കോഴവാഗ്ദാനത്തിന്റെ കാര്യം വി കെ സിങ് അറിയിച്ചിരുന്നതായി ആന്റണി അന്വേഷണോദ്യോഗസ്ഥരോട് സമ്മതിച്ചു.
പൊതുമേഖല സ്ഥാപനമായ ബിഇഎംഎല്ലില്‍നിന്ന് 1600 ടട്ര ട്രക്കുകള്‍ വാങ്ങുന്നതിനുള്ള ശുപാര്‍ശയ്ക്ക് അനുമതി നല്‍കിയാല്‍ 14 കോടി രൂപ നല്‍കാമെന്നായിരുന്നു വാഗ്ദാനം. 2012 ഒക്ടോബറിലാണ് സിബിഐ കേസ് രജിസ്റ്റര്‍ചെയ്തത്. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായര്‍ ട്രക്ക് ഇടപാടിന് അനുകൂലനിലപാടാണ് സ്വീകരിച്ചതെന്നും വി കെ സിങ് ആരോപിച്ചിരുന്നു. സിബിഐ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ചെക്കസ്ലോവേക്കിയ ആസ്ഥാനമായി പ്രവര്‍ത്തിച്ച ടട്ര കമ്പനിയുമായി 1986ലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ബിഇഎംഎല്‍ ഈ ട്രക്കുകള്‍ നിര്‍മിച്ചിരുന്നത്. ട്രക്ക് ഇന്ത്യയില്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ കൈമാറുമെന്നും 1991ഓടെ ഈ പ്രക്രിയ പൂര്‍ത്തിയാക്കുമെന്നുമായിരുന്നു കരാര്‍. 1997ല്‍ കരാര്‍ പുതുക്കിയപ്പോള്‍ ടട്ര ട്രക്കുകളുടെ കുത്തക നിര്‍മാണാവകാശം ബിഇഎംഎല്‍ നേടി. എന്നാല്‍, ഇക്കാര്യം നടപ്പാക്കാതെ, പഴയ കരാറിന്റെ ഭാഗമെന്ന് തെറ്റിദ്ധരിപ്പിച്ച് ടട്രയുടെ അനുബന്ധസ്ഥാപനം മാത്രമായ ബ്രിട്ടനിലെ വെക്ട്രയുമായി നിര്‍മാണസഹകരണം തുടര്‍ന്നു. പ്രതിരോധമന്ത്രാലയത്തില്‍നിന്നും ബിഇഎംഎല്ലില്‍നിന്നും ഈ തട്ടിപ്പിന് ഒത്താശ ലഭിച്ചു.
വെക്ട്രയുടെ ഉടമ രവീന്ദര്‍ ഋഷിക്കും പ്രതിരോധമന്ത്രാലയത്തിലെയും ബിഇഎംഎല്ലിലെയും ചില ഉദ്യോഗസ്ഥര്‍ക്കും എതിരായി സിബിഐ കേസെടുത്തിട്ടുണ്ട്. ടട്ര ട്രക്കുകളുടെ നിര്‍മാണാവകാശം വെക്ട്രയ്ക്ക് ബിഇഎംഎല്‍ ഭാഗികമായി അടിയറവച്ചതായും സിബിഐ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ബിഇഎംഎല്‍ മുന്‍ സിഎംഡിമാരായ ടി വി എസ് ശാസ്ത്ര, വി ആര്‍ എസ് നടരാജന്‍ എന്നിവരെ സിബിഐ ചോദ്യംചെയ്യുകയും പല രേഖകളും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുംമുമ്പുള്ള നടപടികളുടെ ഭാഗമായാണ് ആന്റണിയെയും നായരെയും ചോദ്യംചെയ്തത്്. കോഴ വാഗ്ദാനംചെയ്ത തേജീന്ദര്‍സിങ്ങും ടട്ര ഉടമയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന രേഖകള്‍ കണ്ടെത്താന്‍ സിബിഐക്ക് കഴിഞ്ഞിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. തേജീന്ദര്‍സിങ്ങും വി കെ സിങ്ങും തമ്മില്‍ നടന്ന സംഭാഷണം പകര്‍ത്തിയതായി കരുതപ്പെടുന്ന ടേപ്പില്‍നിന്ന് വ്യക്തമായ ഒന്നും കിട്ടിയില്ല. വി കെ സിങ്ങാണ് ഈ ടേപ്പ് സിബിഐക്ക് കൈമാറിയത്.
deshabhimani
No comments:
Post a Comment