Sunday, May 4, 2014

സുല്ലമുസ്സലാം സ്കൂളില്‍ ഒമ്പതില്‍ തോല്‍പ്പിച്ചത് 66 പേരെ

മലപ്പുറം: അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ സ്കൂളില്‍ ഈ വര്‍ഷം ഒമ്പതാംക്ലാസില്‍ തോറ്റത് 66 വിദ്യാര്‍ഥികള്‍. എസ്എസ്എല്‍സിക്ക് വിജയശതമാനം വര്‍ധിപ്പിക്കാന്‍ സ്കൂള്‍ അധികൃതര്‍ക്ക് വിദ്യാര്‍ഥികളെ തോല്‍പ്പിക്കുന്നുവെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ഈ കണക്ക്. തോല്‍വിയില്‍ മനംനൊന്ത് വെള്ളിയാഴ്ച നിസ്ലയെന്ന വിദ്യാര്‍ഥിനി തൂങ്ങിമരിച്ചിരുന്നു. കുട്ടികളെ തോല്‍പ്പിക്കല്‍ സ്കൂളിന് ഹോബിയാണെന്ന് നാട്ടുകാര്‍ പറയുന്നു. ജയിപ്പിക്കണമെങ്കില്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി വേറെ സ്കൂളില്‍ ചേരാമെന്ന് രക്ഷിതാക്കള്‍ ഉറപ്പുനല്‍കണം. ഒമ്പതാം ക്ലാസില്‍ പരമാവധി 20 ശതമാനം പേരെ തോല്‍പ്പിക്കാന്‍ നിയമം അനുവദിക്കുന്നുണ്ടെന്ന ധൈര്യത്തിലാണ് സ്കൂളിന്റെ തോല്‍പ്പക്കല്‍ മാമാങ്കം. കഴിഞ്ഞവര്‍ഷം 80 കുട്ടികളാണ് ഒമ്പതില്‍ തോറ്റത്. ഇവരില്‍ 40 പേരെ സ്കൂള്‍ മാറിക്കൊള്ളാമെന്ന ഉറപ്പില്‍ ജയിപ്പിച്ച് ടിസി നല്‍കി വിട്ടയച്ചു. ഇത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. രക്ഷിതാക്കളും നാട്ടുകാരും സ്കൂളിനെതിരെ രംഗത്തെത്തി. അതിനാല്‍ ടിസി നല്‍കല്‍ പരിപാടി തല്‍ക്കാലം നിര്‍ത്തിവച്ചു.

കുട്ടികളെ തോല്‍പ്പിച്ചിട്ടാണെങ്കിലും എസ്എസ്എല്‍സിക്ക് നൂറ് ശതമാനം വിജയം നേടുന്നതിനാല്‍ നാട്ടുകാരും രക്ഷിതാക്കളുംപരസ്യ പ്രതിഷേധത്തിന് മുതിരാറില്ല. കഴിഞ്ഞവര്‍ഷവും സ്കൂള്‍ 100 ശതമാനം വിജയം നേടിയിരുന്നു. ഇക്കൊല്ലം ഇത് 98 ആയി കുറഞ്ഞു. അടുത്തവര്‍ഷം ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് കൂട്ട തോല്‍പ്പിക്കല്‍ ഇത്തവണയും ആവര്‍ത്തിച്ചത്. എട്ട് ഡിവിഷനുകളിലായി 400-ഓളം കുട്ടികളാണ് ഇക്കൊല്ലം ഒമ്പതാം ക്ലാസ് പരീക്ഷയെഴുതിയത്. മുന്‍ വര്‍ഷങ്ങളില്‍ ഒമ്പതില്‍ തോറ്റ് മറ്റു സ്കൂളുകളിലേക്ക് പോയവരില്‍ ഭൂരിഭാഗവും മികച്ച മാര്‍ക്കോടെ എസ്എസ്എല്‍സിക്ക് വിജയിച്ചിരുന്നു. വിജയിച്ച വിദ്യാര്‍ഥി സുല്ലമുസ്സലാം സ്കൂളിനു മുന്നിലെത്തി പടക്കം പൊട്ടിച്ച സംഭവവുമുണ്ടായതായി നാട്ടുകാര്‍ പറയുന്നു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വിദ്യാര്‍ഥികളെ മാനസിക-ശാരീരിക പീഡനങ്ങള്‍ക്ക് വിധേയമാക്കരുതെന്ന് ചട്ടമുണ്ടെങ്കിലും സ്കൂളില്‍ ഇത് നടപ്പാക്കാറില്ല. തോല്‍പ്പിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും പാവപ്പെട്ട വീട്ടിലെ കുട്ടികളാണ്. സ്കൂളിലെ അധ്യാപികമാരുടെ വിശ്രമമുറിയില്‍വരെ സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ അധ്യാപകര്‍ക്ക് എതിര്‍പ്പുണ്ടെങ്കിലും മാനേജ്മെന്റിനെ ചോദ്യംചെയ്യാന്‍ ആരും ധൈര്യപ്പെടാറില്ല. രക്ഷിതാക്കള്‍ക്കോ അധ്യാപക സംഘടനകള്‍ക്കോ സ്കൂളിന്റെ പ്രവര്‍ത്തനത്തില്‍ ഒരു പങ്കാളിത്തവുമില്ല. സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റിയും നോക്കുകുത്തിയാണ്. മുസ്ലിംലീഗ് നിയന്ത്രണത്തിലുള്ള സ്കൂളില്‍ പച്ചനിറത്തിലുള്ള കോട്ട് ഇടാന്‍ വിസമ്മതിച്ച അധ്യാപികയെ മാനേജ്മെന്റ് പുറത്താക്കിയിരുന്നു. നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് അധ്യാപിക സ്കൂളില്‍ തിരികെ ജോലിക്ക് കയറിയത്.

പി സി പ്രശോഭ് deshabhimani

No comments:

Post a Comment