Saturday, May 17, 2014

പ്രസക്തി നഷ്ടപ്പെട്ട് സോഷ്യലിസ്റ്റ് ജനത

പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ എം പി വീരേന്ദ്രകുമാര്‍ നിലംതൊടാതെ പോയതോടെ കേരള രാഷ്ട്രീയത്തില്‍ സോഷ്യലിസ്റ്റ് ജനതയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നു. നേതാവിന്റെ സ്വാര്‍ഥ താല്‍പ്പര്യം സംരക്ഷിക്കാന്‍ പാര്‍ടിനിലപാട് ബലികഴിച്ചതിന്റെ ദുരന്തമായി ജനവിധി മാറി. സ്വന്തം പത്രത്തിന്റെ ബലത്തില്‍ എന്തും ചെയ്യാമെന്ന വീരേന്ദ്രകുമാറിന്റെ ഹുങ്കിന് ജനങ്ങള്‍ നല്‍കിയ മറുപടികൂടിയാണ് എം ബി രാജേഷിനു മുന്നിലെ ദയനീയ അടിയറവ്. സോഷ്യലിസ്റ്റ് ജനതയുടെ മൂല്യാധിഷ്ഠിത രാഷ്ട്രീയനിലപാടിനെ കഴിഞ്ഞ അഞ്ചുവര്‍ഷമായി വീരേന്ദ്രകുമാറും മകനും പരസ്യമായി തള്ളുകയായിരുന്നു. ഒരു സീറ്റിനുവേണ്ടി എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേക്കേറിയ വീരേന്ദ്രകുമാര്‍, അതുവരെ താന്‍ സ്വീകരിച്ച രാഷ്ട്രീയനിലപാടിനു വിരുദ്ധമായാണ് പിന്നീട് പ്രവര്‍ത്തിച്ചത്. ഈ സാഹചര്യത്തില്‍ സോഷ്യലിസ്റ്റ് ജനത നിലനില്‍ക്കണോ എന്ന ചോദ്യം പ്രസക്തമാണെന്ന് ജനതാദള്‍ നേതാവ് കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

വീരേന്ദ്രകുമാര്‍ എന്ന രാഷ്ട്രീയനേതാവിന്റെ കപടമുഖം തുറന്നുകാട്ടുന്നതായിരുന്നു തെരഞ്ഞെടുപ്പ്. "ഗാട്ടും കാണാച്ചരടുകളും"എന്ന പേരില്‍ പുസ്തകം എഴുതിവിറ്റ് പണം നേടിയ വീരേന്ദ്രകുമാര്‍, നവ ഉദാരവല്‍ക്കരണത്തിന്റെ കെടുതികള്‍ സാധാരണക്കാരനെ വരിഞ്ഞുമുറുക്കുന്നത് കാണുന്നില്ലേ എന്ന എല്‍ഡിഎഫിന്റെ ചോദ്യത്തിന് പ്രചരണവേദിയില്‍ മറുപടിയില്ലായിരുന്നു. അനധികൃതമായി കൈവശംവയ്ക്കുന്ന ആദിവാസിഭൂമി സംരക്ഷിക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുമ്പോള്‍ ആദിവാസിപ്രേമവും പരിസ്ഥിതിസ്നേഹവുമൊക്കെ മറന്നു. പ്ലാച്ചിമട കൊക്കകോള കമ്പനിക്കെതിരെ നടത്തിയ സമരവും അതിനുശേഷം സ്വീകരിച്ച നിലപാടും അദ്ദേഹത്തിന്റെ മുഖംമൂടി വലിച്ചുകീറുന്നതായി. താന്‍ എംഡിയായ പത്രത്തിലെ മാധ്യമപ്രവര്‍ത്തകരോട് വേജ്ബോര്‍ഡ് വിഷയത്തില്‍ സ്വീകരിച്ച നിലപാട് വീരേന്ദ്രകുമാറിന്റെ തൊഴിലാളിവിരുദ്ധമനോഭാവം തുറന്നുകാട്ടി. അതിനെതിരെ സ്ഥാപനത്തിലെ ഒരു ജീവനക്കാരന്‍ മത്സരരംഗത്തു വന്നു. മാതൃഭൂമി എന്ന ദേശീയ ദിനപത്രത്തെ വ്യക്തിപരമായ ആവശ്യത്തിന് എങ്ങനെ ദുരുപയോഗിക്കാമെന്നും അദ്ദേഹം തെരഞ്ഞെടുപ്പിലൂടെ തെളിയിച്ചു.

പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാനെത്തിയപ്പോള്‍ വീരേന്ദ്രകുമാറിന്റെ പാര്‍ടിക്ക് ജില്ലാകമ്മിറ്റിപോലും നിലവിലുണ്ടായിരുന്നില്ല. പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും വിട്ടുപോയിരുന്നു. ആളെക്കിട്ടാതെ വന്നപ്പോള്‍ സ്വന്തം മകനെത്തന്നെ "ഡമ്മിസ്ഥാനാര്‍ഥി"യാക്കി. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ കുറുക്കുവഴിയിലൂടെ വിജയിക്കാനാണ് അച്ഛനും മകനും ശ്രമിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നു. പറയുന്നത് ഒന്ന്, പ്രവര്‍ത്തിക്കുന്നത് മറ്റൊന്ന് എന്ന വീരന്റെ നിലപാട്് ജനങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞുവെന്നതാണ് പാലക്കാട്ടെ പരാജയം തെളിയിക്കുന്നത്.

deshabhimani

No comments:

Post a Comment