Friday, May 16, 2014

പ്രതിഫലിച്ചത് കോണ്‍ഗ്രസ് വിരുദ്ധ വികാരം: കാരാട്ട്

കോണ്‍ഗ്രസ് വിരുദ്ധവികാരമാണ് 16-ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും യുപിഎയെയും തകര്‍ത്തെറിഞ്ഞതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യക്തവും നിര്‍ണായകവുമാണ് ജനവിധി. ബിജെപിക്കും എന്‍ഡിഎക്കും വന്‍വിജയം സമ്മാനിച്ചത് ഈ വിരുദ്ധതരംഗമാണ്്. പണത്തിന്റെ അഭൂതപൂര്‍വമായ ദുരുപയോഗമാണ് ഈ തെരഞ്ഞെടുപ്പിലുണ്ടായത്. ഫലം സിപിഐ എമ്മിനും മറ്റ് ഇടതുപക്ഷപാര്‍ടികള്‍ക്കും നിരാശാജനകമാണ്.

കേരളത്തില്‍ എല്‍ഡിഎഫ് നേട്ടമുണ്ടാക്കി. സീറ്റിന്റെ എണ്ണം നാലില്‍നിന്ന് എട്ടായി. ത്രിപുരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം വര്‍ധിച്ചു. അതേസമയം, പശ്ചിമബംഗാളിലെ ജനവിധി അംഗീകരിക്കാന്‍ കഴിയുന്നതല്ല. ബൂത്തുപിടിത്തവും അക്രമവും ഭീഷണിയും തിരിമറിയും വഴി ഉണ്ടാക്കിയ കൃത്രിമഫലമാണ് ബംഗാളിലേത്. സംസ്ഥാനത്തെ സിപിഐ എമ്മിന്റെയും ഇടതുമുന്നണിയുടെയും ജനകീയപിന്തുണ പ്രതിഫലിക്കുന്ന തെരഞ്ഞെടുപ്പുഫലമല്ല ഉണ്ടായത്. മൂന്നാംഘട്ടം മുതല്‍ ബംഗാളിലെ വോട്ടെടുപ്പിലുണ്ടായ ക്രമക്കേടുകള്‍ തടയുന്നതില്‍ കമീഷന്‍ പരാജയപ്പെട്ടു. സംസ്ഥാനത്തെ 3200 ബൂത്തില്‍ ക്രമക്കേടുകള്‍ നടന്നു. 42 മണ്ഡലത്തില്‍ 32ലും നിഷ്പക്ഷമായി വോട്ടെടുപ്പ് നടന്നിട്ടില്ല. ഇടതുമുന്നണി പ്രവര്‍ത്തകര്‍ മാത്രമല്ല, കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരും ആക്രമണങ്ങള്‍ക്ക് ഇരയായി. തെളിവുസഹിതം കാര്യങ്ങള്‍ പുറത്തുവന്നിട്ടും 16 ബൂത്തില്‍ മാത്രമാണ് റീപോളിങ് നടത്തിയത്.

തുടര്‍ച്ചയായുള്ള ആക്രമണങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കാതെ ബംഗാളില്‍ സിപിഐ എമ്മിനും ഇടതുമുന്നണിക്കും വേണ്ടി സുധീരം പ്രവര്‍ത്തിച്ച പാര്‍ടിപ്രവര്‍ത്തകരെ പൊളിറ്റ് ബ്യൂറോ അഭിവാദ്യംചെയ്തു. ദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞ് അവ പരിഹരിക്കാനുള്ള നടപടികള്‍ പാര്‍ടി കൈക്കൊള്ളും. വിലക്കയറ്റം, കാര്‍ഷികപ്രതിസന്ധി, അഴിമതി എന്നിവയ്ക്ക് വഴിതെളിച്ച യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയാണ് ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതികരിച്ചത്. മാറ്റത്തിനുവേണ്ടിയും ഇത്തരം പ്രശ്നങ്ങളില്‍നിന്ന് ആശ്വാസം പ്രതീക്ഷിച്ചുമാണ് ജനങ്ങള്‍ വോട്ടുചെയ്തത്. അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ താല്‍പ്പര്യങ്ങളുംരാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ ചട്ടക്കൂടും സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനം സിപിഐ എം തുടരുമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. കൊല്ലത്ത് ആര്‍എസ്പിയല്ല, യുഡിഎഫ് സ്ഥാനാര്‍ഥിയാണ് വിജയിച്ചതെന്ന് കാരാട്ട് ചോദ്യത്തോട് പ്രതികരിച്ചു.

എല്‍ഡിഎഫ് മുന്നേറ്റം അഭിമാനകരം: വി എസ്

കേരളത്തില്‍ കഴിഞ്ഞ തവണത്തേതിന്റെ ഇരട്ടി സീറ്റുകളോടെ എല്‍ഡിഎഫിന് മോശമല്ലാത്ത മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞുവെന്നത് അഭിമാനകരമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ കീഴില്‍ അരങ്ങേറിയ അഴിമതി, കോര്‍പറേറ്റ്വല്‍ക്കരണം, വിലക്കയറ്റം, സ്ത്രീകള്‍ക്കെതിരായ ആക്രമണം എന്നിവയ്ക്കെതിരെ ജനങ്ങളെ അണിനിരത്തുന്നതിനുള്ള ശ്രമങ്ങളില്‍ വേണ്ടത്ര വിജയംകൈവരിക്കാന്‍ ആയിട്ടില്ല. രാജ്യത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ബിജെപി-സംഘപരിവാര്‍ ശക്തികള്‍ നടത്തിയ നീക്കങ്ങളെ പ്രതിരോധിക്കാന്‍ നടത്തിയ ശ്രമങ്ങളിലും വിജയിക്കാന്‍ കഴിയാതെവന്നു. ഈ സാഹചര്യത്തിലും കേരളത്തില്‍ ഇരട്ടി സീറ്റുകള്‍ നേടി ഇടതുപക്ഷ മുന്നേറ്റമുണ്ടാക്കാന്‍ സഹായിച്ച മുഴുവന്‍ ജനങ്ങളെയും അഭിവാദ്യംചെയ്യുന്നു- വി എസ് പ്രസ്താവനയില്‍ പറഞ്ഞു.

കൂടുതല്‍ വോട്ട് നേടി: വൈക്കം വിശ്വന്‍

തിരു: 2009ല്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ട് എല്‍ഡിഎഫ് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. കോര്‍പറേറ്റ് മാധ്യമങ്ങളുടെ സഹായത്തോടെ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരായി നടത്തിയ പ്രചാരണങ്ങളെ അതിജീവിച്ചാണ് ഈ നേട്ടം കൈവരിച്ചത്. എല്ലാ ജാതി- മത പിന്തിരിപ്പന്‍ശക്തികളുമായും കൂട്ടുചേര്‍ന്ന് ഇടതുപക്ഷത്തെ തകര്‍ക്കാന്‍ വലതുപക്ഷശക്തികള്‍ നടത്തിയ പരിശ്രമങ്ങളെ അതിജീവിച്ചുകൊണ്ടാണ് എല്‍ഡിഎഫിന് ഈ വിജയം നേടാനായത് എന്നതും ശ്രദ്ധേയമാണ്. ബിജെപി മുന്നോട്ടുവയ്ക്കുന്ന വര്‍ഗീയ- ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരായി കൂടുതല്‍ ജാഗ്രതയോടെ മതേതര- ജനാധിപത്യശക്തികള്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും ഈ തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നു. എല്‍ഡിഎഫിനെ വിജയിപ്പിക്കാന്‍ പരിശ്രമിച്ച എല്ലാ പ്രവര്‍ത്തകരെയും വോട്ടര്‍മാരെയും ഇടതുപക്ഷ ജനാധിപത്യമുന്നണിക്കുവേണ്ടി അഭിവാദ്യം ചെയ്യുന്നതായി വൈക്കം വിശ്വന്‍ പ്രസ്താവനയില്‍ പറഞ്ഞു.

നില മെച്ചപ്പെടുത്തി: പന്ന്യന്‍ രവീന്ദ്രന്‍

തിരു: പതിനാറാം ലോക്സഭാതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി അഭിമാനാര്‍ഹമായ പോരാട്ടമാണ് കേരളത്തില്‍ കാഴ്ചവച്ചതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞതവണത്തേക്കാള്‍ നില മെച്ചപ്പെടുത്താന്‍ മുന്നണിക്ക് കഴിഞ്ഞു. കഴിഞ്ഞതവണ ഒന്നരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന വയനാട് മണ്ഡലത്തില്‍ ഇത്തവണ ശക്തമായ മത്സരത്തിലൂടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാന്‍ സിപിഐ സ്ഥാനാര്‍ഥി സത്യന്‍ മൊകേരിക്ക് കഴിഞ്ഞു. സി എന്‍ ജയദേവന്‍ തൃശൂരില്‍ അഭിമാനാര്‍ഹമായ വിജയമാണ് കരസ്ഥമാക്കിയത്. അതുപോലെ കണ്ണൂര്‍, ഇടുക്കി, ചാലക്കുടി സീറ്റുകളും യുഡിഎഫില്‍നിന്ന് പിടിച്ചെടുക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു. രാജ്യത്താകമാനം മോഡിതരംഗമാണെന്ന പ്രചാരണവും ആര്‍എസ്എസിന്റെ സജീവതയും കേരളത്തിലെ മതന്യൂനപക്ഷങ്ങളെ ആശങ്കയിലാഴ്ത്തി. അതിന്റെ ഭാഗമായി ന്യൂനപക്ഷങ്ങളില്‍ ഒരുവിഭാഗം യുഡിഎഫിനെ സഹായിച്ചതായി കണക്കാക്കാമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment