Sunday, May 4, 2014

ചെറുത്ത് തോല്‍പ്പിച്ചത് സര്‍ക്കാരിന്റെ കള്ളക്കളി

അരപ്പറ്റ: പിഞ്ചുമക്കളെ ഒക്കത്തെടുത്ത അമ്മമാര്‍, പൂര്‍ണഗര്‍ഭിണികള്‍, അവശരായ വൃദ്ധര്‍ ഒപ്പം മുന്‍നിരയില്‍ യുവാക്കളുടെ കൂട്ടം. അരപ്പറ്റയിലെ തങ്ങളുടെ ഭൂമിയില്‍നിന്നും ഇവര്‍ ഒന്നടങ്കം വിളിച്ചു "പൊലിസ് ഗോബാക്ക്... പൊലീസ് ഗോബാക്ക്" ഇച്ഛാശക്തിയിലൂന്നിയുള്ള ഇവരുടെ ചങ്കൂറ്റത്തിന് മുന്നില്‍ കുടിയിറക്കാന്‍ വന്നവര്‍ക്കും പൊലിസിനുമുള്ള ഏകപോംവഴി "പിന്നോട്ടടി" മാത്രമായിരുന്നു. കിടപ്പാടം സംരക്ഷിക്കുന്നതിനുള്ള ഭൂരഹിതരുടെ സമരചരിത്രത്തിലെ പുത്തനധ്യായമായിമാറി ശനിയാഴ്ച അരപ്പറ്റയില്‍ കെഎസ്കെടിയുവിന്റെയും എകെഎസിന്റെയും പിന്തുണയോടെ ഭൂരഹിതര്‍ നടത്തിയ ചെറുത്ത് നില്‍പ്. തങ്ങളുടെ മണ്ണില്‍ നിന്നും ഇറങ്ങിപോവില്ലെന്ന ഉറച്ച തീരുമാനുവുമായാണ് അഞ്ഞൂറോളം വരുന്ന ഭൂരഹിതര്‍ സമരമുഖത്ത് അണിനിരന്നത്. "ഒന്നുകില്‍ പൊലിസ് പിന്‍മാറുക, അല്ലെങ്കില്‍ തങ്ങളെ വെടിവെയ്ക്കുക" എന്ന് പ്രതിഷേധക്കാര്‍ പ്രഖ്യാപിച്ചതോടെ ഒഴിപ്പിക്കാനെത്തിയവര്‍ മുള്‍മുനയിലായി. ഇവരുടെ സമരത്തിന് ദിശാബോധം നല്‍കിയ സിപിഐ എം നേതക്കാളുടെ ധീരോദാത്തമായ നിലപാട് അക്ഷരാര്‍ത്ഥത്തില്‍ സമരമുഖം വിറപ്പിച്ചു. തങ്ങളെ നേരിടാതെ ഭൂമിയില്‍ കയറാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി സിപിഐ എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രനും മുന്‍ എംഎല്‍പി കൃഷ്ണപ്രസാദും ഉള്‍പ്പടെയുള്ള നേതാക്കള്‍ നിലകൊണ്ടതോടെ ഉദ്യോഗസ്ഥര്‍ക്ക് ഗത്യന്തരമില്ലാതായി. ഇവര്‍ക്ക് പിന്‍വാങ്ങേണ്ടി വന്നു.

ഹാരിസണ്‍ മലയാളം പ്ലാന്റേഷനുവേണ്ടി സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളിയുടെ പൊള്ളത്തരം തുറന്നുകാട്ടിയാണ് ഒഴിപ്പിക്കാന്‍ വന്നവരെ നേരിട്ടത്. ഒന്നരമണിക്കൂറോളം ഇവര്‍ പൊലീസിനെ തടഞ്ഞുനിര്‍ത്തി. അധികൃതരുടെയും പൊലിസിന്റെയും ധിക്കാരപരമായ സമീപനത്തെ ചെറുത്തു തോല്‍പിച്ച സമരം വയനാടിന്റെ സമരചരിത്രത്തില്‍ പുതിയ ഏട് എഴുതിചേര്‍ക്കുന്നതായി. സമര വിജയത്തെ തുടര്‍ന്ന് ഇവര്‍ ഹാരിസണ്‍സ് കമ്പനിയുടെ മേലെ അരപ്പറ്റയിലെ ഓഫീസിലേക്ക് ഉജ്വലമാര്‍ച്ച് നടത്തി. ചെറുത്തുനില്‍പ്പിന്റെ ആദ്യാവസാനം സ്ത്രികള്‍ വീറോടെ പൊരുതി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി എ മുഹമ്മദ്, കെഎസ്കെടിയു ജില്ലാ പ്രസിഡന്റ് പി എസ് ജനാര്‍ദ്ദനന്‍, എകെഎസ് ജില്ലാ പ്രസിഡന്റ് സീത ബാലന്‍, സെക്രട്ടറി പി വാസുദേവന്‍, സംസ്ഥാന ട്രഷറര്‍ വി കേശവന്‍, കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് ടി ബി സുരേഷ്, സെക്രട്ടറി സി കെ സഹദേവന്‍, വി പി ശങ്കരന്‍ നമ്പ്യാര്‍, എം ഡി സെബാസ്റ്റ്യന്‍, എം സെയ്ദ്, കെ സുഗതന്‍, യു കരുണന്‍, പി സി ഹരിദാസ്, സിജി റോഡ്രിക്സ്, കെ സെയ്തലവി, ഇ എ രാജപ്പന്‍, പി എം നാസര്‍, വി ഹാരിസ് എന്നിവര്‍ നേതൃത്വം നല്‍കി. പൊലീസ് മടങ്ങിയശേഷം സമരഭുമിയില്‍ പൊതുയോഗവും നടത്തി.

പോരാട്ടവീര്യവുമായി വീട്ടമ്മമാര്‍

അരപ്പറ്റ: "ഇബ്ടന്ന് ഒഴിഞ്ഞുപോവാന്‍ പറയാന്‍ ഇവര്‍ക്കെന്തവാകാശം, ഞങ്ങള്‍ എവിടെയും പോവില്ല, കഷ്ടപ്പെട്ടാണ് ഇവിടെ കുടില്‍കെട്ടി താമസിക്കുന്നത്. വേറെ ഇടമൊന്നുമില്ല." പൂര്‍ണ ഗര്‍ഭിണിയായ ബിന്ദു തളര്‍ന്നിരിക്കുകയാണ്. ശാരീരിക അവശതകള്‍ വകവെക്കാതെ ബിന്ദുവും സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു. ഭര്‍ത്താവ് രാമകൃഷ്ണനും രണ്ട് മക്കള്‍ക്കുമൊപ്പമാണ് താമസം. കൂലി പണിയെടുത്താണ് കഴിയുന്നത്. തനിക്ക് ജനിക്കാന്‍പോകുന്ന കുഞ്ഞിനുവേണ്ടിക്കുടിയാണ് ഈ പോരാട്ടമെന്നും ബിന്ദു പറയുന്നു. "പിഞ്ചുമക്കളെയും കൊണ്ട് ഞങ്ങള്‍ എങ്ങട്ട് ഇറങ്ങണം, ഇവര് ഞങ്ങളെ കൊന്നിട്ട് കുടിയിറക്കിക്കട്ടെ". ബിന്ദുവിനെ പോലെ കുടിയിറക്കല്‍ ഭീഷണി നേരിടുന്ന ഹാജിറ, വത്സല, ലീല തുടങ്ങിയ അമ്മമാര്‍ക്കും പറയാനുള്ളത് ഇതുതന്നെ. ഇവരുടെ ഈ ഉറച്ച വാക്കുകളും സമരസന്നദ്ധതയും അരപ്പറ്റയില്‍ പ്രതിഷേധത്തിന് ആവേശം പകര്‍ന്നു. 145ഓളം കുടുംബങ്ങളാണ് ഹാരിസണ്‍സ് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന മിച്ചഭൂമിയില്‍ കുടില്‍കെട്ടി താമസിക്കുന്നത്. പ്രായാധിക്യത്താല്‍ അവശരായവരാണ് ഏറെയും. ഒരായ്ഷ്കാലം തോട്ടങ്ങളില്‍ അധ്വാനിച്ചവരാണിവര്‍. അധ്വാനവും ചൂഷണവും ഇവര്‍ക്ക് കിടപ്പാടംപോലുമില്ലാതാക്കി. ജീവിതം വഴിമുട്ടിയാണ് ഇവരെല്ലാം മിച്ചഭൂമിയില്‍ കുടില്‍ കെട്ടിയത്. കെഎസ്കെടിയുവിന്റെയും എകെഎസ്എസിന്റെയും പിന്തുണയോടെ സംയുക്ത ഭൂസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ഒന്നരവര്‍ഷമായി ഇവര്‍ കുടില്‍കെട്ടികഴിയുകയാണ്. മുള്‍കാടുകള്‍ വിളകള്‍ക്ക് വഴിമാറി. കപ്പയും വാഴയും ചേമ്പും ഭൂമികളില്‍ തഴച്ചുവളരുകയാണ്.

നെടുമ്പാല: കുടിയൊഴിപ്പിച്ചവരെ ക്യാമ്പില്‍നിന്നും ഇറക്കിവിട്ടു

കല്‍പ്പറ്റ: നെടുമ്പാലയില്‍നിന്നും കുടിയൊഴിപ്പിച്ചവരെ ക്യാമ്പില്‍നിന്നും ഇറക്കിവിട്ടു. കഴിഞ്ഞദിവസം നെടുമ്പാലയില്‍നിന്നും കുടിയിറക്കിയ ഏഴ് കുടുംബങ്ങള്‍ക്കായി മേപ്പാടി ഗവ.എല്‍പി സ്കൂളില്‍ തുടങ്ങിയ ക്യാമ്പാണ് ശനിയാഴ്ച രാവിലെ അവസാനിപ്പിച്ചത്. ഇതോടെ ഇവര്‍ വഴിയാധാരമായി. എവിടേയ്ക്ക് പോകണമെന്നറിയാതെ ഇവര്‍ കുഴങ്ങി. പ്രായമായവരെവരെ പൊലീസ് പിടിച്ചിറക്കി ക്ലാസ് മുറികള്‍ താഴിട്ട് പൂട്ടി.ഹാരിസണ്‍സ് അനധികൃതമായി നെടുമ്പാലയില്‍ കൈവശംവെച്ചിരിക്കുന്ന ഭൂമിയില്‍ കുടില്‍കെട്ടിതാമസിച്ച ഇവരെ കഴിഞ്ഞ 29നാണ് ഒഴിപ്പിച്ചത്. ക്രൂരമായിട്ടായിരുന്നു കുടിയിറക്കല്‍. വൃദ്ധയവരെ വലിച്ചിഴച്ചു. ഇവര്‍ക്ക് പോകാന്‍ മറ്റിടമില്ലെന്ന് ബോധ്യമായതോടെ കലക്ടര്‍തന്നെ മുന്‍കൈയ്യെടുത്താണ് മേപ്പാടി സ്കൂളില്‍ താമസിപ്പിച്ചത്. ഇതേ കലക്ടറുടെ നിര്‍ദേശപ്രകാരമാണ് ശനിയാഴ്ച ഇവരെ ക്യാമ്പില്‍നിന്നും ഒഴിപ്പിച്ചതും. വൈത്തിരി ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ പൊലീസ് സഹായത്തോടെയായിരുന്നു ഒഴിപ്പിക്കല്‍. തങ്ങളുടെ നിസഹായാവസ്ഥ ഇവര്‍ ബോധിപ്പിച്ചെങ്കിലും അധികൃതര്‍ വഴങ്ങിയില്ല. ഭൂസംരക്ഷണസമിതയുടെ നേതൃത്വത്തിലായിരുന്നു ഇവരെ നെടുമ്പാലയില്‍ കുടില്‍കെട്ടി താമസിപ്പിച്ചത്. എന്നാല്‍ കുടിയൊഴിപ്പിക്കല്‍ ചെറുക്കാനോ ക്യാമ്പില്‍ സംരക്ഷണം നല്‍കാനോ ഇവരുണ്ടായില്ല. കലക്ടറുടെ തലതിരിഞ്ഞ നടപടികള്‍ അവസാനിപ്പിക്കണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി സി കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. ക്യാമ്പ് ഒരുക്കികൊടുത്തതും അവിടെനിന്നും ഇറക്കിവിട്ടതും കലക്ടര്‍തന്നെയാണ്. മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

എച്ച്എംഎല്ലും സര്‍ക്കാരും ഒത്തുകളിക്കുന്നു

കല്‍പ്പറ്റ: എച്ച്എംഎല്‍ ഭൂമി പ്രശ്നത്തില്‍ സര്‍ക്കാരും ഭൂഉടമകളും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി ആരോപിച്ചു. എച്ച്എംഎല്ലിന് ജില്ലയില്‍ ഒരു സെന്റ് ഭൂമിയില്ല. ഇത് മറച്ചുവെച്ചാണ് ഭൂരഹിതരെ കുടിയൊഴിപ്പിക്കുന്നത്. ഇത് സര്‍ക്കാര്‍ ഭൂമിയാണെന്ന് കലക്ടര്‍ സര്‍ക്കാരിന് രേഖാമൂലം വിവരം നല്‍കിയിട്ടുണ്ട്. ഇവിടെ കുടില്‍കെട്ടി സ്ഥാപിക്കുന്നവര്‍ക്ക് ഭൂമി പതിച്ചുനല്‍കണം. ഭൂരഹിതരായ തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. ഭൂമി പതിച്ചുനല്‍കുന്നതിനുപകരം പൊലീസിനേയും മറ്റും ഉപയോഗിച്ച് ബലമായി കുടിയിറക്കുന്നത് പരാജയപ്പെടുത്താന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും മുന്നിട്ടിറങ്ങണം. കുടിയിറക്കലിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തികൊണ്ടുവരണം.

വന്‍കിടക്കാര്‍ക്ക് വേണ്ടിയുള്ള ഒത്തുകളി: സിപിഐ

കല്‍പ്പറ്റ: വന്‍കിട എസ്റ്റേറ്റുകളോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളില്‍ കൂരകെട്ടിയും കൃഷി ചെയ്തും താമസിക്കുന്ന കുടുംബങ്ങളെ കാലഹരണപ്പെട്ട ചില കോടതി വിധികളുടെ പേരില്‍ കുടിയൊഴിപ്പിക്കാനുള്ള നീക്കങ്ങള്‍ എസ്റ്റേറ്റുടമകള്‍ക്കായി സര്‍ക്കാര്‍ നടത്തുന്ന തരംതാണ ഒത്തുകളിയാണെന്ന് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് ആരോപിച്ചു. സര്‍ക്കാര്‍ ഭൂമിയാണെന്നും പലവിധ കോടതി വിധികളുടെ ഭാഗമാണെന്നും ന്യായങ്ങള്‍ നിരത്തി കര്‍ഷകരെ തെരുവാധാരമാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നാണംകെട്ട ചെയ്തികളില്‍ നിന്ന് അവര്‍ പിന്‍മാറണം. വീടുകളില്‍ നിന്ന് പൊലീസിനെ ഉപയോഗിച്ച് നെടുമ്പാലയില്‍ കുടിയൊഴിപ്പിച്ചവരെ താല്‍ക്കാലിക ഷെല്‍ട്ടറുകളില്‍ നിന്ന് വീണ്ടും പുറത്താക്കിയ നടപടി മനുഷ്യത്വ വിരുദ്ധമാണ്. ഇത് ജനാധിപത്യ സര്‍ക്കാറുകള്‍ക്ക് ഭൂഷണമല്ല. ഭൂമിക്കു വേണ്ടി ജില്ലയില്‍ നടക്കുന്ന മുഴുവന്‍ പ്രക്ഷോഭങ്ങള്‍ക്കും സിപിഐ പിന്തുണ പ്രഖ്യാപിച്ചു.

deshabhimani

No comments:

Post a Comment