Saturday, May 3, 2014

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ വിഴുങ്ങാന്‍ റിലയന്‍സ് പദ്ധതി വര്‍ഷങ്ങള്‍ക്കുമുമ്പേ തയ്യാറാക്കി

രാജ്യത്തെഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ വിഴുങ്ങാന്‍ റിലയന്‍സ് വര്‍ഷങ്ങള്‍ക്കു മുമ്പേ പദ്ധതി തയ്യാറാക്കിയതായി രേഖകള്‍. എസ്ബിഐയുടെ രാജ്യത്തെ മുഴുവന്‍ ശാഖകളിലും "സൗജന്യ"മായി ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍(ഒഎഫ്സി) ശൃംഖല സ്ഥാപിച്ചാണ് റിലയന്‍സ് അന്ന് നുഴഞ്ഞുകയറിയത്. സ്ഥാപിത കൂലിയോ വാടകയോ നല്‍കാതെ ബാങ്ക് ശാഖകളില്‍ റിലയന്‍സ് ഒഎഫ്സി എത്തിക്കുമെന്നും അതിനുള്ള അനുവാദം കൊടുത്തിട്ടുണ്ടെന്നുമാണ് അന്ന് ബാങ്ക് മേധാവികള്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍. ഈ സര്‍ക്കുലറിനെ അടിസ്ഥാനപ്പെടുത്തി 13,000 ശാഖകളില്‍ ഏകദേശം 12,500ലും കേബിള്‍ സ്ഥാപിച്ചെങ്കിലും ശാഖകള്‍ റിലയന്‍സിന്റെ സേവനം പ്രയോജനപ്പെടുത്തിയില്ല. ഇപ്പോഴും പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ ശൃംഖലതന്നെയാണ് കോര്‍ ബാങ്കിങ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനം നടത്തുന്നത്. എന്നാല്‍, കാലാനുസൃതമായി ബാന്‍ഡ് വിഡ്ത് വര്‍ധിപ്പിക്കാതെ കോര്‍ബാങ്കിങ് മുടക്കുകയെന്ന തന്ത്രമാണ് ബാങ്ക് മേധാവികള്‍ സ്വീകരിച്ചത്. റിലയന്‍സ് കേബിളിലേക്ക് മാറാനായിരുന്നു ഇത്. പുതിയ സാഹചര്യത്തില്‍ റിലയന്‍സ് കേബിള്‍ ഉപയോഗിക്കാന്‍ ശാഖകള്‍ നിര്‍ബന്ധിതമാകും. റിലയന്‍സ് ഔട്ട്ലെറ്റുകളുമായി ബന്ധപ്പെടണമെങ്കില്‍ ഈ കേബിള്‍ വേണ്ടിവരുമെന്നതുകൊണ്ടാണിത്. ഇതോടെ മറ്റൊരു പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലും ബാങ്കുകളില്‍നിന്ന് പുറത്താകും.

റിലയന്‍സ് വിഴുങ്ങുന്നതോടെ എസ്ബിഐയുടെ പാരമ്പര്യവും ലാഭക്ഷമതയും അതിവിപുലമായ ഉപഭോക്തൃ അടിത്തറയും തകരും. പതിനായിരക്കണക്കിന് വരുന്ന ഉപയോക്താക്കളുടെ മാത്രമല്ല, സര്‍ക്കാരിന്റെയും ശതകോടിക്കണക്കിന് വരുന്ന ആസ്തി റിലയന്‍സിന്റെ നിയന്ത്രണാധികാരത്തിലാകും. അതോടൊപ്പം ബാങ്കിങ് മേഖല കടുത്ത അരക്ഷിതാവസ്ഥയിലേക്കും നീങ്ങും. പുതുതലമുറ ബാങ്കുകള്‍ വായ്പകള്‍ തിരിച്ചുപിടിക്കാനും മറ്റും ക്വട്ടേഷന്‍ സംഘങ്ങളെയും ഗുണ്ടകളെയും ഉപയോഗിക്കുന്ന അനാശാസ്യ പ്രവണതകള്‍ എസ്ബിഐയിലേക്കും വ്യാപിക്കും. ലാഭനഷ്ടം നോക്കി മാത്രം സേവാകേന്ദ്രങ്ങള്‍ തുടങ്ങുകയെന്നത് സാധാരണക്കാരായ ഇടപാടുകാരെയാണ് കൂടുതല്‍ ദുരിതത്തിലാക്കുക. ഗ്രാമപ്രദേശങ്ങളില്‍ റിലയന്‍സ് കേന്ദ്രം തുടങ്ങാന്‍ മടിക്കുന്നതോടെ ആയിരക്കണക്കിന് ഗ്രാമീണര്‍ക്കും ദരിദ്ര ജനവിഭാഗങ്ങള്‍ക്കും ബാങ്കിങ് സേവനം അപ്രാപ്യമാകും. സര്‍ക്കാരിന്റെ വിവിധ സബ്സിഡികള്‍ ബാങ്കുകളിലൂടെ ആയതിനാല്‍ ഇത്തരം ആനുകൂല്യങ്ങള്‍ പാവപ്പെട്ടവര്‍ക്ക് കിട്ടാതെയാകും.

എം രഘുനാഥ്

എസ്ബിഐ-റിലയന്‍സ് കരാര്‍ ചെറുക്കും: സിഐടിയു

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും റിലയന്‍സും തമ്മില്‍ ഒപ്പിട്ട കരാര്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ പിന്‍വാതില്‍ വഴി സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടിയാണെന്ന് സിഐടിയു പ്രസ്താവനയില്‍ പറഞ്ഞു.

എസ്ബിഐയില്‍ തുടങ്ങിയ ഈ പരിഷ്കാരം മറ്റ് ദേശസാല്‍കൃതബാങ്കുകളിലേക്കും വ്യാപിപ്പിക്കുമെന്ന ആശങ്ക ഉയരുകയാണ്. ബാങ്കിങ് ദേശസാല്‍ക്കരണം എന്ന പ്രക്രിയയുടെ അടിസ്ഥാനതത്വങ്ങളെതന്നെ ചോദ്യംചെയ്യുന്ന നടപടിയാണിത്. ബാങ്കിങ് പ്രവര്‍ത്തനത്തിന്റെ പ്രധാനമേഖലകള്‍ പുറംജോലി കരാര്‍ നല്‍കുന്നത് രാജ്യത്തെ ബാങ്കിങ് സംവിധാനത്തെയാകെ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ്. ദേശീയസമ്പദ്ഘടനയ്ക്കുതന്നെ വിനാശകരമായ ഈ നീക്കത്തെ സിഐടിയു എന്തു വില കൊടുത്തും ചെറുക്കും. ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ഈ വിഷയത്തില്‍ നടത്തിവരുന്ന പ്രക്ഷോഭത്തിന് സിഐടിയു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. എസ്ബിഐയുടെ ഹീനമായ തീരുമാനത്തിനെതിരെ അണിനിരക്കാന്‍ എല്ലാവിഭാഗം തൊഴിലാളികളോടും സിഐടിയു അഭ്യര്‍ഥിച്ചു.

എസ്ബിഐയെ റിലയന്‍സിന് അടിയറവെയ്ക്കല്‍ യുവജന പ്രതിഷേധമിരമ്പി

കോഴിക്കോട്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ റിലയന്‍സിന് തീറെഴുതാനുള്ള നീക്കത്തിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തില്‍ മാനാഞ്ചിറ എസ്ബിഐയിലേക്ക് യുവജനങ്ങള്‍ മാര്‍ച്ച് നടത്തി. രാജ്യത്തെ വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയെ റിലയന്‍സിന് തീറെഴുതാനുള്ള നീക്കത്തില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ശക്തമാക്കുമെന്ന് മാര്‍ച്ച് മുന്നറിയിപ്പു നല്‍കി.

എസ്ബിഐ ജനറല്‍ മാനേജരും റിലയന്‍സും തമ്മില്‍ ഏര്‍പ്പെട്ട കരാര്‍പ്രകാരം ഏപ്രില്‍ ഒന്നുമുതല്‍ എസ്ബിഐയുടെ 95 ശതമാനം പ്രവര്‍ത്തനങ്ങളും റിലയന്‍സാണ് നിയന്ത്രിക്കുക. മൂലധനച്ചെലവില്ലാതെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കിനെ റിലയന്‍സിന് തീറെഴുതിക്കൊടുത്തിരിക്കുന്നതുവഴി രാജ്യത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണ് ഉടലെടുക്കുക. ഭാവിയില്‍ എസ്ബിഐയിലെ നിയമനങ്ങള്‍ സ്തംഭിക്കുന്നതിനും ജീവനക്കാരുടെ തൊഴില്‍സുരക്ഷ ഇല്ലായ്മ ചെയ്യുന്നതിനും ഇത് വഴിവയ്ക്കുമെന്നും നേതാക്കള്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റ് ദാസ്യവേലക്കെതിരെയുള്ള മാര്‍ച്ചില്‍ യുവതികളടക്കം നിരവധിപേര്‍ പങ്കാളിയായി. മുതലക്കുളത്തുനിന്നും ആരംഭിച്ച പ്രകടനം എസ്ബിഐക്കു മുന്നില്‍ പൊലീസ് തടഞ്ഞു. ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയംഗം അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം എം ബിജുലാല്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എന്‍ രാജേഷ്, ജില്ലാ സെക്രട്ടറിയറ്റംഗം പി സുനില്‍ ബാബു എന്നിവര്‍ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എം വരുണ്‍ ഭാസ്കര്‍ സ്വാഗതം പറഞ്ഞു.

ബാങ്ക് ജീവനക്കാര്‍ മാര്‍ച്ച് നടത്തി

കോഴിക്കോട്: പൊതുമേഖലാ ബാങ്കായ എസ്ബിഐയെ സ്വകാര്യ സ്ഥാപനമായ റിലയന്‍സ് മണി ഇന്‍ഫ്രാ സ്ട്രെക്ചറുമായി കരാറുണ്ടാക്കി ബാങ്കിന്റെ നിയന്ത്രണം പിന്‍വാതിലിലൂടെ കൈയടക്കാനുള്ള നീക്കത്തിനെതിരെ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ (ബെഫി) ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

ഇതോടെ സുതാര്യമായും വിശ്വസ്തതയോടും കൂടെ ചെയ്യേണ്ട ബാങ്ക് ഇടപാടുകളുടെ സുരക്ഷിതത്വം നഷ്ടപ്പെടും. രാജ്യദ്രോഹപരമായ ഈ ചൂതാട്ടത്തിനെതിരെ പൊതുസമൂഹവും ഇടപാടുകാരും തൊഴില്‍രഹിതരും അണിനിരക്കണമെന്ന് ബെഫി ആഹ്വാനംചെയ്തു. എസ്ബിഐയുടെ മെയിന്‍ ബ്രാഞ്ചിന് മുമ്പില്‍ നടന്ന പ്രകടനത്തിനുശേഷം നടന്ന യോഗത്തില്‍ സി രാജീവന്‍, കെ ടി ബാബു, എം രാജു എന്നിവര്‍ സംസാരിച്ചു.

എസ്ബിഐയിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തി

മലപ്പുറം: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായാ എസ്ബിഐയെ റിലയന്‍സിന് തീറെഴുതാനുള്ള കേന്ദ സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ മലപ്പുറം കിഴക്കേത്തല എസ്ബിഐയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി കെ പി അനില്‍ ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി കെ അബ്ദുള്ള നവാസ് അധ്യക്ഷനായി. ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് എ അജയന്‍ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ പി ഫൈസല്‍ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. ടി കെ സുല്‍ഫിക്കറലി നന്ദിയും പറഞ്ഞു.

എസ്ബിഐ റിലയന്‍സിന് പ്രതിഷേധവുമായി ഉജ്വല യുവജനമാര്‍ച്ച്

കണ്ണൂര്‍: രാജ്യത്തെ പ്രധാന പൊതുമേഖലാസ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിലയന്‍സിന് അടിയറ വയ്ക്കുന്നതിന് താക്കീതായി ബാങ്ക് ഓഫീസിലേക്ക് ഉജ്വല യുവജനമാര്‍ച്ച്. ഡിവൈഎഫ്ഐ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ നൂറുകണക്കിന് യുവജനങ്ങള്‍ അണിനിരന്നു. പ്രഭാത് ജങ്ഷനിലെ ബാങ്ക് ഓഫീസിനു മുമ്പില്‍ നടന്ന ധര്‍ണ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയറ്റംഗം പി സന്തോഷ്, ജില്ലാ ട്രഷറര്‍ കെ വി സുമേഷ്, ബെഫി നേതാവ് ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ബിനോയ് കുര്യന്‍ സ്വാഗതം പറഞ്ഞു. സ്റ്റേഡിയം കോര്‍ണര്‍ കേന്ദ്രീകരിച്ചാണ് മാര്‍ച്ച് ആരംഭിച്ചത്.

എസ്ബിഐയിലേക്ക് യുവജന മാര്‍ച്ച്

കാഞ്ഞങ്ങാട്: എസ്ബിഐയെ റിയലന്‍സിന് അടിറവെക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് എസ്ബിഐ ശാഖയിലേക്ക് ഡിവൈഎഫ്ഐ ജില്ലാകമ്മറ്റി നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. ജില്ലാസെക്രട്ടറി കെ മണികണ്ഠന്‍ ഉദ്ഘാടനംചെയ്തു. ജില്ലാപ്രസിഡന്റ് കെ രാജ്മോഹനന്‍ അധ്യക്ഷനായി. വി പ്രകാശന്‍, എ വി സഞ്ജയന്‍ എന്നിവര്‍ സംസാരിച്ചു. ശിവജി വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു.

deshabhimani

No comments:

Post a Comment