Monday, May 5, 2014

ഷാനിമോള്‍ക്കെതിരെ അന്വേഷണം: സുധീരന്‍

കെ സി വേണുഗോപാ ലിനെതിരെ ഷാനിമോള്‍ ഉസ്മാന്‍ വ്യക്തിവിരോധം തീര്‍ക്കുകയാണെന്നും തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതിന്റെ വിഷമം കൊണ്ടാണിതെന്നും കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. ആ സഹോദരി പറഞ്ഞത് അതിശയോക്തി നിറഞ്ഞ കാര്യങ്ങളാണ്.കത്തില്‍ പറഞ്ഞത് വളച്ചൊടിച്ച കാര്യങ്ങളാണ്. സത്യമായി യാതൊരു ബന്ധവുമില്ല.സരിതയുമായി ബന്ധപ്പെടുത്തി പറഞ്ഞ കാര്യങ്ങള്‍ വേണുഗോപാലിന്റെ രാഷ്ട്രീയ എതിരാളികള്‍പോലും പറയാത്തവയാണ്.

വിഷയം കെപിസിസി യോഗം ചര്‍ച്ചചെയ്തശേഷം ഷാനിമോള്‍ ഇപ്പോളൊരു കത്തുമായി എത്തിരിക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയാണെന്ന് സംശയമുണ്ട്് . ഷാനിമോളുടെ ശ്രമം മദ്യനയത്തില്‍നിന്ന് ശ്രദ്ധതിരിക്കാനാണ്. ഈ വിവാദങ്ങള്‍ അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കും. എം എം ഹസ്സന്‍ കണ്‍വീണറായ സമിതിയാണ് അന്വേഷിക്കുക. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കും. ഷാനിമോളെ താക്കീത് ചെയ്യണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പറഞ്ഞിരുന്നു.

ഷാനിമോളുടെ വാദങ്ങള്‍ കെപിസിസി അവലോകനയോഗം തള്ളികളഞ്ഞതാണ്. വ്യക്തിഹത്യ നടത്തുക തന്റെ പണിയല്ല. ഒരുക്കലും മര്യാദ ലംഘിച്ച് പ്രവര്‍ത്തിച്ചിട്ടില്ല. പൊതുവിഷയങ്ങളില്‍ തന്റെ നിലപാടുകള്‍ ഗുണം ചെയ്തത് പാര്‍ടിക്കാണ്. ഷാനിമോള്‍ക്ക് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടത് താന്‍ മാത്രമാണ്. എന്നിട്ടും തന്നെ വിമര്‍ശിക്കുന്നത് സങ്കടകരമാണെന്നും വി എം സുധീരന്‍ പറഞ്ഞു.

ഷാനിമോള്‍ മദ്യലോബിയുടെ കരു

തിരു: മദ്യനയത്തില്‍ തന്റെ നിലപാട് ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്ന സംഘടിതശക്തികളുടെ കൈയിലെ കരുവായി ഷാനിമോള്‍ ഉസ്മാന്‍ മാറിയെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ഷാനിമോള്‍ കത്ത് നല്‍കിയതിനുപിന്നില്‍ ഗൂഢാലോചനയുണ്ട്. മദ്യനയത്തില്‍ വെള്ളം ചേര്‍ക്കാന്‍ സ്ഥാപിത താല്‍പ്പര്യക്കാരുടെ ഗൂഢനീക്കം നടക്കുകയാണ്. ഈ കത്തിനു പിന്നിലും അത്തരം ഗൂഢതാല്‍പ്പര്യങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

"കെ സി വേണുഗോപാലിനെതിരെ തെളിവില്ലാത്ത ആരോപണങ്ങളാണ് ഷാനിമോള്‍ ഉന്നയിച്ചത്. നിശ്ചയിച്ചുറപ്പിച്ച അജണ്ടയുടെ ഭാഗമാണ് ഈ ആരോപണം. ഇതിനെതിരെ നടപടി എടുക്കാന്‍ തീരുമാനിച്ചത് ഒറ്റയ്ക്കല്ല. എല്ലാ തീരുമാനങ്ങളുമെടുക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി ആലോചിച്ചാണ്. ഷാനിമോളെ ഞാന്‍ അവഹേളിച്ചിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതിന്റെ വിഷമം തീര്‍ക്കുകയാണ് അവര്‍. എന്നാല്‍, സാധ്യതാ ലിസ്റ്റില്‍ ഷാനിമോളുടെ പേര് ചേര്‍ക്കുകയാണ് ഞാന്‍ ചെയ്തത്. എന്നിട്ടും വിരോധം എന്നോടാണ്". ഷാനിമോള്‍ കത്തയച്ച സാഹചര്യത്തെക്കുറിച്ചന്വേഷിക്കാന്‍ എം എം ഹസ്സന്‍ കണ്‍വീനറും ലാലി വിന്‍സന്റ്, പി എം സുരേഷ് ബാബു എന്നിവര്‍ അംഗങ്ങളുമായി സമിതിയെ നിയോഗിച്ചതായും സുധീരന്‍ പറഞ്ഞു. കെപിസിസി യോഗവിവരങ്ങള്‍ ചോരുന്ന പശ്ചാത്തലത്തില്‍ യോഗത്തില്‍ മൊബൈല്‍ഫോണ്‍ നിരോധിക്കുന്നത് പരിഗണനയിലാണെന്നും സുധീരന്‍ അറിയിച്ചു.

കെപിസിസി യോഗത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു: ഷാനിമോള്‍

തിരു: കെപിസിസി യോഗത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ തെറ്റുകാണുന്നില്ലെന്നും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ഷാനിമോള്‍ ഉസ്മാന്‍. തന്റെ നിലപാട് വ്യക്തമാക്കി ഷാനിമോള്‍ കെപിസിസിയ്ക്ക് തുറന്ന കത്തയച്ചു.

അപ്രിയ സത്യങ്ങള്‍ പറയുമ്പോള്‍ അച്ചടക്കത്തിന്റെ വാളുയര്‍ത്തുന്നത് ശരിയല്ല. വിമര്‍ശിക്കുമ്പോള്‍ തെളിവ് വേണമെന്ന കെപിസിസി അധ്യക്ഷന്റെ വാദത്തോട് യോജിക്കുന്നില്ല. കെപിസിസി പ്രസിഡന്റിന്റെ പ്രതിപുരുഷന്‍ വാര്‍ത്തകള്‍ ചോര്‍ത്തുന്നുണ്ട്. സുധീരന്റെ പഴയ പ്രസംഗങ്ങള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്നും ഷാനിമോള്‍ കത്തില്‍ ആരോപിച്ചു.

ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ കെ സി വേണുഗോപാലിന് സോളാര്‍ തട്ടിപ്പിലെ പ്രതി സരിത എസ് നായരുമായി അടുത്ത ബന്ധമാണുള്ളതെന്ന് ഷാനിമോള്‍ കെപിസിസി യോഗത്തില്‍ പറഞ്ഞിരുന്നു. വേണുഗോപാലിന്റെ സരിത ബന്ധം തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയുണ്ടാക്കുമെന്നും ഷാനിമോള്‍ പറഞ്ഞിരുന്നു.

സുധീരന്റെ ആദര്‍ശമെവിടെ

തിരു: ബാര്‍ ലൈസന്‍സ് വിഷയത്തില്‍ ആദര്‍ശം പറയുന്ന കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലും ആറന്മുള വിമാനത്താവളവിഷയത്തിലും എന്തേ മിണ്ടാതിരിക്കുന്നതെന്ന് വൈസ് പ്രസിഡന്റ് വി ഡി സതീശന്‍. ഇതല്ല ആദര്‍ശമെന്നും ദൃശ്യമാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സതീശന്‍ തുറന്നടിച്ചു.

ഞാന്‍ പ്രതിഛായയുടെ തടവുകാരനല്ല. ആദര്‍ശംപറഞ്ഞ് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന ആളുമല്ല. നിലപാടെടുക്കുമ്പോള്‍ പ്രായോഗികത വേണം. അടച്ചുപൂട്ടിയ ബാറുകളില്‍ മെച്ചപ്പെട്ടവയുണ്ട്. തുറന്നവയില്‍ നിലവാരമില്ലാത്തവയുമുണ്ട്. ഇത് പരിഹരിക്കണമെന്നതാണ് ആവശ്യം. അത് ബാര്‍ ലോബിക്കുവേണ്ടി പറയുന്നതല്ല. മിഥ്യാലോകത്തുനിന്ന് പൊതുപ്രവര്‍ത്തനം നടത്താമെന്ന് കരുതരുതെന്നും സതീശന്‍ പറഞ്ഞു.

തങ്ങളാരും ഇമേജിന്റെ തടവറയിലല്ല: വി ഡി സതീശന്‍

തിരു: കെപിസിസി പ്രസിഡന്റ് വി എം സുധീരനെതിരെ രൂക്ഷ വിമര്‍ശനവുമായി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ വീണ്ടും രംഗത്തെത്തി. തങ്ങളാരും ഇമേജിന്റെ തടവറയിലല്ലെന്നും സുധീരന്റെ നിലപാടുകള്‍ പ്രായോഗികമല്ലെന്നും സതീശന്‍ അഭിപ്രായപ്പെട്ടു.

ബാറുകള്‍ക്ക് ക്ലാസിഫിക്കേഷനാകാം. എന്നാല്‍ കോണ്‍ഗ്രസുകാര്‍ക്ക് ക്ലാസിഫിക്കേഷന്‍ നല്‍കാന്‍ ആരും വരേണ്ടെന്നും സതീശന്‍ പറഞ്ഞു. കാര്യങ്ങള്‍ പഠിച്ചാണ് അഭിപ്രായം പറയേണ്ടത്. ഒരാള്‍ മദ്യവിരോധിയും മറ്റുള്ളവര്‍ മദ്യലോബിയുടെ ആള്‍ക്കാരും എന്ന രീതിയില്‍ കാര്യങ്ങള്‍ കാണുന്നത് ശരിയല്ലെന്നം സതീശന്‍ പറഞ്ഞു.

കസ്തൂരി രംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട് സുധീരന്‍ ഒരഭിപ്രായവും പറഞ്ഞിട്ടില്ല. എതിരായിരുന്ന ആള്‍ക്കൂട്ടത്തെ കണ്ടാണ് സുധീരന്‍ ഒന്നും പറയാതിരുന്നത്. ആള്‍ക്കൂട്ടതിന് നടുവില്‍ നിന്ന് എന്തും പറയാം. എന്നാല്‍ ആള്‍ക്കൂട്ടത്തെ നമ്മുടെ അഭിപ്രായം ബോധ്യപ്പെടുത്താനാണ് ശ്രമിക്കേണ്ടത്.

സതീശന്റെ അഭിപ്രായത്തിനെതിരെ കെപിസിസി വക്താവ് അജയ് തറയില്‍ രംഗത്തെത്തി. മദ്യ ലോബിയ്ക്ക് കോണ്‍ഗ്രസിനകത്ത് കലാപം ഉണ്ടാക്കാന്‍ കഴിഞ്ഞെന്നും സതീശന്റെ അഭിപ്രായം അതാണ് തെളിയിക്കുന്നതെന്നും അജയ് തറയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment