Wednesday, May 7, 2014

മാറാട്: സിബിഐ അന്വേഷണം തടഞ്ഞത് ലീഗും കോണ്‍ഗ്രസും

മാറാട് കൂട്ടക്കൊലക്കേസ് ഗൂഢാലോചനയെക്കുറിച്ചുള്ള സിബിഐ അന്വേഷണമുള്‍പ്പെടെ തകിടംമറിച്ചത് കോണ്‍ഗ്രസ്-മുസ്ലിംലീഗ് നേതൃത്വം. കേസന്വേഷിച്ച പ്രത്യേക സംഘത്തലവന്‍ റിട്ട. എസ്പി സി എം പ്രദീപ്കുമാറിന്റെ വെളിപ്പെടുത്തല്‍ വിരല്‍ചൂണ്ടുന്നത് ഇതിലേക്കാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലും താഴുവീണത്. സിബിഐ അന്വേഷണം നടത്താതെ വിദേശബന്ധവും ഗൂഢാലോചനയും പുറത്തുകൊണ്ടുവരാനാകില്ലെന്ന് ഡിജിപി വിന്‍സണ്‍ എം പോളിന് റിപ്പോര്‍ട്ട് നല്‍കി മൂന്നാംദിവസം, തന്നെ മാറ്റിയെന്നാണ് പ്രദീപ്കുമാര്‍ വെളിപ്പെടുത്തിയത്. പ്രദീപ്കുമാര്‍ പറഞ്ഞത് ഗൗരവതരമാണെന്നും കൂടുതല്‍ കാര്യങ്ങളുണ്ടെങ്കില്‍ വെളിപ്പെടുത്തട്ടെയെന്നും ഒഴുക്കന്‍മട്ടില്‍ പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. തീവ്രവാദവുമായ ബന്ധപ്പെട്ട കേസുകള്‍ ഒതുക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടതിന് തെളിവാണ് മുന്‍ അന്വേഷണസംഘത്തലവന്റെ വെളിപ്പെടുത്തല്‍.

2012 ഫെബ്രുവരിയിലാണ് പ്രദീപ്കുമാറിനെ തീവ്രവാദ ഗൂഢാലോചനാവിഷയങ്ങള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തലവന്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കിയത്. എന്നാല്‍ മാറ്റം സംബന്ധിച്ച് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. 2012 ജൂലൈ 11ന് തിരുവഞ്ചൂര്‍ നിയമസഭയില്‍ പറഞ്ഞത് ഡെപ്യൂട്ടേഷന്‍ പ്രകാരം പ്രദീപ്കുമാര്‍ മനുഷ്യാവകാശ കമീഷനിലേക്ക് മാറിയെന്നാണ്. തസ്തിക നിശ്ചയിക്കാതെ 2012 ജനുവരി അഞ്ചിന്് പ്രദീപ്കുമാറിനെ മാറ്റിയതായി ഇറക്കിയ ഉത്തരവ് മറച്ചുപിടിച്ചാണ് തിരുവഞ്ചൂര്‍ സഭയെ തെറ്റിദ്ധരിപ്പിച്ചത്. അടിക്കടി സ്ഥലംമാറ്റത്തിനിരയായ പ്രദീപ്കുമാര്‍ സര്‍വീസില്‍നിന്ന് സ്വയം വിരമിച്ചു. കേരളത്തെ ഞെട്ടിച്ച തീവ്രവാദ അക്രമത്തിന്റെ അന്വേഷണം മുസ്ലിംലീഗിന്റെ സമ്മര്‍ദത്തിനു വഴങ്ങിയാണ് മുമ്പ് എ കെ ആന്റണിയും പിന്നീട് ഉമ്മന്‍ചാണ്ടിയും അട്ടിമറിച്ചത്. 2003 മെയ് രണ്ടിനുണ്ടായ കൂട്ടക്കൊലയെപ്പറ്റി അന്വേഷിച്ച ജുഡീഷ്യല്‍ കമീഷന്‍ തോമസ് പി ജോസഫ് ഗൂഢാലോചന അന്വേഷിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക-തീവ്രവാദബന്ധം കണ്ടെത്താന്‍ സമഗ്രാന്വേഷണമാണ് കമീഷന്‍ നിര്‍ദേശിച്ചത്. 2006ല്‍ നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല.

പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. എന്നാല്‍ ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കിയില്ല. എല്‍ഡിഎഫ് വന്നശേഷം കേസിലെ സാമ്പത്തിക ഇടപാടും മറ്റും കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചു. അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. ഗൂഢാലോചനയെക്കുറിച്ച് അറിയാമെന്ന് ജുഡീഷ്യല്‍ അന്വേഷണ കമീഷനോട് വെളിപ്പെടുത്തിയ മുസ്ലിംലീഗ് നേതാവ് എം സി മായിന്‍ഹാജിയെ പ്രതി ചേര്‍ക്കാമെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. മാറാടും പരിസരത്തും നടന്ന ഭൂമിയിടപാടുകളടക്കം പരിശോധിച്ചായിരുന്നു നിഗമനം. ഇതിനായി കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (അഞ്ച്)യില്‍ എഫ്ഐആര്‍ നല്‍കി. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, വര്‍ഗീയ-സാമുദായികലാപത്തിന് പ്രേരണ എന്നീ കുറ്റങ്ങളാണ് ലീഗ് നേതാവടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയിരുന്നത്. ഈ അന്വേഷണം അട്ടിമറിച്ചാണ് പ്രദീപ്കുമാറിനെ മാറ്റിയത്. ക്രൈംബ്രാഞ്ച് കേസെടുക്കാന്‍ നിര്‍ദേശിച്ച ലീഗിന്റെ നേതാവ് പി പി മൊയ്തീന്‍കോയയെ പിന്നീട് ഹൈക്കോടതി ശിക്ഷിച്ചു. കൂട്ടക്കൊലയ്ക്കു പിന്നില്‍ ആഴത്തിലുള്ള ഗൂഢാലോചനയുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയുമുണ്ടായി. എന്നിട്ടും ഉമ്മന്‍ചാണ്ടി സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തില്ല. മാറാട് ഗൂഢാലോചന അന്വേഷിക്കുമ്പോഴാണ് പാക് ഭീകരന്‍ ഫഹദുമായി ബന്ധപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവിനെക്കുറിച്ചുള്ള കേസന്വേഷണം ഒതുക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടതെന്നാണ് പ്രദീപ്കുമാര്‍ പറഞ്ഞത്. ഫഹദിനെ അറസ്റ്റ് ചെയ്ത കാലത്ത് യൂത്ത് നേതാവിന്റെ ബന്ധം ശ്രദ്ധയില്‍പെട്ടു. വിദേശബന്ധങ്ങളടക്കം തെളിഞ്ഞപ്പോള്‍ കൂടുതല്‍ ചോദ്യംചെയ്യലിന് തയ്യാറായി. എന്നാല്‍ ഉടന്‍ മേലുദ്യോഗസ്ഥന്‍ വഴി മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായെന്നാണ് പ്രദീപ്കുമാറിന്റെ വെളിപ്പെടുത്തല്‍.

പി വിജയന്‍ deshabhimani

No comments:

Post a Comment