Sunday, May 18, 2014

ഇത് മിന്നും വിജയം എളിമയോടെ ഇന്നസെന്റ്

ഇരിങ്ങാലക്കുട: വോട്ടെണ്ണല്‍ തുടങ്ങുമ്പോള്‍ "പാര്‍പ്പിടം" പിരിമുറുക്കത്തിലായിരുന്നു. മാധ്യമപ്രവര്‍ത്തകരും ഇന്നസെന്റിന്റെ കുടുംബാംഗങ്ങളും ബന്ധുക്കളുമായി ചെറിയൊരു സദസ്സാണ് ടിവിക്കു മുന്നില്‍ വോട്ടെണ്ണല്‍ ദൃശ്യങ്ങള്‍ കാണാനും കണക്കുകൂട്ടാനുമായി ഉണ്ടായിരുന്നത്. ചെറിയ ലീഡുകള്‍ ടിവിയില്‍ എഴുതിക്കാണിച്ചതോടെ, സ്വതസിദ്ധമായ ശൈലിയിലുള്ള ഇന്നസെന്റിന്റെ കമന്റുകളാണ് പിരിമുറുക്കം കുറച്ചത്. ലീഡ് ഉയരുമ്പോഴും അദ്ദേഹത്തിന് കുലുക്കമില്ല. ഒടുവില്‍ വിജയപ്രഖ്യാപനമെത്തിയതോടെ ജനത്തിന് നന്ദി പറഞ്ഞ് പുറത്തിറങ്ങി. നേരെ അപ്പന്റെയും അമ്മയുടെയും കുഴിമാടത്തിലെത്തി പൂക്കള്‍ അര്‍പ്പിച്ച് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി. രാവിലെമുതല്‍ ഇരിങ്ങാലക്കുടയിലെ വസതിയായ "പാര്‍പ്പിടത്തി"ല്‍ ആള്‍ക്കൂട്ടം എത്തിത്തുടങ്ങി. സിപിഐ എം തൃശൂര്‍ ജില്ലാ സെക്രട്ടറിയറ്റംഗം യു പി ജോസഫ് രാവിലെതന്നെ ഇവിടെയുണ്ടായിരുന്നു. വോട്ടെണ്ണല്‍ തുടങ്ങിയപ്പോഴേക്കും മാധ്യമപ്രവര്‍ത്തകരും ബന്ധുക്കളും കുടുംബാംഗങ്ങളുമായി സദസ്സ് ടിവിക്കു മുന്നിലെത്തി. ഭാര്യ ആലീസ്, മകന്‍ സോണറ്റ്, പേരക്കുട്ടികളായ അന്ന, ഇന്നസെന്റ് എന്നിവരെല്ലാം ടിവിക്കു മുന്നിലായി. ഇടയ്ക്ക് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയെങ്കിലും "വോട്ടെണ്ണല്‍ കഴിയട്ടെ, എന്നിട്ടാകാം പ്രതികരണം" എന്നായിരുന്നു മറുപടി.

ഒരു ലക്ഷത്തോളം വോട്ട് എണ്ണാന്‍ ബാക്കിയുണ്ടെന്നും പതിനോരായിരത്തില്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷമെന്നും ടിവിയില്‍ അവതാരകന്‍ പറഞ്ഞതോടെ "ഇവിടെ വച്ചു എണ്ണല്‍ അവസാനിപ്പിച്ചാല്‍ വിജയിക്കാമായിരുന്നു, അങ്ങനെയാകാന്‍ വകുപ്പില്ലല്ലോ" എന്ന ഇന്നസെന്റിന്റെ കമന്റ് ചിരിപടര്‍ത്തി. പിന്നാലെ ലീഡ് ഉയരുന്ന ദൃശ്യങ്ങള്‍ ടിവിയില്‍ തെളിഞ്ഞുകൊണ്ടേയിരുന്നു. വിജയം ഉറപ്പിച്ചതോടെ ലഡുവിതരണം തുടങ്ങി. പാര്‍ടിപ്രവര്‍ത്തകര്‍ പൂക്കള്‍കൊണ്ടുള്ള കിരീടം അണിയിച്ചും തെരഞ്ഞെടുപ്പ് ചിഹ്നമായ കുടങ്ങള്‍ സമ്മാനിച്ചുമാണ് വിജയം ആഘോഷിക്കാനെത്തിയത്. ഇതിനിടെ ഫോണിലേക്ക് തുരുതുരാ വന്ന കോളുകള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ വീണ്ടും വന്നുകൊണ്ടേയിരുന്നു. വിജയപ്രഖ്യാപനം വന്നതോടെ പ്രതികരണം കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് മനസ്സുതുറന്നു. ജനങ്ങള്‍ക്കൊപ്പം എപ്പോഴുമുണ്ടാകുമെന്ന് പ്രഖ്യാപിച്ച ഇന്നസെന്റ് ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് പറഞ്ഞു. എല്‍ഡിഎഫിന്റെ ശക്തിയാണ് തന്റെ വിജയം. ആ ശക്തിയില്‍ തനിക്ക് വിശ്വാസമുണ്ടായിരുന്നു. സിനിമ തന്റെ തൊഴിലാണ്. എന്നാല്‍, ആ തൊഴിലിനെയും രാഷ്ട്രീയം തനിക്ക് പറ്റില്ലെന്നും പ്രചരിപ്പിച്ച് പരിഹസിക്കലാണ് ചിലരുടെ ഭാഗത്തുനിന്നുണ്ടായത്. എതിരാളികളുടെ ഈ പ്രചാരണം, പരാജയം അവര്‍ മുമ്പേ മനസ്സിലാക്കിയതിനാലാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ശബ്ദമാകാന്‍ ഇന്നസെന്റ്

കൊച്ചി: രോഗം ഭേദമായതോടെ ചുറ്റുമുള്ളവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് അദ്ദേഹത്തിന്-വിഖ്യാത അര്‍ബുദരോഗ ചികിത്സകന്‍ ഡോ. വി പി ഗംഗാധരന്‍ ഇന്നസെന്റിന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് പറഞ്ഞവാക്കുകള്‍. ഡോ. ഗംഗാധരന്റെ വാക്കുകള്‍ ചാലക്കുടിയിലെ വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞുവെന്നതിന്റെ തെളിവായി തെരഞ്ഞെടുപ്പുഫലം. സുഖമില്ലാത്ത ഇന്നസെന്റിനെ സ്ഥാനാര്‍ഥിയാക്കിയത് ബലിയാടാക്കാനാണെന്നു പറഞ്ഞ യുഡിഎഫ് നേതൃത്വത്തിനുള്ള ചുട്ടമറുപടി. തിരിച്ചുകിട്ടിയ ജീവിതം ജനങ്ങള്‍ക്കുവേണ്ടി നീക്കിവയ്ക്കുന്നുവെന്നുപറഞ്ഞ് സമൂഹത്തിലേക്ക് ഇറങ്ങിവന്ന ഇന്നസെന്റിനെ അക്ഷരാര്‍ഥത്തില്‍ ജനം നെഞ്ചേറ്റുന്ന കാഴ്ചയാണ് പ്രചാരണത്തില്‍ ഉടനീളം ചാലക്കുടിയില്‍ കണ്ടത്്. രോഗത്തെപ്പോലും ചിരിച്ചുകൊണ്ടുനേരിട്ട ഇന്നസെന്റിന് തെരഞ്ഞെടുപ്പുവേളയിലും പ്രധാന ആയുധമായത് അതേ ചിരിതന്നെ. എതിരാളികളുടെ ആരോപണങ്ങള്‍ക്ക് ചുട്ടമറുപടി നല്‍കുമ്പോഴും അതില്‍ നര്‍മത്തിന്റെ നുറുങ്ങുകള്‍ ചാലിക്കാന്‍ ഇന്നസെന്റ് ജാഗ്രതകാട്ടി.

ഇരിങ്ങാലക്കുട തെക്കേത്തല വര്‍ഗീസിന്റെയും മാര്‍ഗലീത്തയുടെയും മകനായ ഇന്നസെന്റിന് നര്‍മഭാവന ജന്മസിദ്ധമായിരുന്നു. അപ്പന്‍ പകര്‍ന്ന കമ്യൂണിസ്റ്റ് പാരമ്പര്യം ഒരിക്കലും കൈവിടാതെ കാത്ത ഇന്നസെന്റ് വിലകുറഞ്ഞ ആരോപണങ്ങള്‍ക്ക് മറുപടി പറയുമ്പോഴും ആ ഔന്നത്യം കാത്തുസൂക്ഷിച്ചു. തമാശക്കാരന്‍ പാര്‍ലമെന്റിലെത്തിയാല്‍ എന്തുചെയ്യുമെന്ന ആരോപണത്തിന് തമാശ പറയാനെങ്കിലും എഴുന്നേറ്റുനില്‍ക്കുമല്ലോയെന്ന മറുപടിയാണ് ഇന്നസെന്റ് നല്‍കിയത്. 1948 ഫെബ്രുവരി 28നാണ് ഇന്നസെന്റ് ജനിച്ചത്. ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റിലും നാഷണല്‍ ഹൈസ്കൂളിലും ഡോണ്‍ബോസ്കോ എസ്എന്‍എച്ച് സ്കൂളിലുമായി പഠനം. 1972ല്‍ "നൃത്തശാല" എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം. തുടര്‍ന്ന് ജീസസ്, നെല്ല് തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളിലഭിനയിച്ചു. ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളെ ചിരിച്ചുനേരിട്ട ഇന്നസെന്റ് ഒരിക്കല്‍ നഗരസഭാ കൗണ്‍സിലറായും ജനങ്ങള്‍ക്കിടയിലെത്തി. പിന്നീട് രാഷ്ട്രീയം ഉപേക്ഷിച്ച് സജീവസിനിമാക്കാരനായ അദ്ദേഹം അറുന്നൂറോളം സിനിമകളില്‍ വേഷമിട്ടു. കലാമൂല്യംകൊണ്ട് ശ്രദ്ധേയമായ ഇളക്കങ്ങള്‍, വിടപറയുംമുമ്പേ, ഓര്‍മയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങളില്‍ സഹനിര്‍മാതാവായും കേരളം ഇന്നസെന്റിനെ കണ്ടു. നേതൃപാടവം തിരിച്ചറിഞ്ഞ അഭിനേതാക്കള്‍ തങ്ങളുടെ സംഘടനയായ അമ്മയെ നയിക്കാന്‍ 14 വര്‍ഷമായി തെരഞ്ഞെടുക്കുന്നതും ഇന്നസെന്റിനെത്തന്നെ. പുതിയ വെല്ലുവിളി ഏറ്റെടുത്ത് പാര്‍ലമെന്റില്‍ കേരളക്കരയുടെ ശബ്ദമാകാനുള്ള ഒരുക്കത്തിലാണ് മലയാളത്തിന്റെ പ്രിയനടന്‍. "മഴക്കണ്ണാടി", "ഞാന്‍ ഇന്നസെന്റ്" എന്നീ കൃതികളും "ചിരിക്കുപിന്നില്‍" എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചു. ഭാര്യ: ആലീസ്. മകന്‍: സോണറ്റ്. മരുമകള്‍: രശ്മി.

ചാലക്കുടി പിടിച്ചടക്കി

കൊച്ചി: കുത്തകമണ്ഡലമെന്ന് അവകാശപ്പെട്ട് മത്സരത്തിനിറങ്ങിയ യുഡിഎഫിനെ തറപറ്റിച്ച് ചാലക്കുടി ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് തിരിച്ചുപിടിച്ചു. 13,884 വോട്ടിന്റെ മിന്നുന്ന ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥി ഇന്നസെന്റ് കോണ്‍ഗ്രസിലെ പി സി ചാക്കോയെ പരാജയപ്പെടുത്തിയത്. ആകെ പോള്‍ചെയ്ത 8,84,369 വോട്ടില്‍ 3,58,440 വോട്ട് ഇന്നസെന്റ് നേടിയപ്പോള്‍ പി സി ചാക്കോയ്ക്കു നേടാനായത് 3,44,556 വോട്ട്. ബിജെപി സ്ഥാനാര്‍ഥി അഡ്വ. ബി ഗോപാലകൃഷ്ണന്‍ 92,848 വോട്ടും ആംആദ്മി പാര്‍ടി സ്ഥാനാര്‍ഥി കെ എം നൂറുദ്ദീന്‍ 35,189 വോട്ടും നേടി. ആദ്യമായി ഉള്‍പ്പെടുത്തിയ നോട്ടയ്ക്ക് വോട്ട്ചെയ്തവര്‍ 10,552 പേരാണ്. പ്രചാരണത്തിന്റെ എല്ലാ ഘട്ടത്തിലും മേല്‍ക്കൈ പുലര്‍ത്തിയ എല്‍ഡിഎഫ് മണ്ഡലത്തിലെ നാലു നിയമസഭാമണ്ഡലങ്ങളിലും മേല്‍ക്കൈ നേടി. 2009ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ്ഥാനാര്‍ഥി കെ പി ധനപാലന്‍ 71,679 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പാര്‍ലമെന്റിലെത്തിയത്. 2009ലെ തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത 7,92,767 വോട്ടില്‍ യുഡിഎഫ്് സ്ഥാനാര്‍ഥി കെ പി ധനപാലന്‍ 3,99,035 ഉം എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു പി ജോസഫ് 3,27,356 ഉം വോട്ട് നേടി. ബിജെപി സ്ഥാനാര്‍ഥി കെ വി സാബുവിന് 45,367 വോട്ട് ലഭിച്ചു. മണ്ഡലത്തിന്റെ പൂര്‍വരൂപമായ മുകുന്ദപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലോനപ്പന്‍ നമ്പാടന്‍ 1,17,097 വോട്ടിന് തെരഞ്ഞെടുക്കപ്പെട്ടത് അത്ഭുതമല്ലെന്നു തെളിയിക്കുന്നതായി ഇക്കുറി ചാലക്കുടിയിലെ ജനവിധി. വോട്ടെണ്ണലില്‍ ആദ്യറൗണ്ടില്‍ അല്‍പ്പനേരം പി സി ചാക്കോ മുന്നിട്ടുനിന്നതൊഴിച്ചാല്‍ എല്ലാ ഘട്ടത്തിലും ഇന്നസെന്റ് മേല്‍ക്കൈ പുലര്‍ത്തി. എല്‍ഡിഎഫ് തുടര്‍ച്ചയായി ലീഡ് ഉയര്‍ത്തുന്ന കാഴ്ചയായിരുന്നു വോട്ടെണ്ണല്ലില്‍ ഉടനീളം. 10 ശതമാനം വോട്ടെണ്ണിയപ്പോള്‍ എല്‍ഡിഎഫ് ലീഡ് 2500ഉം 50 ശതമാനം വോട്ടെണ്ണിയപ്പോള്‍ 8,853 ആയും ഉയര്‍ന്നു. പടിപടിയായി ലീഡ് ഉയര്‍ത്തി മുന്നേറിയ ഇന്നസെന്റും പി സി ചാക്കോയുമായുള്ള വ്യത്യാസം 56 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞതോടെ 10,000 കടന്നു. ഈഘട്ടത്തില്‍ ജയം ഉറപ്പിച്ച എല്‍ഡിഎഫിന് വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിലും വെല്ലുവിളി ഉയര്‍ത്താന്‍ യുഡിഎഫിനായില്ല. തപാല്‍വോട്ടുകളുടെ എണ്ണത്തിലും എല്‍ഡിഎഫ് വ്യക്തമായ ലീഡ് നേടി. ആകെയുണ്ടായിരുന്ന 925 തപാല്‍ വോട്ടില്‍ 420ഉം എല്‍ഡിഎഫിനൊപ്പംനിന്നു. 334 വോട്ട് യുഡിഎഫിനു ലഭിച്ചപ്പോള്‍ 64 എണ്ണം അസാധുവായി.

തുണയായത് 4 മണ്ഡലങ്ങള്‍

കൊച്ചി: ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ നാലിലും ഇന്നസെന്റിന് വ്യക്തമായ മേല്‍ക്കൈ. എറണാകുളം ജില്ലയില്‍ ഉള്‍പ്പെട്ട മണ്ഡലങ്ങളില്‍ കുന്നത്തുനാടും പെരുമ്പാവൂരും ഇന്നസെന്റിനെ തുണച്ചപ്പോള്‍ ആലുവയും അങ്കമാലിയും പി സി ചാക്കോയ്ക്കൊപ്പം നിലകൊണ്ടു. തൃശൂര്‍ ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ ചാലക്കുടിയില്‍ മാത്രമാണ് പി സി ചാക്കോയ്ക്ക് ഭൂരിപക്ഷം നേടാനായത്. അതും 1362 വോട്ടിന്റെ മാത്രം. ജില്ലയിലെ കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍ നിയമസഭാ മണ്ഡലങ്ങള്‍ ഇന്നസെന്റിനെ ചേര്‍ത്തുപിടിച്ചു. കൈപ്പമംഗലത്ത് 10 റൗണ്ടും ചാലക്കുടി, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങളില്‍ പന്ത്രണ്ടും റൗണ്ട് വോട്ടെണ്ണലാണ് തൃക്കാക്കര ഭാരത്മാതാ കോളേജിലെ വോട്ടെണ്ണല്‍കേന്ദ്രത്തില്‍ നടന്നത്. രാവിലെ 8.05ന് കേന്ദ്രങ്ങള്‍ സജ്ജമായെങ്കിലും 8.30നുശേഷം മാത്രമാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഈ മണ്ഡലങ്ങളിലെ തപാല്‍വോട്ടുകള്‍ എണ്ണിയത് എറണാകുളം മഹാരാജാസ് കോളേജിലാണ്. തപാല്‍വോട്ട് എണ്ണിക്കഴിഞ്ഞ വിവരം അറിയാന്‍ താമസിച്ചതിനാല്‍ അരമണിക്കൂര്‍ വൈകി ആരംഭിച്ച ഭാരത്മാതാ കോളേജിലെ വോട്ടെണ്ണല്‍ പിന്നീട് വേഗത്തില്‍ പുരോഗമിച്ചു.

കൈപ്പമംഗലം മണ്ഡലത്തില്‍ പോള്‍ചെയ്ത 1,17,230 വോട്ടില്‍ ഇന്നസെന്റ് 49,833 വോട്ട് നേടിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി സി ചാക്കോ 36,575 വോട്ടും അഡ്വ. ബി ഗോപാലകൃഷ്ണന്‍ 16,434 വോട്ടും നേടി. ആം ആദ്മി സ്ഥാനാര്‍ഥി കെ എം നൂറുദ്ദീന്‍ 7,597 വോട്ട് കൈക്കലാക്കി. ഇന്നസെന്റിന് 13,258 വോട്ടിന്റെ ഭൂരിപക്ഷമാണ് കൈപ്പമംഗലം മണ്ഡലം സമ്മാനിച്ചത്. നോട്ട വോട്ടുകള്‍ മണ്ഡലത്തില്‍ 793 ആണ്. 1,31,806 പേര്‍ വോട്ട്ചെയ്ത ചാലക്കുടിയില്‍ 55,279 വോട്ടാണ് പി സി ചാക്കോ കരസ്ഥമാക്കിയത്. ഇന്നസെന്റിന് 54,662 വോട്ട് ലഭിച്ചു. ബിജെപിക്ക് 13,285 വോട്ട് കിട്ടി. ആം ആദ്മി പാര്‍ടി നേടിയത് 3418 വോട്ടാണ്. ചാലക്കുടിമണ്ഡലം പി സി ചാക്കോയ്ക്ക് നല്‍കിയ നേരിയ ഭൂരിപക്ഷവും നോട്ട വോട്ടും സമാസമം- 1362 വോട്ട്. കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ ആകെ പോള്‍ചെയ്ത 1,29,408 വോട്ടില്‍ ഇന്നസെന്റിന് 3,973 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. 51,823 വോട്ട് ഇന്നസെന്റിനു കിട്ടിയപ്പോള്‍ പി സി ചാക്കോ നേടിയത് 47,850 വോട്ടാണ്. അഡ്വ. ബി ഗോപാലകൃഷ്ണന്‍ 18,101 ഉം ആം ആദ്മി പാര്‍ടി 4,569 ഉം വോട്ട് നേടി. എറണാകുളം ജില്ലയിലെ മണ്ഡലങ്ങളില്‍ കുന്നത്തുനാട് മണ്ഡലത്തിലെ വോട്ടുകള്‍ 13 റൗണ്ടുകളിലായും മറ്റു മൂന്നിടത്തെയും 11 റൗണ്ടുകളിലുമായാണ് എണ്ണിയത്. കുന്നത്തുനാട് മണ്ഡലത്തില്‍ 1,30,359 വോട്ടാണ് ആകെ പോള്‍ചെയ്തത്. ഇതില്‍ ഇന്നസെന്റിന് 53,518 വോട്ടും പി സി ചാക്കോയ്ക്ക് 51,133 വോട്ടും അഡ്വ. ബി ഗോപാലകൃഷ്ണന് 10,395 വോട്ടും ലഭിച്ചു. കെ എം നൂറുദ്ദീന്‍ 6,102 വോട്ട് നേടി. 1648 വോട്ടുകള്‍ നോട്ടയായി. പെരുമ്പാവൂര്‍ മണ്ഡലത്തില്‍ ആകെ പോള്‍ചെയ്ത 1,25,025 വോട്ടില്‍ 51,036 വോട്ട് നേടി ഇന്നസെന്റ് ഒന്നാമതെത്തി. പി സി ചാക്കോയ്ക്ക് 48,229 വോട്ടും ബിജെപിക്ക് 12,985 വോട്ടും ആം ആദ്മി4111 വോട്ടുംനേടി. നോട്ട വോട്ടുകളുടെ എണ്ണം 1721 ആണ്. ആലുവ മണ്ഡലത്തില്‍ ആകെ പോള്‍ചെയ്ത 1,27,962 വോട്ടില്‍ ഇന്നസെന്റ് 47,639 വോട്ട് നേടി. പി സി ചാക്കോ 49,725 വോട്ടും ബിജെപി 13,584 വോട്ടും ആം ആദ്മി 5990 വോട്ടും നേടി. 1627 വോട്ടുകള്‍ നോട്ടയായി. അങ്കമാലി മണ്ഡലത്തില്‍ ആകെ പോള്‍ചെയ്ത 1,21,381 വോട്ടില്‍ 49,509 വോട്ട് ഇന്നസെന്റിനു ലഭിച്ചു. പി സി ചാക്കോ 55,431 വോട്ട് നേടി. ബിജെപിക്ക് 8009 വോട്ടും ആം ആദ്മിക്ക് 3370 വോട്ടും ലഭിച്ചു. നോട്ട 1644 വോട്ടാണ്.

കൂട്ടായ്മയുടെ വിജയം: ഇന്നസെന്റ്

കൊച്ചി: ""ഒരു കള്ളനെയാണല്ലോ, കര്‍ത്താവേ ഞങ്ങള് ജയിപ്പിച്ചുവിട്ടതെന്ന് ചാലക്കുടിയിലെ വോട്ടര്‍മാര്‍ക്ക് പറയേണ്ടിവരില്ല""- വിജയപ്രഖ്യാപനത്തിനുശേഷം ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്നസെന്റിന്റെ പ്രതികരണം. പലരെപ്പറ്റിയും അങ്ങനെ പറഞ്ഞുകേട്ടിട്ടുണ്ട്. ഏതായാലും അതിനിടവരില്ല. മികച്ച വിജയം സമ്മാനിച്ച എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കും ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നു. ""അഞ്ചുകൊല്ലം മുമ്പ് എന്തെല്ലാം തേനും പാലും ഒഴുക്കി പോയതാ, ഇപ്പോ വീണ്ടും വന്നിരിക്കുന്നു"" എന്നു പറയിപ്പിക്കാന്‍ എനിക്കിഷ്ടമല്ല. ജനങ്ങള്‍ക്കുവേണ്ടി ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്യും, അതിനായി വെറുംവാഗ്ദാനങ്ങള്‍ നല്‍കാന്‍ തയ്യാറല്ല. വോട്ടര്‍മാരുടെ എന്ത് ആവശ്യത്തിനും എന്നെ സമീപിക്കാം. ഞാന്‍ കൂടെയുണ്ടാകും. ജനങ്ങള്‍ക്കു ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ നേടിയെടുത്ത് കൃത്യമായി ലഭ്യമാക്കാന്‍ പരാമവധി പ്രവര്‍ത്തിക്കും. ചിട്ടയായ പ്രവര്‍ത്തനമാണ് വിജയത്തിലേക്ക് എത്തിച്ചത്. അപ്പനൊക്കെ പറഞ്ഞുകേട്ടിട്ടുള്ള പാര്‍ടിപ്രവര്‍ത്തനവും അച്ചടക്കവും എന്തെന്ന് വ്യക്തമായി ബോധ്യപ്പെട്ടത് പ്രചാരണത്തിനിറങ്ങിയപ്പോഴാണ്. എല്‍ഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും കാഴ്ചവച്ച ചിട്ടയായ പ്രവര്‍ത്തനംകൊണ്ടാണ് 70,000ലധികം വോട്ടിന് കഴിഞ്ഞതവണ യുഡിഎഫ് ജയിച്ച മണ്ഡലത്തില്‍ ഇക്കുറി എല്‍ഡിഎഫ് ജയിച്ചത്.

വ്യക്തിപ്രഭാവംകൊണ്ടാണ് താന്‍ ജയിച്ചതെന്ന എതിര്‍സ്ഥാനാര്‍ഥി പി സി ചാക്കോയുടെ പ്രതികരണത്തിനും ഇന്നസെന്റിന് കൃത്യമായ മറുപടിയുണ്ട്. കൂട്ടായ്മയാണ് തെരഞ്ഞെടുപ്പുവിജയത്തിന്റെ ആധാരം. ആ കൂട്ടായ്മയുടെ കരുത്ത് മനസ്സിലാക്കിയതുകൊണ്ട് വ്യക്തിപ്രഭാവമെന്നു പറഞ്ഞ് അഹങ്കരിക്കാന്‍ തന്നെക്കിട്ടില്ല. എല്‍ഡിഎഫ് വോട്ടുകള്‍ മാത്രമല്ല, മറ്റു പാര്‍ടികളില്‍പ്പെട്ടവരും തനിക്ക് വോട്ട്ചെയ്തിട്ടുണ്ടാകും. യുവാക്കളുടെയും സ്ത്രീകളുടെയും വോട്ട് രാഷ്ട്രീയത്തിനതീതമായി ലഭിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. അവര്‍ക്കെല്ലാം നന്ദി പറയുന്നു- ഇന്നസെന്റ് പറഞ്ഞുനിര്‍ത്തി.

പരാജയകാരണം അന്വേഷിക്കും: പി സി ചാക്കോ

കൊച്ചി: യുഡിഎഫിന്റെ ഉറച്ചമണ്ഡലമായ ചാലക്കുടിയില്‍ തനിക്കേറ്റ പരാജയം അന്വേഷിക്കുമെന്ന് പി സി ചാക്കോ പറഞ്ഞു. തന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല മണ്ഡലം മാറിയത്. നേതാക്കള്‍ കൂട്ടായെടുത്ത തീരുമാനമാണത്. കൂടുതല്‍ നേട്ടമുണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണ് മണ്ഡലം മാറിയത്. അതിനെ കുറിച്ചുള്ള ധനപാലന്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ല. തനിക്കും ധനപാലനും പാര്‍ടിക്കും നേട്ടമുണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. തെരഞ്ഞെടുപ്പാകുമ്പോള്‍ അപ്രതീക്ഷിതമായി പരാജയമുണ്ടാകും. അതിന്റെ കാരണങ്ങള്‍ പരിശോധിക്കുമെന്നും പി സി ചാക്കോ പറഞ്ഞു.

deshabhimani

No comments:

Post a Comment