Saturday, May 17, 2014

കടുംചുവപ്പണിഞ്ഞ് ആറ്റിങ്ങല്‍ സമ്പത്തിന്റെ ഭൂരിപക്ഷം 69378

ആറ്റിങ്ങലിന്റെ ചുവപ്പന്‍ പാരമ്പര്യത്തിന് മാറ്റമില്ല. ഇക്കുറി കടുംചുവപ്പണിഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ സമ്പത്തിന് 69,378 വോട്ടിന്റെ ലീഡ്. മുന്നാംതവണയാണ് സമ്പത്ത് തെരഞ്ഞെടുക്കപ്പെടുന്നത്. 1996ലും 2009ലും ഇതേ മണ്ഡലത്തില്‍നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോള്‍ തുടര്‍ച്ചയായി രണ്ടാംതവണ. മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും എല്‍ഡിഎഫിനാണ് മേല്‍കൈ. ഇതില്‍ നാല് മണ്ഡലങ്ങള്‍ യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ്. സമ്പത്ത് 3,92,478 വോട്ട് നേടി. യുഡിഫിലെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയ്ക്ക് ലഭിച്ച വോട്ട് 3,23,100. ബിജെപിയിലെ എസ് ഗിരിജാകുമാരിക്ക് 90,528 വോട്ട് ലഭിച്ചു. സമ്പത്തിന് നിയമസഭാ മണ്ഡലങ്ങളില്‍ ലഭിച്ച ഭൂരിപക്ഷം: വര്‍ക്കല-9,013, ആറ്റിങ്ങല്‍-20,955, ചിറയിന്‍കീഴ്-11,482, നെടുമങ്ങാട്-13,514, വാമനപുരം-5,696, അരുവിക്കര-4,163, കാട്ടാക്കട-4,983. കഴിഞ്ഞതവണ സമ്പത്തിന്റെ ഭൂരിപക്ഷം 18,341 ആയിരുന്നു. ഇത്തവണ ഭൂരിപക്ഷത്തില്‍ 51,037 വോട്ടിന്റെ വര്‍ധന.

2009ല്‍ വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നില്‍വന്നപ്പോള്‍ അരുവിക്കര, കാട്ടാക്കട മണ്ഡലങ്ങളില്‍ പിന്നിലായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ക്കല, നെടുമങ്ങാട്, അരുവിക്കര, കാട്ടാക്കട മണ്ഡലങ്ങളില്‍ യുഡിഎഫാണ് വിജയിച്ചത്. പഴയ ചിറയിന്‍കീഴ് ആറ്റിങ്ങലായി മാറിയെങ്കിലും ഇടതുചായ്വിന് മാറ്റമൊന്നുമില്ലെന്നാണ് സമ്മതിദായകര്‍ തെളിയിച്ചത്. 15 തെരഞ്ഞെടുപ്പുകളില്‍ പത്തിലും ഇടതുസ്ഥാനാര്‍ഥികളെ തെരഞ്ഞെടുത്ത മണ്ഡലം ഇക്കുറിയും മനസ്സ് മാറ്റാന്‍ തയ്യാറായില്ല. ഇടതുമുന്നണിയുടെ കോട്ടയാണ് ആറ്റിങ്ങലെന്ന് വോട്ടര്‍മാര്‍ ഒരിക്കല്‍കൂടി തെളിയിച്ചു.

ലോക്സഭാ മണ്ഡലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുനിലപ്രകാരം 5,196 വോട്ടിന്റെ മേല്‍കൈ നേടാന്‍ കഴിഞ്ഞ എല്‍ഡിഎഫിന് ഇക്കുറി അഭിമാനകരമായ മുന്നേറ്റം നടത്താനായി. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ എംപി എന്ന നിലയില്‍ സമ്പത്തിന്റെ പ്രവര്‍ത്തനം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പുതന്നെ എല്‍ഡിഎഫിന് വ്യക്തമായ മേല്‍കൈ നല്‍കിയിരുന്നു. എംപിയുടെ പ്രാദേശികവികസന ഫണ്ടിന്റെ വിനിയോഗത്തില്‍ ആറ്റിങ്ങല്‍ രാജ്യത്തിന് മാതൃകയായി. ഈ വികസനനേട്ടങ്ങള്‍ തെരഞ്ഞെടുപ്പിലെ പ്രധനാ ചര്‍ച്ചയായി. പമ്പരാഗത വ്യവസായമേഖലയുടെയടക്കം തകര്‍ച്ചയും തീരമേഖലയോടുള്ള സര്‍ക്കാരുകളുടെ അവഗണനയും വിലക്കയറ്റവും വികസനമുരടിപ്പുമൊക്കെയായിരുന്നു മണ്ഡലത്തിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങള്‍. എല്‍ഡിഎഫ് ഒറ്റക്കെട്ടായി നേരിട്ട തെരഞ്ഞെടുപ്പിനുമുന്നില്‍ യുഡിഎഫ് പൂര്‍ണ അടിയറവ് പറയുകയായിരുന്നു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ വൈസ് പ്രസിഡന്റും ദേശീയസമിതി അംഗവുമാണ് സമ്പത്ത്. എഫ്സിഐ വര്‍ക്കേഴ്സ് അസോസിയേഷന്‍ പ്രസിഡന്റാണ്. ക്വാറി ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) ജില്ലാ പ്രസിഡന്റ്, തിരുവനന്തപുരം ജില്ലാ ഈറ്റ-പനമ്പ് തൊഴിലാളി യൂണിയന്‍ പ്രസിഡന്റ്, സതേണ്‍ റെയില്‍വേ ലൈസന്‍സ്ഡ് പോര്‍ട്ടേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് എന്നീ ചുമതലകളുമുണ്ട്. ഇപിഎഫ്, ഹൗസിങ് ബോര്‍ഡ്, എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും സംഘടനകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു.

യുഡിഎഫ് കോട്ടകള്‍ കീഴടക്കി സമ്പത്ത്

നെടുമങ്ങാട്: യുഡിഎഫ് കോട്ടകള്‍പോലും കീഴടക്കി നെടുമങ്ങാട് താലൂക്കില്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റം. കാട്ടാക്കട, അരുവിക്കര മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് അതിശയിപ്പിക്കുന്ന കടന്നുകയറ്റമാണ് നടത്തിയത്. നെടുമങ്ങാട് മണ്ഡലത്തില്‍ ലീഡ് കുത്തനെ ഉയര്‍ന്നു. യുഡിഎഫ് ലീഡ് പ്രതീക്ഷിച്ച മണ്ഡലങ്ങളില്‍പോലും എല്‍ഡിഎഫാണ് ലീഡ് നേടിയത്. തെക്കന്‍ മലയോരമേഖല എല്‍ഡിഎഫ് തൂത്തുവാരി.

ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍പ്പെട്ട നെടുമങ്ങാട് താലൂക്കിലെ കാട്ടാക്കട, അരുവിക്കര മണ്ഡലങ്ങള്‍ യുഡിഎഫിന്റെ ഉറച്ച കോട്ടയെന്നാണ് അറിയപ്പെടുന്നത്. ആറ്റിങ്ങലില്‍ എല്‍ഡിഎഫ് വിജയം ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ മുമ്പെങ്ങും ഈ മണ്ഡലങ്ങള്‍ തുണച്ചിട്ടില്ല. കഴിഞ്ഞതവണ സമ്പത്ത് മത്സരിക്കുമ്പോള്‍പോലും പന്ത്രണ്ടായിരത്തിലധികം വോട്ടുകള്‍ക്ക് ഈ മണ്ഡലങ്ങളില്‍ യുഡിഎഫാണ് വിജയിച്ചത്. ഇക്കുറി കാട്ടാക്കട മണ്ഡലത്തില്‍ 4983 വോട്ടിനും അരുവിക്കരമണ്ഡലത്തില്‍ 4163 വോട്ടിനും എല്‍ഡിഎഫാണ് ലീഡ് നേടിയത്. ആര്‍എസ്പിക്ക് ശക്തമായ വേരോട്ടമുണ്ടെന്നു പ്രചരിപ്പിച്ച അരുവിക്കരയില്‍ പതിനായിരത്തില്‍പരം വോട്ടാണ് യുഡിഎഫ് പ്രതീക്ഷിച്ചത്. അവിടെ എല്‍ഡിഎഫ് നേടിയ ലീഡ് യുഡിഎഫിന് കനത്ത ആഘാതമായി. നെടുമങ്ങാട് മണ്ഡലത്തില്‍ 13,500 വോട്ടിന്റെ ലീഡാണ് എല്‍ഡിഎഫ് നേടിയത്. നെടുമങ്ങാട് നഗരസഭയില്‍ 3489 വോട്ടും കരകുളം പഞ്ചായത്തില്‍ 4120 വോട്ടും ലീഡ് നേടി. പോത്തന്‍കോട് പഞ്ചായത്തില്‍മാത്രമാണ് യുഡിഎഫ് ലീഡ് നേടിയത്. അതും 228 വോട്ടിന്റെ ലീഡുമാത്രം. അണ്ടൂര്‍ക്കോണം (1873), മാണിക്കല്‍ (2443), വെമ്പായം (1368) എന്നീ പഞ്ചായത്തുകളില്‍ വ്യക്തമായ ലീഡാണ് എല്‍ഡിഎഫ് നേടിയത്. തെക്കന്‍ മലയോര മേഖലയിലുള്‍പ്പെട്ട ആനാട് (1718), പനവൂര്‍ (357), ഉഴമലയ്ക്കല്‍, തൊളിക്കോട്, വിതുര പഞ്ചായത്തുകളിലും എല്‍ഡിഎഫാണ് ലീഡ് നേടിയത്. സമ്പത്തിന്റെ മികച്ച വിജയത്തോടെ തെക്കന്‍മലയോരമേഖലയിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ എല്‍ഡിഎഫിനുള്ള സ്വാധീനം കൂടുതല്‍ ദൃഢമായി.

ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. എ സമ്പത്തിന് വാമനപുരം അസംബ്ലി മണ്ഡലത്തില്‍ 5896 വോട്ട് ഭൂരിപക്ഷം കിട്ടി. മണ്ഡലത്തിലെ ഒമ്പതുപഞ്ചായത്തില്‍ എട്ട് എണ്ണത്തിലും സമ്പത്ത് മേല്‍ക്കൈ നേടി. നെല്ലനാട് പഞ്ചായത്തില്‍മാത്രമാണ് യുഡിഎഫിന് 954 വോട്ട് മേല്‍ക്കൈ നേടാന്‍ സാധിച്ചത്. മണ്ഡലത്തിലെ ഒമ്പതു പഞ്ചായത്തില്‍ പാങ്ങോട് ഒഴികെ മറ്റെല്ലാ പഞ്ചായത്തിലും യുഡിഎഫ് നേതൃത്വം നല്‍കുന്ന ഭരണസമിതിയാണുള്ളത്. ഭൂരിപക്ഷം ബ്ലോക്ക് ഡിവിഷനുകളിലും മൂന്ന് ജില്ലാ ഡിവിഷനിലും യുഡിഎഫ് അംഗങ്ങളാണുള്ളത്. ആനാട് പഞ്ചായത്തില്‍ 1853, പുല്ലമ്പാറ 1143, നന്ദിയോട് 1053, പാങ്ങോട് 1023, കല്ലറ 626, വാമനപുരം 587, പനവൂര്‍ 356, പെരിങ്ങമ്മല 209 എന്നിങ്ങനെയാണ് എ സമ്പത്തിന്റെ ലീഡ് നില.

രാവിലെ പത്തോടെതന്നെ മണ്ഡലത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദത്തിലായിരുന്നു. ലോറികളിലും ഇരുചക്രവാഹനങ്ങളിലും കൊടിതോരണങ്ങള്‍കെട്ടി അലങ്കരിച്ച് മണ്ഡലമാകെ പ്രവര്‍ത്തകര്‍ ആഹ്ലാദം പങ്കുവച്ചു. ചരിത്രവിജയം നേടിയ ആറ്റിങ്ങലിലെങ്ങും എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ആവേശംനിറഞ്ഞ ആഹ്ലാദപ്രകടനങ്ങള്‍. സ്ഥാനാര്‍ഥി ഡോ. എ സമ്പത്തിന് വ്യക്തമായ ലീഡ് ലഭിച്ച വിവരം പുറത്തുവന്ന ഉടനെ വിവിധ പ്രദേശങ്ങളില്‍ പടക്കങ്ങള്‍ പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണംചെയ്തും ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഇരുചക്രവാഹനങ്ങളില്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളില്‍ പ്രവര്‍ത്തകര്‍ പ്രകടനങ്ങള്‍ക്ക് തുടക്കംകുറിച്ചു. തെരുവുകളിലും എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ചെറുതും വലുതുമായ പ്രകടനങ്ങള്‍ നടന്നു. പല സ്ഥലത്തും വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു പ്രകടനങ്ങള്‍.

വോട്ടുനില

എ സമ്പത്ത് (സിപിഐ എം) - 3,92,478 ബിന്ദു കൃഷ്ണ (കോണ്‍ഗ്രസ്) - 3,23,100 എസ് ഗിരിജാകുമാരി (ബിജെപി) - 90,528 എം കെ മനോജ്കുമാര്‍ (എസ്ഡിപിഐ) - 11,225 എന്‍ എസ് അനില്‍കുമാര്‍ (ബിഎസ്പി) - 8,586 വക്കം ജി അജിത് (ശിവസേന) - 5,511 പ്രിയ സുനില്‍ (വെല്‍ഫെയര്‍ പാര്‍ടി) - 4,862 കെ എസ് ഹരിഹരന്‍ (സ്വത.) - 4,064 സുനില്‍ കൃഷ്ണന്‍ (സ്വത.) - 3,850 ദാസ് കെ വര്‍ക്കല (സ്വത.) - 2,375 സമ്പത്ത് അനില്‍കുമാര്‍ (സ്വത.) - 2,221 ഇരിഞ്ചയം സുരേഷ് (സ്വത.) - 1,052, ചിറയിന്‍കീഴ് ഗോപിനാഥന്‍ (ആര്‍പിഐ-എ) - 736 സുരേഷ്കുമാര്‍ തോന്നയ്ക്കല്‍ (സ്വത.) - 647 വിവേകാനന്ദന്‍ (സ്വത.) - 615 എം ആര്‍ സരിന്‍ (ജെ ഡി-യു) - 576 നോട്ട - 6924

ചരിത്രവിജയം ഏറ്റുവാങ്ങി ആറ്റിങ്ങല്‍ ജനത

ആറ്റിങ്ങല്‍: കൗണ്ടിങ് കഴിഞ്ഞ് ബി സത്യന്‍ എംഎല്‍എയോടൊപ്പം മണ്ഡലത്തിലേക്ക് വന്ന സമ്പത്തിനെ കണിയാപുരം കെഎസ്ആര്‍ടിസി ജങ്ഷനില്‍നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വന്‍ ജനാവലി വരവേറ്റു. തുടര്‍ന്ന് ദേശീയപാതയിലൂടെ ആരംഭിച്ച റോഡ്ഷോ മംഗലപുരം, കോരാണി, മാമം, ആറ്റിങ്ങല്‍, ആലംകോട് ചുറ്റി ആറ്റിങ്ങല്‍ കച്ചേരി ജങ്ഷനില്‍ സമാപിച്ചു. സമ്പത്തിന്റെ ഉജ്വലവിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കിളിമാനൂര്‍ ഏരിയയിലെ എല്ലാ സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ആഹ്ലാദപ്രകടനം നടത്തി. ആറ്റിങ്ങല്‍ മണ്ഡലചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം ആഹ്ലാദാരവങ്ങളോടെയാണ് പ്രവര്‍ത്തകര്‍ സ്വാഗതംചെയ്തത്.

രാവിലെ വോട്ടെണ്ണല്‍ തുടങ്ങുന്ന സമയത്തുതന്നെ പ്രവര്‍ത്തകരും നേതാക്കളും ഏരിയയിലെ വിവിധ പാര്‍ടി ഓഫീസുകളില്‍ വോട്ടെണ്ണല്‍ വീക്ഷിക്കുകയായിരുന്നു. സമ്പത്തിന്റെ ഭൂരിപക്ഷം 25,000 കടന്നതോടെ വിവിധ കേന്ദ്രങ്ങളില്‍ കരിമരുന്നുപ്രയോഗം ആരംഭിച്ചു. തുടര്‍ന്ന് ചെങ്കൊടികളാല്‍ അലംകൃതമായ വാഹനങ്ങളില്‍ പ്രവര്‍ത്തകര്‍ കൂട്ടമായി പ്രകടനമാരംഭിച്ചു. മിക്കയിടങ്ങളിലും ചെണ്ടമേളവും ഉണ്ടായിരുന്നു. ഓരോ ലോക്കലുകളിലെയും എല്ലാ ബ്രാഞ്ച് പ്രദേശങ്ങളിലും ചെറുപ്രകടനങ്ങളായി എത്തിയ പ്രവര്‍ത്തകര്‍ മധുരപലഹാരങ്ങളും വിതരണംചെയ്തു. നാവായിക്കുളം, കുടവൂര്‍, മടവൂര്‍, പള്ളിക്കല്‍, കരവാരം, നഗരൂര്‍, വെള്ളല്ലൂര്‍, കൊടുവഴന്നൂര്‍, പുളിമാത്ത്, പഴയകുന്നുമ്മേല്‍, കിളിമാനൂര്‍, അടയമണ്‍ എന്നീ ലോക്കലുകളിലെ വിവിധ കേന്ദ്രങ്ങളില്‍ ആഹ്ലാദപ്രകടനം നടന്നു. ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. എ സമ്പത്തിന്റെ വിജയത്തില്‍ നെടുമങ്ങാട് ഏരിയയിലെ വിവിധ മേഖലകളില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി. നെടുമങ്ങാട്, പഴകുറ്റി, പൂവത്തൂര്‍, ആനാട്, മൂഴി, പനവൂര്‍, വെമ്പായം, തേക്കട എന്നിവിടങ്ങളില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പ്രകടനം നടന്നത്. മധുരപലഹാരവും പായസവും വിതരണംചെയ്തു. ചിറയിന്‍കീഴ് അസംബ്ലി നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വിജയാഹ്ലാദ പ്രകടനം നടത്തി.

deshabhimani

No comments:

Post a Comment