Saturday, May 10, 2014

"റൂസ" ഫണ്ട് അനിശ്ചിതത്വത്തില്‍

സര്‍വകലാശാലകളുടെയും കോളജുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും അവയ്ക്ക് ഫണ്ട് ലഭ്യമാക്കാനുമായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ച പുതിയ പദ്ധതിയായ രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാനില്‍നിന്ന് (റൂസ) കേരളത്തിന് ലഭിച്ച 2.6 കോടി രൂപ അനിശ്ചിതത്വത്തില്‍. ഫണ്ട് വിനിയോഗിക്കുന്നതിന് ആവശ്യമായ സംസ്ഥാനവിഹിതം നീക്കിവയ്ക്കാന്‍ സര്‍ക്കാരും വിദ്യാഭ്യാസവകുപ്പും തയ്യാറാകാത്തതാണ് പ്രതിസന്ധിക്കിടയാക്കിയത്.

പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി കോളേജുകള്‍ക്ക് നല്‍കാനായാണ് റൂസ ഫണ്ട് അനുവദിച്ചത്. ഇത് വിനിയോഗിക്കുന്ന മുറയ്ക്കായിരിക്കും തുടര്‍ന്നുള്ള ഫണ്ടുകള്‍ ലഭിക്കുക. ആദ്യ ഫണ്ട് തന്നെ വിനിയോഗിക്കാതായതോടെ ഇനിയുള്ള ഫണ്ടും അനിശ്ചിതത്വത്തിലാകും. താറുമാറായി കിടക്കുന്ന ഉന്നതവിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ചെറുവിരല്‍പോലും അനക്കാതിരിക്കെയാണ് കിട്ടിയ ഫണ്ടും അനാഥമാക്കിയത്. "റൂസ" അനുവദിക്കുന്ന ഫണ്ടിനോടൊപ്പം സംസ്ഥാനവിഹിതവും നിര്‍ബന്ധമായും ഉള്‍പ്പെടുത്തിയാല്‍ മാത്രമേ പദ്ധതിവിഹിതം കോളേജുകള്‍ക്ക് നല്‍കാനാകൂ. ഓരോ സംസ്ഥാനത്തെയും സാഹചര്യമനുസരിച്ചാണ് സംസ്ഥാനവിഹിതം നിശ്ചയിക്കുന്നത്. കേരളത്തില്‍ കേന്ദ്ര-സംസ്ഥാന അനുപാതം 65:35 ആണ്. ഇതനുസരിച്ചാണ് ആദ്യഗഡുവായി നാല് കോടി നിശ്ചയിച്ച് അതിന്റെ 65 ശതമാനമായ 2.6 കോടി റൂസ അനുവദിച്ചത്. ഇതോടൊപ്പം 35 ശതമാനമായ 1.4 കോടി രൂപ സംസ്ഥാനം അനുവദിക്കണമെങ്കിലും ഒരുരൂപ പോലും നീക്കിവച്ചില്ല.

റൂസ ഫണ്ട് നേടിയെടുക്കാനും ചെലവഴിക്കാനും സമിതികളും ടെക്നിക്കല്‍ ഗ്രൂപ്പുകളും കേരളത്തിലും ദേശീയ മാതൃകയില്‍ രൂപീകരിക്കേണ്ടതുണ്ട്. അതും നടത്തിയില്ല. ഇതിനായി ഉന്നതവിദ്യാഭ്യാസവകുപ്പും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലും തയ്യാറാക്കിയ കരടുലിസ്റ്റുകള്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍ തടഞ്ഞുവച്ചിരിക്കുകയാണ്. സമിതികളില്‍ കയറിപ്പറ്റാന്‍ ഭരണകക്ഷിക്കാര്‍ നടത്തുന്ന വഴിവിട്ട നീക്കങ്ങളും വിദ്യാഭ്യാസക്കച്ചവട നീക്കങ്ങള്‍ക്ക് ഏറാന്‍മൂളികളാകുന്നവരെ മാത്രം മതിയെന്ന പിടിവാശിയും യുഡിഎഫിലെ തമ്മിലടിയുമാണ് സമിതിരൂപീകരണം വൈകിപ്പിക്കുന്നത്.

സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ മുഖേന വേണം റൂസ ഫണ്ട് വിനിയോഗിക്കാനെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ഘടന കേന്ദ്രനിയമത്തിന് അനുസൃതമാക്കണം. കൗണ്‍സിലിലേക്ക് സര്‍ക്കാര്‍ പ്രതിനിധികള്‍ക്കൊപ്പം യൂണിവേഴ്സിറ്റികളുടെയും കോളേജുകളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തണം. റൂസ ഫണ്ട് ചെലവഴിക്കാന്‍ സംസ്ഥാനം "പ്രോജക്ട് അപ്രൈസല്‍ ഡയറക്ടറേറ്റും" രൂപീകരിക്കണം. ആദ്യം രൂപീകരിക്കേണ്ടിയിരുന്ന ഈ ഡയറക്ടറേറ്റില്‍ വിദ്യാഭ്യാസവകുപ്പിലെ വിവിധ മേധാവികള്‍ക്കൊപ്പം യൂണിവേഴ്സിറ്റി പ്രതിനിധികളും വേണമെന്ന് വ്യവസ്ഥയുണ്ട്. ഇതിലേക്ക് ഡെപ്യൂട്ടേഷനിലാണ് നിയമനം. ഈ ഡയറക്ടറേറ്റിലും അനുബന്ധ കമ്മിറ്റികളിലും കയറിപ്പറ്റാനുള്ള ചരടുവലി മാത്രമാണ് നിലവില്‍ നടക്കുന്നത്.

എം വി പ്രദീപ് deshabhimani

No comments:

Post a Comment