Sunday, May 4, 2014

അന്വേഷണം തടഞ്ഞത് ഉമ്മന്‍ചാണ്ടിയെന്ന് മുന്‍ എസ്പി

കോഴിക്കോട്: പാക് ഭീകരന്‍ മുഹമ്മദ് ഫഹദുമായി ബന്ധമുള്ള യൂത്തുകോണ്‍ഗ്രസ് നേതാവിനെതിരായ അന്വേഷണം ഒതുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടുവെന്ന് മുന്‍ എസ്പി. തീവ്രവാദകേസില്‍ മുഖ്യമന്ത്രി ഇടപെട്ടെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് മുന്‍ എസ്പി സി എം പ്രദീപ്കുമാര്‍ കൈരളി-പീപ്പിള്‍ ചാനലിലൂടെ വെളിപ്പെടുത്തിയത്. മാറാട് കൂട്ടക്കൊലയുടെ ഗൂഢാലോചന അന്വേഷിച്ച പ്രത്യേക സംഘത്തലവന്‍ കൂടിയാണ് പ്രദീപ്കുമാര്‍. ഫഹദുമായി ബന്ധമുള്ളത് യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആദം മുത്സിയാണെന്നും മുന്‍ എസ്പി വെളിപ്പെടുത്തി.

മുഖ്യമന്ത്രിയുടെ ഇടപെടല്‍മൂലം അന്വേഷണം എങ്ങുമെത്തിയല്ല. 2003ല്‍ നടന്ന മാറാട് കൂട്ടക്കൊലയുടെ ഗൂഢാലോചന അന്വേഷിക്കുന്ന വേളയിലാണ് ഭീകരബന്ധത്തെക്കുറിച്ച് തുടരന്വേഷണത്തിന് തയ്യാറായത്. ബംഗളുരുവില്‍വച്ച് ഫഹദിനെ അറസ്റ്റ് ചെയ്ത കാലത്ത് യൂത്ത്നേതാവിന്റെ ബന്ധം ശ്രദ്ധയില്‍വന്നു. മാറാട് അന്വേഷണത്തില്‍ വിദേശബന്ധങ്ങളടക്കം തെളിഞ്ഞപ്പോള്‍ പഴയ സംഭവത്തില്‍ കൂടുതല്‍ ചോദ്യംചെയ്യലിന് തയ്യാറായി. എന്നാല്‍ ഉടന്‍ മേലുദ്യോഗസ്ഥന്‍ വഴി മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായി. സിബിഐ അന്വേഷണം നടത്താതെ വിദേശബന്ധവും ഗൂഢാലോചനയും പുറത്തുകൊണ്ടുവരാനാകില്ലെന്ന് പ്രദീപ്കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അടുത്ത ദിവസംതന്നെ അന്വേഷണസംഘത്തലവന്‍ സ്ഥാനത്തുനിന്ന് ഇദ്ദേഹത്തെ മാറ്റി. തുടര്‍ന്ന് അടിക്കടി സ്ഥലംമാറ്റത്തിനിരയായി സ്വയം വിരമിക്കുകയായിരുന്നു.

തീവ്രവാദബന്ധം: മുഖ്യമന്ത്രി മറുപടി പറയണം- ഡിവൈഎഫ്ഐ

തിരു: യൂത്ത് കോണ്‍ഗ്രസ് നേതാവും യുഡിഎഫിന്റെ കഴിഞ്ഞ നിയമസഭാ സ്ഥാനാര്‍ഥിയുമായിരുന്ന ആദം മുല്‍സിയുടെ തീവ്രവാദബന്ധം മൂടിവയ്ക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്ന് മാറാട് പ്രത്യേക അന്വേഷണസംഘം മേധാവിയായിരുന്ന പ്രദീപ്കുമാര്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി പറയണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ആദം മുല്‍സിയുടെ ഫോണ്‍രേഖകളില്‍ അന്താരാഷ്ട്ര ഭീകരനുമായി ബന്ധപ്പെട്ടതിന്റെ തെളിവുണ്ടായിട്ടും അന്വേഷണം നടത്താതിരുന്നത് ഗുരുതരവീഴ്ചയാണ്. ഈ ഗൗരവമായ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സമഗ്രവും നീതിപൂര്‍വവുമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment