Tuesday, May 6, 2014

സുധീരന്‍ അപമാനിച്ചു തുറന്നടിച്ച് ഷാനിമോളുടെ കത്ത്

കെപിസിസി യോഗത്തില്‍ അഭിപ്രായം പറഞ്ഞതിന് പ്രസിഡന്റ് വി എം സുധീരന്‍ അപമാനിച്ചെന്ന് എഐസിസി നിര്‍വാഹകസമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍. പാര്‍ടി വേദിയില്‍ അപ്രിയസത്യങ്ങള്‍ പറയുന്നവരെ അച്ചടക്കത്തിന്റെ വടിവാള്‍ ഉയര്‍ത്തി ഒതുക്കാന്‍ ശ്രമിക്കുന്നത് നീതിബോധത്തിന് നിരക്കുന്നതല്ലെന്നും സുധീരനയച്ച കത്തില്‍ ഷാനിമോള്‍ തുറന്നടിച്ചു. കത്തിന്റെ പകര്‍പ്പ് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, യുഡിഎഫ് കണ്‍വീനര്‍, എം എം ഹസ്സന്‍, വി ഡി സതീശന്‍, തമ്പാനൂര്‍ രവി എന്നിവര്‍ക്കും നല്‍കിയിട്ടുണ്ട്.

ഡല്‍ഹിയിലും തിരുവനന്തപുരത്തും സംരക്ഷിക്കാന്‍ ആളില്ലെങ്കിലും ഈ നാട്ടില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം അപമാനിച്ച് നശിപ്പിക്കരുതെന്ന അഭ്യര്‍ഥനയോടെയാണ് കത്ത് അവസാനിപ്പിക്കുന്നത്. ഡല്‍ഹിയില്‍ ഷാനിമോള്‍ക്ക് വേണ്ടി പറയാന്‍ ആരുമില്ലെന്ന് സുധീരന്‍ പരിഹസിച്ചിരുന്നു.

ഏപ്രില്‍ 22ന് ഇന്ദിരാഭവനില്‍ നടന്ന കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ കെ സി വേണുഗോപാല്‍-സരിത ബന്ധം ഉന്നയിച്ച തന്നെ സുധീരന്‍ അവഹേളിക്കുകയും താക്കീത് ചെയ്യുകയും ചെയ്തതുമായി ബന്ധപ്പെട്ടാണ് ഷാനിമോളുടെ കത്ത്. ആലപ്പുഴയില്‍ പ്രതീക്ഷിച്ചത്ര വോട്ട് കിട്ടിയില്ലെങ്കില്‍ കാരണങ്ങള്‍ സത്യസന്ധമായി വിലയിരുത്താന്‍ തയ്യാറാകണമെന്നാണ് താന്‍ ആവശ്യപ്പെട്ടതെന്ന് കത്തില്‍ പറഞ്ഞു. സരിതാ എസ് നായരുമായി ജനപ്രതിനിധികള്‍ക്കും കേന്ദ്ര-സംസ്ഥാനമന്ത്രിമാര്‍ക്കുമുള്ള ബന്ധംഅന്വേഷിക്കാന്‍ കമീഷനെ നിയോഗിക്കണമെന്നായിരുന്നു ഷാനിയുടെ ആവശ്യം. ""എന്നാല്‍, ആ സമിതിയിലെ ഒരംഗം എന്ന എന്റെ അധികാരത്തെ ചവിട്ടിമെതിച്ച് അങ്ങ് എന്നെ വീറ്റോ ചെയ്യുകയായിരുന്നു. പാര്‍ടി ഫോറത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഒരുതെറ്റും കാണുന്നില്ല. അതിന് രേഖാമൂലം പരാതിയും തെളിവും വേണമെന്ന അങ്ങയുടെ അഭിപ്രായത്തോട് അല്‍പ്പംപോലും യോജിക്കാനാവില്ല. സോഷ്യല്‍ മീഡിയ വഴിയും മറ്റ് പ്രിന്റ്-ദൃശ്യമാധ്യമങ്ങള്‍വഴിയും ഒരു സിറ്റിങ് എംഎല്‍എയ്ക്ക് എതിരെപോലും പ്രചരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ക്ക് ഇതു കാണുന്ന ജനങ്ങള്‍ മാത്രമാണ് തെളിവ്.

സര്‍ക്കാരിനെയും പാര്‍ടി നേതൃത്വത്തെയും നിരന്തരം പ്രതിസന്ധിയിലാക്കുന്ന അങ്ങയുടെ സുദീര്‍ഘമായ എത്രയോ പ്രഭാഷണങ്ങള്‍ അന്നത്തെ കെപിസിസി പ്രസിഡന്റുമാര്‍ ഒരിക്കല്‍പോലും താക്കീതുചെയ്യുകയോ വിലക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്തതായി ഞാന്‍ ഓര്‍മിക്കുന്നില്ല. ഏതാനും മാസങ്ങള്‍ക്കുമുമ്പ് കേരള മുഖ്യമന്ത്രി അഴിമതിക്ക് നേതൃത്വം കൊടുക്കുന്നുവെന്നും അഴിമതി നടത്താനായി കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെ 14 ജില്ലയിലും അതിനായി ചുമതലക്കാരെ നിയോഗിച്ചിട്ടുണ്ടെന്നും പേരുസഹിതം അങ്ങ് പറഞ്ഞപ്പോള്‍ സഹിഷ്ണുതയോടെ ശ്രദ്ധിച്ചിരുന്ന മുന്‍ കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും സൃഷ്ടിച്ച കീഴ്വഴക്കം അങ്ങേക്ക് ബാധകമല്ലേ? ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ പത്ര-ദൃശ്യ മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കിയ, അങ്ങയുടെ പ്രതിപുരുഷനായി സ്ഥിരം വാര്‍ത്ത ചോര്‍ത്തിക്കൊടുക്കുന്ന (അങ്ങ് പ്രസിഡന്റാകും മുമ്പും പിമ്പും) കെപിസിസി ഭാരവാഹിയുടെ ഫോണ്‍ വിശദാംശങ്ങള്‍ എടുക്കാന്‍ തയ്യാറുണ്ടോ? സ്ഥിരം വാര്‍ത്ത ചോര്‍ത്തിക്കൊടുക്കുന്ന ആ ഒറ്റുകാരനെ കണ്ടുപിടിക്കാന്‍ മുന്‍കൈയെടുക്കുമോ?

ഡല്‍ഹിയില്‍ ഷാനിമോള്‍ക്കുവേണ്ടി പറയാന്‍ ആരുമില്ല എന്ന് തുടങ്ങി എട്ട് പ്രാവശ്യം എന്റെ പേരെടുത്തുപറഞ്ഞ് മനഃപൂര്‍വം അപമാനിച്ച അങ്ങയുടെ ഉപസംഹാരപ്രസംഗം "വധശിക്ഷ വിധിച്ചവര്‍ക്ക് നല്‍കുന്ന പ്രപഞ്ചനീതി"ക്കുപോലും നിരക്കാത്തതാണ്. മറ്റുള്ളവരുടെ മുന്നില്‍ എന്നെ അപമാനിച്ച് ഒരുപക്ഷേ എന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ അങ്ങയുടെ പദവിയുടെ പിന്‍ബലത്തില്‍ സാധിച്ചേക്കാം. സ്ഥാനത്തിലും പദവിയിലും ചെറുതായാലും വലുതായാലും ഡല്‍ഹിയില്‍ ആരുമില്ലാത്തവളായാലും ആത്മാഭിമാനം ജീവനോളം പ്രധാനമാണെന്ന് ഓര്‍മപ്പെടുത്തട്ടെ."" തന്നെ താക്കീത് ചെയ്തതായി മാധ്യമങ്ങളോടു പറഞ്ഞ സുധീരന്റെ നടപടി തികഞ്ഞ അച്ചടക്കരാഹിത്യമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. കെപിസിസിയോഗത്തില്‍ അഭിപ്രായം പറഞ്ഞതിന് മൂന്നുദിവസത്തോളം തന്റെ വീടിനുമുന്നില്‍ രണ്ടുജീപ്പ് പൊലീസുകാര്‍ സംരക്ഷണമെന്നപേരില്‍ കാവല്‍കിടന്നത് കുടുംബത്തിന് അപമാനമുണ്ടാക്കിയെന്നും ഷാനിമോള്‍ പറഞ്ഞു.

കുടുംബം തകര്‍ക്കുന്ന ആരോപണം

ആലപ്പുഴ: മദ്യലോബിയുമായി തനിക്ക് ബന്ധമുണ്ടെന്ന ആരോപണം തെളിയിക്കാന്‍ വി എം സുധീരനെ ഷാനിമോള്‍ ഉസ്മാന്‍ വെല്ലുവിളിച്ചു. എതിരഭിപ്രായം പറയുന്നവരെയെല്ലാം മദ്യലോബിയുടെ ആളുകളായി ചിത്രീകരിക്കുന്നത് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ക്ക് ചേര്‍ന്നതല്ല. തന്റെ കുടുംബംപോലും തകര്‍ക്കുന്ന ആരോപണമാണിതെന്നും ഷാനിമോള്‍ ആലപ്പുഴയിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മദ്യലോബിയുടെ കരുവായി ഗൂഢാലോചന നടത്തി ബാഹ്യപ്രേരണയാലാണ് താന്‍ കെപിസിസി നേതൃത്വത്തിന് കത്ത് നല്‍കിയതെന്ന വി എം സുധീരന്റെ പരസ്യപ്രസ്താവന വെല്ലുവിളിയായി സ്വീകരിക്കുന്നതായി അവര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍ ഉന്നത തലത്തിലുള്ള കമ്മീഷനെ നിയോഗിക്കണം. ആരോപണം തെളിയിക്കാനുള്ള ഉത്തരവാദിത്തം കെപിസിസി പ്രസിഡന്റ് ഏറ്റെടുക്കണം. മദ്യലോബി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആരെയാണെന്നും കെപിസിസി പ്രസിഡന്റിന് നല്‍കിയ കത്ത് പുറത്തായത് എങ്ങനെയെന്നും നേതൃത്വം വ്യക്തമാക്കണം. കെ സി വേണുഗോപാലിനെതിരെ ഉയരുന്ന പ്രചാരണത്തെക്കുറിച്ച് തെരഞ്ഞെടുപ്പിന് ശേഷംനടന്ന അവലോകനയോഗത്തിലാണ് ഉന്നയിച്ചത്. അതിന്റെ പേരില്‍ തന്റെ വ്യക്തിജീവിതവും കുടുംബവും പോലും തകര്‍ക്കുന്ന വിധത്തില്‍ അപകീര്‍ത്തികരമായ പരാമര്‍ശമാണ് വി എം സുധീരന്‍ നടത്തിയതെന്നും ഷാനിമോള്‍ പറഞ്ഞു

deshabhimani

No comments:

Post a Comment