Sunday, May 18, 2014

തലകുനിച്ച് പടിയിറക്കം

അഴിമതിഭാരവും രാജ്യത്തിന്റെയാകമാനം എതിര്‍പ്പും പേറി കുനിഞ്ഞ ശിരസ്സുമായി മന്‍മോഹന്‍സിങ് പ്രധാനമന്ത്രിപദത്തില്‍നിന്ന് പടിയിറങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ ശനിയാഴ്ച അദ്ദേഹം രാജിസമര്‍പ്പിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ട് രാജി നല്‍കിയ മന്‍മോഹന്‍ 15-ാം ലോക്സഭ പിരിച്ചുവിടാനും ശുപാര്‍ശചെയ്തു.

പുതിയ സര്‍ക്കാര്‍ നിലവില്‍ വരുംവരെ അദ്ദേഹം കാവല്‍പ്രധാനമന്ത്രിയായി തുടരും. രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗം ചേര്‍ന്നശേഷമാണ് രാജി സമര്‍പ്പിച്ചത്. ലോക്സഭ പിരിച്ചുവിടാനുള്ള ശുപാര്‍ശ പാസാക്കിയാണ് മന്ത്രിസഭായോഗം പിരിഞ്ഞത്. ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പ്രമേയം അവതരിപ്പിച്ചു. പ്രധാനമന്ത്രിയുടെ സംഭാവനകളെ അഭിനന്ദിച്ച് യോഗം പ്രമേയം പാസാക്കി. രാജി നല്‍കിയശേഷം മന്‍മോഹന്‍ സിങ് രാഷ്ട്രത്തെ അഭിസംബോധനചെയ്തു. പത്തുവര്‍ഷം പ്രധാനമന്ത്രിയായിരിക്കെ തുറന്ന പുസ്തകമായിരുന്നു തന്റെ ജീവിതമെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

യുപിഎ ഭരണത്തിന് നിരവധി നേട്ടങ്ങളും വിജയങ്ങളും ആര്‍ജിക്കാനായി. രാജ്യത്തെ കൂടുതല്‍ ശക്തമാക്കാന്‍ സാധിച്ചു. രാജ്യത്തെ സേവിക്കാന്‍ പരമാവധി ശ്രമിച്ചെന്നു പറഞ്ഞ അദ്ദേഹം പുതിയ സര്‍ക്കാരിന് ഭാവുകങ്ങള്‍ നേര്‍ന്നു. 2004ല്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ തലവനായാണ് മന്‍മോഹന്‍സിങ് ചുമതലയേറ്റത്. 2009ല്‍ രണ്ടാം യുപിഎ സര്‍ക്കാരിലും അദ്ദേഹം പദവിയില്‍ തുടര്‍ന്നു. സാമ്പത്തിക വിദഗ്ധനായിരുന്ന മന്‍മോഹന്‍സിങ് 2004ല്‍ പ്രധാനമന്ത്രിയായത് അപ്രതീക്ഷിതമായാണ്. സോണിയ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ വിസമ്മതിച്ചതോടെയാണ് കോണ്‍ഗ്രസ് മറ്റൊരാളെ തെരഞ്ഞത്.

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കത്തിനിന്നിരുന്ന പ്രണബ് മുഖര്‍ജിയെയും അര്‍ജുന്‍ സിങ്ങിനെയും ഉള്‍പ്പെടെ തഴഞ്ഞാണ് രാഷ്ട്രീയക്കാരനും ലോക്സഭാംഗവുമല്ലാത്ത മന്‍മോഹന്‍സിങ് അവരോധിക്കപ്പെട്ടത്. ഇന്ത്യയില്‍ ആഗോളവല്‍ക്കരണം അടിച്ചേല്‍പ്പിച്ച നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ ഭരണരംഗത്തെ മുന്‍ പരിചയം. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷ പിന്തുണയില്‍ ഒട്ടേറെ ജനപ്രിയപദ്ധതികളും തീരുമാനങ്ങളും നടപ്പാക്കാന്‍ മന്‍മോഹന്‍ മന്ത്രിസഭയ്ക്കായി.

ഇടതുപിന്തുണ ഇല്ലാതായതോടെ കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ അതിശക്തമായി പിന്തുടരാന്‍ മന്‍മോഹന്‍സിങ്ങും സര്‍ക്കാരും തയ്യാറായി. ആണവകരാര്‍ വിഷയത്തില്‍ അവിശ്വാസപ്രമേയം നേരിട്ട സന്ദര്‍ഭംമുതല്‍ യുപിഎ സര്‍ക്കാരിന്റെ "യഥാര്‍ഥ" മുഖം ജനം കണ്ടു. 2009ല്‍ അധികാരത്തിലേറിയ രണ്ടാം യുപിഎ സര്‍ക്കാരിനെ ടുജി സ്പെക്ട്രം, കല്‍ക്കരി, കോമണ്‍വെല്‍ത്ത് തുടങ്ങിയ അഴിമതികള്‍ പിടിച്ചുലച്ചു. ഇതോടെ അഴിമതിസംഘത്തിന്റെ തലവനെന്ന നിലയിലേക്ക് മന്‍മോഹന്‍സിങ് മാറി. കല്‍ക്കരിവകുപ്പ് കൈകാര്യംചെയ്ത കാലത്ത് നടന്ന ക്രമക്കേടുകള്‍ മന്‍മോഹന്‍സിങ്ങിനെത്തന്നെ പ്രതിക്കൂട്ടിലാക്കി.

വിലക്കയറ്റത്താല്‍ ജനം പൊറുതി മുട്ടിയപ്പോഴും ചെറുവിരലനക്കാന്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ തയ്യാറായില്ല. പാചകവാതക പ്രശ്നവും ജനങ്ങളില്‍ ആധാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതുമെല്ലാം യുപിഎ സര്‍ക്കാരിന് വിനയായി. ഈ കറകള്‍ മായ്ക്കാന്‍ സാധിക്കാതെയാണ് മന്‍മോഹന്‍ സിങ്ങിന്റെയും യുപിഎ സര്‍ക്കാരിന്റെയും പടിയിറക്കം.

സുജിത് ബേബി

രാജിനാടകത്തിന് സോണിയ, രാഹുല്‍

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയുടെ ഉത്തരവാദിത്തം നെഹ്റുകുടുംബത്തിന്റെ തലയില്‍നിന്ന് ഒഴിവാക്കാന്‍ പാടുപെടുന്ന കോണ്‍ഗ്രസ് നേതൃത്വം രാഷ്ട്രീയനാടകങ്ങള്‍ക്ക് ഒരുങ്ങുന്നു. തിങ്കളാഴ്ചത്തെ പ്രവര്‍ത്തകസമിതിയോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിസന്നദ്ധത അറിയിക്കും. എന്നാല്‍, പ്രവര്‍ത്തകസമിതിയിലെ മറ്റംഗങ്ങള്‍ ചേര്‍ന്ന് ഇത് നിരാകരിക്കുകയെന്ന തന്ത്രമാണ് രൂപപ്പെടുന്നത്.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഉപദേശകരില്‍ പലരെയും പുറത്താക്കും. ഫലം വന്നയുടന്‍ തോല്‍വിയുടെ ഉത്തരവാദിത്തം സോണിയയും രാഹുലും ഏറ്റെടുത്തിരുന്നു. കോണ്‍ഗ്രസിനെതിരായ വിധിയെഴുത്താണിതെന്നും ഒട്ടേറെ കാര്യങ്ങള്‍ ചിന്തിക്കേണ്ടതുണ്ടെന്നും ഇരുവരും പ്രതികരിച്ചു. പ്രവര്‍ത്തകസമിതിയോഗത്തിലും ഇരുവരും തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസാരിക്കും. പാര്‍ടി ആവശ്യപ്പെട്ടാല്‍ അധ്യക്ഷ- ഉപാധ്യക്ഷ പദവികളില്‍നിന്ന് മാറിനില്‍ക്കാമെന്ന നിര്‍ദേശവും മുന്നോട്ടുവയ്ക്കും. എന്നാല്‍, യോഗം ഏകകണ്ഠമായി ഈ നിര്‍ദേശം തള്ളുമെന്നാണ് സൂചന.

രാഹുലിന്റെ അനുചരവൃന്ദത്തിലെ ഒരുവിഭാഗം നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശം ഉയര്‍ന്നേക്കും. ഉറ്റമിത്രങ്ങളായ ജയ്റാം രമേശ്, മോഹന്‍ ഗോപാല്‍, മധുസൂദന്‍ മിസ്ത്രി തുടങ്ങിയവരുടെ സമീപനവും ശൈലിയും ചോദ്യംചെയ്യപ്പെടും. മന്‍മോഹന്‍ സിങ്ങിനെതിരെയും വിമര്‍ശമുണ്ടാകും. രണ്ടാം യുപിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടുവെന്ന ആക്ഷേപം നേരത്തെതന്നെ ഉയര്‍ന്നിരുന്നു. രാഹുലിന്റെ നേതൃത്വത്തില്‍ എത്രകാലം മുന്നോട്ടുപോകാനാകുമെന്ന ചോദ്യം കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. തോല്‍വി രാഹുലിന്റേത് മാത്രമല്ല, കൂട്ടായ ഉത്തരവാദിത്തമാണെന്ന വാദവുമായി മുതിര്‍ന്ന നേതാക്കള്‍ പ്രതിരോധം തീര്‍ക്കുന്നുണ്ട്.

രാഹുലിന് പകരം പ്രിയങ്ക നേതൃത്വത്തില്‍ വരണമെന്ന അഭിപ്രായം ശക്തിപ്പെടുന്നതായി മുതിര്‍ന്ന നേതാക്കള്‍ സമ്മതിക്കുന്നു. പ്രിയങ്ക വരുന്നതിനോട് സോണിയ ഗാന്ധി ഇനിയും അനുകൂലമായി പ്രതികരിക്കാത്തതിനാല്‍ ഔദ്യോഗികമായി ഇക്കാര്യം ആവശ്യപ്പെടാന്‍ ആര്‍ക്കും ധൈര്യമില്ല. ഒരു സംസ്ഥാനത്തുപോലും സീറ്റുകളുടെ എണ്ണം രണ്ടക്കം കടക്കാതിരുന്നതും പല സംസ്ഥാനങ്ങളിലും പാടെ തുടച്ചുനീക്കപ്പെട്ടതും നേതൃത്വത്തെ അലട്ടുന്നുണ്ട്.

ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നേതാക്കള്‍ കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലേക്ക് ഒഴുകുകയാണ്. ഈ പ്രവണത തുടര്‍ന്നാല്‍ ഹിന്ദിമേഖലയില്‍ പൂര്‍ണമായും തൂത്തെറിയപ്പെടുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ആന്ധ്രയിലെയും മഹാരാഷ്ട്രയിലെയും തോല്‍വിയാണ് മറ്റൊരു പ്രധാന പ്രശ്നം. 2009ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഏറ്റവുമധികം എംപിമാര്‍ ഈ സംസ്ഥാനങ്ങളില്‍നിന്നായിരുന്നു. ഇക്കുറി മഹാരാഷ്ട്രയില്‍നിന്നും ആന്ധ്രയില്‍നിന്നും രണ്ട് എംപിമാര്‍ വീതമാണുള്ളത്.

എം പ്രശാന്ത് deshabhimani

No comments:

Post a Comment