Wednesday, May 7, 2014

35ലധികം മുറിവ്; ബലാത്സംഗത്തിനും ഇരയായി

നിലമ്പൂരിലെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിലെ ജീവനക്കാരി ചിറക്കല്‍ രാധ കൊല്ലപ്പെട്ടത് അതിക്രൂരമായെന്ന് രാസപരിശോധനാ റിപ്പോര്‍ട്ട്. രാധയുടെ ശരീരത്തില്‍ കണ്ടെത്തിയത് 35-ല്‍ അധികം മുറിവുകളാണ്. ഇതില്‍ അഞ്ചെണ്ണം മരണത്തിന് മുമ്പും ബാക്കിയുള്ളവ മരണത്തിനുശേഷവുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തില്‍ തുണി വരിഞ്ഞുമുറുക്കി കൊല്ലുന്നതിന് മുമ്പ് രാധ കടുത്ത പീഡനത്തിനിരയായതായി റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. ജനനേന്ദ്രിയത്തില്‍ ചൂലിന്റെ പിടിയുപയോഗിച്ച് ആഴത്തില്‍ മുറിവുണ്ടാക്കി. ഇത്തരം പ്രവൃത്തി ബലാത്സംഗത്തിന്റെ പരിധിയില്‍വരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഓഫീസില്‍നിന്ന് കണ്ടെത്തിയ രക്തക്കറ രാധയുടേതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം ബി കെ ബിജു, സുഹൃത്ത് ഷംസുദ്ദീന്‍ എന്നിവര്‍ക്കെതിരെ ബലാത്സംഗത്തോടൊപ്പം അധികാരമുപയോഗിച്ച് കീഴ്ജീവനക്കാരിയെ പീഡിപ്പിച്ചതിന് 376 സി വകുപ്പ് പ്രകാരമുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്.

കേസ് ആദ്യമന്വേഷിച്ച ലോക്കല്‍ പൊലീസ് ബലാത്സംഗക്കുറ്റം ചുമത്താനാവില്ലെന്ന നിലപാട് സ്വീകരിച്ചത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. ബിജുവിന്റെ രഹസ്യബന്ധങ്ങളെക്കുറിച്ച് അറിയാമായിരുന്ന രാധ ഇത് പുറത്തുപറയാതിരിക്കാനാണ് കൊലപാതകം നടത്തിയതെന്നായിരുന്നു പ്രതികളുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ആദ്യഘട്ട അന്വേഷണം. ഇത് വിവാദമായതിനെ തുടര്‍ന്നാണ് എഡിജിപി ബി സന്ധ്യക്ക് അന്വേഷണം കൈമാറിയത്. പ്രതികള്‍ കോഴിക്കോട് സബ് ജയിലില്‍ റിമാന്‍ഡിലാണ്. റിമാന്‍ഡ് കാലാവധി കഴിയുന്ന 11ന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കും. എന്നാല്‍, ബിജുവും ഷംസുദ്ദീനും മാത്രമാകും പ്രതിചേര്‍ക്കപ്പെടുകയെന്നാണ് സൂചന. കൊലക്കുപിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും രാധ കൊല്ലപ്പെടേണ്ടത് ബിജുവിനേക്കാള്‍ മറ്റ് ചിലരുടെ ആവശ്യമായിരുന്നെന്നും ആരോപണം ശക്തമാണ്. സംഭവത്തില്‍ ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന് രാധയുടെ ബന്ധുക്കളും പറയുന്നു. നിരവധി പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിനൊപ്പം കൊലക്കുശേഷം ബിജു പൊതുചടങ്ങില്‍ പങ്കെടുത്തിരുന്നു. സംഭവ ദിവസവും തുടര്‍ന്നും ബിജുവുമായി കോണ്‍ഗ്രസ് നേതാക്കള്‍ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഇവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല.

deshabhimani

No comments:

Post a Comment