Saturday, May 3, 2014

ദേശാടനക്കിളി വേണ്ട, മണ്ണിന്റെ മകന്‍ മതി

ബാങ്കുറ: സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും ലോക്സഭയിലെ പാര്‍ലമെന്ററി പാര്‍ടി നേതാവുമായ ബസുദേവ് ആചാര്യയ്ക്ക് തുടര്‍ച്ചയായ പത്താം തവണയും തിളക്കമുള്ള വിജയം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ബാങ്കുറ മണ്ഡലം. 1980 മുതല്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് ബാങ്കുറയുടെ പ്രതിനിധിയായി ബസു ദേവ് ആചാര്യ പാര്‍ലമെന്റില്‍ എത്തുന്നത്. ബംഗാളിന്റെ ചരിത്രത്തില്‍തന്നെ ഏറ്റവും കൂടുതല്‍ കാലം പാര്‍ലമെന്റ് അംഗമായി പ്രവര്‍ത്തിച്ച കമ്യൂണിസ്റ്റ് നേതാവ് ഇന്ദ്രജിത് ഗുപ്തയുടെ തൊട്ടു പിന്‍മുറക്കാരന്‍ എന്ന ബഹുമതിയും ബസുദേവിന്റെ പേരിലാണ്. 11 തവണയാണ് ഗുപ്ത പാര്‍ലമെന്റിലെത്തിയത്. സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ ഭാഗമായ ഈ പ്രദേശത്തെ മണ്ണിനും രാഷ്ട്രീയത്തിനും നിറം ഒന്നാണ് - കടും ചുമപ്പ്. അര നൂറ്റാണ്ടായി ഇടതുപക്ഷത്തോടുമാത്രം കൂറു പലര്‍ത്തിയ മണ്ഡലം. 1952 മുതല്‍ 57 വരെ പുരുളിയ ദ്വയാംഗ മണ്ഡലത്തിന്റെ ഭാഗമായിരുന്ന ബാങ്കുറ 1962 മുതല്‍ സ്വതന്ത്ര മണ്ഡലമായി. അതിനു ശേഷം ഒരു തവണ ഒഴിച്ച് എപ്പോഴും കമ്യൂണിസ്റ്റുകാര്‍മാത്രമേ ഇവിടെ നിന്ന് പാര്‍ലമെന്റിലേക്ക് പോയിട്ടുള്ളു. കമ്യൂണിസ്റ്റുകാരില്‍നിന്ന് എങ്ങനെയും സീറ്റ് പിടിക്കാന്‍ കോഗ്രസിന്റെ അനിഷേധ്യ നേതാവായിരുന്ന അതുല്യഘോഷ് മുതല്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

രാഷ്ട്രീയ പരിവേഷംകൊണ്ടുമാത്രം ഇടതുമുന്നണിയെ നേരിടാന്‍ കഴിയില്ലെന്നു മനസിലാക്കിയ മമത ഇത്തവണ മറ്റു പലയിടങ്ങളിലെയുംപോലെ സിനിമാതാരത്തിന്റെ മോഹന വലയത്തില്‍ ബാങ്കുറയെയും കുടുക്കാമെന്ന കണക്കുകൂട്ടലിലാണ്. ബംഗാളിന്റെ ഗതകാല സൗന്ദര്യറാണി സാക്ഷാല്‍ മൂണ്‍മൂണ്‍ സെന്നിനെ ത്തന്നെയാണ് ആചാര്യയ്ക്ക് എതിരായി തൃണമൂല്‍ രംഗത്തിറക്കിയിട്ടുള്ളത്. പ്രശസ്ത ബംഗാളി- ഹിന്ദി നടിയായിരുന്ന അടുത്തിടെ അന്തരിച്ച സുചിത്ര സെന്നിന്റെ മകളാണ്. രാഷ്ട്രീയത്തിന്റെ എബിസിഡി അറിയാത്ത ഇവര്‍ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പറയുന്നത് തൃണമൂലുകരെത്തന്നെ വെട്ടിലാക്കിയിരിക്കുകയാണ്. അമ്മയുടെയും തന്റെയും താരങ്ങളായ മക്കളുടെയും സിനിമാക്കഥകളാണ് ഇവര്‍ വോട്ടര്‍മാരോട് പറയുന്നത്.

ബാങ്കുറയിലെ 43 ഡിഗ്രി കൊടുംചൂടും ചെമ്മണ്ണും പൊടിയും സഹിക്കാന്‍ കഴിയാതെ അസ്വസ്ഥയാകുന്ന അവര്‍ അധികസമയവും നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വിശ്രമമാണ്. ആചാര്യയുടെ പൂര്‍വികര്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് തമിഴ്നാട്ടിലെ തഞ്ചാവൂരില്‍നിന്ന് കുടിയേറി ഇവിടത്തെ രാജാവിന്റെ ആശ്രിതരായി അധിവാസം ഉറപ്പിച്ചവരാണ്. കാലക്രമേണ ബംഗാളിന്റെ സാംസ്കാരിക പൈതൃകം ഏറ്റുവാങ്ങി അവര്‍ മണ്ണിന്റെ മക്കളായി. ഇപ്പോഴും ബാസുദേവ് ആചാര്യയുടെ ജന്മസ്ഥലമായ ആദ്രയില്‍ ഒരു അയ്യങ്കാര്‍ ഗ്രാമമുണ്ട്. തമിഴ് ഭാഷ അവിടെ അന്യമായെങ്കിലും പൊങ്കലും ദീപാവലിയും മറ്റും ദുര്‍ഗാപൂജയ്ക്കൊപ്പം അവിടെ ഇപ്പോഴും വിശേഷ ആഘോഷങ്ങളാണ്.

1980ല്‍&ലവേ;യാദൃച്ഛികമായാണ് ആചാര്യ ആദ്യം സ്ഥാനാര്‍ഥിയായത്. ഇപ്പോള്‍ സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ ബിമന്‍ ബസുവിനെയാണ് പാര്‍ടി ആദ്യം ബാങ്കുറയിലെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. എന്നാല്‍, സംഘടന വിട്ട് പാര്‍ലമെന്ററി രംഗത്തേക്കു കടക്കാന്‍ വിമുഖത പ്രകടിപ്പിച്ച ബിമനെ തന്നെ&ീമരൗലേ; പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ പാര്‍ടി നിയോഗിച്ചു. അങ്ങനെയാണ് സ്കൂള്‍ അധ്യാപകനും തൊഴിലാളി പ്രവര്‍ത്തകനുമായിരുന്ന ബസുദേബിനെ ബിമന്‍ നിര്‍ദേശിച്ചത്. നഗരമൊഴിച്ചാല്‍ മറ്റു ഭാഗങ്ങളെല്ലാം പ്രധാനമായും കാര്‍ഷിക മേഖലയാണ്. ജനങ്ങളില്‍ ഭൂരിഭാഗവും കര്‍ഷകരും കര്‍ഷക തൊഴിലാളികളുമാണ്. ജലദൗര്‍ലഭ്യം രൂക്ഷമായിരുന്നു. ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പാക്കിയ ജലസേചന സൗകര്യവും വികസന പ്രവര്‍ത്തനവും ജില്ലയുടെ മുഖച്ഛായതന്നെ മാറ്റി. വാണിജ്യ വ്യവസായ യൂണിറ്റുകള്‍ ആരംഭിച്ചു.

കരകൗശലത്തിനും കൈത്തറിക്കും പുകള്‍പെറ്റ സ്ഥലമാണ് ബാങ്കുറ. ലോകപ്രശസ്തമായ ബിഷ്ണുപുര്‍ ടെറക്കോട്ടാ ശില്‍പ്പങ്ങളും ബാലുചാരി സാരികളും ഇവിടെയാണ് നിര്‍മിക്കുന്നത്. പതിനായിരക്കണക്കിനാളുകള്‍ക്ക് ജോലി ലഭ്യമാകുന്ന മൂന്ന് വന്‍ വ്യവസായശാലകള്‍ ജില്ലയില്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം തുടങ്ങി. രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി ഉല്‍പ്പാദന കേന്ദ്രവും രഘുനാഥ്പുര്‍ എന്ന സ്ഥലത്ത് പണി തുടങ്ങി. ഇടതു ഭരണം അവസാനിച്ചതോടെ ഏതാണ്ട് എല്ലാ വികസനപ്രവൃത്തികളും നിലച്ചു. എംപി ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്ന പദ്ധതികള്‍മാത്രമാണ് ആശ്വാസം. ഗതാഗത സൗകര്യത്തില്‍ പിന്നിലായിരുന്ന ഇവിടെ ഇപ്പോള്‍ എല്ലാ ഗ്രാമങ്ങളിലും ഒരു തടസ്സവുമില്ലാതെ കടന്നുചെല്ലാം. റെയില്‍വേ കണ്‍സള്‍ട്ടിങ് കമ്മിറ്റിയുടെ ചെയര്‍മാനായിരുന്ന ബസുദേവിന്റെ ശ്രമഫലമായി കേരളമുള്‍പ്പെടെ രാജ്യത്തിന്റെ ഏതുഭാഗവുമായും ബാങ്കുറയ്ക്കിപ്പോള്‍ റെയില്‍ ബന്ധമുണ്ടായി.

കഴിഞ്ഞ തവണ 1,08,000 വോട്ടിന്റെ വ്യത്യാസത്തിനാണ് കോണ്‍ഗ്രസ് തൃണമൂല്‍ സഖ്യത്തെ പരാജയപ്പെടുത്തിയത്. അന്ന് കോണ്‍ഗ്രസിലായിരുന്ന പ്രമുഖനായ സുബ്രത മുഖര്‍ജിയായിരുന്നു എതിരാളി. സുബാഷ് സര്‍ക്കാരാണ് ബിജെപിസ്ഥാനാര്‍ഥി. കോണ്‍ഗ്രസിനു വേണ്ടി മാധവ ഗുപ്തയും രംഗത്തുണ്ട്. ചതുഷ്കോണ മത്സരമാണെങ്കിലും പ്രധാന പോരാട്ടം സിപിഐ എമ്മും തൃണമൂലും തമ്മിലാണ്. ദേശാടനപ്പക്ഷിയായെത്തിയ ഗ്ലാമര്‍താരത്തെയാണോ തങ്ങള്‍ക്കൊപ്പം എക്കാലവുമുള്ള ജനപ്രതിനിധിയെ ആണോ വേണ്ടതെന്നു ചോദിച്ചാല്‍ ബാങ്കുറക്കാര്‍ സംശയലേശമെന്യേ പറയും: ""ബസു ദാ"".

ഗോപി deshabhimani

No comments:

Post a Comment