Thursday, May 15, 2014

എച്ച്ഒസിക്കും അടച്ചുപൂട്ടല്‍ഭീഷണി

ഫാക്ട്: കേന്ദ്രനടപടി കേരളത്തോടുള്ള വഞ്ചന

കൊച്ചി: നാളുകളായി ഫാക്ടിനുവേണ്ടി കക്ഷിരാഷ്ട്രീയഭേദമെന്യേ നടത്തിയ ശ്രമങ്ങള്‍ കണ്ടില്ലെന്നു നടിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി കേരളത്തോടുള്ള വഞ്ചനയാണെന്ന് സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി. എല്‍എന്‍ജിയുടെ വാറ്റ് ഒഴിവാക്കാതെ കേരള സര്‍ക്കാരും ഫാക്ടിനെ കൈയൊഴിഞ്ഞു. എത്രനാളത്തേക്കാണ് ഫാക്ടിന് നികുതിയിളവു വേണ്ടതെന്നു ചോദിച്ച സംസ്ഥാന മന്ത്രിസഭയാണ് പിന്നീട് കേന്ദ്രതീരുമാനം വന്നിട്ടാകാമെന്നു പറഞ്ഞ് പിന്മാറിയത്. ഇതിനുപിന്നില്‍ ഫാക്ട് പാക്കേജ് അട്ടിമറിക്കാന്‍ പ്രവര്‍ത്തിച്ചവരാണെന്നത് വ്യക്തമാണെന്നും സമരസമിതി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

കാപ്രോലാക്ടം പ്ലാന്റ് അടച്ചപ്പോള്‍ ഫാക്ടിന് 6779 കോടി രൂപയുടെ പാക്കേജ് അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രസഹമന്ത്രി കെ വി തോമസ് പ്രസ്താവനയിറക്കി. ഇതിലെ പൊള്ളത്തരം തുറന്നുകാട്ടിയപ്പോള്‍ അവരെ രാഷ്ട്രീയപ്രേരിത സമരക്കാരെന്നു വിളിച്ച് കളിയാക്കുകയും ഫാക്ടിനായി വ്യാജ പ്രസ്താവനകള്‍ നടത്തുകയും ഈ പ്രസ്താവനകള്‍ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുകയും ചെയ്തു. സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റിയെ ഭിന്നിപ്പിക്കാനും ശ്രമം നടത്തി. വന്‍ ബഹുജന പിന്തുണയും ഹര്‍ത്താല്‍ അടക്കമുള്ള സമരമാര്‍ഗങ്ങളും ഉണ്ടായിട്ടും അതിനെയെല്ലാം കടന്ന് ഫാക്ടിനുള്ള പാക്കേജ് സര്‍ക്കാര്‍ അട്ടിമറിച്ചതിനുപിന്നില്‍ ചില ഗൂഢശക്തികളുണ്ടെന്ന് സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി.

ഫാക്ടിനെ കൂടുതല്‍ ദുര്‍ബലപ്പെടുത്തി ഫാക്ടിന്റെ 2500 ഏക്കറോളം ഭൂസ്വത്ത് കൈക്കലാക്കാനോ ഇലക്ഷന്‍ ഫണ്ടിങ്ങിലെ മുഖ്യസ്രോതസ്സായ സ്വകാര്യ കുത്തകയ്ക്ക് ഫാക്ടിനെ അടിയറവയ്ക്കാനോ ഉള്ള ഹീനശ്രമങ്ങള്‍ വെളിച്ചത്തുകൊണ്ടുവരണം. ഫാക്ടിന്റെ വികസനവും വൈവിധ്യവല്‍ക്കരണവും കേരളത്തിന്റെ വ്യവസായ വികസനത്തിന് അനിവാര്യമാണെന്നും ഈ പാരസ്പര്യബന്ധം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണാതെപോകുകയാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. ഹൈദരാബാദിലെ മരുന്നുകമ്പനിയില്‍ 40 കോടി ഡോളര്‍ വിദേശനിക്ഷേപം കൊണ്ടുവരാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന സിസിഇഎ (സെന്‍ട്രല്‍ കമ്മിറ്റി ഓണ്‍ എക്കണോമിക് അഫയേഴ്സ്) യോഗത്തില്‍ പ്രധാനമന്ത്രി തീരുമാനമെടുത്തിരുന്നു. ഇത് ചോദ്യംചെയ്തവരോട് പ്രധാനമന്ത്രി പറഞ്ഞത് തുടര്‍പ്രക്രിയകളില്‍ തീരുമാനമെടുക്കാന്‍ സിസിഇഎ അംഗങ്ങള്‍ക്ക് അധികാരമുണ്ടെന്നാണ്. അങ്ങനെയാണങ്കില്‍ ആറ് മന്ത്രാലയങ്ങളുടെ അനുമതി തെരഞ്ഞെടുപ്പു കമീഷന്റെ പെരുമാറ്റച്ചട്ടം വരുംമുമ്പ് വാങ്ങിയ ഫാക്ടിന്റെ പാക്കേജും തുടര്‍പ്രക്രിയയാണ്. എന്നിട്ടും സിസിഇഎ അംഗീകാരം നല്‍കാത്തത് പാക്കേജ് അട്ടിമറിക്കാനാണെന്ന സംശയം ബലപ്പെടുത്തുന്നതാണെന്നും ആക്ഷന്‍കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

എച്ച്ഒസിക്കും അടച്ചുപൂട്ടല്‍ഭീഷണി

കൊച്ചി: ഫാക്ടിനു പിന്നാലെ കൊച്ചിയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സും (എച്ച്ഒസി) അടച്ചുപൂട്ടല്‍ ഭീഷണിയിലേക്ക്. കമ്പനിയിലെ പ്രധാന രാസഉല്‍പ്പന്നങ്ങളായ ഫിനോള്‍, അസറ്റോണ്‍ പ്ലാന്റുകള്‍ ഒരുമാസമായി പൂര്‍ണമായും അടച്ചു. തൊഴിലാളികള്‍ക്ക് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ വേതനവും നല്‍കിയിട്ടില്ല. എച്ച്ഒസിയെ പ്രതിസന്ധിയില്‍നിന്നു രക്ഷിക്കാന്‍ അടിയന്തരമായി 150 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടിരുന്നെങ്കിലും രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന മന്ത്രിസഭായോഗത്തിലും ഇക്കാര്യം ചര്‍ച്ചയ്ക്കെടുത്തില്ല. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ വേതനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ ബുധനാഴ്ച രാവിലെമുതല്‍ കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ രാജന്റെ ഓഫീസിനുമുന്നില്‍ രാപ്പകല്‍ കുത്തിയിരിപ്പുസമരം ആരംഭിച്ചു. വേതനകാര്യത്തില്‍ തീരുമാനമാകുംവരെ സമരം തുടരുമെന്ന് സേവ് എച്ച്ഒസി സംയുക്തസമരസമിതി കണ്‍വീനര്‍ കെ എസ് പ്രകാശന്‍ പറഞ്ഞു. മെയ് 30ന് ജയില്‍നിറയ്ക്കല്‍ സമരവും ആലോചിക്കുന്നുണ്ട്.

പ്രതിവര്‍ഷം 40,000 ടണ്‍ ഫിനോളും 24,000 ടണ്‍ അസറ്റോണും 5,000 ടണ്‍ ഹൈഡ്രജന്‍ പെറോക്സൈഡുമാണ് ഉല്‍പ്പാദിപ്പിച്ചിരുന്നത്. 2012ല്‍ കേന്ദ്രസര്‍ക്കാര്‍ ഫിനോളിന്റെയും അസറ്റോണിന്റെയും ഇറക്കുമതി നിയന്ത്രണം കളഞ്ഞതോടെ പ്രതിസന്ധിയായി. ഓര്‍ഡറുകള്‍ കുറഞ്ഞു. ഹൈഡ്രജന്‍ പെറോക്സൈഡ് പ്ലാന്റ് മാത്രമാണിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. തൊഴിലാളികള്‍, ക്യാന്റീന്‍, സെക്യൂരിറ്റി, മറ്റനുബന്ധ കരാര്‍ ജോലിക്കാര്‍, ഓഫീസര്‍മാര്‍ എന്നിവരുള്‍പ്പെടെ നാനൂറോളം പേരാണ് എച്ച്ഒസിയിലുള്ളത്. ഇവരില്‍ 190 പേരും ഓഫീസര്‍മാരാണ്. തൊഴിലാളികളുടെ എണ്ണം ഇരുന്നൂറ്റമ്പതോളവും. പ്രതിസന്ധി മൂര്‍ച്ഛിച്ചതോടെ 2012-13ല്‍ 37 കോടി രൂപയും 2013-14ല്‍ 60 കോടി രൂപയും നഷ്ടമുണ്ടായി. കമ്പനിയെ രക്ഷിക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അസറ്റോണിന്റെയും ഫിനോളിന്റെയും ഇറക്കുമതിനിയന്ത്രണം പുനഃസ്ഥാപിക്കണം. ഇതിനൊപ്പം 60 കോടിയുടെ പ്രവര്‍ത്തനമൂലധനവും പൊതുകമ്പോളത്തില്‍നിന്ന് 150 കോടി വായ്പയെടുക്കാനുള്ള ബോണ്ടിന് ഗ്യാരന്റിയും നല്‍കണം. എന്നാല്‍, സര്‍ക്കാരിന്റെ അവസാന മന്ത്രിസഭായോഗത്തിലും എച്ച്ഒസിയുടെ കാര്യത്തില്‍ തീരുമാനമായില്ല. പ്ലാന്റുകള്‍ കൂടുതല്‍ കാലം അടച്ചിട്ടാല്‍ നശിക്കും. പിന്നീട് അവ പ്രവര്‍ത്തിപ്പിക്കാനുള്ള തുകകൂടി അധികമായി കണ്ടെത്തേണ്ടിവരും.

deshabhimani

No comments:

Post a Comment