Monday, May 5, 2014

അമേഠിയില്‍ കാണാം ഇന്ത്യയുടെ പരിച്ഛേദം

അമേഠി: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ മരുപ്പച്ചയാണ് അമേഠി. അവികസിത ഇന്ത്യയുടെ നേര്‍പകര്‍പ്പ്. തൊട്ടടുത്ത മണ്ഡലമായ റായ്ബറേലിയെ അപേക്ഷിച്ച് വികസനം ഇനിയും എത്തിനോക്കിയിട്ടില്ല ഇവിടേക്ക്. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി നാലു തവണ പ്രതിനിധാനംചെയ്ത മണ്ഡലം. രാജീവിനു മുമ്പ് സഞ്ജയ് ഗാന്ധിയായിരുന്നു ഇവിടെ. സോണിയ ഗാന്ധി കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് വന്നപ്പോള്‍ 1999ല്‍ ആദ്യം ജനവിധി തേടിയതും ഇതേ മണ്ഡലത്തില്‍തന്നെ. എന്നാല്‍, 2004ല്‍ അമേഠി മകന്‍ രാഹുല്‍ഗാന്ധിക്ക് നല്‍കി സോണിയ റായ്ബറേലിയിലേക്ക് മാറി. രാഹുലിന്് അമേഠിയില്‍ ഇത് മൂന്നാം മത്സരമാണ്. നെഹ്റുകുടുംബത്തില്‍നിന്ന് സ്ഥാനാര്‍ഥികള്‍ ഇല്ലാത്ത 1998ല്‍ മാത്രമാണ് ബിജെപിയിലെ സഞ്ജയ് സിങ് ഈ മണ്ഡലത്തില്‍നിന്ന് മത്സരിച്ചത്. ഇപ്പോള്‍ സഞ്ജയ്സിങ് കോണ്‍ഗ്രസിന്റെ രാജ്യസഭാംഗമാണ്.

നെഹ്റു കുടുംബാംഗങ്ങള്‍ മത്സരിക്കുന്നുവെങ്കില്‍ അമേഠിയില്‍ തെരഞ്ഞെടുപ്പ് അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ നടക്കാറില്ല. നെഹ്റു കുടുംബാംഗത്തെ മണ്ഡലം സ്വീകരിക്കുകയാണ് "കീഴ്വഴക്കം". 2009ലെ തെരഞ്ഞെടുപ്പു തന്നെ ഉദാഹരണം. രാഹുല്‍ ഗാന്ധി ജയിച്ചത് 3.70 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. ബിഎസ്പി എതിരാളിക്ക് ഒരു ലക്ഷം വോട്ട് പോലും ലഭിച്ചില്ല. എന്നാല്‍, രാഹുല്‍ഗാന്ധി ഇതാദ്യമായി യഥാര്‍ഥ മത്സരത്തെ നേരിടുകയാണ്. "സെലക്ഷനില്‍ നിന്ന് ഇലക്ഷനിലേക്കുള്ള" മാറ്റം കോണ്‍ഗ്രസിന്റെ ഉറക്കം കെടുത്തുന്നു. സമാജ്വാദി പാര്‍ടി മത്സരിക്കുന്നില്ല എന്ന ആനുകൂല്യംമാത്രമാണ് കോണ്‍ഗ്രസിന്റെ "ഭാവി പ്രധാനമന്ത്രിക്ക്" ആശ്വാസം നല്‍കുന്നത്. പ്രാദേശിക പാര്‍ടിയുടെ കാരുണ്യത്തില്‍ ദേശീയ കക്ഷിയിലെ രണ്ടാമന് ജയിച്ചു കയറാമെന്നര്‍ഥം. ആം ആദ്മിയുടെ കുമാര്‍ വിശ്വാസും ബിജെപിയിലെ സ്മൃതി ഇറാനിയും സ്ഥാനാര്‍ഥികളായതാണ് രാഹുലിനെ പരിഭ്രാന്തിയിലാക്കിയത്്. ബിഎസ്പിയും മത്സരരംഗത്തുണ്ട്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ കുമാര്‍ വിശ്വാസ് എന്ന വിവാദ നേതാവ് അമേഠിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കുമാര്‍ വിശ്വാസിന്റെ കാര്യത്തില്‍ സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാനുള്ള ആം ആദ്മി പാര്‍ടിയുടെ പ്രഖ്യാപിത പ്രകിയകളൊന്നും ബാധകമായിരുന്നില്ല. ജനുവരി 12ന് മണ്ഡലത്തിലെത്തിയ കുമാര്‍ വിശ്വാസ് ഗ്രാമങ്ങള്‍ തോറും പ്രചാരണം നടത്തുകയാണ്. മലയാളി മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കാന്‍ കുമാര്‍വിശ്വാസ് തയ്യാറാകുന്നില്ല. നേഴ്സുമാര്‍ക്കെതിരെ കുമാര്‍ വിശ്വാസ് നടത്തിയ അശ്ലീലച്ചുവയുള്ള പരാമര്‍ശമാണ് മലയാളികളില്‍നിന്ന് വിശ്വാസിനെ അകറ്റിയത്. മലയാളി നേഴ്സുമാര്‍ കുമാര്‍ വിശ്വാസിനെതിരെ അമേഠിയില്‍ പ്രചാരണം നടത്തുന്നതുവരെയെത്തി കാര്യങ്ങള്‍. അമേഠിയിലെ തെരഞ്ഞെടുപ്പ് ഓഫീസില്‍ കുമാര്‍ വിശ്വാസ് ഉണ്ടായിട്ടും ഈ ലേഖകന്‍ ഉള്‍പ്പെടെയുള്ള മാധ്യമ സംഘത്തെ കാണാന്‍ അദ്ദേഹം തയ്യാറായില്ല. ബിജെപി സ്ഥാനാര്‍ഥിയും നടിയുമായ സ്മൃതി ഇറാനിയാകട്ടെ കേരളത്തില്‍നിന്നുള്ള മാധ്യമങ്ങളോട് ആവേശത്തോടെയാണ് സംസാരിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 37000 വോട്ട് മാത്രം നേടി മൂന്നാം സ്ഥാനത്തായ ബിജെപി ഇക്കുറി നല്ല മത്സരമാണ് കാഴ്ചവയ്ക്കുന്നത്. രാഹുല്‍ മണ്ഡലത്തെ അവഗണിച്ചുവെന്നതാണ് ബിജെപിയുടെ പ്രധാന പ്രചാരണം. ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടും രാജീവ്ഗാന്ധി പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ടും സിആര്‍പിഎഫ് സെന്ററുമാണ് വിവിഐപി മണ്ഡലത്തിലെ വികസന ചിഹ്നങ്ങള്‍. ജനങ്ങളുമായി അടുത്ത് ഇടപഴകാനും രാഹുല്‍ തയ്യാറാകുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. ഇത് മനസിലാക്കിയായിരിക്കണം 2004ല്‍ മണ്ഡലം വിട്ട ശേഷം ആദ്യമായി സോണിയ ഗാന്ധി മകനുവേണ്ടി പ്രചാരണം നടത്തിയത്. "ഞാന്‍ എന്റെ മകനെ നിങ്ങള്‍ക്ക് നല്‍കിയാണ് പോകുന്നതെന്ന്" പറഞ്ഞ് മണ്ഡലവുമായുള്ള വൈകാരിക ബന്ധത്തെ സോണിയ തൊട്ടുണര്‍ത്തി.

റായ്ബറേലിയിലെന്നതുപോലെ പ്രിയങ്ക ഗാന്ധിയാണ് അമേഠിയിലും പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. മുര്‍ഷിഗഞ്ചിലെ ഗസ്റ്റ് ഹൗസില്‍ താമസിച്ചാണ് ഇരു മണ്ഡലങ്ങളിലും പ്രിയങ്ക പ്രചാരണ മേല്‍നോട്ടം വഹിക്കുന്നത്. എതിരാളികള്‍ വീട് കയറിയിറങ്ങി പ്രചാരണം നടത്തുമ്പോള്‍ പ്രിയങ്കയ്ക്കും വിയര്‍ക്കേണ്ടി വരുന്നു. ബിജെപി നേതാവ് നര്രേന്ദ മോഡി തിങ്കളാഴ്ച അമേഠിയില്‍ പ്രചാരണത്തിനെത്തുന്നുണ്ട്. ഗൗരീഗഞ്ചിലെ ഹോട്ടലില്‍ താമസിച്ചാണ് സ്മൃതി ഇറാനിയുടെ പ്രചാരണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ചാന്ദ്നിചൗക് മണ്ഡലത്തില്‍ തോറ്റ സ്മൃതി ഇറാനിക്ക് അമേഠിയില്‍ പ്രതീക്ഷ വേണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. രാജീവ് ഗാന്ധി മഹിളാ വികാസ് പരിയോജനയാണ് രാഹുല്‍ഗാന്ധിയുടെ തുറുപ്പ് ചീട്ട്. ഈ പദ്ധതിയിന്‍കീഴില്‍ 10 ലക്ഷം വനിതകള്‍ക്കാണ് ബാങ്കില്‍നിന്ന് സ്വയം തൊഴില്‍ വായ്പ ലഭ്യമാക്കിയത്. കേരളത്തിലെ കുടുംബശ്രീയുടെ ചെറുപതിപ്പാണിത്. പല ഗ്രാമങ്ങളും കോണ്‍ഗ്രസിന്റെ കൂടെ നില്‍ക്കുന്നതിന്റെ കാരണവും ഈ പദ്ധതിയാണ്. എന്നാല്‍, സ്ത്രീകളെ കടക്കെണിയിലാക്കിയ പദ്ധതിയാണിതെന്നാണ് സ്മൃതി ഇറാനിയുടെ പരാതി. അമേഠിയില്‍ മത്സരം ഇക്കുറി കടുക്കുമെന്ന് ഈ വാക്പോര് തന്നെ വ്യക്തമാക്കുന്നു.

വി ബി പരമേശ്വരന്‍ deshabhimani

No comments:

Post a Comment