Saturday, May 17, 2014

എല്‍ഡിഎഫ് എംപിമാര്‍ക്ക് വന്‍ വിജയം

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിന് ജയിച്ച കേന്ദ്രമന്ത്രിമാരടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തവണ കടന്നുകൂടിയത് നേരിയ ഭൂരിപക്ഷത്തിന്. അതേസമയം, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയംനേടിയ പാലക്കാട്ടെയും ആലത്തൂരിലെയും ആറ്റിങ്ങലിലെയും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ഇത്തവണ വന്‍ ഭൂരിപക്ഷം നേടി. ഇടുക്കിയില്‍ എല്‍ഡിഎഫ് അട്ടിമറി വിജയംനേടിയതും വന്‍ ഭൂരിപക്ഷത്തിന്. പാലക്കാട് മണ്ഡലത്തില്‍ നിലവിലെ എംപി എം ബി രാജേഷ് 2009ല്‍ 1820 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചതെങ്കില്‍ ഇത്തവണ 1,05,300 വോട്ടിന്റെ ഗംഭീര വിജയമാണ് കരസ്ഥമാക്കിയത്.

യുഡിഎഫ് സ്ഥാനാര്‍ഥി എം പി വീരേന്ദ്രകുമാറിന് 3,07,597 വോട്ട് ലഭിച്ചപ്പോള്‍ എം ബി രാജേഷ് 41,28,97 വോട്ട് നേടി ചരിത്രവിജയം സ്വന്തമാക്കി. 2004ല്‍ എല്‍ഡിഎഫിലെ എന്‍ എന്‍ കൃഷ്ണദാസ് നേടിയ 98,158 വോട്ടിന്റെ റെക്കോഡാണ് രാജേഷ് മറികടന്നത്. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രികൂടിയായ ശശി തരൂരിന്റെ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവാണുണ്ടായത്. 99,998 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു 2009ല്‍ വിജയിച്ചതെങ്കില്‍ ഇത്തവണ ഭൂരിപക്ഷം 15,470ല്‍ ഒതുങ്ങി. 2009ല്‍ പി കെ കൃഷ്ണദാസിനെ മത്സരിപ്പിച്ച് 84,094 വോട്ടോടെ നാലാംസ്ഥാനത്തായിരുന്ന ബിജെപി ഇത്തവണ രാജഗോപാലിനെ ഇറക്കി 2,81,818 വോട്ടുമായി രണ്ടാംസ്ഥാനത്തേക്ക് കയറിവന്നത് അപ്രതീക്ഷിതമാണെങ്കിലും കേന്ദ്രമന്ത്രിക്ക് ചേര്‍ന്ന വിജയമായില്ല തരൂരിന്റേത്. 2009ല്‍ ബിഎസ്പി സ്ഥാനാര്‍ഥിയായി മൂന്നാംസ്ഥാനത്തെത്തിയ നീലലോഹിതദാസന്‍ നാടാര്‍ 86,233 വോട്ട് നേടിയിരുന്നു. തരൂരിനെപ്പോലെ കഴിഞ്ഞ തവണ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച കോണ്‍ഗ്രസിന്റെ പ്രമുഖനേതാവ് എം ഐ ഷാനവാസിനും ഇത്തവണ നിറംമങ്ങിയ വിജയമാണ്. 2009ല്‍ 1,53,439 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ വിജയം നേടിയ ഷാനവാസ് ഇത്തവണ 20,870 വോട്ടിനാണ് കടന്നുകൂടിയത്. കഴിഞ്ഞ തവണ എന്‍സിപിയില്‍നിന്ന് മത്സരിച്ച് 99,663 വോട്ട് നേടി മൂന്നാംസ്ഥാനത്തെത്തിയ കെ മുരളീധരന്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്നിട്ടും ഷാനവാസിന് നേട്ടമുണ്ടാക്കാനായില്ല. 2009ല്‍ ഷാനവാസിന് 4,10,703 വോട്ടും സിപിഐയുടെ അഡ്വ. എം റഹ്മത്തുള്ളയ്ക്ക് 2,57,264 വോട്ടുമാണ് ലഭിച്ചത്. ഇത്തവണ രണ്ടാമതെത്തിയ സിപിഐയുടെ സത്യന്‍ മൊകേരിക്ക് 3,56,165 വോട്ട് നേടാനായപ്പോള്‍ നിലവിലെ എംപിയുടെ വോട്ട് 3,77,035 ആയി ഇടിഞ്ഞു. വയനാട്ടിലെ മലയോരമേഖലയില്‍ വന്‍ തിരിച്ചടിയാണ് ഷാനവാസിനുണ്ടായത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ചര്‍ച്ചയായ സുല്‍ത്താന്‍ ബത്തേരിയില്‍ ഷാനവാസിനേക്കാള്‍ സത്യന്‍ മൊകേരി 8983 വോട്ടും മാനന്തവാടിയില്‍ 8666 വോട്ടും അധികം നേടി.

കല്‍പ്പറ്റയില്‍ ഷാനവാസിന് 1880 വോട്ടേ അധികം നേടാനായുള്ളൂ. തിരുവമ്പാടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് ഷാനവാസിന് കൂടുതല്‍ വോട്ട് ലഭിച്ചത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഇടുക്കിയില്‍ വന്‍ പരാജയംതന്നെ കോണ്‍ഗ്രസിന് സമ്മാനിച്ചു. 2009ല്‍ കോണ്‍ഗ്രസിന്റെ പി ടി തോമസ് 74,796 വോട്ടിന് വിജയം നേടിയ ഇടുക്കിയില്‍ അരലക്ഷത്തിലേറെ വോട്ടിനാണ് ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ജോയ്സ് ജോര്‍ജ് വിജയിച്ചത്. പത്തനംതിട്ടയില്‍ 2009ല്‍ 1,11,206 വോട്ടിന് ജയിച്ച ആന്റോ ആന്റണിക്കും ഭൂരിപക്ഷം പകുതിയോളം കുറഞ്ഞു. സോളാര്‍ തട്ടിപ്പിലെ പ്രതി സരിതാനായരുമായി ബന്ധപ്പെട്ട് വിവാദമുണ്ടായ കേന്ദ്രമന്ത്രി കെ സി വേണുഗോപലിന്റെ ആലപ്പുഴയിലെ ഭൂരിപക്ഷം 57,639ല്‍ നിന്നും 19,407 ആയി ഇടിഞ്ഞു. 56,186 വോട്ടിന് വിജയിച്ച വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇത്തവണ രക്ഷപ്പെട്ടത് വെറും മൂവായിരത്തോളം വോട്ടിനാണ്. മുസ്ലിംലീഗിന്റെ പ്രമുഖന്‍ ഇ ടി മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷത്തിലും വന്‍ ഇടിവുണ്ടായി. 82,684ല്‍ നിന്ന് 25,410ലേക്കാണ് ലീഗ് സ്ഥാനാര്‍ഥി കൂപ്പുകുത്തിയത്. കണ്ണൂരില്‍ പരാജയപ്പെട്ട കെ സുധാകരന്‍ 43,151 വോട്ടിനാണ് 2009ല്‍ ജയിച്ചത്. 2009ല്‍ 71,679 വോട്ടിന് തൃശൂരില്‍നിന്ന് വിജയിച്ച കെ പി ധനപാലന്‍ ചാലക്കുടിയിലെത്തിയപ്പോള്‍ 13,884 വോട്ടിന്റെ ദയനീയപരാജയവും ഏറ്റുവാങ്ങി.

"ആപ് " അപ്രസക്തമായി

ആം ആദ്മി പാര്‍ടിക്ക് കേരളത്തില്‍ പ്രസക്തിയില്ലെന്ന് തെളിയിക്കുന്നതാണ് പൊതുതെരഞ്ഞെടുപ്പ് ഫലം. 15 മണ്ഡലത്തില്‍ ആം ആദ്മി പാര്‍ടി സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നെങ്കിലും വോട്ട് പരിമിതമായി. 2,56,611 വോട്ടാണ് ഇവര്‍ക്കെല്ലാംകൂടി ലഭിച്ചത്. 1.43 ശതമാനംമാത്രം. എറണാകുളം, കോഴിക്കോട്, ചാലക്കുടി, കോട്ടയം, തിരുവനന്തപുരം, വയനാട് എന്നിവിടങ്ങളില്‍ മാത്രമാണ് പതിനായിരത്തിലേറെ വോട്ട് എഎപിക്ക് ലഭിച്ചത്. എറണാകുളം-51517, കോഴിക്കോട്-13934, വയനാട്-10684, തൃശൂര്‍-44638, ചാലക്കുടി-35,189, കോട്ടയം-26381, തിരുവനന്തപുരം-14113 എന്നിങ്ങനെയാണ് വോട്ടിങ്നില. മറ്റ് മണ്ഡലങ്ങളില്‍ ശരാശരി 5000 വോട്ടുവീതമാണ് നേടിയത്. എഎപിക്ക് കേരളത്തിലെ ജനങ്ങളില്‍ ഒരുസ്വാധീനവും നേടാനായില്ലെന്ന് വോട്ട് നിലവാരം തെളിയിക്കുന്നു.

മലയോരത്ത് ചരിത്രനേട്ടവുമായി എല്‍ഡിഎഫ്

ഇടുക്കി: കര്‍ഷക വഞ്ചനയ്ക്കും ചതിക്കുമെതിരെ ജനം വിധിയെഴുതിയ മലയോരത്ത് എല്‍ഡിഎഫിന് ചരിത്രവിജയം. ഒരുവര്‍ഷംനീണ്ട കര്‍ഷക പ്രതിഷേധം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചപ്പോള്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി അഡ്വ. ജോയ്സ് ജോര്‍ജ് 50542 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കി. യുഡിഎഫ് സ്ഥാനാര്‍ഥിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഡീന്‍ കുര്യക്കോസിനെ പരാജയപ്പെടുത്തിയാണ് എല്‍ഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചത്്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കര്‍ഷക ജനതയ്ക്കുമേല്‍ അടിച്ചേല്‍പ്പിച്ച കോണ്‍ഗ്രസിന് ഇരുട്ടടിയായിമാറി ഇടുക്കിയില്‍ എല്‍ഡിഎഫ് വിജയം. കഴിഞ്ഞതവണ 74796 വോട്ടിനാണ് യുഡിഎഫ് സ്ഥാനാര്‍ഥി പി ടി തോമസ് ജയിച്ചത്. ആകെയുള്ള ഏഴ് നിയമസഭാമണ്ഡലങ്ങളില്‍ ഹൈറേഞ്ചിലെ നാല് മണ്ഡലങ്ങളിലും എല്‍ഡിഎഫ് വന്‍ ലീഡ് നേടി. ലോറേഞ്ചിലെ മൂന്നിടത്ത് മാത്രമാണ് യുഡിഎഫിന് നേരിയ ലീഡുള്ളത്. ഇടുക്കിയില്‍ 24274, ഉടുമ്പന്‍ചോല 22407, ദേവികുളം 9121, പീരുമേട് 5981 വോട്ടുകളുടെ ഭൂരിപക്ഷം എല്‍ഡിഎഫിനുണ്ട്. ലോറേഞ്ചിലെ കോതമംഗലം, തൊടുപുഴ, മൂവാറ്റുപുഴ അസംബ്ലിമണ്ഡലങ്ങളില്‍നിന്ന് യുഡിഎഫിന് 10574 വോട്ടിന്റെ ഭൂരിപക്ഷമേ നേടാനായുള്ളു. യുഡിഎഫിന് മേല്‍ക്കൈയുള്ള ഇടുക്കി മണ്ഡലത്തില്‍ 24274 വോട്ടിന്റെ എല്‍ഡിഎഫ് ലീഡ് യുഡിഎഫിനെ ഞെട്ടിച്ചു.

തെരഞ്ഞെടുപ്പിന്റെ ആദ്യനാള്‍മുതല്‍ മലയോരമണ്ഡലം രാഷ്ട്രീയമാറ്റത്തിന് തയ്യാറെടുത്തിരുന്നു. എല്‍ഡിഎഫിന്റെ വിജയത്തോടെ പരമ്പരാഗത യുഡിഎഫ് മണ്ഡലമെന്ന ധാരണ തകര്‍ന്നടിഞ്ഞു. കര്‍ഷക നിലനില്‍പ്പിനായി ഇടതുപക്ഷവും ഹൈറേഞ്ച് സംരക്ഷണസമിതിയും അവതരിപ്പിച്ച അഡ്വ. ജോയ്സ് ജോര്‍ജെന്ന യുവപോരാളിയെ തെരഞ്ഞെടുപ്പിന്റെ തുടക്കംമുതല്‍ ഇടുക്കി മണ്ഡലം ഏറ്റെടുത്തിരുന്നുവെന്നതിന്റെ പരിസമാപ്തിയാണ് മികച്ചവിജയം. നാണ്യവിളകളുടെ വിലയിടിവും കാര്‍ഷിക പ്രതിസന്ധികളും നേരിടുന്ന മണ്ഡലത്തിലെ ജനകീയ പ്രശ്നങ്ങളിലിടപെട്ട് എല്‍ഡിഎഫ് നടത്തുന്ന പോരാട്ടവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു.

കെ ടി രാജീവ്

കാസര്‍കോട്ട് പി കരുണാകരന് ഹാട്രിക്

കാസര്‍കോട്: കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫിലെ പി കരുണാകരന് തുടര്‍ച്ചയായ മൂന്നാം തവണയും വിജയം. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗമായ കരുണാകരന്‍ 6921 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ഥി ടി സിദ്ദിഖിനെ പരാജയപ്പെടുത്തിയത്. ആകെ പോള്‍ ചെയ്ത 97,41,135 വോട്ടില്‍ 3,84,964 വോട്ട് പി കരുണാകരന് ലഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി ടി സിദ്ദിഖിന് 3,78,043 വോട്ടും ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന് 1,72,826 വോട്ടും ലഭിച്ചു. മറ്റുള്ളവര്‍ 32279 വോട്ട് നേടി. 6103 വോട്ട് "നോട്ട"ക്കാണ്. കല്യാശേരി, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് നിയോജക മണ്ഡലങ്ങളില്‍ കരുണാകരന്‍ ഭൂരിപക്ഷം നേടി. കാസര്‍കോട്, മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളില്‍ യുഡിഎഫ് മുന്നിലെത്തി. കാസര്‍കോട്ടും മഞ്ചേശ്വരത്തും ബിജെപി രണ്ടാം സ്ഥാനത്തെത്തി. 1989 മുതല്‍ തുടര്‍ച്ചയായി എല്‍ഡിഎഫ് കാസര്‍കോട് മണ്ഡലം നിലനിര്‍ത്തിവരികയാണ്. എ കെ ജിയെ തുടര്‍ച്ചയായി നാലുതവണ വിജയിപ്പിച്ച മണ്ഡലം എം രാമണ്ണറൈയെയും ടി ഗോവിന്ദനെയും മൂന്നുതവണ വീതം വിജയിപ്പിച്ചിട്ടുണ്ട്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടി സിദ്ദിഖ് ലീഡ് നേടിയെങ്കിലും പിന്നീട് എല്‍ഡിഎഫ് ലീഡ് അവസാനം വരെ നിലനിര്‍ത്തി.

സിപിഐ എം വിരുദ്ധ പ്രചാരണം വടകരയില്‍ നിഷ്ഫലമായി

വടകര: ചന്ദ്രശേഖരന്റെ കൊലപാതകമുയര്‍ത്തി സിപിഐ എമ്മിനെതിരെ കടുത്ത പ്രചാരണം സംഘടിപ്പിച്ച വടകര, കോഴിക്കോട് മണ്ഡലങ്ങളില്‍ ആര്‍എംപി മത്സരിച്ചിട്ടും ചലനമുണ്ടാക്കിയില്ല. സിപിഐ എം നേതാക്കളെ വേട്ടയാടാന്‍ സിബിഐ അന്വേഷണ ആവശ്യമടക്കം തെരഞ്ഞെടുപ്പുവേളയിലുയര്‍ത്തി. യുഡിഎഫിന്റെയും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെയും താങ്ങിലായിരുന്നു മാര്‍ക്സിസ്റ്റ്വിരുദ്ധശക്തികളുടെ അപവാദങ്ങള്‍. അതൊന്നും ജനമനസ്സ് സ്വീകരിച്ചില്ലെന്നാണ് വെളിപ്പെടുത്തുന്നത്. കഴിഞ്ഞതവണ മുല്ലപ്പള്ളിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുകയും ജയത്തില്‍ ആഹ്ലാദിക്കയുംചെയ്ത ആര്‍എംപിയെ ജനം തിരസ്കരിച്ചുവെന്നതാണ് വിധിയെഴുത്ത് നല്‍കുന്ന സൂചന. വടകരയില്‍ 17,229 വോട്ടാണ് ആര്‍എംപി സ്ഥാനാര്‍ഥി പി കുമാരന്‍കുട്ടിക്ക് കിട്ടിയത്. 2009ല്‍ ചന്ദ്രശേഖരന് ലഭിച്ചത് 21,833 വോട്ടായിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള വെല്‍ഫെയര്‍ പാര്‍ടിയുടെ പിന്തുണയിലാണ് ഇക്കുറി മത്സരിച്ചത്. എന്നിട്ടും 4604 വോട്ട് കുറഞ്ഞു. ജീവിച്ചിരിക്കുന്ന ചന്ദ്രശേഖരനേക്കാള്‍ മരിച്ചയാള്‍ക്കാണ് ശക്തിയും പ്രാധാന്യവുമെന്നും പ്രചരിപ്പിച്ചിരുന്നു. ചന്ദ്രശേഖരന്റെ കൊലയാളികളെന്ന് മുദ്രകുത്തി സിപിഐ എമ്മിനും സ്ഥാനാര്‍ഥി ഷംസീറിനുമെതിരെ ദുഷ്പ്രചാരണവും നടത്തി. എല്‍ഡിഎഫിന്റെ വോട്ട് ഇത്തവണ 2009ലേതിനേക്കാളും 48,104 വോട്ട് വര്‍ധിച്ചു. എല്ലാ നിയമസഭാ മണ്ഡലത്തിലും വോട്ട് കൂടി. കഴിഞ്ഞതവണ അരലക്ഷത്തിലേറെ വോട്ടിനാണ് മുല്ലപ്പള്ളി ജയിച്ചത്.

വടകരയില്‍ യുഡിഎഫിന് നിറംകെട്ട ജയം

വടകര: വടകര മണ്ഡലത്തിലെ വിജയത്തില്‍ ആഹ്ലാദിക്കാനും അഭിമാനിക്കാനുമാവാതെ യുഡിഎഫും മുല്ലപ്പള്ളി രാമചന്ദ്രനും. കൊലപാതക രാഷ്ട്രീയമുയര്‍ത്തി എല്‍ഡിഎഫിനെ വളഞ്ഞിട്ട് ആക്രമിച്ചതിന്റെ ആസ്ഥാനമായിരുന്നു വടകര. ചന്ദ്രശേഖരന്റെ കൊലയുടെ കുറ്റം സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവെച്ച് നെറികെട്ട പ്രചാരണവുമുണ്ടായി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എ എന്‍ ഷംസീറിനെതിരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന അപവാദപ്രചാരണമുണ്ടായി. മാര്‍ക്സിസ്റ്റ് വിരുദ്ധരാഷ്ട്രീയസംഘങ്ങളും കോണ്‍ഗ്രസിന് പിന്തുണയുമായി രംഗത്തുണ്ടായി. എന്നാല്‍ ഈ നീചപ്രചാരണങ്ങള്‍ അതിജീവിച്ച് കൂടുതല്‍ കരുത്ത് തെളിയിക്കാന്‍ ഇടതുമുന്നണിക്കായെന്നതിന്റെ സൂചനയാണ് തെരഞ്ഞെടുപ്പ്ഫലം

.രാഷ്ട്രീയമായി എല്‍ഡിഎഫിന്റെ ജനസ്വാധീനം തകര്‍ന്നിട്ടില്ലെന്നതിന്റെ സാക്ഷ്യപത്രമാണ് ഷംസീറിന് കിട്ടിയ വോട്ട്. 2009-ലേതിനേക്കാളും 48,104 വോട്ടുകള്‍ ഇത്തവണ വര്‍ധിച്ചു. എല്ലാ നിയമസഭാ മണ്ഡലത്തിലും കഴിഞ്ഞ തവണത്തേതിലും കൂടിയിട്ടുണ്ട്. കഴിഞ്ഞ തവണ അരലക്ഷത്തിലേറെ വോട്ടിനാണ് മുല്ലപ്പള്ളി വിജയിച്ചത്. ചന്ദ്രശേഖരന്‍ 21,833 വോട്ടും കൈക്കലാക്കി. ഇത്തവണ യുഡിഎഫിന് 4776 വോട്ട് കുറഞ്ഞു. ഭൂരിപക്ഷം: 3306 വോട്ടെയുള്ളൂ. ചന്ദ്രശേഖരന്റെ കൊലക്കുശേഷമായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ്.

കൊലയുടെ പേരില്‍ സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ വിരുദ്ധശക്തികള്‍ ജനകീയകോടതിയില്‍ കനത്ത പ്രഹരം കാത്തിരിക്കുന്നതായി പറഞ്ഞിരുന്നു. എന്നാല്‍ ഇടതുപക്ഷത്തിന്റെ വോട്ടും ജനകീയപിന്‍ബലവും ചോര്‍ന്നിട്ടില്ലെന്ന് എല്‍ഡിഎഫിന്റെ വോട്ടുകള്‍ വര്‍ധിച്ചതില്‍നിന്ന് വ്യക്തമാണ്. കഴിഞ്ഞ തവണ മുല്ലപ്പള്ളി രാമചന്ദ്രന്‍ 56,186 വോട്ടിനായിരുന്നു വിജയിച്ചത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പ് യുഡിഎഫിന് നിരാശയാണ് സമ്മാനിച്ചത്. എല്‍ഡിഎഫിന്റെ യുവനേതാവ് അഡ്വ. എ എന്‍ ഷംസീര്‍ കേന്ദ്രസഹമന്ത്രിയായ കോണ്‍ഗ്രസ് നേതാവിനെ ശരിക്കും വിറപ്പിച്ചശേഷമാണ് ചെറിയവോട്ടിന് പരാജയപ്പെട്ടത്. പഴയ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞ് മൂവായിരത്തിലെത്തി. ഷംസീറിനെതിരെ നിര്‍ത്തിയ അപരന്‍ മൂവായിരത്തോളം വോട്ട് പിടിച്ചുവെന്നത്കൂടി പരിഗണിക്കുമ്പോള്‍ വിജയത്തിന്റെ മാറ്റ് വീണ്ടും ഇടിയുന്നു. അപരന്റെ സഹായത്തിലുമാണ് മുല്ലപ്പള്ളി കയറിപ്പറ്റിയതെന്നും വ്യക്തം.

ദേശീയ പരിവേഷവും ചാക്കോയെ തുണച്ചില്ല

കൊച്ചി: ""എന്റെ തോല്‍വി 2ജി സ്പെക്ട്രം അഴിമതിയെ ശരിവയ്ക്കും"" തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി സി ചാക്കോ തെല്ല് അഹങ്കാരത്തോടെ പറഞ്ഞ ഈ വാക്കുകള്‍ അറംപറ്റിയപോലെയായി. പ്രതിപക്ഷം അന്നേ പറഞ്ഞത് ജനങ്ങളും ശരിവച്ചിരിക്കുന്നു. ലക്ഷം കോടി രൂപയുടെ അഴിമതി നടത്തിയ കോണ്‍ഗ്രസിനൊപ്പം അതിനെ വെള്ളപൂശിയ ചാക്കോയെയും അവര്‍ തോല്‍പ്പിച്ചു.

സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷനായിരുന്ന് ദേശീയ നേതാവിന്റെ പരിവേഷത്തോടെയാണ് ചാക്കോ ചാലക്കുടിയില്‍ ഇറങ്ങിയത്. ജനകീയപരിവേഷത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്നസെന്റ് സ്വതസിദ്ധമായ നര്‍മത്തില്‍ ചാലിച്ച് ഉയര്‍ത്തിയ ജനകീയവിഷയങ്ങള്‍ക്ക് മറുപടി പറയാന്‍ ഒരുഘട്ടത്തിലും യുഡിഎഫിനോ പി സി ചാക്കോയ്ക്കോ കഴിഞ്ഞില്ല. കോണ്‍ഗ്രസിന്റെ ദേശീയ വക്താവായ ചാക്കോയ്ക്ക്, തോല്‍വി ഉറപ്പാക്കിയ തൃശൂര്‍ വിട്ട് ചാലക്കുടിയില്‍ കുടിയേറിയിട്ടും രക്ഷകിട്ടിയില്ലെന്നത് പാര്‍ടിയെസംബന്ധിച്ച് ചെറിയ ക്ഷീണമല്ല. സംസ്ഥാനത്ത് യുഡിഎഫ് 12 സീറ്റ് നേടിയപ്പോഴും ചാക്കോ പരാജയപ്പെട്ടത് പാര്‍ടി നേതൃത്വത്തെ അസ്വസ്ഥമാക്കും. ജെപിസി അധ്യക്ഷനായ തന്നെ എന്തുവിലകൊടുത്തും ഹൈക്കമാന്‍ഡ് ജയിപ്പിക്കുമെന്ന പി സി ചാക്കോയുടെ അഹന്തനിറഞ്ഞ വാക്കുകള്‍ക്ക് ജനംകൊടുത്ത മറുപടിയായി ഇന്നസെന്റിന്റെ വിജയം.

ഡല്‍ഹിയില്‍നിന്ന് വന്നിറങ്ങിയ ആദ്യദിവസം എറണാകുളം പ്രസ്ക്ലബ്ബില്‍ നടത്തിയ മുഖാമുഖത്തില്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കാനാണ് മത്സരിക്കുന്നതെന്ന് പി സി ചാക്കോ പറഞ്ഞിരുന്നു. രാഷ്ട്രീയവിഷയങ്ങള്‍ക്ക് മറുപടിയില്ലാതെ വന്നതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്നസെന്റിനെ വ്യക്തിപരമായി അധിക്ഷേപിച്ചാണ് പ്രചാരണത്തില്‍ പി സി ചാക്കോ സജീവമായത്. ആലുവയില്‍ കോളേജ് വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തില്‍ തന്റെ തോല്‍വി 2ജി സ്പെക്ട്രം അഴിമതിയെ ശരിവയ്ക്കുമെന്നായിരുന്നു ചാക്കോയുടെ പ്രസ്താവന. അതുകൊണ്ടും നിര്‍ത്തിയില്ല, എന്തുവിലകൊടുത്തും ഹൈക്കമാന്‍ഡ് ജയിപ്പിക്കുമെന്നു കൂടി ചാക്കോ പറഞ്ഞുവച്ചു. ഏറ്റവുമൊടുവില്‍ കഴിഞ്ഞദിവസം പ്രതീക്ഷകള്‍ മാധ്യമപ്രവര്‍ത്തകരുമായി പങ്കുവച്ച ചാക്കോ പറഞ്ഞത് കുന്നത്തുനാട് നിയമസഭാ മണ്ഡലംമാത്രം മതി തനിക്ക് ജയിക്കാനെന്നാണ്. എന്നാല്‍ കുന്നത്തുനാട്ടില്‍പ്പോലും ലീഡ് ചെയ്യാന്‍ യുഡിഎഫിനായില്ല.

ജെപിസി അധ്യക്ഷന്മാരായി കോണ്‍ഗ്രസിലെ പല നേതാക്കളും ഇരുന്നിട്ടുണ്ടെങ്കിലും അവരൊന്നും ചെയ്യാത്തവിധം 2ജി അഴിമതിക്ക് മുഴുവനായി വെള്ളപൂശുകയായിരുന്നു ചാക്കോ ചെയ്തത്. ഓഹരി കുംഭകോണവും ബൊഫോഴ്സ് ആയുധ ഇടപാടുമെല്ലാം അന്വേഷിച്ച ജെപിസികള്‍ സമ്പൂര്‍ണ വെള്ളപൂശല്‍ ഒഴിവാക്കിയപ്പോള്‍ കേസില്‍ പങ്കുണ്ടെന്ന് അറസ്റ്റിലായ കേന്ദ്രമന്ത്രി ഡി രാജ തന്നെ വ്യക്തമാക്കിയ പ്രധാനമന്ത്രിയെയും ഓഫീസിനെയും ചാക്കോ ഒഴിവാക്കി. സമിതി അംഗങ്ങളുടെ നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ചാണ് ചാക്കോ കോണ്‍ഗ്രസിന്റെ "അടുക്കളപ്പുറം" വൃത്തിയാക്കാനിറങ്ങിയത്. ഒരുതവണ ജയിപ്പിച്ച മണ്ഡലത്തിലെ വോട്ടര്‍മാരെ തിരിഞ്ഞുനോക്കാതെ കൂടുവിട്ടുകൂടുമാറുന്ന ചാക്കോയുടെ പാരമ്പര്യത്തിനുകൂടിയുള്ള തിരിച്ചടിയാണ് ചാലക്കുടിയിലെ എല്‍ഡിഎഫ് വിജയം.

ആനന്ദ് ശിവന്‍

No comments:

Post a Comment