Wednesday, May 7, 2014

വിഎച്ച്എസ്ഇ യൂണിഫോം ഏകീകരണത്തിലും വന്‍ അഴിമതി

കോഴിക്കോട്: സംസ്ഥാനത്തെ വിഎച്ച്എസ്ഇകളില്‍ യൂണിഫോം ഏകീകരണവും ഷൂ നിര്‍ബന്ധമാക്കലിലൂടെയും വന്‍ അഴിമതി നടത്താന്‍ ഡയറക്ടറുടെ ശ്രമം. ഈ അധ്യയന വര്‍ഷം മുതല്‍ വിഎച്ച്എസ്ഇകളിലെ യൂണിഫോം ഏകീകരിക്കാനും ഷൂ നിര്‍ബന്ധമാക്കാനുമാണ് ഡയറക്ടറുടെ ഏകപക്ഷീയ തീരുമാനം. നിലവില്‍ ഓരോ വിഎച്ച്എസ്ഇയിലും വ്യത്യസ്ത യൂണിഫോമാണ്. ഏകീകരിച്ച് യൂണിഫോമിന്റെ തുക വിദ്യാര്‍ഥികളില്‍ നിന്ന് പിരിച്ചെടുത്ത് ഡയറക്ടറുടെ അക്കൗണ്ടില്‍ നിക്ഷേപിക്കണം. ഡയറക്ടര്‍ തന്നെ കമ്പനികളുമായി കരാറുണ്ടാക്കിയാവും തുണി വിതരണം ചെയ്യുക. മുമ്പ് ഒഴിവാക്കിയ ആകാശനീല ഷര്‍ട്ടും കടുംനീല പാന്റ്സും വീണ്ടും കൊണ്ടുവരും. ഇടനിലക്കാരന്റെ റോളില്‍ കോടികള്‍ തട്ടാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് ആക്ഷേപമുണ്ട്. സംസ്ഥാനത്തെ മൂല്യനിര്‍ണയ ക്യാമ്പുകളില്‍ ഇതുസംബന്ധിച്ച തീരുമാനം ഡയറക്ടര്‍ വ്യക്തമാക്കി. ഉത്തരവ് ഉടനുണ്ടാകും.

നടപടിക്രമങ്ങള്‍ പാലിക്കാതെയും അധ്യാപക-വിദ്യാര്‍ഥി സംഘടനകളുടെയും വിദഗ്ധരുടെയും അഭിപ്രായം ആരായാതെയുമാണ് പുതിയ ധൃതിപിടിച്ചുള്ള തീരുമാനം. വിദ്യാഭ്യാസ മന്ത്രിയുടെ ഒത്താശയോടെയാണ് നടപടി. പുതിയ തീരുമാനം നടപ്പായാല്‍ വന്‍വില കൊടുത്ത് യൂണിഫോം വാങ്ങേണ്ടി വരും. അടിസ്ഥാന സൗകര്യവികസനത്തില്‍ അന്താരാഷ്ട്ര നിലവാരം കൈവരിച്ച നടക്കാവ് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിനെ പൊതുയൂണിഫോം പദ്ധതിയില്‍ നിന്നും ഒഴിവാക്കും. അവിടെയുള്ള അന്താരാഷ്ട്ര നിലവാരമുള്ള യൂണിഫോം ഒഴിവാക്കി കാലഹരണപ്പെട്ട യൂണിഫോമിലേക്ക് തിരിച്ചുപോയാല്‍ വിമര്‍ശനം ഉയരുമെന്നതിനാലാണിത്. സംസ്ഥാനത്ത് 375 വിഎച്ച്എസ്ഇകളിലായി അരലക്ഷത്തോളം വിദ്യാര്‍ഥികളുണ്ട്.

മിഥുന്‍ കൃഷ്ണ deshabhimani

No comments:

Post a Comment