Friday, May 9, 2014

തൊഴിലുറപ്പില്‍ കാര്‍ഷിക മേഖലയെ ഒഴിവാക്കി

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ നിന്ന് കാര്‍ഷിക മേഖലയെ പൂര്‍ണമായും ഒഴിവാക്കിയും ചെറുകിട കര്‍ഷകരുടെ ഭൂമിയില്‍ തൊഴിലെടുക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയും ഉത്തരവ്. പുല്ലുചെത്തല്‍, കല്ല് വാരല്‍ തുടങ്ങിയ ജോലികള്‍ പദ്ധതിയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കി. വ്യവസ്ഥ ലംഘിച്ചാല്‍ ശിക്ഷാനടപടി സ്വീകരിക്കുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഒന്നും രണ്ടും ഷെഡ്യൂള്‍ ഭേദഗതി ചെയ്ത ഉത്തരവ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ജനുവരി മൂന്നിനാണ് പുറത്തിറക്കിയത്. പുതുക്കിയ വ്യവസ്ഥ പ്രകാരം പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് തദ്ദേശ ഭരണ വകുപ്പ് തദ്ദേശസ്ഥാപനങ്ങള്‍ക്കും പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും കത്തയച്ചു. തൊഴില്‍ദിനം വന്‍തോതില്‍ കുറയാന്‍ ഇടയാക്കുന്ന ഉത്തരവ് പദ്ധതിയെ പ്രതിസന്ധിയിലാക്കും. കുളംനന്നാക്കല്‍, മറ്റ് ജലസംരക്ഷണജോലി, വെള്ളപ്പൊക്കം തടയല്‍, വനവല്‍ക്കരണം എന്നിങ്ങനെ സ്വകാര്യവ്യക്തികളുടെ പറമ്പിലെ ജോലി ചെയ്യാന്‍ പുതിയ ഉത്തരവില്‍ കഴിയില്ല. ഈ മേഖലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ദിനമുള്ളത്. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍, നാടോടികളായ ഗിരിവര്‍ഗക്കാര്‍, ബിപിഎല്‍ കുടുംബങ്ങള്‍, ഗൃഹനാഥകള്‍, വികലാംഗരായ ഗൃഹനാഥകള്‍, ഭൂപരിഷ്കരണത്തില്‍ ഭൂമി ലഭിച്ചവര്‍, ഇന്ദിര ആവാസ് യോജന ഗുണഭോക്താക്കള്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലും പുരയിടത്തിലും തൊഴില്‍ നല്‍കാന്‍ ആദ്യ പരിഗണന നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍, ഇവര്‍ക്ക് നാമമാത്രമായ ഭൂമി മാത്രമേ സ്വന്തമായുള്ളു. ഇതില്‍ തൊഴിലാളികള്‍ക്ക് വര്‍ഷം നൂറുദിവസം തൊഴില്‍ നല്‍കുക അസാധ്യമാണെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.

മുന്‍ഗണന നിശ്ചയിച്ച വിഭാഗത്തിന്റെ ഭൂമിയിലെയും പുരയിടത്തിലെയും ജോലി പൂര്‍ത്തിയാക്കിയെന്ന് ഉറപ്പാക്കിയാലെ ചെറുകിട, നാമമാത്ര കര്‍ഷകരുടെ പറമ്പിലെ ജോലി പരിഗണിക്കാവൂ. പട്ടികവിഭാഗക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഭൂമിയിലെ ജോലി പൂര്‍ണമായും തീര്‍ന്നുവെന്ന് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയാലെ മറ്റ് ജോലികള്‍ ഏറ്റെടുക്കാന്‍ കഴിയു. എന്നാല്‍, ഇതിന് ഉദ്യോഗസ്ഥര്‍ തയ്യാറാകാനിടയില്ല. 2014 ഏപ്രില്‍ 29നാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയത്. എന്നാല്‍, തൊഴിലുറപ്പ് ഗ്രാമസഭ വിളിച്ച് 2013 ആഗസ്ത്, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടപ്പു വര്‍ഷത്തെ പദ്ധതി നിര്‍ദേശം തയ്യാറാക്കുകയും ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പദ്ധതി അംഗീകരിച്ചതുമാണ്. ഇത് പുനഃപരിശോധിക്കണമെന്നാണ്് പുതിയ ഉത്തരവ്്. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.

deshabhimani

No comments:

Post a Comment