Saturday, May 3, 2014

നിക്ഷേപകരുടെ വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തണം

ലീച്ച്റ്റെന്‍സ്റ്റീനിലെ എല്‍ജിടി ബാങ്കില്‍ കള്ളപ്പണം നിക്ഷേപമുള്ള 26 ഇന്ത്യാക്കാരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വെളിപ്പെടുത്താന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. മനോരമ പത്രത്തിന്റെ നടത്തിപ്പുകാരായ കണ്ടത്തില്‍ കുടുംബാംഗം കെ എം മാമ്മന്‍ ഉള്‍പ്പെടെ 26 ഇന്ത്യക്കാര്‍ക്ക് എല്‍ജിടി ബാങ്കിലുള്ള നിക്ഷേപം സംബന്ധിച്ച വിവരങ്ങളാണ് കേന്ദ്രസര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്.

കള്ളപ്പണം നിക്ഷേപമുള്ള 26 പേരുടെ വിവരങ്ങള്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്‍ സുപ്രീംകോടതിക്ക് കൈമാറിയത്. ഇതില്‍ എട്ടുപേരുടെ കാര്യത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അവരുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, വ്യാഴാഴ്ച കേസ് പരിഗണിച്ച സുപ്രീംകോടതി ഹര്‍ജിക്കാരനായ മുതിര്‍ന്ന അഭിഭാഷകന്‍ രാം ജെത്മലാനിക്ക് എല്ലാ വിവരങ്ങളും കൈമാറണമെന്ന് നിര്‍ദേശിച്ചു. മൂന്നുദിവസത്തിനകം വിവരങ്ങള്‍ കൈമാറാനാണ് നിര്‍ദേശം.

അതിനിടെ കള്ളപ്പണം അന്വേഷിക്കുന്നതിനുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ തലവനായി മുന്‍ സുപ്രീംകോടതി ജഡ്ജി എം ബി ഷായെ സുപ്രീംകോടതി നിയമിച്ചു. നേരത്തെ നിര്‍ദേശിച്ച ജസ്റ്റിസ് ബി പി ജീവന്‍റെഡ്ഡി അസൗകര്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണിത്. ഉപാധ്യക്ഷനായി മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അരിജിത്ത് പസായത്തിനെയും നിയമിച്ചു. കേസ് ആഗസ്ത് 20ലേക്ക് മാറ്റി.

deshabhimani

No comments:

Post a Comment