Monday, May 5, 2014

വധഭീഷണി വാര്‍ത്ത പാര്‍ടിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗം: സിപിഐ എം

കോഴിക്കോട്: ആര്‍എംപി നേതാവിന് വധഭീഷണി എന്ന നിലയില്‍ പ്രസിദ്ധികരിച്ച വാര്‍ത്തകളുടെ ഉള്ളടക്കം സിപിഐ എമ്മിനെതിരായി നടത്തുന്ന ഗൂഢാലോചനയുടെ മറ്റൊരു പതിപ്പാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

2012 മെയ് നാലിന് ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ട ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ സിപിഐ എമ്മിന് യാതൊരു പങ്കുമില്ലെന്ന് പാര്‍ടി ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. കേസ് അന്വേഷണം ഒരു ഘട്ടമെത്തിയപ്പോള്‍ പാര്‍ടിയെ വളഞ്ഞിട്ട് ആക്രമിച്ച്, പാര്‍ടി നേതാക്കളെ ഉള്‍പ്പെടെ കള്ളക്കേസില്‍ കുടുക്കി വേട്ടയാടി തകര്‍ക്കാനാണ് യുഡിഎഫ് സര്‍ക്കാരും പാര്‍ടി വിരുദ്ധശക്തികളും ശ്രമിച്ചത്. ഒഞ്ചിയം മേഖലയില്‍ ഭരണസംരക്ഷണത്തോടെ വിവരണാതീതമായ ആക്രമണങ്ങള്‍ക്ക് നിരപരാധികളായ പാര്‍ടി പ്രവര്‍ത്തകരും ബന്ധുക്കളും ഇരയായി. നിരവധി വീടുകളും പാര്‍ടി സ്ഥാപനങ്ങളും കടകളും വാഹനങ്ങളും തകര്‍ക്കപ്പെട്ടു. ആര്‍എംപിയെന്ന പേരില്‍ ഒരു കൂട്ടം ക്രിമിനലുകളാണ് അക്രമസംഭവങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കിയത്. ഇത്തരം സംഘങ്ങളുടെ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. കടുത്ത പ്രതിഷേധമുളവാക്കിയ എല്ലാ സംഭവങ്ങളും അങ്ങേയറ്റം ആത്മസംയമനത്തോടെയാണ് പാര്‍ടി നേരിട്ടത്. അക്രമങ്ങളും കൊലപാതകവും പാര്‍ടി നിലപാടല്ല. യാതൊരു അക്രമസംഭവങ്ങളും ഉണ്ടാവാന്‍ പാടില്ലെന്നും ജനങ്ങള്‍ക്ക് സമാധാനപരമായ സൈ്വരജീവിതം ഉറപ്പുവരുത്തണമെന്നുമാണ് സിപിഐ എം നിലപാട്. ഒരു പ്രത്യേക സാഹചര്യത്തില്‍ ഒഞ്ചിയം മേഖലയില്‍ തെറ്റിദ്ധരിക്കപ്പെട്ടു പാര്‍ടിയില്‍നിന്ന് അകന്നുപോയവരില്‍ പലരും പാര്‍ടിയില്‍ തിരിച്ചുവന്നിട്ടുണ്ട്. ശേഷിക്കുന്നവരും തെറ്റു തിരുത്തി നിലപാടുകളില്‍ മാറ്റം വരുത്തി പാര്‍ടിയില്‍ തിരിച്ചുവരണമെന്നാണ് സിപിഐ എം നിലപാട്. കോണ്‍ഗ്രസിനോടും യുഡിഎഫിനോടും ഒപ്പംചേര്‍ന്ന് പാര്‍ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.

ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതിവിധി വന്നുകഴിഞ്ഞു. കേസ് ഇപ്പോഴും ഉപരികോടതിയുടെ നിയമപരമായ പരിശോധനയിലാണ്. സിപിഐ എമ്മിനെതിരെ ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണം നിരാകരിക്കുന്നതാണ് കോടതിവിധി. വസ്തുത ഇതായിരിക്കെ വീണ്ടും പാര്‍ടിയെ കടന്നാക്രമിക്കാനൂള്ള ഗൂഢനീക്കങ്ങളാണ് ചില കേന്ദ്രങ്ങളില്‍ തുടര്‍ന്നുവരുന്നത്. ചില മാധ്യങ്ങളും ഈ ഹീനമായ കൃത്യത്തില്‍ മുന്‍പന്തിയിലാണ്. സിപിഐ എം ജില്ലാ നേതൃത്വത്തെ ബന്ധപ്പെടുത്തി ഊമക്കത്തുകള്‍ സൃഷ്ടിച്ച് പാര്‍ടിക്കെതിരായി രൂപപ്പെടുത്തുന്ന ഗൂഢ നീക്കത്തെ ജനങ്ങള്‍ തിരിച്ചറിയണം. പാര്‍ടിക്കെതിരായി ദൂരാരോപണങ്ങള്‍ ഉന്നയിച്ച് പാര്‍ടിയെ ദുര്‍ബലപ്പെടുത്താനുള്ള ഏതൊരു നീക്കത്തെയും ജനങ്ങളെ അണിനിരത്തി ചെറുക്കാന്‍ പാര്‍ടിയാകെ ജാഗ്രത പുലര്‍ത്തണം. ആര്‍എംപി നേതാവ് എന്‍ വേണു റൂറല്‍ എസ്പിക്ക് കൈമാറി എന്നു പറയുന്ന കത്ത് ഗൗരവമായ പരിശോധനക്ക് വിധേയമാക്കണം. വസ്തുതകള്‍ സത്യസന്ധമായി പുറത്തുകൊണ്ടുവരുവാന്‍ പൊലീസ് ആവശ്യമായ നടപടിയെടുക്കണമെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment