Tuesday, May 13, 2014

മുല്ലപ്പെരിയാര്‍: സര്‍ക്കാരിന് രൂക്ഷ വിമര്‍ശം; നിയമസഭ വിളിക്കണം

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിയമനടപടി തുടരാന്‍ സര്‍വകക്ഷിയോഗം തീരുമാനിച്ചു. സുപ്രീംകോടതിയില്‍നിന്ന് കേരളത്തിന് എതിരായി വിധിയുണ്ടായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ യോഗം വിളിച്ചത്. കേസില്‍ സര്‍ക്കാരിനുണ്ടായ വീഴ്ച യോഗത്തില്‍ രൂക്ഷ വിമര്‍ശത്തിന് ഇടയാക്കി. സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജിനല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. ഇതുകൂടാതെ, കേസ് കൂടുതല്‍ അംഗങ്ങളുള്ള ബെഞ്ചിലേക്ക് മാറ്റുന്നതിനും ഇപ്പോഴത്തെ വിധിയിലെ തെറ്റുകള്‍ തിരുത്തണമെന്നു കാട്ടിയുള്ള ക്യൂറേറ്റീവ് പെറ്റിഷന്‍ നല്‍കുന്നതിനുമുള്ള സാധ്യതയും തേടും.

നിയമവിദഗ്ധരുമായി ചര്‍ച്ച }നടത്തിയാകും ഏതു തരത്തിലുള്ള നിയമനടപടികള്‍ വേണമെന്ന് തീരുമാനിക്കുക. യോഗം ഇക്കാര്യത്തില്‍ സര്‍ക്കാരിന് പിന്തുണ അറിയിച്ചു. ഗുരുതരമായ സ്ഥിതിവിശേഷം ചര്‍ച്ചചെയ്യാന്‍ നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന് പ്രതിപക്ഷം യോഗത്തില്‍ ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ രാഷ്ട്രപതിയെ ഇടപെടുവിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. കേരളത്തിനായി ഹൈക്കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹാരിഷ് സാല്‍വെ വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം കൂടുതല്‍ ചര്‍ച്ച നടക്കും. കേസ് നടത്തിപ്പില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമായിരുന്നെന്നു തെളിയിക്കുന്നതാണ് വിധിയെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും പറഞ്ഞു.

അഭിഭാഷകര്‍ക്ക് വ്യക്തമായ നിര്‍ദേശം നല്‍കാന്‍ സര്‍ക്കാരിനായില്ല. നിയമസഭ അടിയന്തരമായി വിളിച്ചുചേര്‍ത്ത് വിഷയം ചര്‍ച്ചചെയ്യണം. കോടതിയിലുണ്ടായ വീഴ്ചകള്‍ പരിശോധിക്കണം. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലും ഇടുക്കി താങ്ങുമെന്ന് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം കേസില്‍ കേരളത്തിന് ദോഷമായി. നിയമനടപടികള്‍ തുടരാന്‍, വിദഗ്ധരായ അഭിഭാഷകരുടെ പാനലിനെ നിയോഗിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. ഡാമിലെ ജലനിരപ്പ് ഉയര്‍ത്താന്‍ അനുമതി നല്‍കിയതോടെ ജനങ്ങളുടെ ആശങ്ക വര്‍ധിച്ചെന്നും അഞ്ചു ജില്ലയിലെ ജനങ്ങള്‍ മരണഭയത്താല്‍ ഉറക്കമില്ലാത്ത അവസ്ഥയിലാണെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

ഒറ്റക്കെട്ടായി പ്രശ്നപരിഹാരം തേടാന്‍ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്നീട് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. കേരളത്തിന് സുരക്ഷ, തമിഴ്നാടിന് വെള്ളം എന്ന നിലപാടില്‍ മാറ്റമില്ല. വിഷയത്തെ കേരളം- തമിഴ്നാട് ഏറ്റുമുട്ടല്‍ പ്രശ്നമായി കാണുന്നില്ല. തലസ്ഥാനത്തെ കുടിവെള്ളവിതരണത്തിനായി പേപ്പാറ ഡാമിലെ ജലനിരപ്പ് മൂന്നടി ഉയര്‍ത്താന്‍ കേന്ദ്രം പാരിസ്ഥിതിക അനുമതി നല്‍കിയില്ല. എന്നാല്‍, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത്തരം പ്രശ്നങ്ങളും സര്‍ക്കാര്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ എം മാണി, പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, വിവിധ പാര്‍ടി നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍, വി എം സുധീരന്‍, എ കെ ശശീന്ദ്രന്‍, പി സി തോമസ്, കടന്നപ്പള്ളി രാമചന്ദ്രന്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, ജോണി നെല്ലൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment