Wednesday, May 7, 2014

ഉന്നതരുടെ വിചാരണയ്ക്ക് മുന്‍കൂര്‍ അനുമതി വേണ്ട: സുപ്രീം കോടതി

ന്യൂഡല്‍ഹി: അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഏതുവിധത്തിലുള്ള നിയമപരമായ സംരക്ഷണവും ആവശ്യമില്ലെന്ന് സുപ്രീംകോടതി. ജോയിന്റ് സെക്രട്ടറിതലം മുതലുള്ള ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ സിബിഐക്ക് മുന്‍കൂര്‍ അനുമതി വേണമെന്ന ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലെ 6-എ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന വിശേഷണത്തോടെ സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ, ജസ്റ്റിസുമാരായ എ കെ പട്നായിക്, എസ് കെ മുഖോപാധ്യായ, ദീപക്മിശ്ര, ഇബ്രാഹിം ഖലീഫുള്ള എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചിന്റേതാണ് ഉത്തരവ്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി ആരോപണമുണ്ടായാല്‍ ഇവര്‍ക്കെതിരെ കേസെടുക്കാന്‍ നിലവില്‍ സിബിഐക്ക് കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം. എന്നാല്‍, ചില കേസില്‍ അനുമതി ലഭിക്കാതെ സിബിഐ അന്വേഷണം വഴിമുട്ടുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി.

കല്‍ക്കരി കേസിലും മറ്റും ഉദ്യോഗസ്ഥരെ ചോദ്യംചെയ്യുന്നതിന് സര്‍ക്കാര്‍ എതിര്‍പ്പുള്ളതായി സിബിഐ സുപ്രീംകോടതിയെ ധരിപ്പിച്ചിരുന്നു. ജോയിന്റ് സെക്രട്ടറി മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി അന്വേഷണം നടത്തുന്നത് ഭരണഘടനയിലെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഇവരെ സംരക്ഷിക്കാനുള്ള നിയമമാണ് 6-എ. ഈ വകുപ്പ് ഒരുവിധത്തിലും നിലനില്‍ക്കില്ലെന്ന് ചീഫ്ജസ്റ്റിസ് ലോധ വിധിയില്‍ വ്യക്തമാക്കി. വിചാരണ നേരിടുന്നതില്‍നിന്ന് അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനേ ഈ വകുപ്പ് വഴിയൊരുക്കൂ. ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രാഥമികാന്വേഷണം നടത്തുന്നതില്‍നിന്ന് സിബിഐയെ തടയുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. സീനിയര്‍, ജൂനിയര്‍ പരിഗണനയില്‍ അഴിമതിക്കാര്‍ക്ക് സംരക്ഷണത്തിന്റെ ആവശ്യമില്ലെന്നും ബെഞ്ച് പറഞ്ഞു. വകുപ്പ് 6-എയുടെ സാധുത ചോദ്യംചെയ്ത് സുബ്രഹ്മണ്യംസ്വാമിയും സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷനും നല്‍കിയ ഹര്‍ജിയിലാണ് സുപ്രധാന ഉത്തരവ്.

deshabhimani

No comments:

Post a Comment