Monday, May 5, 2014

ബിജെപിക്ക് കുടപിടിക്കുന്ന രാഹുല്‍

മൂന്നാംമുന്നണിയെ പിന്തുണയ്ക്കില്ല എന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പറയുന്നു. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും ഒന്നിക്കണമെന്ന് ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിങ് ആഹ്വാനംചെയ്യുന്നു. എട്ടും ഒന്‍പതും ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ പ്രധാന രാഷ്ട്രീയനേതൃത്വങ്ങളില്‍ നിന്നുവന്ന ഈ പ്രസ്താവനകള്‍ തെരഞ്ഞെടുപ്പുഫലം എങ്ങനെയാകുമെന്ന ഇരുകൂട്ടരുടെയും ആശങ്കമാത്രമല്ല പുറത്തുകൊണ്ടുവരുന്നത്; ബിജെപി അധികാരത്തില്‍ വരുന്നതില്‍ പ്രത്യേക എതിര്‍പ്പില്ലെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും ആരെ കൂട്ടുപിടിച്ചാലും അധികാരത്തിലേറണമെന്ന ബിജെപിയുടെയും മാനസികാവസ്ഥകൂടിയാണ്.

ബിജെപി എന്ന വര്‍ഗീയവിപത്തിനെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തണം എന്ന ഏകോപിച്ച ചിന്തയില്‍നിന്നാണ് ഒന്നാം യുപിഎ സര്‍ക്കാരും അതിനെ നയിക്കാന്‍ പൊതുമിനിമം പരിപാടിയും രൂപംകൊണ്ടത്. ഇക്കുറി നരേന്ദ്രമോഡിയെ മുന്നില്‍നിര്‍ത്തി വര്‍ഗീയധ്രുവീകരണം സൃഷ്ടിച്ച് അധികാരം എത്തിപ്പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. അതിനെ ചെറുക്കാനുള്ള മിനിമം ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. മതനിരപേക്ഷ ശക്തികളെ പരമാവധി അകറ്റിനിര്‍ത്താനും അതിലൂടെ ബിജെപിക്ക് സേവചെയ്യാനും കോണ്‍ഗ്രസിന്റെ മുന്‍നിര നേതാവുതന്നെ രംഗത്തിറങ്ങുമ്പോള്‍, രാജ്യത്തോടും ജനങ്ങളോടുമുള്ള ആ പാര്‍ടിയുടെ ഉത്തരവാദിത്തരാഹിത്യത്തിലുപരി, കോര്‍പറേറ്റുകളോടുള്ള അതിന്റെ വിധേയത്വമാണ് തെളിയുന്നത്. ബിഹാര്‍ നവാഡയിലെ ബിജെപി സ്ഥാനാര്‍ഥി ഗിരിരാജ്സിങ് പ്രഖ്യാപിച്ചത്, നരേന്ദ്രമോഡിയുടെ മുന്നേറ്റത്തെ തടയണമെന്നാഗ്രഹിക്കുന്നവര്‍ പിന്തുണയ്ക്കായി പാകിസ്ഥാനിലേക്കു നോക്കുന്നവരാണെന്നത്രെ. "വരുംദിവസങ്ങളില്‍ അത്തരക്കാര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമുണ്ടാവില്ല; അവരുടെ സ്ഥാനം പാകിസ്ഥാനിലായിരിക്കും" എന്നുപറയാനും മുതിര്‍ന്ന ആ ബിജെപി നേതാവിന് മടിയുണ്ടായില്ല.

മോഡിയുടെ പ്രചാരണ ബുദ്ധികേന്ദ്രമായ അമിത്ഷാ തെരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചത്, "നമ്മുടെ സമുദായത്തിനുനേരെ ഉണ്ടായ അവഹേളനത്തിന് പ്രതികാരംചെയ്യാനുള്ള സമയമാണിത്" എന്നാണ്. അതിനെ നരേന്ദ്രമോഡി ന്യായീകരിക്കുകയും ചെയ്തു. പ്രവീണ്‍ തൊഗാഡിയയും അമിത്ഷായും ഗിരിരാജ് സിങ്ങും തുപ്പുന്ന വര്‍ഗീയവിഷം തെരഞ്ഞെടുപ്പിനെ വര്‍ഗീയവല്‍ക്കരിക്കാനുള്ളതാണ്. നേതാക്കള്‍മാത്രമല്ല, രാജ്യത്തെമ്പാടുമുള്ള ആര്‍എസ്എസ് പ്രചാരകരും ഇത്തരം കഥകള്‍ പ്രചരിപ്പിക്കുന്നു. മത ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനും അവരെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനുമുള്ള ആസൂത്രിത ശ്രമമുണ്ടാകുന്നു. ഭൂരിപക്ഷ വര്‍ഗീയത ആളിക്കത്തിച്ചും യുപിഎ സര്‍ക്കാരിനെതിരായ ജനരോഷം മുതലെടുത്തും ദേശീയതലത്തില്‍ അധികാരം പിടിച്ചെടുക്കാനാണ് ആര്‍എസ്എസ്- ബിജെപി ശ്രമം. യുപിഎയുടേതായാലും സംഘപരിവാറിന്റേതായാലും അജന്‍ഡ രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കെതിരാണ്. ബിജെപി നയിച്ച ആറുവര്‍ഷത്തെ എന്‍ഡിഎ ഭരണം ജനം മറന്നിട്ടില്ല. ജനവിരുദ്ധ നയങ്ങളുടെയും ഭൂരിപക്ഷ വര്‍ഗീയ പ്രവര്‍ത്തനങ്ങളുടെയും വിഷലിപ്തമായ ഒരു സമ്മിശ്രത്തെയാണ് അത് പ്രതിഫലിപ്പിച്ചത്.

വിദ്യാഭ്യാസം, സംസ്കാരം, ചരിത്രം തുടങ്ങി സര്‍വകാര്യങ്ങളെയും കാവിവല്‍ക്കരിച്ചു. അതിനെ ചോദ്യംചെയ്ത ബുദ്ധിജീവികളുള്‍പ്പെടെ സകലര്‍ക്കെതിരെയും തിരിഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ തുടരെ അധാര്‍മികമായ ആക്രമണങ്ങള്‍ നടത്തി. ന്യൂനപക്ഷങ്ങള്‍ക്കെതിരെ മാത്രമല്ല, പട്ടികജാതി- പട്ടികവര്‍ഗങ്ങള്‍ക്കെതിരെയും സവര്‍ണപ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ടതില്‍ ഏറ്റവും വലിയ സാമുദായിക കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയതിനുശേഷം, ഇന്ത്യന്‍ ഭരണമേറ്റെടുത്ത് ഈ അജന്‍ഡ അടിച്ചേല്‍പ്പിക്കാനാണ് മോഡിയും ആര്‍എസ്എസും ആഗ്രഹിക്കുന്നത്. അത് മറയില്ലാതെ ബിജെപി വ്യക്തമാക്കുമ്പോള്‍, തങ്ങള്‍ക്ക് ഒരു എതിര്‍പ്പുമില്ല എന്നാണ് യുവ കോണ്‍ഗ്രസ് നേതാവ് മനസ്സുതുറന്നു വ്യക്തമാക്കുന്നത്. വര്‍ഗീയതയെ പരിപോഷിപ്പിക്കുന്ന നിലപാടാണിത്. ഇടതുപക്ഷം ഭരിച്ച സംസ്ഥാനങ്ങളില്‍മാത്രമാണ് വര്‍ഗീയ ധ്രുവീകരണ-കലാപ ശ്രമങ്ങളെ പരാജയപ്പെടുത്തിയത് എന്ന അനുഭവം രാജ്യത്തിനു മുന്നിലുണ്ട്.

പടിഞ്ഞാറന്‍ ബംഗാളില്‍ 2013 ഫെബ്രുവരിക്കും ആഗസ്തിനുമിടയിലുള്ള ഏഴുമാസത്തിനുള്ളില്‍ 42 വലിയ വര്‍ഗീയാതിക്രമങ്ങളാണ് അരങ്ങേറിയത്. ഇടതുമുന്നണി ഭരണകാലത്ത് വര്‍ഗീയശക്തികള്‍ക്ക് തലപൊക്കാനുള്ള അവസരം അവിടെയുണ്ടായിരുന്നില്ല. ഇടതുപക്ഷം ശക്തമായിരുന്നിടത്തെല്ലാം ആര്‍എസ്എസിനെയും ബിജെപിയെയും ചെറുക്കാനും അവരുടെ പദ്ധതികളെ തകര്‍ക്കാനും കഴിഞ്ഞിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും അവരുടെ പുരോഗതി ഉറപ്പാക്കുകയുംചെയ്തു. പശ്ചിമബംഗാള്‍, ത്രിപുര, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ രേഖകള്‍ ഇതിന് തെളിവാണ്. നമ്മുടെ ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവം നഷ്ടപ്പെടുത്താതെയും മതപരവും ജാതിപരവും അല്ലെങ്കില്‍ ലിംഗപരവുമായ വിവേചനമില്ലാതെയും അതിക്രമങ്ങളെ ഭയക്കാതെയും ജീവിക്കാനുള്ള എല്ലാ ഇന്ത്യാക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍, ബിജെപി അധികാരത്തില്‍ വരാതിരിക്കണം.

രാജ്യസ്നേഹപരമായ ആ കര്‍ത്തവ്യം ഏറ്റെടുത്ത് പക്വമായി പെരുമാറുന്നതിനുപകരം ബിജെപിക്ക് സഹായകമായ നിലപാടിലേക്ക് രാഹുല്‍ഗാന്ധി തെന്നിമാറുന്നത് കോണ്‍ഗ്രസിനെ ഇന്ന് നിയന്ത്രിക്കുന്ന കോര്‍പറേറ്റുകളുടെ മുഖത്ത് മന്ദഹാസം വിരിയിക്കും. പക്ഷേ, സാധാരണക്കാരായ ഇന്ത്യന്‍ ജനതയില്‍ അത് ആശങ്കയും പുച്ഛവുമേ സൃഷ്ടിക്കൂ. അധികാരക്കൊതിപൂണ്ട് മതിഭ്രമം ബാധിച്ച ബിജെപി, തൃണമൂല്‍ അടക്കമുള്ള ആരുടെയും സഹായത്തിനായി എത്ര തരംതാഴാനും മടിക്കില്ല എന്ന് തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ കഴിയാത്ത രാഹുലിനെപ്പോലുള്ളവരുടെ നേതൃത്വംതന്നെയാണ് കോണ്‍ഗ്രസിന്റെ പ്രധാന ദൗര്‍ബല്യങ്ങളിലൊന്ന് എന്ന് ആ പാര്‍ടിയില്‍ അവശേഷിക്കുന്ന മതനിരപേക്ഷ- ജനാധിപത്യ വാദികളെങ്കിലും ചിന്തിക്കേണ്ടതുണ്ട്.

*
deshabhimani editorial

No comments:

Post a Comment