Monday, May 5, 2014

കുടിയൊഴിപ്പിക്കലിന് പിന്നില്‍ ഹാരിസണ്‍സ്- സര്‍ക്കാര്‍ ഗൂഢാലോചന

കല്‍പ്പറ്റ: ഹാരിസണ്‍സ് മലയാളം കമ്പനിക്കുവേണ്ടി (എച്ച്എംഎല്‍) ഭൂരഹിതരായ കൈവശക്കാരെ സര്‍ക്കാര്‍ കുടിയൊഴിപ്പിക്കുന്നത് സര്‍ക്കാരിന്റെതന്നെ മുന്‍ ഉത്തരവുകളും റിപ്പോര്‍ട്ടുകളും അവഗണിച്ച്. എച്ച്എംഎല്ലിന്റെ കൈവശമുള്ള മുഴുവന്‍ ഭൂമിയും ഏറ്റെടുക്കണമെന്ന റിപ്പോര്‍ട്ട് കൈയിലുള്ളപ്പോഴാണ് വയനാട്ടില്‍ സര്‍ക്കാരിന്റെ കുടിയിറക്കല്‍. ഹാരിസണ്‍സ്-സര്‍ക്കാര്‍ ഗൂഢാലോചനയുടെ ഫലമായിരുന്നു ശനിയാഴ്ചത്തെ ഒഴിപ്പിക്കല്‍ ശ്രമം.

റവന്യൂ മന്ത്രിയും ഹാരിസണ്‍സിനുവേണ്ടിയാണ് സംസാരിക്കുന്നത്. എട്ടു ജില്ലകളിലായി എച്ച്എംഎല്‍ കൈവശം വയ്ക്കുന്ന 60,000 ഏക്കറോളം ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന മുന്‍ റവന്യൂ അസി. കമീഷണര്‍ സജിത്ത്ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈയിലുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് പ്രത്യേക അന്വേഷണ സംഘത്തെ വച്ചത്. എച്ച്എംഎല്‍ കൈവശം വയ്ക്കുന്ന ഭൂമിയുടെ ഉടമസ്ഥത സംശയാസ്പദമാണെന്ന് മുന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഹാരിസന്റെ കൈവശമുള്ള 1845.22ഏക്കര്‍ മിച്ചഭൂമിയായി ഏറ്റെടുക്കാനുള്ള വൈത്തിരി താലൂക്ക് ലാന്‍ഡ്ബോര്‍ഡിന്റെ ഉത്തരവും നിലവിലുണ്ട്.

ഈ ഭൂമിപോലും കമ്പനി വിട്ടുനല്‍കാനോ സര്‍ക്കാര്‍ പിടിച്ചെടുക്കാനോ തയ്യാറായിട്ടില്ല. ഇതില്‍ 1204.49 ഏക്കര്‍ വയനാട്ടിലാണ്. ബാക്കി 640.73 ഏക്കര്‍ കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ്. നേരത്തെ നിയമോപദേശത്തിനായി സര്‍ക്കാര്‍ നിയോഗിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എല്‍ മനോഹര്‍റാവുവും ഭൂമി സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നും കമ്പനിയെ നിയമപരമായി ഒഴിപ്പിക്കണമെന്നുമാണ് ഉപദേശിച്ചത്. വിവിധ പാട്ടാധാരങ്ങളിലൂടെയും കരാര്‍ ആധാരങ്ങളിലൂടെയും ലഭിച്ച ഭൂമിയാണ് എച്ച്എംഎല്‍ നിയമവിരുദ്ധമായി കൈവശം വയ്ക്കുന്നത്. ഇതെല്ലാം അവഗണിച്ച് സര്‍ക്കാര്‍ ഹാരിസണ്‍സുമായി കൈകോര്‍ത്തിരിക്കുകയാണ്.

ഭൂമി പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഉന്നതതല കമ്മിറ്റിയുടെ പ്രവര്‍ത്തനം മരവിപ്പിച്ചു. കമ്പനി അനധികൃതമായി കൈവശംവച്ച മിച്ചഭൂമിയില്‍ കുടില്‍കെട്ടി താമസിക്കുന്ന ഭൂരഹിതരെയാണ് കഴിഞ്ഞ ജനുവരി 29ന് കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന്റെ മറവില്‍ ശനിയാഴ്ച കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചത്. ഈ ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയാണ് വേണ്ടത്. കേസിന്റെ ഒരു ഘട്ടത്തില്‍ 834.53 ഏക്കര്‍ സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ കമ്പനിക്ക് ഹൈക്കോടതിയില്‍ സന്നദ്ധത അറിയിക്കേണ്ടിവന്നു.

എന്നാല്‍ നേരത്തെ വില്‍പ്പന നടത്തിയ ഭൂമിയാണ് ഏറ്റെടുക്കാന്‍ കമ്പനി സര്‍ക്കാരിന് കാണിച്ചുകൊടുത്തത്. മറ്റുള്ളവരുടെ സ്ഥലം ചൂണ്ടിക്കാട്ടി കബളിപ്പിച്ച അതേ കമ്പനിക്കു വേണ്ടിയാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ കുടിയിറക്കലും.

വി ജെ വര്‍ഗീസ് deshabhimani

No comments:

Post a Comment