ഉത്തർപ്രദേശിലെ ഹത്രാസിൽ അതിക്രൂര ബലാത്സംഗത്തിനും ആക്രമണത്തിനും ഇരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിക്കും കുടുംബത്തിനും നീതി നിഷേധിക്കുന്ന യോഗി ആദിത്യനാഥ് സർക്കാരിന്റെ നടപടിയെ സിപിഐ എം പൊളിറ്റ്‌ബ്യൂറോ ശക്തിയായി അപലപിച്ചു.
സർക്കാരിന്റെ ഹൃദയശൂന്യതമൂലമാണ് പെൺകുട്ടി മരിച്ചത്. മേൽജാതിക്കാരായ നാലുപേർ സെപ്‌തംബർ 14ന് പെൺകുട്ടിയെ കിരാതമായി ബലാത്സംഗം ചെയ്‌തു; നാവ് അരിഞ്ഞെടുത്തു. രക്തം പ്രവഹിക്കുന്ന അവസ്ഥയായി. എന്നിട്ടും അഞ്ച് ദിവസം പൊലീസ് കേസെടുത്തില്ല. അടിയന്തര വൈദ്യസഹായം നൽകിയെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞേനെ.
പെൺകുട്ടിയുടെ മൃതദേഹം മാതാപിതാക്കൾക്ക് വിട്ടുകൊടുക്കാതെ പൊലീസ്‌തന്നെസംസ്‌കരിച്ചു. അന്തസ്സുള്ള സംസ്‌കാരംപോലും നിഷേധിച്ചു. ജാതിക്രൂരതയുടെ അങ്ങേയറ്റമാണ് ഇത്. യുപിയിൽ ബിജെപി ഭരണത്തിൽ ക്രമസമാധാനം പൂർണമായി തകർന്നതിന് തെളിവാണ് ജാതിഅടിസ്ഥാനത്തിലുള്ള ബലാത്സംഗം. ജാതിക്കോമരങ്ങൾക്കും പിന്തിരിപ്പൻ ശക്തികൾക്കും സർക്കാരിന്റെ രക്ഷാകർതൃത്വം ലഭിക്കുന്നതിനാൽ സ്‌ത്രീകൾക്കും ദളിതർക്കും നേരെയുള്ള ആക്രമണം പെരുകുന്നു. ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ റിപ്പോർട്ട് ഇത് സ്ഥിരീകരിക്കുന്നു.
എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വിസമ്മതിക്കുകയും നിർബന്ധിതമായി സംസ്‌കാരം നടത്തുകയും ചെയ്‌ത പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് പിബി ആവശ്യപ്പെട്ടു.
മേൽജാതിക്കാർ കൂട്ടബലാത്സംഗത്തിനിരയാക്കി കൊന്ന ദളിത് പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കളെ കാണിച്ചില്ല ; പുലർച്ചെ പൊലീസ് സംസ്‌കരിച്ചു
ഉത്തർപ്രദേശിൽ മേൽജാതിക്കാർ കൂട്ടബലാത്സംഗത്തിനിരയാക്കി കൊന്ന ദളിത് പെൺകുട്ടിയുടെ (19) മൃതദേഹം കുടുംബത്തിന്റെ അനുമതിയില്ലാതെ പൊലീസ് പുലർച്ചെ 2.30ന് സംസ്‌കരിച്ചു. മകളെ അവസാനമായി കാണാൻ അനുവദിക്കണമെന്ന മാതാപിതാക്കളുടെ അപേക്ഷ അവഗണിച്ചാണ് ഹീനനടപടി. മൃതദേഹം വീട്ടിൽ കൊണ്ടുവന്നില്ല. കുടുംബാംഗങ്ങളെ വീടുകളിൽ പൂട്ടിയിട്ടും നാട്ടുകാരെയും മാധ്യമങ്ങളെയും അകറ്റിനിർത്തിയുമായിരുന്നു സംസ്‌കാരം.
പൊലീസുകാർ വലയം തീർത്ത് എല്ലാവരെയും അകറ്റിനിർത്തിയശേഷം സമീപത്തെ പാടത്ത് മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. ഹിന്ദുമത ആചാരപ്രകാരം കർമങ്ങൾ നടത്തി പകൽ സംസ്‌കരിക്കാൻ അനുവദിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചില്ല.
ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്‌ച രാവിലെ മരിച്ച പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയില്ല. അർധരാത്രിക്കുശേഷമാണ് യുപി പൊലീസ് മൃതദേഹം ഹാഥ്‌രസിലേക്ക് കൊണ്ടുപോയത്. പ്രതിഷേധിച്ച് കുത്തിയിരുന്ന അച്ഛനെയും സഹോദരനെയും മറ്റൊരു പൊലീസ് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി. രാത്രിതന്നെ സംസ്‌കാരം നടത്തണമെന്ന പൊലീസിന്റെ ആവശ്യം അച്ഛൻ നിരസിച്ചു. പെൺകുട്ടിയുടെ അമ്മയും കുടുംബാംഗങ്ങളും ഗ്രാമത്തിൽ ഒന്നിലേറെ സ്ഥലത്ത് ആംബുലൻസ് തടഞ്ഞെങ്കിലും പൊലീസ് ബലംപ്രയോഗിച്ച് ഒഴിവാക്കി. പകൽ സംസ്‌കാരം നടത്താൻ നിർദേശിക്കണമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പ്രവീൺകുമാർ ലാക്‌സ്‌കറിനോടും കുടുംബാംഗങ്ങൾ അഭ്യർഥിച്ചു.
എന്നാൽ, കുടുംബത്തിന്റെ അനുമതിയോടെയാണ് സംസ്‌കാരം നടത്തിയതെന്ന് ജില്ലാഅധികൃതർ അവകാശപ്പെട്ടു.
പുല്ലുവെട്ടാൻ പോയ പെൺകുട്ടിയെ സെപ്‌തംബർ 14നാണ് നാലുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്‌തത്. പെൺകുട്ടിയുടെ നാവ് അറുത്തുമാറ്റിയിരുന്നു.
വ്യാപക പ്രതിഷേധം
യുപി പൊലീസിന്റെ ദുരൂഹ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. ഹാഥ്‌രസിൽ പ്രതിപക്ഷ പാർടികളും വാൽമീകി സമുദായ അംഗങ്ങളും റോഡ് ഉപരോധിച്ചു.
നഗരത്തിലെ ശുചീകരണ പ്രവൃത്തികൾ നിർത്തിവച്ച് പണിമുടക്കുമെന്ന് സമുദായ നേതാക്കൾ പറഞ്ഞു. പലയിടത്തും പ്രതിഷേധക്കാരെ പൊലീസ് ലാത്തിവീശി. പൊലീസിനുനേരെ കല്ലേറുണ്ടായി. പ്രതിഷേധക്കാർ ബൈക്കിന് തീയിട്ടു. ഡൽഹിയിൽ യുപി ഭവനിലേക്ക് സ്‌ത്രീകളും യുവാക്കളും വിദ്യാർഥികളും മാർച്ച് നടത്തി. പെൺകുട്ടികളടക്കമുള്ള പ്രതിഷേധക്കാരെ ഡൽഹി പൊലീസ് മർദിച്ചു. നിരവധിപേരെ അറസ്‌റ്റ് ചെയ്‌തു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, എൻഎഫ്‌ഐഡബ്ല്യു, എഐഎംഎസ്‌എസ്, എസ്‌എഫ്‌ഐ, എഐഎസ്‌എഫ്, എഐഡിഎസ്ഒ, ഡിവൈഎഫ്‌ഐ, എഐവൈഎഫ്, എഐഡിവൈഒ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
മൂന്നംഗ പ്രത്യേക അന്വേഷണസംഘം
ഹാഥ്‌രാസിലെ ബലാത്സംഗക്കൊല അന്വേഷിക്കാൻ മൂന്നംഗ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ആഭ്യന്തര സെക്രട്ടറി ഭഗ്‌വാൻ സ്വരൂപ്, ഡിഐജി ചന്ദ്രപ്രകാശ്, സായുധ പൊലീസ് കമാൻഡർ പൂനം എന്നിവരാണ് സംഘത്തിലുള്ളത്. ഒരാഴ്‌ചയ്‌ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. കേസ് അതിവേഗകോടതിയിൽ പരിഗണിക്കും. പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകും. കുടുംബത്തിന് വീടും ഒരംഗത്തിന് സർക്കാർ ജോലിയും സർക്കാർ വാഗ്‌ദാനം ചെയ്‌തു. ഹാഥ്‌രസിലേക്ക് പോയ ഭീം ആർമി അധ്യക്ഷൻ ചന്ദ്രശേഖർ ആസാദിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. അദ്ദേഹം എവിടെയാണെന്ന് വിവരമില്ലെന്ന് ഭീം ആർമി പ്രവർത്തകർ പറഞ്ഞു.
യുപിയെ സ്‌ത്രീകൾക്ക് സുരക്ഷയില്ലാത്ത നാടാക്കിയ ആദിത്യനാഥ് മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കണമെന്ന് പ്രതിപക്ഷ പാർടികൾ ആവശ്യപ്പെട്ടു. ആദിത്യനാഥിന് തുടരാൻ അവകാശമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. അവസാന കർമങ്ങൾപോലും നിഷേധിച്ചത് അന്യായമാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു. ആദ്യം ചില മൃഗങ്ങൾ ചേർന്ന് ബലാത്സംഗം ചെയ്‌ത പെൺകുട്ടിയെ പിന്നീട് സംവിധാനം ഒന്നാകെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
ആദിത്യനാഥിന്റെ സമുദായത്തിൽപ്പെട്ട കുറ്റവാളി ശിക്ഷിക്കപ്പെടില്ലെന്ന് എസ്‌പി ജനറൽസെക്രട്ടറി രാംഗോപാൽ യാദവ് പറഞ്ഞു.
നീതി കിട്ടാനും കടുത്ത പീഡനം
ഉത്തർപ്രദേശിൽ ബലാത്സംഗത്തിനിരയാകുന്ന ദളിത് പെൺകുട്ടികൾ നീതികിട്ടാന്‍ നേരിടുന്നത് കടുത്ത പീഡനം. പരാതിയുമായെത്തുന്ന പെൺകുട്ടികൾ പൊലീസ് സ്‌റ്റേഷനുകളിൽ ഭീഷണിക്കും അധിക്ഷേപത്തിനും ഇരായാകുന്നെന്ന് വെളിപ്പെടുത്തി രാജ്യാന്തര മനുഷ്യാവകാശ സംഘടനകള്‍.
പഠനവിധേയമാക്കിയ 14 ബലാത്സംഗസംഭവങ്ങളില്‍ കേസെടുത്തത് 11 എണ്ണത്തില്‍ മാത്രം. രണ്ട് ദിവസം മുതൽ ഏഴ് മാസംവരെ വൈകിയാണ് കേസ് എടുത്തത്. മേൽ ഉദ്യോഗസ്ഥരുടെ ഇടപെടലോ കോടതി ഉത്തരവോ ഉണ്ടായശേഷമാണ് ആറ് സംഭവങ്ങളില്‍ കേസെടുത്തതെന്നും കോമൺവെൽത്ത് ഹ്യൂമൻറൈറ്റ്‌സ് ഇനിഷ്യേറ്റീവും അസോസിയേഷൻ ഫോർ അഡ്വക്കസി ആൻഡ് ലീഗൽ ഇനിഷ്യേറ്റീവും നടത്തിയ പഠനം വെളിപ്പെടുത്തി.
ബലാത്സംഗ പരാതി സ്വീകരിക്കുന്നത് വനിതാ ഉദ്യോഗസ്ഥയുടെ സാന്നിധ്യത്തിലാകണമെന്ന നിയമപരമായ നിഷ്‌ക്കർഷ 12 കേസിലും ഉണ്ടായില്ല. നേരിട്ട ലൈംഗിക അതിക്രമങ്ങൾ പെണ്‍കുട്ടികള്‍ക്ക് പുരുഷ പൊലീസുകാരോട് വിവരിക്കേണ്ടിവന്നു. കേസ് പുറത്ത് ഒത്തുതീർപ്പാക്കാൻ പൊലീസ് പലരോടും സമ്മർദ്ദം ചെലുത്തി. ബലാത്സംഗം ചെയ്‌ത ആളെ വിവാഹം കഴിക്കാൻ നിര്‍ദേശിക്കുന്ന സംഭവങ്ങളുണ്ടായി.
No comments:
Post a Comment