Sunday, May 4, 2014

ആനന്ദബോസിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കണം: വി എസ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണക്കടത്തിനെക്കുറിച്ച് സി വി ആനന്ദബോസ് നടത്തിയ വെളിപ്പെടുത്തലുകള്‍ ഉന്നത ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. "ജനാധിപത്യത്തിന് വഴിമാറാത്ത രാജഭക്തി?" എന്ന വിഷയത്തില്‍ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച ജനകീയസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാരതത്തിന്റെ ആകെ പൈതൃകമായ ക്ഷേത്രസ്വത്ത് വിദേശത്തേക്ക് കടത്തിയെന്നാണ് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി അധ്യക്ഷന്‍ ആനന്ദബോസ് വെളിപ്പെടുത്തിയത്. ക്ഷേത്ര നിലവറയുടെയും സ്വര്‍ണാഭരണങ്ങളുടെയും ഫോട്ടോ വിദേശങ്ങളിലേക്കുപോലും അയച്ചതായി അമിക്കസ് ക്യൂറിയും കണ്ടെത്തി. ഇതിനര്‍ഥം രാജ്യാന്തരബന്ധമുള്ള സംഘം ക്ഷേത്രത്തിന്റെ പൈതൃകസ്വത്ത് കൊള്ളചെയ്തു എന്നാണ്. റിപ്പോര്‍ട്ടുകളുടെയും വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തില്‍ ഉന്നത ഏജന്‍സികളുടെ അന്വേഷണം അനിവാര്യമാണ്. കോടികള്‍ വിലമതിക്കുന്ന ക്ഷേത്രസ്വത്ത് കടലാസ് സംഘടനയ്ക്ക് കൈമാറാനുള്ള നീക്കം സുപ്രീംകോടതിയെ അവഹേളിക്കലാണ്. ക്ഷേത്രംവകയായ ഭൂമിയും കെട്ടിടങ്ങളും പലര്‍ക്കും തീറെഴുതി നല്‍കിയിട്ടുണ്ടെന്നും ഇതിന് ഭരണസമിതിക്കോ സര്‍ക്കാരിനോ അധികാരമില്ലെന്നും അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ക്ഷേത്രത്തിന്റെ നഷ്ടപ്പെട്ട സ്വത്തുക്കള്‍ തീരിച്ചുപിടിക്കുന്നതിന് സര്‍ക്കാര്‍ സത്വരനടപടി സ്വീകരിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു. എ എ റഹീം അധ്യക്ഷനായി. സിപിഐ എം സംസ്ഥന കമ്മിറ്റി അംഗം എം വിജയകുമാര്‍, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് എംഎല്‍എ, സെക്രട്ടറി എം സ്വരാജ്, വി ശിവന്‍കുട്ടി എംഎല്‍എ, മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, കെ സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഐ സാജു സ്വാഗതം പറഞ്ഞു.

deshabhimani

No comments:

Post a Comment