Sunday, May 4, 2014

ആര്‍എസ്എസ് ഭീകരതയ്ക്കെതിരെ യുവതയുടെ പ്രതിഷേധം ഇരമ്പി

കൊല്ലം: ആര്‍എസ്എസ് അരുംകൊലയ്ക്കും ഭരണകൂട ഒത്താശയ്ക്കും എതിരെ ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച "പ്രതിഷേധയുവത്വം" പരിപാടിയില്‍ യുവജനരോഷം ഇരമ്പി. ഡിവൈഎഫ്ഐ നെടുമണ്‍കാവ് പിഎച്ച്സി യൂണിറ്റ് പ്രസിഡന്റ് ശ്രീരാജിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധയുവത്വം പരിപാടി സംഘടിപ്പിച്ചത്. ശനിയാഴ്ച കൊല്ലം പ്രസ്ക്ലബ് മൈതാനത്ത് നടന്ന പരിപാടിയില്‍ ആയിരക്കണക്കിനുപേര്‍ പങ്കെടുത്തു. ആര്‍എസ്എസ് കാപാലികരുടെ കിരാതമായ ആക്രമണങ്ങള്‍ക്കെതിരെ സമൂഹമനഃസാക്ഷിയെ ഉണര്‍ത്താന്‍ പ്രേരകമായ പരിപാടി ജീവിതത്തിന്റെ നാനാതുറകളിലെ പുരോഗമനകാംക്ഷികളുടെ ഐക്യദാര്‍ഢ്യപ്രകടനം കൂടിയായി മാറി.

ശനിയാഴ്ച പകല്‍ 11ന് ആരംഭിച്ച പരിപാടി വൈകിട്ട് അഞ്ചുവരെ നീണ്ടു. നാട്ടില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചും ഭീകരമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടും രാഷ്ട്രീയപ്രതിയോഗികളെ വകവരുത്തിയും അഴിഞ്ഞാടുന്ന ആര്‍എസ്എസ് ക്രിമിനല്‍സംഘങ്ങളുടെ ആക്രമണങ്ങള്‍ ചെറുക്കാന്‍ ഏതറ്റംവരെയും പോകുമെന്നും പ്രതിഷേധയുവത്വം പ്രഖ്യാപിച്ചു. രക്തസാക്ഷി സുനില്‍കുമാറിന്റെ അമ്മ മൃദുല, അജയപ്രസാദിന്റെ അച്ഛന്‍ ശ്യാമപ്രസാദ്, അമ്മ ഇന്ദിര തങ്കച്ചി, സഹോദരി ആര്യ എന്നിവര്‍ പരിപാടിയില്‍ ആവേശം പകരാന്‍ എത്തി. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രതിഷേധയുവത്വം ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് എംഎല്‍എ, സെക്രട്ടറി എം സ്വരാജ്, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ഗുരുദാസന്‍, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ പി രാജേന്ദ്രന്‍, ജെ മേഴ്സിക്കുട്ടിയമ്മ, കെ എന്‍ ബാലഗോപാല്‍ എംപി, ബി രാഘവന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എസ് ജയമോഹന്‍, പി അയിഷാപോറ്റി എംഎല്‍എ, പി ആര്‍ വസന്തന്‍, പി കെ ഗോപന്‍, അഡ്വ. ജി മുരളീധരന്‍, ആര്‍ ബിജു, ചിന്താജെറോം, രഞ്ജു സുരേഷ്, സൂസന്‍കോടി, സി രാധാമണി തുടങ്ങിയവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റ് എസ് സജീഷ് അധ്യക്ഷനായി. ജില്ലാസെക്രട്ടറി അഡ്വ. വി പി പ്രശാന്ത് സ്വാഗതം പറഞ്ഞു.

ആര്‍എസ്എസിന്റെ കൊലപാതകരാഷ്ട്രീയം ഹിറ്റ്ലറുടെ രീതിയില്‍: വി എസ്

കൊല്ലം: രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലര്‍ നടത്തിയ കൂട്ടക്കൊലയുടെ മാതൃകയിലാണ് ആര്‍എസ്എസ് നരാധമന്മാര്‍ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകരെയും സിപിഐ എം പ്രവര്‍ത്തകരെയും കൊലചെയ്യുന്നതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ബാബ്റി മസ്ജിദ് പൊളിച്ചതിലും നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നടന്ന വംശഹത്യയിലും ആര്‍എസ്എസ് ഭീകരത രാജ്യം കണ്ടതാണെന്നും ഈ മോഡിയാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ ശ്രമിക്കുന്നതെന്നും വി എസ് പറഞ്ഞു. ഡിവൈഎഫ്ഐ നെടുമണ്‍കാവ് പിഎച്ച്സി യൂണിറ്റ് പ്രസിഡന്റ് ശ്രീരാജിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ് അരുംകൊലയ്ക്കും ഭരണകൂട ഒത്താശയ്ക്കുമെതിരെ ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച "പ്രതിഷേധയുവത്വം" പരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു വി എസ്.

ആര്‍എസ്എസിന്റെ കൊലപാതക രാഷ്ട്രീയം നേരിടാന്‍ കോണ്‍ഗ്രസോ യുഡിഎഫ് സര്‍ക്കാരോ ഒന്നും ചെയ്യുന്നില്ല. അവര്‍ ആര്‍എസ്എസിന് എല്ലാവിധ ഒത്താശയും ചെയ്യുകയാണ്. കൊലപാതകക്കേസുകളില്‍ ഫലപ്രദമായ അന്വേഷണം നടത്താനോ ആര്‍എസ്എസ് കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനോ പൊലീസ് തയ്യാറാകുന്നില്ല. നാടിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍എസ്എസ് ക്രിമിനല്‍സംഘം നടത്തുന്ന ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും എതിരെ ജനമനഃസാക്ഷി ഉണരണം. ആര്‍എസ്എസുകാര്‍ക്ക് ഒത്താശ ചെയ്യുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് സമൂഹമധ്യത്തില്‍ തുറന്നുകാട്ടണം. ഗാന്ധിജിയെ വെടിവെച്ചുകൊന്ന ഗോഡ്സെയുടെ പിന്‍മുറക്കാരായ ആര്‍എസ്എസുകാര്‍ 1970മുതല്‍ കേരളത്തില്‍മാത്രം സിപിഐ എമ്മിന്റെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും നൂറുകണക്കിന് ഉശിരന്മാരായ പ്രവര്‍ത്തകരെ കൊലപ്പെടുത്തി. തങ്ങളുടെ രാഷ്ട്രീയം അംഗീകരിക്കാത്തവരെയും എതിര്‍ക്കുന്നവരെയും കൊന്നൊടുക്കുകയെന്ന ഫാസിസ്റ്റ്നയമാണ് ആര്‍എസ്എസ് പിന്തുടരുന്നത്. ഈ കൊലയാളിസംഘത്തെ ഒറ്റപ്പെടുത്താന്‍ ജനങ്ങളുടെ യോജിപ്പ് അനിവാര്യമാണെന്നും വി എസ് പറഞ്ഞു.

ഗൂഢാലോചന പുറത്തുകൊണ്ടുവരണം: പി കെ ഗുരുദാസന്‍

കൊല്ലം: ശ്രീരാജിന്റെ കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് പി കെ ഗുരുദാസന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ സംഘടിപ്പിച്ച പ്രതിഷേധയുവത്വത്തില്‍ അഭിവാദ്യമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണത്തിന് ഇരയായവരെ വീണ്ടും വേട്ടയാടുന്ന സമീപനമാണ് പൊലീസിന്റെ ഭാഗത്തുനിന്നുള്ളത്. ഇപ്പോള്‍ നടന്നിട്ടുള്ളത് കോണ്‍ഗ്രസ്-ആര്‍എസ്എസ് ധാരണപ്രകാരമുള്ള അറസ്റ്റാണ്. ഇത്തരം നടപടികള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഡിവൈഎഫ്ഐ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

കെ എന്‍ ബാലഗോപാല്‍

യുവത്വത്തിന്റെ അതിശക്തമായ പ്രതിഷേധസ്വരം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ് "പ്രതിഷേധയുവത്വ"ത്തിലൂടെയെന്ന് സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം കെ എന്‍ ബാലഗോപാല്‍ എംപി പറഞ്ഞു. ആര്‍എസ്എസ് അരുംകൊലയ്ക്കും ഭരണകൂട ഒത്താശയ്ക്കുമെതിരെ ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി ചിന്നക്കട പ്രസ്ക്ലബ് മൈതാനിയില്‍ സംഘടിപ്പിച്ച പ്രതിഷേധയുവത്വം സമരപരിപാടിയെ അഭിവാദ്യംചെയ്യുകയായിരുന്നു കെ എന്‍ ബാലഗോപാല്‍. വര്‍ഗീയശക്തികളുടെ ഭ്രാന്തമായ പ്രവര്‍ത്തനത്തിനെതിരെ ജനമനഃസാക്ഷി ഉണരണം. ശ്രീരാജിന്റെ കൊലപാതകം ആര്‍എസ്എസ് നരാധമരാഷ്ട്രീയത്തിന്റെ ഉദാഹരണമെന്നും അദ്ദേഹം പറഞ്ഞു.

എം സ്വരാജ്

മനുഷ്യരെ കൊല്ലാന്‍ ആഘോഷദിനങ്ങള്‍ തെരഞ്ഞെടുക്കുന്ന ഫാസിസ്റ്റ് രീതിയാണ് ആര്‍എസ്എസ് അവലംബിക്കുന്നത്. ഇടവേളകളില്ലാതെ ഏകപക്ഷീയമായി ആക്രമണപരമ്പരകള്‍ സംഘടിപ്പിക്കുകയാണ് ഫാസിസ്റ്റുകള്‍. സാംസ്കാരികരംഗത്തും മാധ്യമരംഗത്തും ഇത്തരം ഭീകരതകള്‍ക്കെതിരെ നിര്‍ഭാഗ്യകരമായ മൗനം നിലനില്‍ക്കുകയാണ്. ശ്രീരാജിന്റെ കൊലപാതകികളെ എത്രയുംവേഗം പിടികൂടണം. കുറ്റവാളികള്‍ക്ക് ഒത്താശ ചെയ്യുന്ന പൊലീസ് നയം തിരുത്തണം. സമൂഹത്തെ അരാജകത്വത്തിലേക്കു നയിക്കുന്ന ക്രിമിനല്‍ സംഘമായ ആര്‍എസ്എസിനെ ഒറ്റപ്പെടുത്താന്‍ പൊതുസമൂഹം തയ്യാറാകണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് പറഞ്ഞു.

സ്വയംരക്ഷയ്ക്ക് സന്നദ്ധസേന ഉണ്ടാക്കേണ്ടിവരും: ടി വി രാജേഷ്

കൊല്ലം: ആര്‍എസ്എസ് കൊലയാളിസംഘത്തിന്റെ ആക്രമണങ്ങള്‍ ചെറുക്കുന്നതിനും സ്വയംരക്ഷയ്ക്കും വേണ്ടിവന്നാല്‍ സന്നദ്ധ സേന രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് എംഎല്‍എ പറഞ്ഞു. ഡിവൈഎഫ്ഐ ചിന്നക്കട പ്രസ്ക്ലബ് മൈതാനത്ത് സംഘടിപ്പിച്ച പ്രതിഷേധയുവത്വം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാജേഷ്.

ഡിവൈഎഫ്ഐ നേതാവ് ശ്രീരാജിന്റെ കൊലയാളികള്‍ക്ക് ഒത്താശ നല്‍കുന്നത് കൊടിക്കുന്നില്‍ സുരേഷും ആഭ്യന്തരമന്ത്രി ചെന്നിത്തലയുമാണ്. ആര്‍എസ്എസ് കാപാലികരെ പിടികൂടാനോ കൊലപാതകത്തിനു കാരണമായ ഗൂഢാലോചന അന്വേഷിക്കാനോ പൊലീസ് തയ്യാറാകുന്നില്ല. ആറുമാസത്തിനിടെ സംസ്ഥാനത്ത് അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയാണ് വധിച്ചത്. സിപിഐ എം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ വധിക്കപ്പെടേണ്ടവര്‍ ആണെന്ന മട്ടിലാണ് കോണ്‍ഗ്രസും യുഡിഎഫും പെരുമാറുന്നത്. രാഷ്ട്രീയ പ്രതിയോഗികളെ ഒതുക്കാനായി തങ്ങള്‍ക്കിഷ്ടപ്പെട്ട കൊലപാതകക്കേസുകളില്‍ തരാതരംപോലെ ഏത് അന്വേഷണത്തിനും തയ്യാറാകുന്നവരാണ് ഇക്കൂട്ടരെന്നും രാജേഷ് പറഞ്ഞു. ശ്രീരാജിന്റെ കൊലപാതക വാര്‍ത്തകള്‍ വലതുപക്ഷ മാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിച്ചു. കൊലപാതകത്തിനു പിന്നിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും രാജേഷ് ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment