Saturday, May 3, 2014

നൂറുമേനി ലക്ഷ്യമിട്ട് ഒമ്പതില്‍ തോല്‍പ്പിച്ചു; വിദ്യാര്‍ഥിനി ആത്മഹത്യചെയ്തു

അരീക്കോട് (മലപ്പുറം): പത്താംതരത്തിലെ നൂറ് ശതമാനം വിജയത്തിനായി ഒമ്പതാം ക്ലാസില്‍ സ്കൂള്‍ അധികൃതര്‍ തോല്‍പ്പിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു. ഊര്‍ങ്ങാട്ടിരി വടക്കുംമുറി കീടക്കല്ലന്‍ ഉസ്മാന്‍-അസ്മാബി ദമ്പതികളുടെ മകള്‍ നിസ്ലയാണ് (16) ആത്മഹത്യചെയ്തത്. അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയാണ്.

പച്ച കോട്ട് ധരിക്കാന്‍ വിസമ്മതിച്ച അധ്യാപികയെ പുറത്താക്കി രണ്ടുവര്‍ഷംമുമ്പ് വിവാദം സൃഷ്ടിച്ച സ്കൂളാണിത്. മുസ്ലിംലീഗ് നിയന്ത്രണത്തിലുള്ളതാണ് മാനേജ്മെന്റ്. നൂറ് ശതമാനം വിജയത്തിനായി നിസ്ലയടക്കം എണ്‍പതിലധികം കുട്ടികളെയാണ് സ്കൂള്‍ മാനേജ്മെന്റ് ഇടപെട്ട് ഒമ്പതാം ക്ലാസില്‍ തോല്‍പ്പിച്ചത്. കഴിഞ്ഞവര്‍ഷവും ഒമ്പതാംതരത്തില്‍ നിസ്ല പരാജയപ്പെട്ടിരുന്നു. ഇത്തവണ ട്യൂഷന് പോകുകയും പരമാവധി പരിശ്രമിക്കുകയും ചെയ്തെങ്കിലും പരാജയപ്പെട്ടതാണ് കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് കരുതുന്നു.

തോറ്റതില്‍ കടുത്ത നിരാശയുണ്ടെന്ന് നിസ്ല ബന്ധുവീട്ടിലെത്തി പറഞ്ഞിരുന്നു. മരിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് ഉമ്മയുമായി ഫോണിലും സങ്കടം അറിയിച്ചിരുന്നു. കൂലിപ്പണിക്കുപോയ ഉമ്മ വെള്ളിയാഴ്ച പകല്‍ രണ്ടരയോടെ തിരികെയെത്തിയപ്പോഴാണ് ഷാള്‍ ഉപയോഗിച്ച് ഫാനില്‍ തൂങ്ങിയനിലയില്‍ നിസ്ലയെ കണ്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു മരണം.

അഞ്ചുവര്‍ഷമായി സുല്ലമുസ്സലാം സ്കൂളില്‍ ഒമ്പതാം ക്ലാസില്‍ കൂട്ടത്തോല്‍വി പതിവാണ്. ഒമ്പതില്‍ തോല്‍ക്കുന്നവരില്‍ ഭൂരിഭാഗവും മറ്റ് സ്കൂളുകളിലേക്ക് ടിസി വാങ്ങി പോകാറാണ് പതിവ്. മരിച്ച നിസ്ല എട്ടാം ക്ലാസിലാണ് സ്കൂളില്‍ ചേര്‍ന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസറ്റ്മോര്‍ട്ടത്തിനുശേഷം വടക്കുംമുറി ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കും. സഹോദരങ്ങള്‍: നിസ്താഖ്, തസ്ലി. നിസ്ലയുടെ മരണത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ സംയുക്തമായി ശനിയാഴ്ച പകല്‍ 12ന് സ്കൂളിലേക്ക് മാര്‍ച്ച് നടത്തും.

deshabhimani

No comments:

Post a Comment