Sunday, June 30, 2013

വഴിനീളെ കരിങ്കൊടി

സോളാര്‍ തട്ടിപ്പുകേസില്‍ പ്രതിക്കൂട്ടിലായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വഴിനീളെ കരിങ്കൊടി. ചങ്ങനാശേരിയില്‍ യാത്രാമധ്യേ കാറിനുള്ളില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി പുതപ്പിച്ചു. യുവജനരോഷത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ മുന്‍ നിശ്ചയിച്ച യാത്രാവഴികളില്‍നിന്ന് മുഖ്യമന്ത്രി ഒളിച്ചോടി. അവാര്‍ഡ് കൈപ്പറ്റി മനാമയില്‍നിന്ന് ശനിയാഴ്ച മടങ്ങിയെത്തിയ ഉമ്മന്‍ചാണ്ടി സഞ്ചരിച്ച വഴികളിലെല്ലാം കടുത്ത പ്രതിഷേധമാണ് നേരിട്ടത്. അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന ഉമ്മന്‍ചാണ്ടിയെ തുടരാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായാണ് യുവാക്കള്‍ തെരുവിലിറങ്ങിയത്.

route from tvpm to puthupally
നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ ഉമ്മന്‍ചാണ്ടിയെ ആലുവ ഗസ്റ്റ് ഹൗസിനുമുമ്പില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടികാട്ടി. വിമാനമാര്‍ഗം തിരുവനന്തപുരത്തെത്തിയ ഉമ്മന്‍ചാണ്ടിക്ക് വന്‍ പ്രതിഷേധമാണ് നേരിടേണ്ടി വന്നത്. വിമാനത്താവളത്തില്‍നിന്ന് ക്ലിഫ് ഹൗസിലേക്ക് പോകാനിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പലതവണ വഴിമാറ്റി. നേരത്തെ നിശ്ചയിച്ച റൂട്ട് വിട്ട് അരമണിക്കൂറിലധികം കാര്‍ നഗരത്തില്‍ ചുറ്റിവളഞ്ഞു. ശംഖുംമുഖത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടികാട്ടി. ചാക്കയില്‍ പ്രതിഷേധക്കാര്‍ തമ്പടിച്ചതറിഞ്ഞ് വാഹനം കഴക്കൂട്ടം ബൈപാസ് വഴി തിരിച്ചുവിട്ടു. കുമാരപുരം, പട്ടം റൂട്ടിലൂടെ എത്തിയ മുഖ്യമന്ത്രി നേരെ സെക്രട്ടറിയറ്റിലേക്കുള്ള വഴി ഉപേക്ഷിച്ച് വഴുതക്കാട് വഴി പോയി. ക്ലിഫ് ഹൗസിലേക്ക് പോകുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഈ യാത്ര ഒഴിവാക്കി.

ഉച്ചതിരിഞ്ഞ് കോട്ടയം യാത്രയിലും റൂട്ട് പലവട്ടം മാറ്റിയെങ്കിലും വഴിനീളെ പ്രതിഷേധം നേരിട്ടു. അടൂരിലും തിരുവല്ലയിലും കൊട്ടാരക്കരയിലും കരിങ്കൊടികാട്ടി. ചങ്ങനാശേരി തെങ്ങണയ്ക്കു സമീപം വട്ടച്ചാല്‍പ്പടിയിലാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സാഹസികമായി കരിങ്കൊടി പുതപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസുകാരുടെ സ്വീകരണമേറ്റു വാങ്ങിവന്ന മുഖ്യമന്ത്രിയുടെ കാറിന്റെ യാത്ര പതുക്കെയായിരുന്നു. ഈ സമയം മുദ്രാവാക്യം വിളിയുമായി എത്തിയ പ്രവര്‍ത്തകര്‍ കരിങ്കൊടി പുതപ്പിക്കുകയായിരുന്നു. ഗണ്‍മാനും പൊലീസുകാരും ഉള്‍പ്പെടെ പ്രതിഷേധക്കാരെ വളഞ്ഞിട്ട് മര്‍ദിച്ചു. മര്‍ദനത്തില്‍ പി ബി ജിയാഷിന് ഗുരുതര പരിക്കേറ്റു.

കൊട്ടാരക്കര പുലമണ്‍ ജങ്ഷനില്‍ പകല്‍ 2.30നാണ് കരിങ്കൊടി കാണിച്ചത്. എംസി റോഡ്വഴി വന്ന മുഖ്യമന്ത്രി പുലമണില്‍നിന്നു ഗോവിന്ദമംഗലം റോഡില്‍ കയറി യാത്ര തുടരുകയായിരുന്നു. തുടര്‍ന്ന് എംസി റോഡും ദേശീയപാതയും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. 15പേരെ അറസ്റ്റ്ചെയ്ത് ജാമ്യത്തില്‍ വിട്ടു. കോട്ടയത്തേക്കുള്ള വഴിയില്‍ എംസി റോഡില്‍ അടൂര്‍ നെല്ലിമൂട്ടില്‍പടിയിലും തിരുവല്ലയിലും കരിങ്കൊടി വീശി. പൊലീസുകാര്‍ ലാത്തിവീശി ഭീകരത സൃഷ്ടിച്ചു. ഡിവൈഎഫ്ഐ നേതാവ് എം കെ മഹേഷ് കുമാറിനെ പൈലറ്റ് വാഹനം ഇടിച്ച് തെറിപ്പിക്കാനും ശ്രമിച്ചു. അത്ഭുതകരമായാണ് മഹേഷ് രക്ഷപ്പെട്ടത്. ആലുവ പാലസില്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്താണ് മുഖ്യമന്ത്രിക്ക് വഴിയൊരുക്കിയത്. അറസ്റ്റ് ചെയ്ത ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

No comments:

Post a Comment