കല്‍പ്പറ്റ: ഹാരിസണ്‍സ് മലയാളം കമ്പനിയുടേതെന്ന് പറഞ്ഞ് സര്‍ക്കാര്‍ കുടിയൊഴിപ്പിച്ചത് സര്‍ക്കാരിന്റെതന്നെ ഭൂമിയില്‍ താമസിച്ചവരെ. വരും ദിവസങ്ങളില്‍ കുടിയൊഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളതും സര്‍ക്കാരിന് അധികാരമുള്ള ഭൂമിയില്‍ താമസിക്കുന്നവരെയാണ്. രേഖകളും സര്‍ക്കാരിന്റെതന്നെ മുന്‍ ഉത്തരവുകളും പരിശോധിക്കാതെയാണ് കുടിയിറക്കല്‍. സര്‍ക്കാര്‍ ഭൂമി ഹാരിസണ്‍സിന് തീറെഴുതാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. ഹാരിസണ്‍സിന്റെ ഭൂമിയാണെന്ന് പറഞ്ഞാണ് മേപ്പാടി നെടുമ്പാലയില്‍ കുടില്‍കെട്ടി താമസിക്കുന്ന ഏഴ് കുടുംബങ്ങളെ ചൊവ്വാഴ്ച ഒഴിപ്പിച്ചത്. എന്നാല്‍ ഈ ഭൂമി വനംവകുപ്പിന്റേതാണെന്ന് ഹാരിസണ്‍സിന്റെ കൈയ്യേറ്റം കണ്ടെത്തനായി നേരത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ച സജിത്ബാബു കമീഷന്‍ കണ്ടെത്തിയിരുന്നു. വനംവകുപ്പിന്റെ രേഖകളിലും ഇക്കാര്യമുണ്ട്. കൈവശക്കാര്‍ക്ക് പട്ടയം നല്‍കാവുന്ന ഭൂമിയാണിത്. ഹാരിസണ്‍ അനധികൃതമായി അരപ്പറ്റയില്‍ കൈവശംവെക്കുന്ന ഭൂമിയിലാണ് കെഎസ്കെടിയുവിന്റെയും എകെഎസിന്റെയും നേതൃത്വത്തില്‍ ഭൂരഹിതര്‍ ഒന്നരവര്‍ഷത്തോളമായി കുടില്‍കെട്ടിയും വീട്വെച്ചും താമസിക്കുന്നത്. ഈ ഭൂമിയില്‍ ഏറെയും രേഖകള്‍പ്രകാരം സര്‍ക്കാരിന്റേതാമെന്ന് സജിത് ബാബു കമീഷന്‍ വ്യക്തമാക്കിയിരുന്നു. കോടതി ഉത്തരവിന്റെപേരില്‍ ഈ ഭൂമിയും ഹരിസണ്‍സിന് വിട്ടുനല്‍കാനുള്ള നീക്കമാണ് ഇപ്പോള്‍.
95 കുടിലുകളിലായി 145 കുടുംബങ്ങളും 500ഓളം പേരുമാണ് അരപ്പറ്റയിലെ ഭൂമിയില്‍ താമസിക്കുന്നത്. ഇവരെയും കുടിയിറക്കാണ് ജില്ലാധികൃതരുടെ നീക്കം. ഹാരിസണ്‍സ് അനധികൃതമായി കൈവശംവെക്കുന്ന മിച്ചഭൂമി എന്ന ഗണത്തിലാണ് ഈ സ്ഥലം നേരത്തെ സര്‍ക്കാര്‍ പെടുത്തിയിരുന്നു. എന്നാല്‍ വൈത്തിരി താലൂക്ക് ബോര്‍ഡിന്റെ ഉത്തരവില്‍ ഈ ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 1971 ലെ നിക്ഷിപ്ത വനഭൂമി ചട്ടങ്ങള്‍ പ്രകാരം വനഭൂമിയെന്ന് പ്രഖ്യാപിച്ചിട്ടുള്ളവയും ഹാരിസണ്‍സിന്റെ മിച്ചഭൂമി പട്ടികയിലുണ്ട്. കോട്ടപ്പടി വില്ലേജിലെ 188/3 എ1 ലെ 251.86 ഏക്കറും. മൂപൈനാട് വില്ലേജിലെ 1215/1 പാര്‍ട്ട് ഒന്നിലെ 200 ഏക്കറും അച്ചൂരാനം വില്ലേജിലെ 183/5 എയിലെ 239.44 ഏക്കറും സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് നേരത്തെ രേഖകള്‍ പ്രകാരം വ്യക്തമായതാണ്. ഈ ഭൂമികളിലാണ് ഭൂരഹിതര്‍ താമസിക്കുന്നത്. ഹാരിസണ്‍സിന്റേതാണെന്ന് പറഞ്ഞ് ഇവിടെനിന്നും ഇവരെ സര്‍ക്കാര്‍ കുടിയൊഴിപ്പിക്കുകയാണ്.
കുടിയിറക്കപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ വീട് നിര്‍മിച്ചു നല്‍കണം: കര്‍ഷകസംഘം
കല്‍പ്പറ്റ: മേപ്പാടി പഞ്ചായത്തിലെ നെടുമ്പാലയില്‍ പൊലീസ് റവന്യൂ അധികൃതര്‍ നടത്തിയ കുടിയൊഴിപ്പിക്കല്‍ കാടത്തവും പ്രതിഷേധാര്‍ഹവുമാണെന്ന് കര്‍ഷക സംഘം അഖിലേന്ത്യ ട്രഷറര്‍ പി കൃഷ്ണപ്രസാദും ജില്ല ട്രഷറര്‍ എം വേലായുധനും പറഞ്ഞു.
സര്‍കാര്‍ ഹാരിസണ്‍ കമ്പനിക്കൊപ്പമാണെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ഉടമസ്ഥാവകാശം തെളിയിക്കുന്ന ഒരു രേഖ പോലും കൈയിലില്ലാത്ത കമ്പനിയുടെ കൈയേറ്റത്തിന് കൂട്ട് നില്‍ക്കുന്ന സര്‍കാര്‍ കമ്പനിക്ക് വേണ്ടി പാവപ്പെട്ട തൊഴിലാളികളെ ബലം പ്രയോഗിച്ച് കുടിയിറക്കുന്നത് നിന്ദ്യവും നീചവുമാണ്. പൊലീസ് റവന്യു അധികൃതര്‍ നിഷ്ഠൂരമായി കുടിലുകള്‍ പൊളിച്ച് നീക്കി പെരുവഴിയിലേക്ക് തള്ളിയ ഈ തൊഴിലാളികള്‍ക്ക് സര്‍കാര്‍ അടിയന്തിരമായി വീട് നിര്‍മിച്ച് നല്‍കണം. അല്ലാത്ത പക്ഷം സര്‍കാര്‍ ചെലവില്‍ ഇവരെ വാടകക്ക് താമസിപ്പിക്കാന്‍ സൗകര്യം ഒരുക്കണം. ഈ തൊഴിലാളികളുടെ അവകാശ സമരങ്ങളെ കര്‍ഷക സംഘം പിന്തുണക്കും. വര്‍ഷങ്ങളായി ഈ ഭൂമിയില്‍ കുടില്‍ കെട്ടി താമസിക്കുന്ന ഏഴ് കുടിലുകളാണ് സര്‍കാര്‍ പൊളിച്ച് മാറ്റി കുടുംബങ്ങളെ വഴിയാധാരമാക്കിയത്. കുടിയിറക്കപ്പെട്ട സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ മഴയും വെയിലും മഞ്ഞും കൊണ്ട് പെരുവഴിയിലാണ്. കടുത്ത ചൂടും വേനല്‍ മഴയും തുടരുന്ന സമയത്ത് ഈ കുടുംബങ്ങളെ പെരുവഴിയിലേക്കിറക്കി വിട്ടത് അങ്ങേയറ്റം ക്രൂരവും പൈശാചികവുമാണ്.അരപ്പറ്റയിലും അവകാശം സ്ഥാപിച്ച നൂറ് കണക്കിന് തൊഴിലാളി കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയിലാണ്.
സംസ്ഥാനത്തെ എട്ടു ജില്ലകളിലായി പാട്ടക്കാലാവധി കഴിഞ്ഞ അറുപതിനായിരത്തോളം ഏക്കര്‍ ഭൂമിയാണ് എച്ച്എംഎല്‍ കൈവശംവെക്കുന്നത്. ഇതില്‍ പ്രധാനഭാഗം വയനാട്ടിലാണ്. ഇത് നിലവിലുള്ള എല്ലാ നിയമങ്ങളും ലംഘിച്ചാണെന്ന് സര്‍ക്കാര്‍ തന്നെ നിയമിച്ച വിവിധ കമീഷനുകളും അന്വേഷണ ഉദ്യോഗസ്ഥരും കണ്ടെത്തിയിട്ടുണ്ട്. വ്യാജ രേഖകള്‍ സൃഷ്ടിച്ചും രേഖകളില്‍ തിരുത്തലുകള്‍ വരുത്തിയും ഭൂമി കൈവശംവെച്ച് അനുഭവിക്കുകയാണ് എച്ച്എംഎല്‍ എന്ന് തെളിഞ്ഞിട്ടുണ്ട്. ഹാരിസണ്‍ കമ്പനിക്ക് ഈ ഭൂമിയില്‍ യാതൊരു അവകാശവുമില്ലെന്ന് സര്‍കാര്‍ നിശ്ചയിച്ച സജിത് ബാബു കമീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും വലിയ കൈയേറ്റക്കാരായ എച്ച്എംഎല്ലിനെയാണ് ആദ്യം ഒഴിപ്പിക്കേണ്ടത്. വിദേശത്ത് രജിസ്റ്റര്‍ ചെയ്തതാണ് എച്ച്എംഎല്‍ കമ്പനിക്ക് നിയമപരമായി ഇന്ത്യയില്‍ ഭൂമി കൈവശംവെക്കാന്‍ സാധിക്കില്ല. ഇത്രയും വലിയ നിയമലംഘനവും കൈയേറ്റവും സര്‍കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. വന്‍ തോതില്‍ പണം ചെലവഴിച്ച് സര്‍കാറിലും ഉന്നത റവന്യൂ ഉദ്യോഗസ്ഥരിലും സ്വാധീനം ചെലുത്തി് കൈയേറ്റം ഉറപ്പിക്കാനുള്ള ഹാരിസണ്‍ ശ്രമത്തിന് കോടതിയും കൂട്ട് നില്‍ക്കുകയാണ്. വന്‍കിടക്കാര്‍ക്ക് വേണ്ടി പാവങ്ങളെ തെരുവിലേക്ക് വലിച്ചെറിയുന്ന സര്‍കാര്‍ നയം തിരുത്തണം. തൊഴിലാളികളെ കുടിയിറക്കാനുള്ള നീക്കം എന്ത് വില കൊടുത്തും ചെറുക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani
No comments:
Post a Comment