Thursday, May 15, 2014

ബസ്ചാര്‍ജ് കുത്തനെ കൂട്ടി

തിരു: സംസ്ഥാനത്ത് ബസ്യാത്രാ നിരക്ക് വീണ്ടും വര്‍ധിപ്പിച്ച് സര്‍ക്കാരിന്റെ ഇരുട്ടടി. മിനിമം ചാര്‍ജ് ആറുരൂപയില്‍നിന്നും ഒറ്റയടിക്ക് ഏഴുരൂപയാക്കി ഉയര്‍ത്തി. ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ മിനിമം നിരക്ക് 10 രൂപയാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഈമാസം 20 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍വരും. ചാര്‍ജ് വര്‍ധന സംബന്ധിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചാണ് തീരുമാനം. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിച്ചിട്ടില്ല. ഇതുസംബന്ധിച്ച് പഠനം നടത്തി മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ടാക്സി, ഓട്ടോ നിരക്കും വര്‍ധിപ്പിക്കാനിടയുണ്ട്. വൈദ്യുതി നിരക്ക് വീണ്ടും കൂട്ടാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ബസ് യാത്രാനിരക്ക് വര്‍ധന. ഡീസല്‍ വിലവര്‍ധനയുടെ പേരിലാണിത്. പാല്‍ വില ലിറ്ററിന് അഞ്ചു രൂപ വര്‍ധിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്. നിത്യോപയോഗസാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റംമൂലം നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് ബസ്ചാര്‍ജ് വര്‍ധന ഇരുട്ടടിയാകും.

2011 ആഗസ്തില്‍ മിനിമം ബസ്ചാര്‍ജ് 5 രൂപയാക്കി. 2012 സെപ്തംബറില്‍ മിനിമം ആറ് രൂപയാക്കിയും വര്‍ധിപ്പിച്ചു. യുഡിഎഫ് അധികാരത്തില്‍ വന്ന ശേഷമുള്ള മൂന്നാമത്തെ വര്‍ധനയാണ് ഇപ്പോഴത്തേത്. മിനിമം ചാര്‍ജിന് പുറമെ കിലോമീറ്റര്‍ നിരക്കും കൂട്ടി. ഓര്‍ഡിനറി, സിറ്റി സര്‍വീസുകളുടെ നിരക്ക് 58 പൈസയില്‍നിന്നും 64 പൈസയായി ഉയര്‍ത്തി. സിറ്റി ഫാസ്റ്റ് നിരക്ക് 62 പൈസയില്‍ നിന്നും 68 പൈസയാക്കി. ഫാസ്റ്റ് പാസഞ്ചറിന്റെ കിലോമീറ്റര്‍ നിരക്കും 68 പൈസയാക്കിയിട്ടുണ്ട്. സൂപ്പര്‍ ഫാസ്റ്റുകളുടെ മിനിമം നിരക്ക് 12 രൂപയില്‍നിന്നും 13 രൂപയാക്കി ഉയര്‍ത്തി. കിലോമീറ്റര്‍ നിരക്ക് 65 പൈസയില്‍നിന്നും 75 പൈസയാക്കി വര്‍ധിപ്പിച്ചു. സൂപ്പര്‍ എക്സ്പ്രസിന്റെ മിനിമം നിരക്ക് മൂന്നുരൂപ കൂട്ടി 20 രൂപയാക്കി. കിലോമീറ്റര്‍ നിരക്ക് 77 പൈസയായി വര്‍ധിപ്പിച്ചു.

സൂപ്പര്‍ ഡീലക്സ്, സെമി സ്ലീപ്പര്‍ എന്നിവയുടെ മിനിമം നിരക്ക് 25 രൂപയില്‍നിന്നും 27 രൂപയാക്കി. ലക്ഷ്വറി ഹൈടെക് ബസുകളുടെ മിനിമം നിരക്ക് 40 രൂപയാണ്. 5 രൂപയുടെ വര്‍ധന. കിലോമീറ്റര്‍ നിരക്കില്‍ 10 പൈസയും വര്‍ധിപ്പിച്ചു. വോള്‍വോ ബസുകളുടെ മിനിമം നിരക്ക് 35 രൂപയില്‍ നിന്നും 40ഉം കിലോമീറ്റര്‍ നിരക്ക് 1.20 രൂപയില്‍നിന്നും 1.30ഉം രൂപയാക്കി വര്‍ധിപ്പിച്ചു. മള്‍ട്ടി ആക്സിലറി ബസുകളുടെ മിനിമം നിരക്ക് 70 രൂപയായിരിക്കും. ഇവയുടെ കിലോമീറ്റര്‍ നിരക്ക് 1.91 രൂപയായും നിശ്ചയിച്ചു. ഈ ബസുകള്‍ കേരളത്തില്‍ നിരത്തിലിറങ്ങാനിരിക്കുന്നതേയുള്ളൂ. 2012നുശേഷം ഡീസല്‍ നിരക്കില്‍ 22 ശതമാനം വര്‍ധനയുണ്ടായെന്നും ഇതെല്ലാം പരിഗണിച്ചാണ് നിരക്ക് വര്‍ധനയെന്നും മന്ത്രി അവകാശപ്പെട്ടു.

deshabhimani

No comments:

Post a Comment