Tuesday, May 13, 2014

എസ്ബിഐ-റിലയന്‍സ് കരാര്‍ ; പിന്നില്‍ കേന്ദ്രത്തിന്റെ കുത്തക താല്‍പ്പര്യം: പിണറായി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും റിലയന്‍സും തമ്മിലുള്ള കരാറിനു പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ കുത്തക താല്‍പ്പര്യം മാത്രമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നവമാധ്യമ രംഗത്തെ ഇടതുപക്ഷ കൂട്ടായ്മയായ സൈബര്‍കമ്യൂണ്‍ ഏര്‍പ്പെടുത്തിയ മാധ്യമപുരസ്കാരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാങ്കിന്റെ ഏതെങ്കിലും വൈകല്യമോ കുറവോ പരിഹരിക്കാനല്ല ഈ കരാര്‍. മറിച്ച് കുത്തകകള്‍ക്ക് പൊതുമേഖലാ ബാങ്കിങ് സ്ഥാപനങ്ങളിലേക്ക് കടന്നുകയറാനുളള നടപടി മാത്രമാണ്. ഇന്ത്യയിലെ പൊതുമേഖലാ ധനസ്ഥാപനങ്ങളില്‍ ഒരു പ്രശ്നവുമില്ലാതെ പ്രവര്‍ത്തിക്കുന്നതാണ് എസ്ബിഐ. ലോകത്ത് പല ബാങ്കുകളും പ്രതിസന്ധിയിലകപ്പെട്ടപ്പോഴും അമേരിക്കയിലെ വന്‍കിട ധനസ്ഥാപനങ്ങള്‍ പോലും തകര്‍ന്നടിഞ്ഞപ്പോഴും എസ്ബിഐക്ക് ഒരു പ്രതിസന്ധിയുമുണ്ടായിരുന്നില്ല. ഇപ്പോഴും പ്രതിസന്ധിയില്ലെന്ന് മാത്രമല്ല, നല്ലനിലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇനി വായ്പ നല്‍കലും തിരിച്ചുപിടിക്കലും ഉള്‍പ്പെടെയുള്ള മുഴുവന്‍ കാര്യങ്ങളും റിലയന്‍സാകും ചെയ്യുക. പുത്തന്‍തലമുറ ബാങ്കുകള്‍ വായ്പ തിരിച്ചുപിടിക്കാന്‍ ഗുണ്ടകളെ അയക്കുന്ന മാതൃകയിലേക്ക് എസ്ബിഐയും പോകുകയാണ്. ഇന്ത്യയിലെ ഒരു ബാങ്കിലും വന്‍കുടിശ്ശിക വരുത്തിയത് സാധാരണക്കാരല്ല. പതിനായിരക്കണക്കിന് കോടിയുടെ കുടിശ്ശിക വരുത്തിയത് കുത്തകകളാണ്. ഇത് തിരിച്ചുപിടിക്കാന്‍ നടപടി എടുക്കാതെ എഴുതിത്തള്ളാന്‍ ശ്രമിക്കുമ്പോള്‍ സാധാരണക്കാരനെ പീഡിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. രാജ്യത്തെ ഏറ്റവുംവലിയ പൊതുമേഖലാ ധനസ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ കോര്‍പറേറ്റ് കമ്പനിയായ റിലയന്‍സ് വിഴുങ്ങിയിട്ടും വലതുപക്ഷ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നില്ല. ഇത് കുത്തകകളുടെ താല്‍പ്പര്യസംരക്ഷണത്തിന്റെ ഭാഗമാണെന്ന് കാണാം.

വിദ്യാഭ്യാസവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം സമൂഹത്തിന് വലിയ ആപല്‍സൂചനയാണ് നല്‍കുന്നത്. ഇക്കാര്യത്തിലും മാധ്യമങ്ങള്‍ പിന്തിരിപ്പന്‍ നിലപാടാണ് സ്വീകരിക്കുന്നത്. കലാലയത്തില്‍ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം പാടില്ലെന്നും രാഷ്ട്രീയം പാടില്ലെന്നും ചീഫ് സെക്രട്ടറി സ്വന്തം നിലയ്ക്ക് നല്‍കിയ സത്യവാങ്മൂലമല്ല. ഇത് ഭരിക്കുന്ന പാര്‍ടിയുടെ നിലപാടാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ പാര്‍ടികള്‍ക്ക് പകരം ജാതീയമായും മതപരമായും ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനെ ശക്തിപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനുമുള്ള നടപടിയാണ് ഇത്. നവോത്ഥാനപ്രവര്‍ത്തനങ്ങളിലൂടെ രൂപപ്പെട്ട പൊതുസാഹചര്യം അട്ടിമറിക്കാനും നാടിനെ ദശാബ്ദങ്ങള്‍ പിന്നോട്ടു നയിക്കാനുമുള്ള സമീപനമാണ് ഇത്. എത്ര മാധ്യമങ്ങള്‍ ഇതിനെ എതിര്‍ത്തു? മാതൃഭാഷാ പഠനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി വന്നപ്പോള്‍ എത്ര മാധ്യമങ്ങള്‍ ശരിയായ നിലപാട് സ്വീകരിച്ചു? മാധ്യമങ്ങളുടെ കുത്തക താല്‍പ്പര്യങ്ങളാണ് ഇതെല്ലാം കാണിക്കുന്നത്. നമ്മുടെ നാട്ടില്‍ മാത്രമല്ല, രാജ്യത്തും ലോകത്തുമെല്ലാം മാധ്യമരംഗം മഹാഭൂരിപക്ഷം കോര്‍പറേറ്റുകളും കുത്തകകളും കൈയടക്കി. കുത്തകകള്‍ക്ക് ഹാനികരമായ ഒരു വാര്‍ത്തയും ഇവര്‍ നല്‍കില്ല. ഈ സാഹചര്യത്തില്‍ നവമാധ്യമങ്ങളുടെ പ്രസക്തി വളരെ വലുതാണെന്നും പിണറായി ചൂണ്ടിക്കാട്ടി.

യുവജന പ്രതിഷേധം: സീറോമാസ്-എസ്ബിഐ സേവനകേന്ദ്രം അടച്ചു

തലശേരി: സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയും സീറോമാസ് ഫൗണ്ടേഷനും സംയുക്തമായി തലശേരിയില്‍ ആരംഭിച്ച സേവനകേന്ദ്രം ഡിവൈഎഫ്ഐ പ്രക്ഷോഭത്തെ തുടര്‍ന്ന് അടച്ചു. എസ്ബിഐ പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രകടനമായെത്തിയാണ് വാദ്യാര്‍പീടികക്കടുത്ത കസ്റ്റംസ് റോഡില്‍ ആരംഭിച്ച സീറോമാസ്-എസ്ബിഐ കസ്റ്റമര്‍ സര്‍വീസ് പോയിന്റ് അടപ്പിച്ചത്. എസ്ബിഐ തലശേരി മെയിന്‍ബ്രാഞ്ചിന് കീഴില്‍ തിങ്കളാഴ്ച രാവിലെയാണ് എസ്ബിഐ-സീറോമാസ് ധനഇടപാട് കേന്ദ്രം തുടങ്ങിയത്. പ്രതിഭാസെയില്‍സ് എന്ന കടയില്‍ കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സംവിധാനത്തോടെയാണ് സ്ഥാപനം തുറന്നത്. സീറോ മൈക്രോഫിനാന്‍സ് ആന്‍ഡ് സേവിങ്സ് സപ്പോര്‍ട്ട് ഫൗണ്ടേഷന്റെ ബിസിനസ് കറസ്പോണ്ടന്റായി നിയോഗിച്ച ബി രഞ്ജിത്ത് ബാലിഗക്കാണ് നടത്തിപ്പുചുമതല. എസ്ബിഐ തലശേരി ശാഖയുടെ കോഡ് നമ്പറായ 926 ആണ് ഈ കസ്റ്റമര്‍ സര്‍വീസ് പോയിന്റിനും നല്‍കിയത്. എസ്ബിഐ തലശേരി ടൗണ്‍ശാഖയുമായി ലിങ്ക്ചെയ്ത് ഇടപാട് ആരംഭിക്കാനാണ് നിശ്ചയിച്ചത്. ഇതിനായി കസ്റ്റമര്‍ സര്‍വീസ് പോയിന്റിന്റെ പേരില്‍ അക്കൗണ്ടുമെടുത്തിരുന്നു.

സീറോമാസ്-എസ്ബിഐ സേവനകേന്ദ്രം തിങ്കളാഴ്ചമുതല്‍ തലശേരിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന വിവരം "ദേശാഭിമാനി"യിലൂടെ പുറത്തുവന്നതുമുതല്‍ ശക്തമായ പ്രതിഷേധമാണുയര്‍ന്നത്. രാവിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സംഘടിച്ച് വാദ്യാര്‍പീടികക്കടുത്ത കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തി. ഇത് പൊലീസ് തടഞ്ഞു. യുവജനപ്രവര്‍ത്തകരുടെ ഉപരോധത്തിനിടെ നടത്തിപ്പുകാര്‍ കേന്ദ്രം പൂട്ടി സ്ഥലംവിട്ടു. എസ്ബിഐ-സീറോമാസ് സേവനകേന്ദ്രത്തിനെതിരെ പലയിടത്തും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ടെങ്കിലും അടപ്പിക്കുന്നത് ആദ്യമാണെന്ന് ബാങ്കിങ്മേഖലയിലെ സംഘടനാപ്രവര്‍ത്തകര്‍ പറഞ്ഞു. സമരം സിപിഐ എം ഏരിയസെക്രട്ടറി എം സി പവിത്രന്‍ ഉദ്ഘാടനംചെയ്തു. പി പി സനില്‍ അധ്യക്ഷനായി. എന്‍ അനൂപ്, വി പി വിജേഷ്, എന്‍ വി ജിതേഷ് എന്നിവര്‍ സംസാരിച്ചു.

പ്രതിഷേധം എത്രത്തോളമുണ്ടാവുമെന്നറിയാനാണ് വടക്കന്‍മേഖലയിലെ ആദ്യകേന്ദ്രം തലശേരിയില്‍ തുടങ്ങിയതെന്നാണ് സൂചന. പണം നിക്ഷേപിക്കാനും പിന്‍വലിക്കാനുമുള്ള സൗകര്യത്തോടെയാണ് സീറോമാസ്-എസ്ബിഐ സേവനകേന്ദ്രം തലശേരിയില്‍ ആരംഭിച്ചത്. എസ്ബിഐ നിര്‍വഹിക്കുന്ന മുഴുവന്‍ സേവനങ്ങളും ഘട്ടംഘട്ടമായി ഇതുവഴി നല്‍കാനായിരുന്നു ധാരണ. എസ്ബിഐയും റിലയന്‍സിന്റെ പണമിടപാട് സ്ഥാപനമായ റിലയന്‍സ് മണി ഇന്‍ഫ്രാ സ്ട്രക്ചറും നേരത്തെ കരാറില്‍ ഒപ്പിട്ടിരുന്നു. പാര്‍ലമെന്റിലോ മറ്റു കേന്ദ്രധനസമിതികളിലോ ചര്‍ച്ചചെയ്യാതെ അതീവരഹസ്യമായി ഒപ്പിട്ട കരാറിലൂടെ ബാങ്കിന്റെ നിയന്ത്രണം ഏതാണ്ട് പൂര്‍ണമായി റിലയന്‍സ് പിന്‍വാതിലിലൂടെ കൈയടക്കിയിട്ടുണ്ട്. ഇതിനുപിറകെയാണ് സീറോമാസ്-എസ്ബിഐ കസ്റ്റമര്‍ സര്‍വീസ് പോയിന്റും തുടങ്ങിയത്. റിലയന്‍സുമായി സീറോമാസിനുള്ള ബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്.

deshabhimani

No comments:

Post a Comment