങ് കോളേജില്‍ രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിച്ചതു മുതല്‍ എണ്ണിത്തീരുംവരെ എല്‍ഡിഎഫായിരുന്നു മുന്നില്‍. രാവിലെ 8.20ഓടെ 115 വോട്ടിന്റെ മേല്‍ക്കൈ നേടിയാണ് ജയദേവന്‍ ജൈത്രയാത്ര തുടങ്ങിയത്. തുടര്‍ന്ന് ഒരോവേളയിലും അടിക്കടി ഭൂരിപക്ഷം വര്‍ധിച്ചു. 2009ല്‍ നാട്ടികയും പുതുക്കാടും മാത്രമായിരുന്നു എല്‍ഡിഎഫിന് ലീഡ്. ഡിസിസി പ്രസിഡന്റ് ഒ അബ്ദുറഹ്മാന്‍കുട്ടിയുടെ സ്വന്തം വാര്‍ഡിലും വോട്ടുചെയ്ത ബൂത്തിലും എല്‍ഡിഎഫ് മുന്നിലായി. 1951ലെ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ സി ഇയ്യുണ്ണിക്കായിരുന്നു ജയം. 57ലും 62ലും സിപിഐയുടെ കെ കെ വാര്യര്‍ തൃശൂരിനെ പ്രതിനിധീകരിച്ചു. 67ല്‍ സിപിഐയുടെ സി ജനാര്‍ദനായിരുന്നു വിജയം. 71ല്‍ കോണ്‍ഗ്രസ് മുന്നണിയില്‍ സിപിഐ സ്ഥാനാര്‍ഥി ജനാര്‍ദനന്‍തന്നെ വിജയിച്ചു. 77ലും, 80ലും സിപിഐയിലെ കെ എ രാജന്‍ വിജയിച്ചു. 84ലും, 89ലും കോണ്‍ഗ്രസിലെ പി എ ആന്റണിക്കായിരുന്നു ജയം. 91ല്‍ പി സി ചാക്കോ ലോക്സഭയിലെത്തി. 96ല്‍ കെ കരുണാകരനെ അടിയറവുപറയിച്ച് സിപിഐയുടെ വി വി രാഘവന്‍ ചരിത്രംകുറിച്ചു. 98ല്‍ കെ മുരളീധരനേയും വി വി രാഘവന്‍ തോല്‍പ്പിച്ചു. 99ല്‍ എ സി ജോസ് മണ്ഡലം കോണ്‍ഗ്രസിന് തിരിച്ചുകൊടുത്തു. 2004ല്‍ സിപിഐയുടെ സി കെ ചന്ദ്രപ്പനും 2009ല്‍ പി സി ചാക്കോയുമാണ് തൃശൂരിനെ പ്രതിനിധീകരിച്ചത്.

മണ്ഡലം മാറ്റരുതെന്ന് കരഞ്ഞ് പറഞ്ഞു: കെ പി ധനപാലന്‍

തൃശൂര്‍: ചാലക്കുടി മണ്ഡലത്തില്‍നിന്ന് തന്നെ മാറ്റരുതെന്ന് ഹൈക്കമാന്‍ഡിനോടും കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന നേതാക്കളോടും കണ്ണീരോടെ പറഞ്ഞിരുന്നതാണെന്ന് കെ പി ധനപാലന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിലേറ്റ കടുത്ത പരാജയത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ധനപാലന്‍. മണ്ഡലമാറ്റം കൊണ്ട് രണ്ട് സീറ്റുകളും നേടാമെന്നാണ് പാര്‍ടി വിശ്വസിപ്പിച്ചത്. എന്നാല്‍ ഹൈക്കമാന്‍ഡിനും സംസ്ഥാന നേതൃത്വത്തിനും പിഴവ് പറ്റി.

പി സി ചാക്കോയോട് തൃശൂരിന് അതൃപ്തിയുണ്ടായിരുന്നു. ആ അതൃപ്തിക്കെല്ലാം താന്‍ മറുപടി പറയേണ്ടി വന്നു. ജയിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയാണ് തൃശൂരിലേക്ക് മാറ്റിയത്.താനൊരു ദേശീയ നേതാവല്ല. മുമ്പും ഇത്തരം അനുഭവം ഹൈക്കമാന്‍ഡില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. അന്നും പാര്‍ടിയെ അനുസരിച്ചു.എന്നാല്‍ ജനത്തിന്റെ പള്‍സ് മനസിലാക്കാന്‍ നേതാക്കള്‍ക്കായില്ലെന്നും ധനപാലന്‍ പറഞ്ഞു.

അതേ സമയം തന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല മണ്ഡലം മാറിയതെന്ന് പി സി ചാക്കോ പറഞ്ഞു. നേതാക്കള്‍ കൂട്ടായെടുത്ത തീരുമാനമാണത്. കൂടുതല്‍ നേട്ടമുണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണ് മണ്ഡലം മാറിയത്. അതിനെ കുറിച്ചുള്ള ധനപാലന്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ല. തനിക്കും ധനപാലനും പാര്‍ടിക്കും നേട്ടമുണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. തെരഞ്ഞെടുപ്പാകുമ്പോള്‍ അപ്രതീക്ഷിതമായി പരാജയമുണ്ടാകും. യുഡിഎഫിന്റെ ഉറച്ചമണ്ഡലമായ ചാലക്കുടിയില്‍ തനിക്കേറ്റ പരാജയം അന്വേഷിക്കുമെന്നും പി സി ചാക്കോ പറഞ്ഞു.

ജില്ലയില്‍ കോണ്‍ഗ്രസിന്റെ അടിത്തറ ഇളകി

തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് ജില്ലയില്‍ കോണ്‍ഗ്രസിന്റെ അടിത്തറ ഇളക്കി. തൃശൂര്‍, ആലത്തൂര്‍, ചാലക്കുടി ലോക്സഭാ മണ്ഡലങ്ങളിലെ ഫലം ജില്ലയില്‍ കോണ്‍ഗ്രസിെന്‍റ ജനപിന്തുണ ഇല്ലാതായതായി വ്യക്തമാക്കുന്നു. 13 നിയോജകമണ്ഡലങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് യുഡിഎഫിന് ചെറിയ ലീഡ് ലഭിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും യുഡിഎഫും വിജയിച്ചിരുന്നു. ഈ മണ്ഡലങ്ങളിലെല്ലാം ഇത്തവണ എല്‍ഡിഎഫ് വന്‍ ലീഡ് നേടി. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ശക്തി കേന്ദ്രങ്ങളെന്ന് അവകാശപ്പെടുന്ന മണ്ഡലങ്ങളില്‍പ്പോലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ഭൂരിപക്ഷം നേടാനായത് കോണ്‍ഗ്രസ് ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടതിന്റെ വ്യക്തമായ സൂചനയാണ്. ഗ്രൂപ്പുകളിച്ചും സഹപ്രവര്‍ത്തകരെ പരസ്പരം കൊലപ്പെടുത്തിയുമുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള തിരിച്ചടികൂടിയാണ് കോണ്‍ഗ്രസിന് ലഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ ഗ്രൂപ്പ്കളിയില്‍ രണ്ട് പ്രവര്‍ത്തകരെയാണ് നേതാക്കളുടെ അനുയായികള്‍ കൊലചെയ്തത്. രണ്ട് കുടുംബങ്ങളെ അനാഥമാക്കിയശേഷം ഒന്ന് തിരിഞ്ഞുനോക്കുകപോലും ചെയ്യാത്ത കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട് വ്യാപകവിമര്‍ശത്തിന് ഇടയാക്കിയിരുന്നു.ഡിസിസി പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി എ ഐ ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ തര്‍ക്കവും സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസിലുണ്ടായ കലാപവും അവമതിപ്പുണ്ടാക്കി. പി സി ചാക്കോ വേണ്ടെന്ന് ഐ ഗ്രൂപ്പും തൃശൂരിലേക്കില്ലെന്ന് ധനപാലനും നടത്തിയ പ്രസ്താവനകള്‍ കോണ്‍ഗ്രസ് നേതാക്കളിലും പ്രവര്‍ത്തകരിലും കടുത്ത അമര്‍ഷമാണുണ്ടാക്കിയത്. ഇത്തരത്തില്‍ കോണ്‍ഗ്രസിനകത്തുണ്ടായ പ്രശ്നങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ വഴിവിട്ട പ്രവര്‍ത്തനങ്ങളും യുഡിഎഫിന് തിരിച്ചടിയായി.

വോട്ടര്‍മാര്‍ക്ക് നന്ദി പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം: സിപിഐ എം

തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച ജില്ലയിലെ ജനങ്ങളോട് സിപിഐ എം ജില്ലാകമ്മിറ്റി നന്ദി പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫും കോണ്‍ഗ്രസും നടത്തിയ കുപ്രചാരണങ്ങളെ തള്ളിക്കളഞ്ഞാണ് തൃശൂര്‍, ആലത്തൂര്‍, ചാലക്കുടി മണ്ഡലങ്ങളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ സി എന്‍ ജയദേവന്‍, പി കെ ബിജു, ഇന്നസെന്റ് എന്നിവരെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചത്. വിജയത്തിനുവേണ്ടി പ്രവര്‍ത്തിച്ച എല്‍ഡിഎഫ് പ്രവര്‍ത്തകരേയും അനുഭാവികളേയും സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ അഭിവാദ്യം ചെയ്തു.

deshabhimani

No comments:

Post a Comment