Friday, May 9, 2014

പണം കിട്ടുന്നില്ല: ഇഎസ്ഐയില്‍നിന്ന് ആശുപത്രികള്‍ പിന്‍വാങ്ങുന്നു

കണ്ണൂര്‍: സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സ നടത്തുന്ന എം പാനല്‍ ആശുപത്രികള്‍ നിരക്ക് വര്‍ധിപ്പിക്കാത്തതിനാലും ചികിത്സയുടെ പണം യഥാസമയം ലഭിക്കാത്തതിനാലും ഇഎസ്ഐയുമായുള്ള ചികിത്സാകരാര്‍ ഉപേക്ഷിക്കുന്നു. മരുന്നുവിലയും ഡോക്ടര്‍മാരുടെ ഫീസും പല മടങ്ങായി ഉയര്‍ന്നതിനാല്‍ ഇഎസ്ഐ നിശ്ചയിച്ച തുക മതിയാകുന്നില്ല. പിടിച്ചു നില്‍ക്കാന്‍ കഴിയാത്തതിനാലാണ് സ്വകാര്യ ആശുപത്രികള്‍ കരാറില്‍നിന്ന് പിന്മാറുന്നത്. നാലുവര്‍ഷമായി ഈ ഇനത്തില്‍ ഒരു രൂപപോലും വര്‍ധിപ്പിച്ചിട്ടില്ല.

2010ലാണ് അവസാനമായി സ്വകാര്യ ആശുപത്രികളിലെ ചികിത്സക്കുള്ള തുക ഇഎസ്ഐ പുതുക്കി നിശ്ചയിച്ചത്. ഇഎസ്ഐ കോര്‍പറേഷന്‍ സാധാരണ പ്രസവത്തിന് 6500രൂപയാണ് എം പാനല്‍ ആശുപത്രിക്ക് നല്‍കുക. സിസേറിയനാണെങ്കില്‍ 12,000 രൂപയും നല്‍കും. മരുന്നും ഡോക്ടറുടെ ഫീസും മുറിവാടകയും മറ്റുമായി ഇതിന്റെ ഇരട്ടിയിലധികം തുക ആശുപത്രികള്‍ ചെലവാക്കേണ്ടിവരുന്നു. ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് 25,000ത്തിലധികം രൂപ ചെലവാകും. ഇതിന് ഇഎസ്ഐ നല്‍കുന്നത് 13750 രൂപയാണ്. ഗോയിറ്റര്‍ ശസ്ത്രക്രിയക്ക് 23000 രൂപയാകുമ്പോള്‍ 12500 രൂപയേ ഇഎസ്ഐ നല്‍കൂ. 25000 രൂപയിലധികം ചെലവാകുന്ന ഹെര്‍ണിയ ശസ്ത്രക്രിയക്ക് 14600 രൂപയാണ് നല്‍കുക. 20000 രൂപയിലധികം ചെലവാകുന്ന അപ്പന്റിസൈറ്റിസ് ശസ്ത്രക്രിയക്ക് 12000ഉം 26000 രൂപ ചെലവാകുന്ന മൂത്രാശയ ശസ്ത്രക്രിയക്ക് 15600 രൂപയുമാണ് നല്‍കുക. ചികിത്സാബില്ല് അയച്ചാല്‍ മാസങ്ങളോളം കാത്തിരിക്കേണ്ടിയും വരുന്നു. സ്പെഷ്യാലിറ്റി ചികിത്സ ഇനത്തിലെ തുക ലഭിക്കാന്‍ഒരുവര്‍ഷത്തിലധികം കാത്തിരിക്കണം.

ഇഎസ്ഐയുടെ തൃശൂരിലെ സീനിയര്‍ കമീഷണര്‍ ഓഫീസില്‍നിന്നാണ് തുക അനുവദിക്കുക. ഓഫീസില്‍ ആവശ്യത്തിന് സ്റ്റാഫില്ലാത്തതിനാലാണ് തുക വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഇഎസ്ഐക്ക് കീഴിലുള്ള ഡിസ്പെന്‍സറിയിലോ ആശുപത്രികളിലോ ചികിത്സാസൗകര്യം ലഭ്യമല്ലാത്ത ഘട്ടത്തിലാണ് തൊഴിലാളികളെയും ആശ്രിതരെയും എം പാനല്‍ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുക. സംസ്ഥാനത്തെ 66 സ്വകാര്യ ആശുപത്രികളില്‍ നിന്ന് ആയിരക്കണക്കിനാളുകളാണ് ഈ സൗകര്യം ഉപയോഗിക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ പിന്മാറുന്നതോടെ തൊഴിലാളികള്‍ക്ക് മികച്ച ചികിത്സ ലഭിക്കില്ല. രാജ്യത്ത് 1,85,61,500 തൊഴിലാളികള്‍ ഇഎസ്ഐ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍നിന്ന് കോടിക്കണക്കിന് രൂപയാണ് ഓരോ മാസവും പിരിച്ചെടുക്കുന്നത്.

കെ സി രമേശന്‍ deshabhimani

No comments:

Post a Comment