Wednesday, May 7, 2014

ജനവിരുദ്ധതയ്ക്കെതിരെ ബംഗാള്‍ വിധിയെഴുതും

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെങ്ങും തെരഞ്ഞെടുപ്പു പ്രചാരണം നയിച്ച് യാത്ര ചെയ്യുകയാണ് സിപിഐ എം സംസ്ഥാന സെക്രട്ടറിയും ഇടതുമുന്നണി കണ്‍വീനറുമായ ബിമന്‍ബസു. തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തില്‍ പൊറുതിമുട്ടിയ വംഗജനത ഇടതുമുന്നണിക്കു പിന്നില്‍ ശക്തമായി അണിനിരക്കുന്ന കാഴ്ചയാണെങ്ങും. 42 സീറ്റുള്ള ബംഗാളില്‍ മൂന്നു ഘട്ടത്തിലായി 19 സീറ്റുകളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. മെയ് ഏഴിന് ആറു മണ്ഡലത്തിലും 12നു 17 മണ്ഡലത്തിലും പോളിങ് നടക്കാന്‍ പോകുകയാണ്. തൃണമൂല്‍ അതിക്രമങ്ങളും ബൂത്തുപിടിത്തവും വ്യാപകമാണെങ്കിലും ജനങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ ഇടതുമുന്നണിക്ക് സാധിച്ചെന്ന് ബിമന്‍ബസു പറയുന്നു.

? ഈ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വെല്ലുവിളിയെ എങ്ങനെയാണ് ഇടതുമുന്നണി നേരിടുന്നത്.

$ കോണ്‍ഗ്രസില്‍നിന്ന് തെറ്റിപ്പിരിഞ്ഞു വന്ന ഒരുവിഭാഗം മാത്രമായ തൃണമൂല്‍ കോണ്‍ഗ്രസിന് എഴുതപ്പെട്ട നയപരിപാടിയോ ആദര്‍ശസംഹിതയോ ഇല്ല. ആ പാര്‍ടിയുടെ നയങ്ങളെന്തെന്ന് അവരുടെ പ്രവൃത്തിയില്‍നിന്ന് മനസ്സിലാക്കാം. സാമ്പത്തിക നയത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കും സമാനമാണ് ആ പാര്‍ടി. ജനങ്ങള്‍ക്ക് വ്യാജവാഗ്ദാനങ്ങള്‍ നല്‍കിയും യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്ന് അവരുടെ ശ്രദ്ധ തിരിച്ചുവിട്ടും പൊടുന്നനെ ശ്രദ്ധ നേടുകയാണവര്‍. മൂലധന താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണവര്‍ക്ക് വ്യഗ്രത. ബംഗാളിനെ തികഞ്ഞ അരാജകത്വത്തിലേക്ക് നയിക്കാന്‍ എല്ലാ വലതുപക്ഷ വിഭാഗത്തിന്റെയും പിന്തുണയുണ്ടവര്‍ക്ക്. ജനാധിപത്യ അവകാശങ്ങള്‍ ധ്വംസിച്ച് സംസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് മമത ബാനര്‍ജിയുടെ ഭരണം. മൂന്നുവര്‍ഷത്തിനുള്ളില്‍ മിക്ക മന്ത്രിമാര്‍ക്കെതിരെയും നേതാക്കള്‍ക്കെതിരെയും അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു. ശാരദാ ചിട്ടി തട്ടിപ്പ് അതിലൊന്നു മാത്രം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടങ്ങിയതോടെ കൂടുതല്‍ നേതാക്കളുടെ പേര് പുറത്തുവന്നു തുടങ്ങി. തട്ടിപ്പിന് കൂട്ടുനിന്ന ഒരു തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഇപ്പോള്‍ ജയിലിലാണ്. വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള എല്ലാ മേഖലയും അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റി. പ്രവേശനത്തിലും പരീക്ഷകളിലും അഴിമതിയും സ്വജനപക്ഷപാതവുമാണ്. കഴിവുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കാത്തതും കൈക്കൂലി നല്‍കാന്‍ കഴിയാത്തവരെ കൂട്ടത്തോടെ തോല്‍പ്പിക്കുന്നതും പതിവായിരിക്കുന്നു. കാര്‍ഷികമേഖലയില്‍ ആത്മഹത്യവ്യാപകമായി. 90 കര്‍ഷകരാണ് തൃണമൂല്‍ ഭരണത്തില്‍ ആത്മഹത്യ ചെയ്തത്. ജനവിരുദ്ധ സര്‍ക്കാരിനെതിരെ നിലപാടെടുത്ത 180 ഇടതുമുന്നണി പ്രവര്‍ത്തകരെ ഭരണകക്ഷിക്കാര്‍ കൊലപ്പെടുത്തി. ജനാധിപത്യ അവകാശം തകര്‍ക്കുന്ന ഭരണക്കാര്‍ക്ക് ശക്തമായ മറുപടി നല്‍കാന്‍ ബംഗാള്‍ജനത ഈ തെരഞ്ഞെടുപ്പില്‍ തയ്യാറാകുമെന്നാണ് പ്രചാരണയോഗങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. ഇടതുമുന്നണിയുടെ പരമാവധി പ്രതിനിധികളെ പാര്‍ലമെന്റിലേക്ക് അയക്കാന്‍ ജനങ്ങള്‍ സജ്ജരാണെന്ന് വ്യക്തമാണ്്. ക്രിയാത്മകമായ ഒരു വികസനവും ബംഗാളില്‍ നടക്കുന്നില്ലെന്ന് വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞിട്ടുണ്ട്. മമതയുടെ ഭരണത്തില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന് ബോധ്യപ്പെട്ട സ്ത്രീകള്‍ ഇടതുമുന്നണിക്കൊപ്പം നില്‍ക്കും.

? ഫെഡറല്‍ മുന്നണിയെക്കുറിച്ചാണ് മമത ബാനര്‍ജി വാചാലയാകുന്നത്. കേന്ദ്രത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നിര്‍ണായകശക്തിയാകുമെന്നും അവര്‍ അവകാശപ്പെടുന്നുണ്ട്.

$ മമതയുടെ ഫെഡറല്‍ മുന്നണി വെറും മിഥ്യയാണ്. ഈ വിഷയത്തിലുള്ള മമതയുടെ വിശദീകരണം രാജ്യത്തെ അവസ്ഥയുമായി ഒരു ബന്ധവുമില്ലാത്തതാണ്്. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു മുതല്‍ മമതയും കൂട്ടരും പറഞ്ഞിരുന്നത് ഇന്ത്യ ആരു ഭരിക്കുമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്നാണ്. എന്നാല്‍, ഇപ്പോള്‍ അവര്‍ നിശബ്ദരായി. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ അതേപടി പിന്തുടരുന്ന തൃണമൂല്‍ കോണ്‍ഗ്രസിന് തങ്ങളാണ് ബദലെന്ന് പറയാന്‍ എന്തുണ്ട് അവകാശം. ബംഗാളില്‍ അരാജകത്വം സൃഷ്ടിക്കാനും കര്‍ഷകരും തൊഴിലാളികളുമടങ്ങുന്ന ഭൂരിപക്ഷം ജനങ്ങളെ ദ്രോഹിക്കാനും മാത്രമറിയുന്ന ആ പാര്‍ടി എങ്ങനെ കേന്ദ്രത്തില്‍ നിര്‍ണായകശക്തിയാകും. ? ബംഗാളില്‍ ഇടതുപക്ഷത്തിന് ശക്തി വര്‍ധിപ്പിക്കാന്‍ ഈ തെരഞ്ഞെടുപ്പില്‍ സാധിക്കുമോ. തെരഞ്ഞെടുപ്പിനുശേഷം കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ഇടതുപക്ഷത്തിന്റെ പങ്ക് എന്തായിരിക്കും. തെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയസംവാദത്തിന് ഇതുവരെ തൃണമൂല്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. 2009ല്‍ നേടിയ സീറ്റുകള്‍ പലതും തങ്ങള്‍ക്ക് നഷ്ടപ്പെടുമെന്നും അവ ഇടതുമുന്നണി തിരിച്ചുപിടിക്കുമെന്നും തൃണമൂല്‍ നേതാക്കള്‍ തന്നെ മുന്‍കൂട്ടി കാണുന്നു. ഭരണകക്ഷിയുടെ ഭീഷണി കൂസാതെ ഇടതുമുന്നണിയുടെ റാലികളില്‍ തടിച്ചുകൂടുന്ന ജനങ്ങള്‍ തന്നെ അതിന് തെളിവ്. ഇടതുമുന്നണി ശക്തിയാര്‍ജിക്കും. കോണ്‍ഗ്രസ്- ബിജെപി ഇതര പാര്‍ടികളുടെ കൂട്ടായ്മയ്ക്ക് മുന്‍കൈയെടുത്ത ഇടതുപക്ഷ പാര്‍ടികള്‍ തെരഞ്ഞെടുപ്പിനുശേഷവും ഈ കൂട്ടായ്മയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കും.

സന്ദീപ് ചക്രവര്‍ത്തി deshabhimani

No comments:

Post a Comment