Tuesday, May 6, 2014

മാണിയുടെ സഹോദരീപുത്രന്റെ സ്ഥാനം തെറിച്ചു

തിരു: ധനമന്ത്രി കെ എം മാണിയുടെ സഹോദരീപുത്രന് സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡില്‍ നല്‍കിയ കരാര്‍നിയമനം ഒഴിവാക്കി. ബോര്‍ഡില്‍നിന്ന് വിരമിച്ചശേഷം കരാറില്‍ തുടരുന്ന ചീഫ് എന്‍ജിനിയര്‍ക്ക് പ്രതിഫലം കൂട്ടിനല്‍കി പുനര്‍നിയമനം നല്‍കിയത് "ദേശാഭിമാനി" റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്ന സമയത്തായിരുന്നു കരാര്‍ നിയമനം നീട്ടല്‍. സംഭവം വിവാദമായതോടെ ചീഫ് എന്‍ജിനിയര്‍ ജെയിംസ് ജേക്കബ്ബിനോട് സര്‍ക്കാര്‍ രാജി ആവശ്യപ്പെടുകയുമായിരുന്നു.

ഏപ്രില്‍ 22ന് ചേര്‍ന്ന ബോര്‍ഡ് യോഗം ജെയിംസ് ജേക്കബ്ബിന്റെ രാജി അംഗീകരിച്ചു. 30ന് ഇദ്ദേഹം ചുമതല വിട്ടു. ചീഫ് എന്‍ജിനിയറുടെ സിനിയോറിറ്റി പട്ടികയിലുണ്ടായിരുന്ന രാജീവ് കരിയലിന് താല്‍ക്കാലിക ചുമതല നല്‍കിയിട്ടുണ്ട്. ബോര്‍ഡ് സെക്രട്ടറിയുടെ എതിര്‍പ്പു മറികടന്നാണ് ജെയിംസ് ജേക്കബ്ബിന് കരാര്‍ നിയമനം നീട്ടിയത്. ഇതിനായി സെക്രട്ടറിയെ മാറ്റി. പകരം സെക്രട്ടറിയെവച്ച് ചീഫ് എന്‍ജിനിയറുടെ കരാര്‍ കാലാവധി നീട്ടിയപ്പോള്‍ ശമ്പളവും വര്‍ധിപ്പിച്ചു. വിരമിക്കുന്ന സമയത്ത് ലഭിച്ച ശമ്പളത്തില്‍നിന്ന് പ്രതിമാസം 37,363 രൂപയാണ് അധികം നല്‍കിയത്. ബോര്‍ഡില്‍നിന്ന് വിരമിച്ച ചീഫ് എന്‍ജിനിയര്‍ ജെയിംസ് ജേക്കബ്ബിന് ശമ്പളവും പെന്‍ഷനും ചേര്‍ത്ത് 1,19,491 രൂപ പ്രതിമാസം നല്‍കിയാണ് കരാര്‍ കാലാവധി നീട്ടിനല്‍കിയത്. വിരമിക്കുമ്പോള്‍ 82,128 രൂപയായിരുന്നു ശമ്പളം. 2012 നവംബര്‍ 30നാണ് വിരമിച്ചത്. കരാര്‍ വ്യവസ്ഥയില്‍ സേവനം തുടരാന്‍ തയ്യാറാണെന്നു കാട്ടി ബോര്‍ഡിനെ സമീപിച്ചു. പ്രതിമാസം 80,000 രൂപ ശമ്പളവും താമസസൗകര്യവും കാറും വേണമെന്നായിരുന്നു ആവശ്യം. ധനമന്ത്രിയുടെ പാര്‍ടി നോമിനി ചെയര്‍മാനായ ബോര്‍ഡ് ഇയാളെ 65,000 രൂപ ശമ്പളം നല്‍കി നിയമിക്കാന്‍ തീരുമാനിച്ചു.

ഒരു വര്‍ഷം കഴിഞ്ഞ് ആറുമാസംകൂടി കാലാവധി നീട്ടി. വീണ്ടും സേവനം നീട്ടണമെന്നുകാട്ടിയാണ് ഫയല്‍ ബോര്‍ഡ് സെക്രട്ടറിയായിരുന്ന എസ് ഗോപാലകൃഷ്ണന്‍ മുമ്പാകെ എത്തിയത്. ജെയിംസ് ജേക്കബ്ബിന്റെ സേവനം സ്ഥാപനത്തിന് പ്രയോജനകരമല്ലെന്നും കരാര്‍ നീട്ടേണ്ടതില്ലെന്നും സെക്രട്ടറി അഭിപ്രായപ്പെട്ടു. ഇതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഭവനവകുപ്പ് സെക്രട്ടറിക്ക് എസ് ഗോപാലകൃഷ്ണന്‍ നല്‍കി. ജെയിംസ് ജേക്കബ്ബിന് ചീഫ് എന്‍ജിനിയറായി ഉദ്യോഗക്കയറ്റം നല്‍കിയത് അനധികൃതമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ബോര്‍ഡ് ചെയര്‍മാന്റെ അപ്രീതിക്ക് പാത്രമായ ഐഎഫ്എസ് കേഡറിലുള്ള ഗോപാലകൃഷ്ണനെ വനം വകുപ്പിലേക്ക് മടക്കി. പകരം കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ ജനറല്‍ മാനേജര്‍ എന്‍ അശോക്കുമാറിനെ സെക്രട്ടറിയായി നിയമിച്ച് ജെയിംസ് ജേക്കബ്ബിന്റെ നിയമനം സാധൂകരിച്ചു. എന്നാല്‍, അനധികൃത നിയമനം വാര്‍ത്തയായതോടെ ജെയിംസ് ജേക്കബ്ബിനെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.

deshabhimani

No comments:

Post a Comment