Saturday, May 17, 2014

യുഡിഎഫിനും ഉമ്മന്‍ചാണ്ടിക്കും ഫലം ആശ്വാസമല്ല

തെരഞ്ഞെടുപ്പുഫലം സംസ്ഥാനരാഷ്ട്രീയത്തില്‍ യുഡിഎഫിന് ആശ്വാസമല്ല, ആഘാതമാണ്. ചരിത്രത്തില്‍ ഇതുവരെ കാണാത്തവിധം ദേശീയമായി കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതും മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സംസ്ഥാനത്ത് പിന്നോട്ടടിക്കപ്പെട്ടതും യുഡിഎഫ് നേരിടുന്ന സുനാമിയാണ്. മോഡിപ്പേടിയിലെ രക്ഷയ്ക്ക് കോണ്‍ഗ്രസെന്ന മന്ത്രത്തില്‍ പിടിച്ചുനിര്‍ത്തിയിരുന്ന ഘടകകക്ഷികളും അവരെ പ്രതിനിധാനംചെയ്യുന്ന ജനവിഭാഗങ്ങളും മാറിച്ചിന്തിക്കാന്‍ ഇനി ഇടയാകും. അത് ഭരണരാഷ്ട്രീയത്തിന്റെ അടിത്തറ ഇളക്കുകയും ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ ആയുസ്സ്ഉലയ്ക്കുന്ന വന്‍ പ്രത്യാഘാതമായി ഏത് ഘട്ടത്തിലും മാറുകയും ചെയ്യാം. 20 സീറ്റില്‍ പന്ത്രണ്ടില്‍ ജയിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച മുഖ്യമന്ത്രിയുടെ ചുണ്ടിലെ ചിരി എപ്പോള്‍ വേണമെങ്കിലും മങ്ങാനും മായാനും സാധ്യതയുണ്ടെന്ന് സാരം. ജനകീയപ്രശ്നങ്ങളിലെ ഭിന്നത കാരണം കോണ്‍ഗ്രസുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ഘടകകക്ഷികള്‍ ഇന്നലെവരെ മടിച്ചത് കോണ്‍ഗ്രസ് നയിച്ച കേന്ദ്രഭരണത്തിന്റെ ബലത്തിലാണ്. ആ ഭരണം ഇല്ലാതായതോടെ രാഷ്ട്രീയമായി ദുര്‍ബലമായിരിക്കുകയാണ് യുഡിഎഫ്.

മോഡിയുടെയും ബിജെപിയുടെയും തരംഗത്തിനിടയിലും മോഡിമുക്ത സംസ്ഥാനമായി കേരളത്തെ കാത്തുസൂക്ഷിച്ചുവെന്നത് മതനിരപേക്ഷതയുടെ വിജയമാണ്. എങ്കിലും ബിജെപിയുടെ വോട്ട് 11 ശതമാനത്തിലെത്തി ഗണ്യമായി വര്‍ധിച്ചതും തിരുവനന്തപുരത്ത് വിജയത്തിന് അടുത്തെത്തിയതും ജാഗ്രത ആവശ്യപ്പെടുന്ന വസ്തുതയാണ്. ഇനി മോഡിസര്‍ക്കാരിന്റെ വരവോടെ കനപ്പെടുന്ന ഫാസിസ്റ്റ് ഭീഷണി നേരിടുന്നതിന് കേരളത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിക്കല്ല എല്‍ഡിഎഫിനാണ് കൂടുതല്‍ കരുത്തും വിശ്വാസ്യതയുമെന്നത് തീര്‍ച്ചയായും തിരിച്ചറിയപ്പെടും. ദേശീയമായി ഇടതുപക്ഷത്തിനും തിരിച്ചടിയുണ്ടായെങ്കിലും കേരളത്തില്‍ ഏറെക്കുറെ ഒപ്പത്തിനടുത്തെന്ന വിജയം എല്‍ഡിഎഫ് നേടി. കഴിഞ്ഞതവണ യുഡിഎഫിന് 16 സീറ്റാണ് ലഭിച്ചത്. കോണ്‍ഗ്രസിന് 13 സീറ്റും. ഇതിനേക്കാള്‍ മികച്ച നേട്ടം കൈവരിക്കുമെന്നും ഇല്ലെങ്കില്‍ തോല്‍വിയുടെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുമെന്നും മുന്‍കൂറായി പറഞ്ഞിരുന്ന ഉമ്മന്‍ചാണ്ടി, അത് വിസ്മരിക്കുകയാണ്.

കഴിഞ്ഞതവണത്തെ അപേക്ഷിച്ച് നാല് സീറ്റ് കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. നാല് സീറ്റുണ്ടായിരുന്ന എല്‍ഡിഎഫ് സീറ്റ് ഇരട്ടിയാക്കി. 2009ലേക്കാള്‍ ഭൂരിപക്ഷത്തില്‍ മൂന്നുലക്ഷത്തോളം വോട്ടിന്റെ കുറവ് യുഡിഎഫിനുണ്ടായി. ഈ സാഹചര്യത്തില്‍ മന്ത്രിസഭാപുനഃസംഘടന, ഭരണനയം തുടങ്ങിയവ തന്നിഷ്ടംപോലെ നടപ്പാക്കാന്‍ ഉമ്മന്‍ചാണ്ടിക്കോ കെപിസിസി പ്രസിഡന്റ് വി എം സുധീരനോ കഴിയില്ല. സുധീരനെ കെപിസിസി തലവനാക്കിയപ്പോള്‍ രമേശ് ചെന്നിത്തലയുടെ കാലത്തെ വിജയംപോലും കിട്ടാതെ പോയി. കോണ്‍ഗ്രസിന്റെ കോട്ടയെന്ന് കരുതിയ ചാലക്കുടി, ഇടുക്കി, കണ്ണൂര്‍, തൃശൂര്‍പോലുള്ള സീറ്റുകള്‍പോലും നഷ്ടപ്പെട്ടു. ഇത് സുധീരനെതിരെ കോണ്‍ഗ്രസില്‍ അലയടിക്കുന്ന എതിര്‍ശബ്ദങ്ങളെ ശക്തിപ്പെടുത്തും.

ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് ചായ്വ് പൊതുവില്‍ പ്രകടിപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇതുവരെയുള്ള പൊതുസ്വഭാവം കണക്കെടുത്താല്‍ യുഡിഎഫിന് ലഭിക്കേണ്ട ശരാശരി സീറ്റ് പതിനാലാണ്. ആ അര്‍ഥത്തില്‍ ഇടതുപക്ഷം രണ്ട് സീറ്റ് അധികം നേടിയെങ്കിലും ദേശീയമായി വീശിയ കോണ്‍ഗ്രസ്വിരുദ്ധ കാറ്റ് ആ തോതില്‍ കേരളത്തില്‍ ആഞ്ഞടിക്കാതിരുന്നതിനും ഭരണവിരുദ്ധഘടകങ്ങള്‍ പൂര്‍ണമായി വോട്ടാകാതിരുന്നതിനും യുഡിഎഫിന്റെ സാമുദായിക അടിത്തറ പ്രതിബന്ധമായിട്ടുണ്ട്. പക്ഷേ, എല്‍ഡിഎഫും സിപിഐ എമ്മും സ്വീകരിച്ച തെരഞ്ഞെടുപ്പുതന്ത്രങ്ങളും സ്വതന്ത്രന്മാരെ യുഡിഎഫ് കോട്ടകള്‍ പിടിച്ചെടുക്കാന്‍ നിയോഗിച്ചതും പൊതുവില്‍ സ്വീകാര്യത നേടിയെന്ന് ജനവിധി തെളിയിക്കുന്നു. മറുകണ്ടം ചാടിയ ആര്‍എസ്പി കൊല്ലത്ത് ജയിച്ചതിനെതുടര്‍ന്ന്, പത്തനംതിട്ട നല്‍കി അവരെ മുന്നണിയില്‍ പിടിച്ചുനിര്‍ത്തണമായിരുന്നെന്ന ചിലരുടെ ചാനല്‍ചര്‍ച്ച മറച്ചുവയ്ക്കുന്നത് മാസത്തിനുമുമ്പേ യുഡിഎഫില്‍ ചേക്കേറാന്‍ കച്ചവടം ഉറപ്പിച്ചിരുന്നുവെന്ന വസ്തുതയെയാണ്.

ആര്‍ എസ് ബാബു deshabhimani

No comments:

Post a Comment